Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ഖത്തറിന്റെ ഒറ്റപ്പെടൽ നീണ്ടാൽ യുഎഎഇ അടക്കമുള്ള അറബ് രാജ്യങ്ങളും പ്രതിസന്ധിയിലാകും; മധ്യസ്ഥശ്രമങ്ങൾക്കു മുൻകൈ എടുത്ത് തുർക്കിയും കുവൈത്തും; സൗദി രാജാവിനെ അനുനയിപ്പിക്കാൻ കുവൈത്ത് അമീർ സൗദിയിൽ; എല്ലാത്തിനും ട്രംപിനെ കുറ്റപ്പെടുത്തി ഖത്തർ; സർവീസുകളിൽ മാറ്റമില്ലെന്നു ഇന്ത്യൻ വിമാന കമ്പനികൾ

ഖത്തറിന്റെ ഒറ്റപ്പെടൽ നീണ്ടാൽ യുഎഎഇ അടക്കമുള്ള അറബ് രാജ്യങ്ങളും പ്രതിസന്ധിയിലാകും; മധ്യസ്ഥശ്രമങ്ങൾക്കു മുൻകൈ എടുത്ത് തുർക്കിയും കുവൈത്തും; സൗദി രാജാവിനെ അനുനയിപ്പിക്കാൻ കുവൈത്ത് അമീർ സൗദിയിൽ; എല്ലാത്തിനും ട്രംപിനെ കുറ്റപ്പെടുത്തി ഖത്തർ; സർവീസുകളിൽ മാറ്റമില്ലെന്നു ഇന്ത്യൻ വിമാന കമ്പനികൾ

ദോഹ: ഖത്തൽ വിഷയത്തിൽ മധ്യസ്ഥതയ്ക്കു തയാറായി കുവൈത്ത്; അറബ് രാജ്യങ്ങളുമായുള്ള വിഷയത്തിൽ മധ്യസ്ഥത വഹിക്കാൻ തയാറാണെന്ന് കുവൈത്ത് അമീർ ഷെയ്ഖ് സബാ അൽ അഹമ്മദ് അൽ സബാ വ്യക്തമാക്കി. ഖത്തർ ഭരണാധികാരി തമീം ബിൻ അൽതാനിയെ കുവൈത്ത് അമീർ ഇക്കാര്യം അറിയിച്ചതായി കുവൈത്ത് ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തു. ഇതിനു പിന്നാലെ കുവൈത്ത് അമീർ സൗദിയിൽ എത്തിയിട്ടുണ്ട്.

പ്രശ്നത്തിൽ ഖത്തറിനോട് സംയമനം പാലിക്കാനും കുവൈത്ത് ആവശ്യപ്പെട്ടിട്ടുണ്ട്. കുവൈത്ത് അമീറുമായുള്ള രാജാവുമായുള്ള ഫോൺ സംഭാഷണത്തിനു ശേഷം നയതന്ത്ര ഉപരോധവുമായി ബന്ധപ്പെട്ട് ഖത്തർ അമീർ അൽ താനി നടത്താനിരുന്ന വിശദീകരണ പ്രസംഗം മാറ്റിവയ്ക്കാൻ തീരുമാനിച്ചതായും റിപ്പോർട്ടുകളുണ്ട്.

മധ്യസ്ഥതയ്ക്കു തയാറാണെന്ന് അറിയിച്ചതിനു പിന്നാലെയാണ് കുവൈത്ത് അമീർ സൗദി അറേബ്യയിൽ എത്തിയിരിക്കുന്നത്. സൗദി ഭരണാധികാരികളുമായി അദ്ദേഹം ചർച്ച നടത്തും. അറബ് മേഖലയിൽ ഖത്തറിനെ ഒറ്റപ്പെടുത്തുന്നതിന്റെ പ്രത്യാഘാതങ്ങളും കുവൈത്ത് അമീർ സൗദി ഭരണാധികാരികളെ ബോധ്യപ്പെടുത്താൻ ശ്രമിക്കും.

സൗദി ഭരണാധികാരി സൽമാൻ രാജാവുമായി കുവൈത്ത് അമീർ കൂടിക്കാഴ്ച നടത്തും. കുവൈത്ത് വിദേശകാര്യമന്ത്രി ഉൾപ്പെടെ ഉന്നതതല സംഘം അമീറിനെ അനുഗമിക്കുന്നുണ്ട്. പ്രശ്‌നപരിഹാരത്തിനായി ഇടപെടണമെന്നു കുവൈത്തിലെ പാർലമെന്റ് അംഗങ്ങൾ ഭരണനേതൃത്വത്തോട് ആവശ്യപ്പെട്ടിരുന്നു. ഗൾഫ് രാജ്യങ്ങളുമായി നല്ലബന്ധം പുലർത്തുന്ന തുർക്കിയാണ് മധ്യസ്ഥശ്രമങ്ങളുമായി ആദ്യം രംഗത്തെത്തിയത്. ചർച്ചകളിലൂടെ പ്രശ്‌നപരിഹാരത്തിന് എല്ലാ കക്ഷികളും തയാറാകണമെന്ന് തുർക്കി അഭ്യർത്ഥിച്ചു.

അതേസമയം വിഷയത്തിൽ ഖത്തർ വിദേശകാര്യ മന്ത്രി മൊഹമ്മദ് ബിൻ അബ്ദുൽറഹ്മാൻ അൽ താനി ഒമാൻ വിദേശകാര്യ മന്ത്രി യൂസഫ് ബിൻ അലവി ബിൻ അബ്ദുല്ലയുമായി കൂടിക്കാഴ്ച നടത്തി. ഒമാൻ ഖത്തറിന് നയതന്ത്ര ഉപരോധം ഏർപ്പെടുത്തിയിരുന്നില്ല.

ഭീകരവാദ ഗ്രൂപ്പുകൾക്ക് ഖത്തർ പിന്തുണ നൽകുന്നെന്ന് ആരോപിച്ചായിരുന്നു ഗൾഫ് രാജ്യങ്ങൾ ഒന്നൊന്നായി ഖത്തറുമായുള്ള നയതന്ത്ര ബന്ധം വിച്ഛേദിച്ചത്. സൗദി അറേബ്യ, യുഎഇ, ബഹ്റൈൻ, ഈജിപ്ത്, യെമൻ എന്നീ രാജ്യങ്ങളാണ് ഖത്തറുമായുള്ള നയതന്ത്ര ബന്ധം അവസാനിപ്പിച്ചത്.

ഖത്തറുമായുള്ള നയതന്ത്ര ബന്ധം വിച്ഛേദിച്ചെന്നും അവരുമായുള്ള വ്യോമ, നാവിക ബന്ധങ്ങൾ റദ്ദാക്കിയെന്നും ബഹ്റൈനും പ്രഖ്യാപിച്ചു. ഖത്തർ പൗരന്മാർക്ക് രാജ്യം വിട്ട് പോകാൻ യുഎഇയും ബഹ്‌റൈനും 14 ദിവസം അനുവദിച്ചിട്ടുണ്ട്. നേരത്തേ സമാന നടപടികൾ സൗദിയും യുഎഇയും അടക്കമുള്ള രാജ്യങ്ങളും സ്വീകരിച്ചിരുന്നു.

ഖത്തർ ഭീകരവാദത്തെ സഹായിക്കുന്നുവെന്നും ബഹ്റൈനിൽ ആഭ്യന്തര ഇടപെടൽ നടത്തിയെന്നും ആരോപിച്ചാണ് നടപടി. ബഹ്റൈന് പിന്നാലെ സൗദി അറേബ്യയും ഖത്തറുമായുള്ള എല്ലാ ബന്ധവും വിച്ഛേദിച്ചെന്ന് വാർത്താ ഏജൻസിയായ റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു.

അതേസമയം, ഖത്തറിന്റെ നടപടികൾ അയൽക്കാരെ മാത്രമല്ല അമേരിക്കയെയും അസ്വസ്ഥപ്പെടുത്തുന്നതെന്ന് ട്രംപ് ഭരണകൂടം വ്യക്തമാക്കി. ഭിന്നത എത്രയും വേഗം പരിഹരിക്കണം. ഖത്തറിനെ ശരിയായ ദിശയിലെത്തിക്കാൻ ശ്രമം തുടരുമെന്നും ഒരു മുതിർന്ന ഉദ്യോഗസ്ഥൻ റോയിട്ടേഴ്‌സിനെ അറിയിച്ചു. അതേസമയം, ട്രംപിന്റെ സൗദി സന്ദർശനം പ്രതികാര നടപടികൾക്ക് കാരണമായെന്നാണ് ഖത്തറിന്റെ നിലപാട്.

ജനങ്ങൾക്ക് അവശ്യസാധനങ്ങൾ ലഭ്യമാക്കുന്നതിനുള്ള എല്ലാ നടപടിയും സ്വീകരിച്ചിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു. ഗൾഫ് രാജ്യങ്ങളുമായി മാത്രമല്ല, മറ്റു രാജ്യങ്ങളുമായും ഖത്തറിന് വാണിജ്യബന്ധങ്ങളുണ്ട്. അവരുമായുള്ള കടൽ, വ്യോമ ഗതാഗതസംവിധാനങ്ങൾ തുറന്നുകിടക്കുകയാണ്. മറ്റു രാജ്യങ്ങളുമായുള്ള ഇറക്കുമതിക്കും സഞ്ചാരങ്ങൾക്കും ബുദ്ധിമുട്ടില്ല. ഹമദ് തുറമുഖം വഴിയാണ് ഖത്തറിലേക്കുള്ള അവശ്യസാധനങ്ങൾ എത്തുന്നത്. അതിനാൽ സൗദി തുറമുഖങ്ങൾ അടച്ചാലും സാധനങ്ങൾ ലഭിക്കുമെന്നും അവർ വ്യക്തമാക്കി. എന്നാൽ, ഭക്ഷ്യവസ്തുക്കളുടെ അപര്യാപ്ത ഉണ്ടാകുമെന്ന ആശങ്കയെ തുടർന്ന് ഖത്തറിലെ സൂപ്പർമാർക്കറ്റുകളിലെല്ലാം വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. പാൽ, മുട്ട, പഞ്ചസാര, അരി തുടങ്ങിയവ ശേഖരിച്ചു വയ്ക്കുകയാണ് ജനങ്ങൾ.

നയതന്ത്ര ബന്ധം വിച്ഛേദിച്ചതിനു പിന്നാലെ ഖത്തറിലേക്കുള്ള പഞ്ചസാര കയറ്റുമതി സൗദിയും യുഎഇയും നിർത്തിവച്ചു. ഖത്തറുമായുള്ള അതിർത്തി സൗദി ദീർഘകാലത്തേക്ക് അടച്ചിട്ടാൽ ലോകകപ്പ് ഒരുക്കങ്ങളെയും ബാധിക്കും. ലോകകപ്പ് ഒരുക്കങ്ങളുമായി ബന്ധപ്പെട്ട് സംഘാടകസമിതിയുമായി നിരന്തര ആശയവിനിമയം നടത്തുന്നുണ്ടെന്ന് ഫിഫ അറിയിച്ചു.

അതേസമയം, പ്രതിസന്ധി അനന്തമായി നീണ്ടാൽ യുഎഇ അടക്കമുള്ള ഗൾഫ് രാജ്യങ്ങളെയും ബാധിക്കും. യുഎഇയ്ക്ക് അവശ്യമായ ദ്രവീകൃത പ്രകൃതി വാതകത്തിന്റെ ഏറിയ പങ്കും ഖത്തറിൽ നിന്നാണ് ഇറക്കുമതി ചെയ്യുന്നത്. ഇത്തരമൊരു സാഹചര്യം ഉണ്ടാകുന്നതിനെക്കുറിച്ചുള്ള മുന്നറിയിപ്പാണ് മധ്യസ്ഥത വഹിക്കാൻ തയാറായ കുവൈത്തും തുർക്കിയും ചൂണ്ടിക്കാട്ടുന്നത്.

ഇതിനിടെ, ഖത്തറിലേക്കുള്ള വിമാന സർവീസുകൾ പതിവുപോലെ തുടരുമെന്ന് ഇന്ത്യൻ വിമാനകമ്പനികൾ അറിയിച്ചു. യുഎഇക്കു മുകളിലൂടെ പറക്കുന്നതിന് നിയന്ത്രണം ഏർപ്പെടുത്തുന്നുവെന്ന റിപ്പോർട്ടുകൾക്കിടയിലും സർവീസുകളിൽ മാറ്റമുണ്ടാകില്ലെന്നാണ് ഇന്ത്യൻ വിമാന കമ്പനികൾ വ്യക്തമാക്കിയിരിക്കുന്നത്.

ഷെഡ്യൂൾ പ്രകാരം സർവീസുകൾ നടത്തുമെന്നും തടസങ്ങളില്ലെന്നും ജെറ്റ് എയർവെയ്‌സും ഇൻഡിഗോയുമാണ് അറിയിച്ചിരിക്കുന്നത്. യുഎഇ ആസ്ഥാനമായ എത്തിഹാദ് എയർവെയ്‌സിന്റെ തന്ത്രപ്രധാന പങ്കാളിയാണു ജെറ്റ് എയർവെയ്‌സ്. എത്തിഹാദ് ഉൾപ്പെടെയുള്ള വിമാനകമ്പനികൾ ഖത്തറിലേക്കുള്ള സർവീസുകളെല്ലാം നിർത്തിവച്ചിരിക്കുകയാണ്.

ദോഹയിലേക്കും തിരിച്ചുമുള്ള ഫ്‌ലൈറ്റുകൾ മുൻനിശ്ചയിച്ച പ്രകാരം സർവീസ് നടത്തുമെന്നു ജെറ്റ് എയർവെയ്‌സ് ട്വീറ്റ് ചെയ്തു. പതിവുപോലെ സർവീസ് ഉണ്ടാകുമെന്നും മാറ്റങ്ങളുണ്ടെങ്കിൽ യാത്രക്കാരെ അറിയിക്കുമെന്നും കാര്യങ്ങൾ സൂക്ഷ്മമായി പരിശോധിക്കുകയാണെന്നും ഇൻഡിഗോ ട്വിറ്ററിൽ അറിയിച്ചു.

ജെറ്റ് എയർവെയ്‌സ് ദിവസവും അഞ്ചു ഫ്‌ളൈറ്റുകളാണ് ദോഹയിലേക്കു സർവീസ് നടത്തുന്നത്. ഡൽഹി, മുംബൈ, തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് എന്നിങ്ങനെ. എയർഇന്ത്യ കോഴിക്കോടുനിന്നു ദിവസവും മുംബൈയിൽനിന്നു ആഴ്ചയിൽ നാലുപ്രാവശ്യവും മംഗളുരുവിൽനിന്നു മൂന്നുപ്രാവശ്യവും സർവീസ് നടത്തുന്നു. ഇൻഡിഗോ ഡൽഹിയിൽനിന്നും മുംബൈയിൽനിന്നും ദിവസേന ദോഹയിലേക്കു പറക്കുന്നുണ്ട്.

ഖത്തറുമായുള്ള നയതന്ത്രബന്ധം ഗൾഫ് രാജ്യങ്ങൾ വിഛേദിച്ചതോടെ ഇന്ത്യയിൽനിന്നുള്ള വിമാനയാത്രയ്ക്കു ചെലവും സമയവും കൂടാൻ സാധ്യതയുണ്ടെന്നു റിപ്പോർട്ടുകളുണ്ടായിരുന്നു. ഇന്ത്യയിൽനിന്നു ദോഹയിലേക്കുള്ള ആകാശയാത്രയിൽ രാജ്യത്തിനുമുകളിലൂടെ പറക്കുമ്പോൾ അനുമതി വാങ്ങണമെന്നു യുഎഇ ഇന്ത്യയ്ക്കു നിർദ്ദേശം നൽകിയെന്നാണു റിപ്പോർട്ട്.

യുഎഇ നിർദ്ദേശം കടുപ്പിച്ചില്ലെങ്കിൽ വിമാനയാത്ര പതിവുപോലെ നടക്കും. മറിച്ചാണെങ്കിൽ ഏറെ ദൂരം കൂടുതലായി സഞ്ചരിക്കേണ്ടിവരും. ഇതു ടിക്കറ്റു നിരക്കു കൂട്ടാനും വഴിയൊരുക്കും. യുഎഇ നിയന്ത്രണം വച്ചാൽ, ഇന്ത്യയിൽനിന്നുള്ള വിമാനങ്ങൾ അറേബ്യൻ സമുദ്രത്തിനു മുകളിലൂടെ ആദ്യം ഇറാനിലെത്തണം. ഖത്തറുമായി ഇറാനു ബന്ധമുണ്ട്. അവിടെനിന്നും പേർഷ്യൻ ഗൾഫിനു മുകളിലൂടെ പറന്നുവേണം ഖത്തറിൽ എത്താൻ. തിരികെ വരുമ്പോഴും ഈ വഴിയാണ് ആശ്രയം.

ഖത്തർ എയർവെയ്‌സിന്റെ ഫ്‌ലൈറ്റുകളെ ഇപ്പോഴത്തെ സംഭവവികാസങ്ങൾ കാര്യമായി ബാധിക്കും. ഡൽഹിയിൽനിന്നു ദോഹയിലേക്കു പാക്കിസ്ഥാന്റെ മുകളിലൂടെ പോകുന്നതിനാൽ, ഇവിടെനിന്നുള്ള യാത്രയ്ക്കു മുടക്കംവരില്ല. രാജ്യത്തെ മറ്റു വിമാനത്താവളങ്ങളിലൂടെ യാത്ര ചെയ്യുന്നവരാണു പ്രയാസം അനുഭവിക്കേണ്ടി വരിക.

ഖത്തർ വഴി ദീർഘദൂര യാത്ര നടത്തുന്നവർക്കു പ്രയാസമുണ്ടാകും. യൂറോപ്പ്, തെക്കേ അമേരിക്ക എന്നിവിടങ്ങളിലേക്കു ദോഹ വഴി പോകുന്നവരെയാണു ബാധിക്കുക. മറ്റു റൂട്ടുകൾ തിരഞ്ഞെടുക്കുമ്പോൾ യാത്രാസമയം ഗണ്യമായി കൂടും. രണ്ടു മണിക്കൂറിലധികം സമയം യാത്രകൾക്കു വേണ്ടിവരുമെന്നു പൈലറ്റുമാർ പറയുന്നു. ഇന്ധനവും കൂടുതൽ വേണം. ഇതിനനുസരിച്ചു ടിക്കറ്റുനിരക്കും കാര്യമായി വർധിക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP