Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

സഭാമേലധ്യക്ഷന്മാരെ നേരിട്ട് കണ്ട് ക്ഷണിച്ച് കുമ്മനം; ഉപരാഷ്ട്രപതി പദവി നൽകി ക്രൈസ്തവരെ കൈയിലെടുക്കാൻ തന്ത്രം; മാണിയിൽ കണ്ണുവച്ച് നീക്കങ്ങൾ; പ്രമുഖരെ പാർട്ടിയിലെത്തിച്ച് നേട്ടം കൊയ്യാനും കരുനീക്കം; മെത്രാന്മാറുമായുള്ള കൂടിക്കാഴ്ച നിർണ്ണായമാകും; കേരളത്തിൽ ഗോവൻ മോഡൽ പരീക്ഷിക്കാനുറച്ച് അമിത് ഷാ നാളെ എത്തും

സഭാമേലധ്യക്ഷന്മാരെ നേരിട്ട് കണ്ട് ക്ഷണിച്ച് കുമ്മനം; ഉപരാഷ്ട്രപതി പദവി നൽകി ക്രൈസ്തവരെ കൈയിലെടുക്കാൻ തന്ത്രം; മാണിയിൽ കണ്ണുവച്ച് നീക്കങ്ങൾ; പ്രമുഖരെ പാർട്ടിയിലെത്തിച്ച് നേട്ടം കൊയ്യാനും കരുനീക്കം; മെത്രാന്മാറുമായുള്ള കൂടിക്കാഴ്ച നിർണ്ണായമാകും; കേരളത്തിൽ ഗോവൻ മോഡൽ പരീക്ഷിക്കാനുറച്ച് അമിത് ഷാ നാളെ എത്തും

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: മൂന്നു ദിവസത്തെ സന്ദർശനത്തിന് കേരളത്തിലെത്തുന്ന ബിജെപി. ദേശീയാധ്യക്ഷൻ അമിത് ഷായുടെ കൊച്ചി സന്ദർശനം ന്യൂനപക്ഷ വോട്ട് ബാങ്ക് രാഷ്ട്രീയം ലക്ഷ്യമിട്ട് തന്നെ. കേന്ദ്രത്തിൽ മോദിയുടെ ഭരണ തുടർച്ചയുണ്ടാകുമെന്ന പ്രതീതിയുള്ളതിനാൽ ക്രൈസ്തവ സമൂഹം ബിജെപിയെ കൈവിടില്ലെന്നാണ് പ്രതീക്ഷ. ഗോവയിൽ 50 ശതമാനത്തിലേറെ ക്രൈസ്തവരാണ്. അവിടെ ബിജെപിക്കാണ് ഭരണം. അതുകൊണ്ട് തന്നെ ഗോവൻ മോഡൽ പരീക്ഷണം വിജയിച്ചാൽ കേരളം ബാലികേറാമലയല്ലാതാകുമെന്നാണ് അമിത് ഷായുടെ പക്ഷം.

അമിത് ഷായുടെ വരവിൽ കേരളത്തിൽ ക്രൈസ്തവ മത മേലധ്യക്ഷന്മാരുമായുള്ള കൂടിക്കാഴ്ചയ്ക്കും അരങ്ങൊരുക്കിയിട്ടുണ്ട്. ഇതിനായി ബിജെപി. സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ തന്നെ നേരിട്ട് ബിഷപ്പ് ഹൗസുകളിൽ പോയി മെത്രന്മാരെ കൂടിക്കാഴ്ചയ്ക്കായി ക്ഷണിച്ചു കൊണ്ടിരിക്കുകയാണ്. പാർലമെൻ്് തെരഞ്ഞെടുപ്പിൽ കേരളത്തിൽ നിന്ന് പരമാവധി സീറ്റുകൾ വിജയിക്കുകയാണ് ലക്ഷ്യം. നിലവിൽ തിരുവനന്തപുരത്തും കാസർഗോഡും പാലക്കാടും മാത്രമാണ് ബിജെപിക്ക് സ്വന്തം കാലിൽ നിൽക്കാൻ കഴിയുന്നത്. ബാക്കിയെല്ലാ സ്ഥലത്തും തീരെ ദുർബലമാണ്. മതന്യൂനപക്ഷം പാർട്ടിയുമായി സഹകരിക്കാത്തതാണ് ഇതിന് കാരണമെന്ന് അമിത് ഷാ വിലയിരുത്തുന്നു.

ഗോവയിൽ ബിജെപിക്ക് ഭരിക്കാമെങ്കിൽ കേരളവും പിടിക്കാമെന്നാണ് അമിത് ഷായുടെ പ്രതീക്ഷ. മെയ്‌ രണ്ടിന് കൊച്ചിയിലെത്തുന്ന അമിത് ഷാ, സഭാ സ്ഥാപനമായ കലൂർ റിന്യുവൽ സെന്ററിൽ വച്ചാണ് മത മേലധ്യക്ഷന്മാരുമായി കൂടിക്കാഴ്ച നടത്തുക. രണ്ട് പ്രധാന ക്രൈസ്തവ സഭകളേയും കൂടെ നിർത്താൻ പാർട്ടി പ്രത്യേകം ശ്രദ്ധിക്കുന്നുണ്ട്. ബിഷപ്പുമാർ അമിത് ഷായുമായി ചർച്ചയ്‌ക്കെത്തിയാൽ പിന്നെ കാര്യമെല്ലാം എളുപ്പമാകുമെന്നാണ് വിലയിരുത്തൽ. എൻഡിഎക്കാരനായ പിസി തോമസും അൽഫോൻസ് കണ്ണന്താനവും ജോർജ് കുര്യനുമാണ് ക്രൈസ്ത സഭാ നേതൃത്വത്തെ അടുപ്പിക്കാൻ ചരടുവലിക്കുന്നത്. കെ എം മാണിയെ ഒപ്പം നിർത്തുന്നതിനുള്ള തന്ത്രവും നോക്കും. ഉപരാഷ്ട്രപതി സ്ഥാനാർത്ഥിയായി ക്രൈസ്തവരെ മത്സരിപ്പിക്കാൻ ബിജെപിക്ക് താൽപ്പര്യമുണ്ട്. ഈ സാഹചര്യത്തിൽ കൂടിയാണ് ക്രൈസ്തവ സഭയുമായി അമിത് ഷാ ചർച്ച നടത്തുന്നത്.

യുക്തിസഹമായ പേരുകൾ ഈ കൂടിക്കാഴ്ചയിൽ മെത്രാന്മാർ മുന്നോട്ട് വച്ചാൽ ബിജെപി അത് അംഗീകരിക്കും. പിജെ കുര്യൻ അടക്കമുള്ള പേരുകൾ ഉപരാഷ്ട്രപതി സ്ഥാനത്തേക്ക് ബിജെപി പരിഗണിക്കുന്നുണ്ട്. കെ എം മാണിയെ ഉപരാഷ്ട്രപതിയാക്കുന്നതും ആലോചിച്ചിരുന്നു. എന്നാൽ ബാർ കോഴ കേസ് ഇതിന് വിഘാതമാണ്. ഈ സാഹചര്യത്തിലാണ് പുതിയ പേരുകാരെ കണ്ടെത്താനുള്ള നീക്കം. കേരളത്തിൽ നിന്നൊരു ക്രൈസ്തവനെ ഉപരാഷ്ട്രപതിയാക്കാനുള്ള താൽപ്പര്യവും മെത്രാന്മാരെ അമിത് ഷാ അറിയിക്കും. ഏതായാലും അമിത് ഷാ ഈ വരവിൽ കേരളത്തിൽ പാർലമെന്റ് തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടുകൊണ്ടുള്ള പാർട്ടിയുടെ പ്രവർത്തനങ്ങൾക്ക് തുടക്കമിടും. പാർട്ടിയുടെ പൊതുജന സമ്മിതി ഉയർത്തുകയും ബഹുജനാടിത്തറ വിപുലമാക്കുകയുമാണ് അമിത് ഷായുടെ ആഗമനോദ്ദേശ്യം.

ഇതിന് വേണ്ടിയാണ് ഉപരാഷ്ട്രപതിയായി ക്രൈസ്തവരെ ഉയർത്തിക്കാട്ടാനുള്ള ശ്രമം. സാമുദായിക ശക്തികളെ ഒപ്പം നിർത്തുന്നതിനൊപ്പം തന്നെ കേരളീയ സമൂഹത്തിന് മതിപ്പും ബഹുമാനവുമുള്ള വ്യക്തികളെ കൂടെ കൂട്ടുക എന്ന ദൗത്യവും അമിത് ഷായുടെ വരവിനു പിന്നിൽ ഉണ്ട്. ഒപ്പം പാർട്ടിയുടെ താഴെ തട്ടിൽ വരെ ചലനമുണ്ടാക്കുന്ന പ്രചാരണ പരിപാടിക്ക് തുടക്കമിടാനും ലക്ഷ്യമിടുന്നുണ്ട്. ബിജെപി.യിലേക്ക് വരാൻ സന്നദ്ധരായ പ്രമുഖ വ്യക്തിത്വങ്ങളെ അമിത് ഷായ്ക്കു മുന്നിൽ കൊണ്ടുവരാനുള്ള നീക്കവും തകൃതിയായി നടക്കുന്നു. ചില അപ്രതീക്ഷിത മുഖങ്ങൾ അമിത് ഷായുടെ സന്ദർശനത്തിനിടെ ബിജെപിയിൽ ചേരുമെന്നാണ് സൂചന. എന്നാൽ ഇതു സംബന്ധിച്ച വിശദാംശങ്ങൾ അതീവ രഹസ്യമാക്കുകയാണ് ബിജെപി. കെ എം മാണിയുടെ കേരളാ കോൺഗ്രസാണ് ബിജെപിയുടെ മനസ്സിലെ പ്രധാന മുഖം. കേരളാ കോൺഗ്രസിനെ എങ്ങനേയും എൻഡിഎയിൽ എത്തിക്കാനാണ് നീക്കം.

എന്നാൽ മാണി ഇക്കാര്യത്തിൽ നിലപാട് വിശദീകരിക്കുന്നില്ല. ജോസ് കെ മാണിയെ കേന്ദ്ര മന്ത്രിയാക്കാമെന്ന വാഗ്ദാനം അമിത് ഷാ മുന്നോട്ട് വയ്ക്കും. മെത്രാന്മാരുമായുള്ള ചർച്ചയിലും അമിത് ഷാ ഇക്കാര്യം മുന്നോട്ട് വയ്ക്കുമെന്നാണ് സൂചന. കേരളത്തിലെ പ്രത്യേക സാഹചര്യത്തിൽ മാണി എൻഡിഎയിലേക്ക് വരില്ലെന്ന് കരുതുന്നവരും ബിജെപിയിലുണ്ട്. മാണിയെ മുഖ്യമന്ത്രിയാക്കാൻ സി.പി.എം തീരുമാനിച്ചിരുന്നുവെന്ന മന്ത്രി ജി സുധാകരന്റെ പ്രസ്താവനയും വ്യക്തമായ രാഷ്ട്രീയത്തോടെയുള്ളതാണെന്ന് ബിജെപി കരുതുന്നു. മാണിയെ ബിജെപിയിൽ നിന്ന് അകറ്റാനും ഇടതുമുന്നണിയിൽ എടുക്കുമെന്ന പ്രതീക്ഷ നൽകാനുമാണ് ഇതെന്നും ബിജെപി വിലയിരുത്തുന്നു.

അതിനിടെ ബിജെപിയിലേക്ക് പുതിയ മുഖങ്ങളെ അടുപ്പിക്കാനുള്ള ശ്രമവും തകൃതിയിൽ പുരോഗമിക്കുകയാണ്. എല്ലാ ജില്ലകളിലേയും പാർട്ടി ഘടകങ്ങൾ അത്തരം ആളുകളെ അവസാന ഘട്ടത്തിലും അന്വേഷിച്ചു കൊണ്ടിരിക്കുകയാണ്. സമൂഹം അംഗീകരിക്കുന്ന പലരും തങ്ങൾക്കൊപ്പം കൂടുമെന്ന പ്രതീതി സൃഷ്ടിക്കാനാണ് ഇത്. പാർട്ടിയുടെ മേലറ്റം മുതൽ താഴറ്റം വരെ ചലിപ്പിക്കാനുള്ള പ്രവർത്തന പരിപാടിയും അമിത് ഷായുടെ കേരള സന്ദർശനത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. പാർട്ടിയുടെ കോർ കമ്മിറ്റി യോഗത്തിലും സംസ്ഥാന ഭാരവാഹി യോഗങ്ങളിലും പങ്കെടുക്കുന്ന അദ്ദേഹം, ബിജെപി.യുടെ ജന പ്രതിനിധികളുമായും കൂടിക്കാഴ്ച നടത്തുന്നുണ്ട്. തിരുവനന്തപുരത്ത് അദ്ദേഹം പാർട്ടിയുടെ ബൂത്ത് യോഗത്തിലും പങ്കെടുക്കും.

ബിജെപി. നയിക്കുന്ന ദേശീയ ജനാധിപത്യ സഖ്യം (എൻ.ഡി.എ.) വിപുലമാക്കും. രണ്ടാം തീയതി അമിത് ഷായുടെ നേതൃത്വത്തിൽ മുന്നണിയുടെ യോഗം ചേരും. പ്രധാന ഘടക കക്ഷിയായ ബി.ഡി.ജെ.എസ്. ഉൾപ്പെടെ പാർട്ടികളെല്ലാം കടുത്ത അതൃപ്തിയിലാണ് മുന്നണിയിൽ കഴിഞ്ഞുകൂടുന്നത്. ഇത് പരിഹരിക്കാനും ശ്രമിക്കും. 96 ദിവസത്തെ ഭാരത പര്യടനത്തിന്റെ ഭാഗമായി കേരളത്തിലെത്തുന്ന അമിത് ഷായുടെ വരവ് ഇളക്കി മറിക്കുന്നതാവണമെന്ന നിർദ്ദേശമാണ് കേന്ദ്ര നേതൃത്വത്തിൽ നിന്ന് ലഭിച്ചിട്ടുള്ളത്.

രണ്ടിന് രാവിലെ കൊച്ചി വിമാനത്താവളത്തിൽ എത്തുന്ന അദ്ദേഹത്തിന് ഉജ്ജ്വല സ്വീകരണമാണ് ഏർപ്പാടാക്കിയിട്ടുള്ളത്. അയ്യായിരം ബൈക്കുകളുടെ അകമ്പടിയോടെയാണ് അദ്ദേഹത്തെ കൊച്ചി നഗരത്തിലേക്ക് ആനയിക്കുന്നത്. തിരുവനന്തപുരത്തും വിപുലമായ സ്വീകരണ പരിപാടിയാണ് ഒരുക്കിയിട്ടുള്ളത്. വടക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിലെ കുതിപ്പ് കേരളത്തിലും നേടുകയാണ് മൂന്നു ദിവസത്തെ സന്ദർശനത്തിന്റെ ലക്ഷ്യം. 2014 ലെ തദ്ദേശ തിരഞ്ഞെടുപ്പിൽ നേടിയ അഞ്ചു ശതമാനം വോട്ട് പാർലമെന്റ് തിരഞ്ഞെടുപ്പിൽ 10 ആയും കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ 16 ശതമാനമായും വർദ്ധിപ്പിക്കാൻ കഴിഞ്ഞു.

നിയമസഭാ തിരഞ്ഞെടുപ്പിൽ ഒന്നിലേറെ സീറ്റുകളിൽ രണ്ടാം സ്ഥാനവും നേടി. അടുത്ത പാർലമെന്റ് തിരഞ്ഞെടുപ്പിൽ നിർണ്ണായക ശക്തിയായി മാറാനുള്ള കർമ്മപദ്ധതികൾക്ക് അമിത് ഷായുടെ വരവോടെ തുടക്കമാകും. കൊച്ചിയിലും തിരുവനന്തപുരത്തും അറിയപ്പെടുന്ന വ്യക്തികളുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തും. പൊതുരംഗത്തും രാഷ്ട്രീയത്തിലും അറിയപ്പെടുന്ന ചിലർ പാർട്ടിയിലെത്തുമെന്ന് എച്ച്. രാജ പറഞ്ഞു. ക്ഷണിക്കപ്പെട്ടവരുടെ പേരുകൾ വെളിപ്പെടുത്താൻ വിസമ്മതിച്ച അദ്ദേഹം രണ്ടു ദിവസം കൂടി കാത്തിരിക്കൂവെന്നാണ് മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടി നൽകിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP