Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഇസ്രയേലിനേക്കാൾ വലിയ ശത്രുവായി അറബ് രാഷ്ട്രങ്ങൾക്ക് ഇറാൻ മാറിയപ്പോൾ ഖത്തർ അനഭിമതരായി; മുസ്ലിം ബ്രദർഹുഡും അൽജസീറ എന്ന ഇരുതലവാളും കുഴപ്പങ്ങൾ ഗൗരവതരമാക്കി; സുന്നി-ഷിയ ശത്രുത നിർണായകമായി: ഖത്തറിൽ യഥാർത്ഥത്തിൽ സംഭവിച്ചിരിക്കുന്നതെന്ത്? ഡോ. എൻ ഷംനാദ് എഴുതുന്നു

ഇസ്രയേലിനേക്കാൾ വലിയ ശത്രുവായി അറബ് രാഷ്ട്രങ്ങൾക്ക് ഇറാൻ മാറിയപ്പോൾ ഖത്തർ അനഭിമതരായി; മുസ്ലിം ബ്രദർഹുഡും അൽജസീറ എന്ന ഇരുതലവാളും കുഴപ്പങ്ങൾ ഗൗരവതരമാക്കി; സുന്നി-ഷിയ ശത്രുത നിർണായകമായി: ഖത്തറിൽ യഥാർത്ഥത്തിൽ സംഭവിച്ചിരിക്കുന്നതെന്ത്? ഡോ. എൻ ഷംനാദ് എഴുതുന്നു

റബ് ചരിത്രത്തിലെ ഏറ്റവും നിർണായകമായിരുന്ന 1967ലെ 'ആറുദിനയുദ്ധം' തുടങ്ങുന്നത് 50 വർഷം മുമ്പ് ഒരു ജൂൺ അഞ്ചിനായിരുന്നു. ഈജിപ്ത്യൻ വ്യോമസേനയുടെ നൂറുകണക്കിന് യുദ്ധവിമാനങ്ങൾ ഇസ്രയേൽ ഫൈറ്റർ ജെറ്റുകളുടെ മിന്നലാക്രമണത്തിൽ ഈജിപ്ത്യൻ റൺവേകളിൽ കത്തിച്ചാമ്പലായ വാർത്ത കേട്ടുകൊണ്ടാണ് അന്ന് ലോകം ഉണർന്നത്. ആ ദാരുണ പരാജയത്തിന്റെ അമ്പതാം വാർഷികമായ ഈ ജൂൺ അഞ്ച് പുലർന്നത് അറബ് ചരിത്രത്തിലെ മറ്റൊരു ഞെട്ടിക്കുന്ന വാർത്ത കേട്ടുകൊണ്ടായത് തികച്ചും വിരോധാഭാസമെന്നേ പറയാൻ സാധിക്കുകയുള്ളൂ.

അറേബ്യൻ ഗൾഫിലെ അറബ് രാഷ്ട്രങ്ങളുടെ കൂട്ടായ്മയായ 'ഗൾഫ് സഹകരണ സമിതി'യിലെ സൗദി അറേബ്യ, യു.എ.ഇ, ബഹ്റൈൻ എന്നീ രാജ്യങ്ങൾ മറ്റൊരു അംഗ രാജ്യമായ ഖത്തറിനെതിരെയുള്ള നയതന്ത്ര ബന്ധങ്ങളെല്ലാം വിഛേദിക്കുകയും സർവ്വവ്യാപകമായ ഉപരോധം പ്രഖ്യാപിക്കുകയും ചെയ്തു. കേവലമൊരു നയതന്ത്ര നടപടി എന്നതിനേക്കാളുമൊക്കെ ദൂരവ്യാപക ഫലങ്ങളുണ്ടാക്കുന്ന ഈ ഗൾഫ് പ്രതിസന്ധി കഴിഞ്ഞ നാല് ദിവസങ്ങളായി മേഖലയെ ഒരു ജിയോ-പൊളിറ്റിക്കൽ സംഘർഷ കേന്ദ്രമാക്കി മാറ്റിയിരിക്കുകയാണ് എന്ന് പറയേണ്ടിയിരിക്കുന്നു.

ഖത്തർ: കേരളത്തിന്റെ മൂന്നിലൊന്ന് വലിപ്പമുള്ള രാജ്യം, ആറര ലക്ഷം ഇന്ത്യക്കാരുടെ താവളം

കേരളത്തിന്റെ മൂന്നിലൊന്ന് വലിപ്പം മാത്രമുള്ള ഒരു രാജ്യമാണ് ഖത്തർ. പശ്ചിമേഷ്യയിൽ നിന്നും പേർഷ്യൻ ഗൾഫിലേക്ക് തള്ളിനിൽക്കുന്ന രാജ്യത്തിലെ ജനസംഖ്യ 27 ലക്ഷത്തോളം വരും. ഇതിൽ തന്നെ 90 ശതമാനവും വിദേശികളാണ്. ആറര ലക്ഷത്തോളം ഇന്ത്യക്കാർ ഖത്തറിലുണ്ടെന്നാണ് അനൗദ്യോഗിക കണക്ക്. ഇതിൽ പകുതിയോളം മലയാളികളായിരിക്കും. 1971 വെരെ ബ്രിട്ടന്റെ അധീനതയിലായിരുന്ന ഖത്തർ ഒരു കാലത്ത് വളരെ ദരിദ്രമായൊരു പ്രദേശമായിരുന്നു. 2005ൽ ഭരണഘടന നിലവിൽ വന്നതോടെ ഖത്തറിലെ ഭരണ വ്യവസ്ഥ കോൺസ്റ്റിറ്റിയൂഷണൽ രാജഭരണമാണെന്ന് പറയാം.

ലോകത്തിലെ ഏറ്റവും വലിയ ദ്രവീകൃത പ്രകൃതിവാതക കയറ്റുമതി ചെയ്യുന്ന രാജ്യമായി മാറിയതോടെ ഖത്തറിന്റെ സാമ്പത്തിക നില കുതിച്ചു കയറി. ഒരു ലക്ഷം ഡോളറിലധികം പ്രതിഷീർഷ വരുമാനമുള്ള ഖത്തർ ആരോഗ്യം, ജീവിത നിലവാരം, ടൂറിസം, വ്യോമയാനം, സുരക്ഷിതത്വം തുടങ്ങിയ രംഗങ്ങളിൽ ഗൾഫ് മേഖലയിലെ ഏറ്റവും പ്രിയപ്പെട്ട രാജ്യമാണ്. 2006ലെ ഏഷ്യൻ ഗെയിംസ് വിജയകരമായി നടത്തി ശ്രദ്ധ നേടാൻ ഖത്തറിന് സാധിച്ചു. 2022ലെ ഫിഫ ഫുട്ബോൾ ലോകകപ്പിന് തയ്യാറെടുക്കുകയാണ് ഖത്തർ. ഇന്ത്യക്കാരടങ്ങുന്ന പതിനായിരക്കണക്കിന് തൊഴിലാളികൾ ലോകകപ്പ് ഒരുക്കങ്ങളുമായി ബന്ധപ്പെട്ട
പദ്ധതികളിലാണ് പണിയെടുക്കുന്നത്.

അമേരിക്കയുടെ തന്ത്രപ്രധാന കേന്ദ്രം

അമേരിക്കയുടെ മധ്യേഷ്യയിലെ ഏറ്റവും പ്രധാനപ്പെട്ട സഖ്യകക്ഷിയാണ് ഖത്തർ. ഈ മേഖലയിലെ അമേരിക്കയുടെ ഏറ്റവും വലിയ വ്യോമത്താവളവും ഖത്തറിലാണ്. യു.എസ് സേനയുടെ പശ്ചിമേഷ്യൻ സെൻട്രൽ കമാൻഡിന്റെ ആസ്ഥാനം ഖത്തറിലെ ഉദൈദ് എയർ ബെയ്സിലാണ്. ഇറാഖിലും സിറിയയിലും ഇസ്ലാമിക്ക് സ്റ്റേറ്റ് (ഐ.എസ്)നെതിരെ പോരാടുന്ന അമേരിക്കൻ സൈനികരുടെ ആസ്ഥാനവും ഇതേ രാജ്യം തന്നെയാണ്. പതിനായിരത്തിലധികം യു.എസ് സൈനികർ ഖത്തർ എയർ ബെയ്സിലുണ്ടെന്ന് റിപ്പോർട്ടുകൾ പറയുന്നു. അമേരിക്കൻ നേതൃത്വത്തിലുള്ള ഭീകര വിരുദ്ധ പോരാട്ടത്തിൽ അംഗമാണെന്ന് പറയുമ്പോൾ തന്നെ ഖത്തർ സ്വീകരിക്കുന്ന വിദേശ നയങ്ങൾ തികച്ചും ഘടക വിരുദ്ധമാണെന്ന് പറയേണ്ടി വരും. അത് തന്നെയാണ് നിലവിലെ നയതന്ത്ര പ്രതിസന്ധിയുടെ മുഖ്യ കാരണമാകുന്നതും.

ഗൾഫ് സഹകരണ സമിതി(ജി.സി.സി)

അറേബ്യൻ ഗൾഫിലുള്ള ആറ് അറബ് രാഷ്ട്രങ്ങളുടെ പ്രാദേശിക കൂട്ടായ്മയാണ് ജി.സി.സി എന്ന ഗൾഫ് സഹകരണ സമിതി. 1981 മെയ്‌ മാസത്തിൽ നിലവിൽ വന്ന ജി.സി.സിയിലെ അംഗ രാജ്യങ്ങൾ സൗദി അറേബ്യ, യു.എ.ഇ, ബഹ്റൈൻ, ഖത്തർ, കുവൈറ്റ്, ഒമാൻ എന്നിവയാണ്. അംഗരാജ്യങ്ങൾ തമ്മിലുള്ള രാഷ്ട്രീയ-സാമ്പത്തിക സഹകരണത്തിനുള്ള കൂട്ടായ്മയെന്ന് അറിയപ്പെടുമ്പോഴും ജി.സി.സിയുടെ രൂപീകരണത്തിന് ഗൂഢമായ ധാരാളം പശ്ചാത്തലങ്ങളുണ്ട്. അതിൽ ഏറ്റവും പ്രധാനപ്പെട്ടത് ഇറാനാണ്.

ആയിരം വർഷത്തോളം നീണ്ടുനിന്ന സഫവി വംശ പരമ്പര ഭരിച്ചിരുന്ന പ്രദേശമായിരുന്നു പേർഷ്യ എന്നറിയപ്പെട്ടിരുന്ന  ഇറാൻ. അമേരിക്കൻ പക്ഷത്തായിരുന്ന ഇറാനുമായി ഗൾഫ് രാജ്യങ്ങൾക്ക് വലിയ സംഘർഷങ്ങളൊന്നുമുണ്ടായിരുന്നില്ല. എന്നാൽ 1979ൽ ഇറാനിൽ ആയത്തുള്ള ഖുമൈനിയുടെ ആത്മീയ നേതൃത്വത്തിൽ ശിയാ ഇസ്ലാമിക വിപ്ലവം അരങ്ങേറി. അമേരിക്കൻ അനുകൂല ഷാ ഭരണകൂടം അട്ടിമറിക്കപ്പെട്ട ശേഷം ശിയാക്കൾ അധികാരം പിടിക്കുമ്പോൾ മധ്യേഷ്യയുടെ ചരിത്രം കൂടിയായിരുന്നു വഴിമാറിയത്. ഒന്നര സഹസ്രാബ്ദം പഴക്കമുള്ള സുന്നി-ശിയാ സംഘർഷം പുതിയൊരു ഘട്ടത്തിലേക്ക് കടക്കുകയായിരുന്നു ഇതോടെ. തൊട്ടടുത്ത വർഷം ഇറാനും ഇറാഖും തമ്മിലുള്ള ഒന്നാം ഗൾഫ് യുദ്ധം ആരംഭിച്ചു. ഒൻപത് വർഷക്കാലം നീണ്ടു നിന്ന ഈ യുദ്ധത്തിൽ ഇറാഖിന്റെ പക്ഷത്തായിരുന്നു അമേരിക്കയും, ഗൾഫ് രാജ്യങ്ങളും. അതിനാൽ തന്നെ മേഖലയിലെ സുന്നി ആധിപത്യത്തിന് കനത്ത ഭിഷണിയായി രംഗത്ത് വന്ന ഇറാനെ പ്രതിരോധിക്കുക എന്ന ലക്ഷ്യം കൂടിയുണ്ടായിരുന്നു ജി.സി.സി രൂപീകരണത്തിന്. അതേ ഇറാൻ ഇപ്പോൾ ജി.സി.സിയിൽ വിള്ളലുണ്ടാകാൻ മുഖ്യകാരണമാകുന്നതിൽ അതുകൊണ്ട് അത്ഭുതപ്പെടാനുമില്ല.

ഇറാൻ എന്ന അന്തകൻ

ഒരു കാലത്ത് അറബ് രാഷ്ട്രങ്ങളുടെ ഏറ്റവും വലിയ ശത്രു ഇസ്രയേലായിരുന്നു. ആ യഹൂദ രാഷ്ട്രത്തെ ഭൂഗോളത്തിൽ നിന്നും തുടച്ചു നീക്കുമെന്ന് പ്രതിജ്ഞ എടുത്തവരായിരുന്നു അറബ് രാജ്യങ്ങൾ. എന്നാൽ വിവിധ അറബ്-ഇസ്രയേൽ യുദ്ധങ്ങളിലേറ്റ തിരിച്ചടികളും, ലോക ശാക്തിക ചേരീ സമവാക്യങ്ങളിലുണ്ടായ മാറ്റങ്ങളും ഇസ്രയേലിന് അനുകൂലമായി മാറുന്ന കാഴ്ചയാണ് എൺപതുകൾ മുതൽ കാണാൻ കഴിഞ്ഞത്. 1979 ൽ ഇറാനിൽ ഇസ്ലാമിക വിപ്ലവം അരങ്ങേറിയതോടെ സൗദി അറേബ്യ അടക്കമുള്ള പല ഗൾഫ് രാജ്യങ്ങളുടേയും ഒന്നാം നമ്പർ ശത്രുവായി ഇറാൻ മാറി.

മേഖലയിലെ സുന്നി രാജ്യങ്ങളുടെ മേധാവിത്വം തകർക്കാനാണ് ശിയാ ഭരണകൂടമായ ഇറാന്റെ ശ്രമമെന്ന് സൗദി നേതൃത്വത്തിലുള്ള ഗൾഫ് രാഷ്ട്രങ്ങൾ വിശ്വസിക്കുന്നു. അതിനാൽ തന്നെ ഇറാനെതിരെയുള്ള അന്താരാഷ്ട്ര ഉപരോധങ്ങൾ അടിച്ചേൽപ്പിക്കുന്നതിന് പിന്നിലുള്ള അന്തർ നാടകങ്ങൾ നയിച്ചത് സൗദിയും യു.എ.ഇയുമായിരുന്നു. മേഖലയിലെ ആണവ ശേഷിയുള്ള ഒരേയൊരു മുസ്ലിം രാഷ്ട്രമായ ഇറാന് തങ്ങളേക്കാൾ വലിയൊരു ശത്രുവിനെ സൃഷ്ടിച്ച് നൽകിയതിൽ ഇസ്രയേൽ ചാര സംഘടന മൊസാദ് വഹിച്ച പങ്ക് വളരെ വലുതാണ്.

അതേസമയം, ഗൾഫ് മേഖലയെ അസ്ഥിരമാക്കുവാൻ ഇറാനും നിരന്തര ശ്രമങ്ങൾ നടത്തിയിരുന്നു. മേഖലയിലെ മേധാവിത്വം സ്വന്തമാക്കാനായി ഇറാൻ ഗൾഫ് രാജ്യങ്ങളിലെ ശിയാ വംശജരെ കലാപത്തിന് പ്രേരിപ്പിക്കുന്നു എന്ന ആരോപണം ഒരു പരിധി വരെ ശരിയാണ്. ഹജ്ജ് പോലുള്ള വേളകളിൽ പോലും കലാപം സൃഷ്ടിക്കാൻ ഇറാൻ മനപ്പൂർവം ശ്രമിച്ചിട്ടുണ്ട്. 2011ൽ അറബ് രാജ്യങ്ങളിൽ ' അറബ് വസന്തം' എന്നറിയപ്പെട്ട ജനാധിപത്യ പ്രക്ഷോഭങ്ങൾ ഉണ്ടായപ്പോൾ ഗൾഫ് രാജ്യമായ ബഹ്റൈനിലെ ശിയാക്കളെ ഇളക്കി വിട്ടത് ഇറാനായിരുന്നു.

സൗദിയുടെ കിഴക്കൻ പ്രവിശ്യകളിലെ ശിയാ മേഖലകളിലും ഇറാൻ സ്വാധീനം വ്യക്തമാണ്. യമനിലെ അബ്ദുൽ റബ്ബ് മൻസൂർ ഹാദി സർക്കാരിനെ അട്ടിമറിച്ച് ആഭ്യന്തര കലാപം നടത്താൻ ശിയാക്കളിൽപ്പെട്ട ഹൂതി വിമതരെ ആളും അർത്ഥവും നൽകി സഹായിച്ചതും ഇറാനായിരുന്നു. അതേസമയം സിറിയയിലെ ബഷാറുൽ അസദിന്റെ സേഛാധിപത്യ ഭരണത്തെ പല്ലും നഖവും ഉപയോഗിച്ച് ഇറാൻ സംരക്ഷിച്ച് നിർത്തുന്നത് അസദ് ഭരണകൂടം ശിയാ വിഭാഗമായതുകൊണ്ട് മാത്രമാണ്.

ഇത്തരത്തിൽ അറബ് മേഖലയിൽ മുഴുവനും, ഗൾഫ് മേഖലയിൽ വിശേഷിച്ചും ശിയാ മേധാവിത്വത്തിനായി കരുനീക്കം നടത്തുന്ന ഇറാനെ തകർക്കുകയാണ് സൗദിനേതൃത്വത്തിലുള്ള ഗൾഫ് രാജ്യങ്ങളുടെ പ്രധാന ലക്ഷ്യം. അതുകൊണ്ടാണ് ഇറാൻ സൗദിയുടേയും മറ്റും ഒന്നാം നമ്പർ
ശത്രുവാകുന്നതും, യമനിലെ ഹൂതി വിമതരേയും അടിച്ചമർത്താൻ എത്തിയത് സൗദി നേതൃത്വത്തിലുള്ള ജി.സി.സി സേനയാകുന്നതും അതിനാലാണ്.

യമനിലെ ഇറാൻ പിന്തുണയുള്ള ഹൂതി വിമതർക്കെതിരായ ജി.സി.സി സംയുക്ത സേനാ ആക്രമണങ്ങളിൽ ഖത്തറും ഒരു കക്ഷിയായിരുന്നു എങ്കിലും മറ്റ് ഗൾഫ് രാജ്യങ്ങളെ പോലെ ഇറാനെ ഒരു ശത്രുവായി ഖത്തർ കാണുന്നില്ല എന്നതാണ് ഇപ്പോഴത്തെ നയതന്ത്ര പ്രതിസന്ധിയുടെ മൂലകാരണം. തങ്ങളുടെ സഹോദര രാജ്യമായ ഖത്തർ അന്തകനായ ഇറാനോട് കൂട്ടകെട്ടുന്നത് അംഗീകരിച്ചു കൊടുക്കാൻ സൗദിയും, യു.എ.ഇയും ബഹ്റൈനും സമ്മതമല്ല.

എന്നാൽ ഇറാനെ ശത്രു രാജ്യമായി പ്രഖ്യാപിക്കാൻ ഖത്തറിന് സാധിക്കില്ല എന്നതാണ് വാസ്തവം. മറ്റ് പല ഗൾഫ് രാജ്യങ്ങളിൽ നിന്നും വ്യത്യസ്തമായി ഖത്തറിൽ എണ്ണ നിക്ഷേപം കുറവാണ്. പകരം പ്രകൃതി വാതക സമ്പത്താണ് ഖത്തർ. ലോകത്തിലെ ഏറ്റവും വലിയ ദ്രവീകൃത പ്രകൃതി വാതക കയറ്റുമതി രാജ്യമാണ് ഇന്ന് ഖത്തർ. ലോകത്തിലെ തന്നെ ഏറ്റവും വലിയ പ്രകൃതി വാതക പ്ലാന്റ് പേർഷ്യൻ ഗൾഫിലെ 'സൗത്ത് പാർസ്/ നോർത്ത് ഡോം ഫീൽഡ് ' പ്ലാന്റാണ്. ഖത്തർ-ഇറാൻ സമുദ്രാതിർത്തികളിലുള്ള ഈ പ്ലാന്റ് ഒരു ഖത്തർ-ഇറാൻ സംയുക്ത സംരംഭമാണ്. 9,700 ചതുരശ്ര കിലോമീറ്റർ വലിപ്പമുള്ള ഈ പ്ലാന്റിനെ ആശ്രയിച്ചാണ് ഖത്തറിന്റെ സമ്പത്ത് വ്യവസ്ഥ ചലിക്കുന്നത് തന്നെ. ഈ പശ്ചാത്തലത്തിൽ വേണം ഖത്തർ ഇറാൻ ബന്ധങ്ങളെ നോക്കിക്കാണാൻ.

ഖത്തറിനെ ഇറാൻ പക്ഷത്തിൽ നിന്നും അടർത്തി മാറ്റാനാണ് സൗദി ശ്രമിച്ചുകൊണ്ടിരിക്കുന്നത്. എന്നാൽ ഖത്തർ - ഇറാൻ ബന്ധങ്ങൾ നാൾക്കുനാൾ ശക്തിപ്പെടുന്ന കാഴ്ചയാണ് പിന്നീട് കാണാനായത്. ഇറാൻ പ്രസിഡന്റായി ഈ വർഷം ഹസൻ റൂഹാനി വീണ്ടും അധികാരമേറ്റെടുത്തപ്പോൾ പരസ്യമായി അനുമോദിക്കാൻ ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽ-ഥാനി ധൈര്യം കാണിച്ചത് സൗദിയെ വെല്ലുവിളിക്കാൻ കൂടിയായിരിക്കും.

ഇക്കഴിഞ്ഞ മെയ്‌ മാസം അവസാനം അമേരിക്കൻ പ്രസിഡന്റ് ഡൊണാൽഡ് ഡ്രംപ് സൗദി അറേബ്യ സന്ദർശിച്ചത് ഖത്തർ പ്രതിസന്ധിക്ക് ആക്കം കൂട്ടി. ഡ്രംപ് സന്ദർശിച്ച ആദ്യ വിദേശ രാജ്യമായിരുന്നു സൗദി. റിയാദ് സമ്മിറ്റിൽ പ്രസംഗിച്ച ഡ്രംപ് ഇറാനെതിരെയുള്ള സൗദി നേതൃത്വത്തിലുള്ള സുന്നി സഖ്യത്തിന് പിന്തുണ അറിയിക്കുകയായിരുന്നു. ദിവസങ്ങൾ കഴിഞ്ഞപ്പോൾ ഖത്തർ ന്യൂസ് ഏജൻസിയുടെ ഔദ്യോഗിക വെബ്സൈറ്റിൽ ഖത്തർ അമീറിന്റേതായ ചില പ്രസ്താവനകൾ പ്രത്യക്ഷപ്പെട്ടു. മേഖലയിലെ സുസ്ഥിര രാജ്യങ്ങളിലൊന്നായ ഇറാനെതിരെ അമേരിക്ക വച്ചുപുലർത്തുന്ന അന്ധമായ വിരോധത്തെ വിമർശിക്കുകയായിരുന്നു ഈ പ്രസ്താവനകൾ. എന്നാൽ ഖത്തർ അമീർ ഇത്തരത്തിൽ പ്രസ്താവന നടത്തിയിട്ടില്ലെന്നും തങ്ങളുടെ വെബ്സൈറ്റ് ഹാക്ക് ചെയ്തവർ കൃത്രിമമായി സൃഷ്ടിച്ച സന്ദേശങ്ങളാണ് ഇവയെന്നും ഖത്തർ വാദിച്ചു.

പക്ഷേ ഈ ഖത്തർ വാദം വിശ്വസിക്കാൻ സൗദിയോ, സഖ്യ കക്ഷികളോ തയ്യാറായില്ല. സൗദി നിയന്ത്രണത്തിലുള്ള സ്‌കൈ ന്യൂസ് അറേബ്യ, അൽ-അറബിയ്യ ചാനലുകളിൽ ഖത്തറിനെതിരെ അതിരൂക്ഷമായ വിമർശനങ്ങൾ പ്രക്ഷേപണം ചെയ്യപ്പെട്ടു. ഡ്രംപ് ഭരണകൂടത്തിന്റെ പിന്തുണയോടെ ഖത്തറിനെതിരെ ഉപരോധം തീർക്കാൻ സൗദിക്കും, യു.എ.ഇയ്ക്കും അവസരം നൽകിയത് ഈ സംഭവമായിരുന്നു. തിങ്കളാഴ്ച മുതൽ ഡ്രംപിന്റേതായി പുറത്തു വന്ന ട്വീറ്റുകൾ ഇതിനോട് ചേർത്ത് വായിക്കാവുന്നതാണ്. ഖത്തർ വെബ്സൈറ്റ് ഹാക്ക് ചെയ്തുവെന്ന വാദം സത്യമാണെന്നും, അതിന് പിന്നിൽ റഷ്യൻ ഹാക്കർമാരാണെന്നും സി.എൻ.എൻ റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ ഖത്തറിന്റെ ഇറാൻ സഹവാസത്തെ ഒരു തരത്തിലും അംഗീകരിക്കില്ലെന്ന വാശിയിലണ് സൗദിഅറേബ്യ.

മുസ്ലിം ബ്രദർഹുഡും വിദേശ ഫണ്ടിംഗും

ഖത്തറിനെതിരെയുള്ള ഉപരോധത്തിനും തങ്ങളെ പ്രേരിപ്പിച്ച പ്രധാന ഘടകമായി സൗദിയും, യു.എ.ഇയും പറയുന്നത് ഖത്തർ തീവ്രവാദ ആശയക്കാരായ പ്രസ്ഥാനങ്ങളെ വഴിവിട്ട് സഹായിക്കുകയും, അവയുടെ പ്രവർത്തനത്തിനായി ഫണ്ട് നൽകുകയും ചെയ്യുന്നു എന്നാണ്. ഇത് വളരെ സങ്കീർണമായ വിഷയമാണ്. ലോകരാജ്യങ്ങൾക്ക് മുന്നിൽ ഖത്തറിനെ പ്രതിസന്ധിയിലാക്കുന്നതും ഇക്കാര്യം തന്നെയാണ്. ഈ വിഷയത്തിലെ ആണിക്കല്ല് എന്നത് ഖത്തർ ഭരണകൂടത്തിന്റെ 'അൽ ഇഖ് വാൻ അൽ മുസ്ലിമൂൻ' എന്ന മുസ്ലിം ബ്രദർഹുഡ് അനുകൂല നിലപാടാണ്.

ഒരു നൂറ്റാണ്ട് മുമ്പ് ഈജിപ്തിൽ രൂപീകൃതമായ ഇസ്ലാമിക നവജാഗരണ പ്രസ്ഥാനമാണ് ബ്രദർഹുഡ്. പൊളിറ്റിക്കൽ ഇസ്ലാം എന്ന ആശയത്തിന് അടിത്തറ ഇടുന്നതിൽ സുപ്രധാന പങ്കുവഹിച്ച ബ്രദർഹുഡിന് ഈജിപ്തിൽ ആഴത്തിൽ വേരുകളുണ്ട്. ജമാൽ അബ്ദുൽ നാസറിന്റെ കാലത്തും, പിൽക്കാലത്തും ഈജിപ്തിലും സമീപ അറബ് രാഷ്ട്രങ്ങളിലുമായി ബ്രദർഹുഡ് വളർന്നു. ഖത്തർ ഭരണകൂടത്തിനും ബ്രദർഹുഡ് ആശയങ്ങളോട് അനുഭാവമുണ്ട്. 2011 ജനുവരിയിൽ അറബ് വസന്ത സമരങ്ങളുടെ ഭാഗമായി ഈജിപ്തിലെ ഹുസ്നി മുബാറക്കിന്റെ ഭരണം അട്ടിമറിക്കുന്നതിൽ ബ്രദർഹുഡ് നിർണായക പങ്കുവഹിച്ചിരുന്നു.

മുബാറക്ക് രാജിവെച്ച ശേഷം നടന്ന തിരഞ്ഞെടുപ്പിലൂടെ ബ്രദർഹുഡിന്റെ പാർട്ടിയായ ജസ്റ്റിസ് ആൻഡ് ഡവലപ്പ്മെന്റ് പാർട്ടിയും അതിന്റെ നേതാവായ മുഹമ്മദ് മുർസിയും ഈജിപ്തിൽ അധികാരത്തിലെത്തി. അന്ന് മുർസി ഭരണകൂടത്തെ ഏറ്റവും പിന്തുണച്ചത് തുർക്കിയിലെ ഉർദുഗാൻ സർക്കാരും പിന്നെ ഖത്തറുമായിരുന്നു. ബ്രദർഹുഡ് അധികാരത്തിലെത്തിയത് ഇസ്രയേലിനേയും സൗദി അറേബ്യ, യു.എ.ഇ തുടങ്ങിയ ഗൾഫ് രാജ്യങ്ങളേയും വല്ലാതെ അലട്ടി. തങ്ങളുടെ നാട്ടിലെ ബ്രദർഹുഡ് ഘടകങ്ങളും ഇനി തലപൊക്കുമെന്ന ഭയമായിരുന്നു സൗദിക്കും മറ്റും. അത്തരമൊരു ഭയം അസ്ഥാനത്തല്ല എന്നതാണ് വാസ്തവവും. എന്നാൽ ജനാധിപത്യ രീതിയിൽ അധികാരത്തിലെത്തിയ മുർസി ഭരണകൂടം അട്ടിമറിക്കപ്പെടുകയും ഈജിപ്ത്യൻ സൈനിക തലവൻ ജനറൽ അബ്ദുൽ ഫത്താഹ് അൽ സീസി അധികാരത്തിലെത്തുകയും ചെയ്തു. 2013ലെ ഈ സംഭവത്തെ ഒരു 'സൈനിക അട്ടിമറി'യായാണ് ഖത്തർ വിശേഷിപ്പിച്ചത്. അതോടെ ഈജിപ്ത്-ഖത്തർ ബന്ധങ്ങൾ വഷളാകാൻ തുടങ്ങി. ഖത്തർ ഉപരോധത്തിന് ഗൾഫിന് പുറത്തുള്ള ഏറ്റവും വലിയ കക്ഷിയായി ഈജിപ്ത് രംഗത്തെത്തുന്നത് ഈ സന്ദർഭത്തിലാണ്.

അധികാരത്തിലെത്തിയ സീസി ഭരണകൂടം നടത്തിയ ബ്രദർഹുഡ് വേട്ടയെത്തുടർന്ന് പ്രമുഖരായ ധാരാളം ബ്രദർഹുഡ്കാർക്ക് ഖത്തർ അഭയം നൽകി. ബ്രദർഹുഡ് ആശയം പേറുന്ന ഫലസ്തീൻ ചെറുത്ത് നിൽപ്പ് സംഘടനയാണ് ഹമാസ്. ഗസ്സയിലെ ഭരണം അവരുടെ കൈയിലാണ്. ഫലസ്തീൻ പ്രശ്നത്തിൽ എന്നും ഹമാസ് അനുകൂല സമീപനം സ്വീകരിക്കാനാണ് ഖത്തർ ശ്രമിച്ചിട്ടുള്ളത്. ഇസ്രയേൽ ആക്രമണത്തെ തുടർന്ന് ഗസ്സ തകർന്നപ്പോൾ പുനർ നിർമ്മാണ യജ്ഞങ്ങൾക്ക് വേണ്ട സാമ്പത്തിക സഹായം ചെയ്ത പ്രമുഖ രാജ്യം ഖത്തറായിരുന്നു. കഴിഞ്ഞ മാസം വരെ ഹമാസ് തലവനായിരുന്ന ഖാലിദ് മശ്അൽ അടക്കമുള്ള ഹമാസ് നേതാക്കൾക്ക് ഖത്തർ അഭയം നൽകിയിരുന്നു. ഇതുപോലെ മറ്റ് രാജ്യങ്ങളിൽ നിന്നും പുറന്തള്ളപ്പെടുന്നവർക്ക് സൗദിയും അഭയം നൽകാറുണ്ട്. ഉഗാണ്ടയിലെ ഈദീ അമീൻ, തുനീഷ്യയിലെ ബിൻ അലി തുടങ്ങിയവർ തന്നെ ഉദാഹരണം. എന്നാൽ ഒരു പ്രധാന വ്യത്യാസം ഖത്തർ തങ്ങളുടെ നാട്ടിലെത്തുന്ന ഈ രാഷ്ട്രീയ
അഭയാർത്ഥികൾക്ക് പ്രവർത്തന സ്വാതന്ത്ര്യം അനുദവദിച്ചിരുന്നു എന്നതാണ്. ഈജ്പ്ത് വധ ശിക്ഷ പ്രഖ്യാപിച്ച ലോക പ്രശസ്ത ഇസ്ലാമിക പണ്ഡിതൻ ഡോ.യൂസുഫുൽ ഖറദാവി ഖത്തറിലെ ദോഹ കേന്ദ്രമാക്കിയാണ് പ്രവർത്തിക്കുന്നത്. ഖറദാവി സൗദി അടക്കമുള്ള രാജ്യങ്ങളുടെ പ്രധാന നോട്ടപ്പുള്ളിയാണ്.

2014 മാർച്ചിൽ ഖത്തറുമായുള്ള നയതന്ത്ര ബന്ധത്തിൽ സൗദി,യു.എ.ഇ, ബഹ്റൈൻ എന്നീ രാജ്യങ്ങൾ വിള്ളലുണ്ടാക്കിയിരുന്നു. തങ്ങളുടെ നയതന്ത്ര പ്രതിനിധികളെ ഈ രാജ്യങ്ങൾ ദോഹയിൽ നിന്നും പിൻവലിച്ചു. അന്നും കുവൈറ്റ് ഇടപെടുകയും കുറേ ബ്രദർഹുഡ് നേതാക്കളെ ഖത്തറിൽ നിന്നും പുറത്താക്കിയതിനെ തുടർന്ന് ആ പ്രതിസന്ധിക്ക് അയവുണ്ടാകുകയുണ്ടായിരുന്നു. ബ്രദർഹുഡ്, ഹമാസ് തുടങ്ങിയ സംഘടനകളെ സൗദിയും സഖ്യകക്ഷികളും തീവ്രവാദ പ്രസ്ഥാനങ്ങളുമായി ഗണിക്കുമ്പോൾ ഖത്തർ അതിന് തയ്യാറാകുന്നില്ല. മറിച്ച് ഇവയെ ചെറുത്തു നിൽപ് പ്രസ്ഥാനങ്ങളായി കാണാനാണ് ഖത്തറിന് താൽപര്യം.

ഇത് കൂടാതെ തന്നെ ഖത്തറിനെതിരെ വേറേയും തീവ്രവാദ പ്രസ്ഥാനങ്ങളെ ഫണ്ട് നൽകി സഹായിക്കുന്നു എന്ന് ആരോപണമുണ്ട്. ഇറാൻ അനുകൂല നിലപാട് സ്വീകരിക്കുമ്പോൾ തന്നെ ഇറാന്റെ പിന്തുണയുള്ള സിറിയയിലെ ബഷാറുൽ അസദിന്റെ കിരാത ഭരണകൂടത്തിനിതെരെ പോരാടുന്ന പ്രതിപക്ഷ സേനയ്ക്ക് ഖത്തർ വൻ സഹായം ചെയ്യുന്നുണ്ട്. മൂന്ന് ബില്യൺ അമേരിക്കൻ ഡോളറോളം ഖത്തർ വിവിധ സിറിയൻ സംഘങ്ങൾക്ക് നൽകിയിട്ടുണ്ടെന്ന് പറയുന്നു. എന്നാൽ ഇക്കാര്യത്തിൽ സൗദിയും പങ്കാളിയായിട്ടുണ്ട് എന്നതാണ് വാസ്തവം. സിറിയയിലെ അൽ ഖായിദ ബന്ധം ഉള്ള അൽ നുസ്റ മുന്നണിയെ ഖത്തർ സഹായിച്ചിട്ടുണ്ടെന്ന് സൗദി ആരോപിക്കുന്നുണ്ട്. 26 ഖത്തർ പൗരന്മാരെ ഇറാഖിൽ വച്ച് ശിയാ തീവ്രവാദികൾ തട്ടിക്കൊണ്ട് പോയിരുന്നു. ഇവരുടെ മോചനത്തിനായി 700 മില്യൺ ഡോളർ ഖത്തർ നൽകിയതും ഖത്തർ - സൗദി ബന്ധങ്ങൾ ഉലയാൻ കാരണമായിരുന്നു. ബന്ധികളിൽ ചിലർ ഖത്തർ രാജകുടുംബാംഗങ്ങളിൽപ്പെട്ടവരാണെന്ന് പറയപ്പെടുന്നു.

അഫ്ഗാനിസ്ഥാനിലെ താലിബാനുമായുള്ള ഖത്തർ ബന്ധവും സങ്കീർണമാണ്. താലിബാനെ ഖത്തർ വഴിവിട്ട് സഹായിക്കുന്നു എന്നതാണ് ആരോപണം. എന്നാൽ പ്രാദേശിക പ്രശ്ന പരിഹാരത്തിനായി തങ്ങൾ ഇടപെടുക മാത്രമാണ് ചെയ്യുന്നതെന്ന് ഖത്തർ വിശദീകരിക്കുന്നു. ഉദാഹരണമായി ഖത്തർ ചൂണ്ടിക്കാണിക്കുന്നത് 2016ൽ താലിബാനും അഫ്ഗാൻ സർക്കാർ പ്രതിനിധികളേയും ചർച്ചയ്ക്കിരുത്തുവാൻ തങ്ങൾ നടത്തിയ ശ്രമങ്ങളേയാണ്.

ഇസ്ലാമിക്ക് സ്റ്റേറ്റ്(ഐ.എസ്)നോട് മൃദു സമീപനം പുലർത്തുന്നു തുടങ്ങിയ സൗദി വാദങ്ങളെ പ്രതിരോധിക്കാൻ ഖത്തറിന് നന്നായി വിയർക്കേണ്ടി വരുമെന്നതാണ് സത്യം. സൗദി വിദേശകാര്യ മന്ത്രി ആദിൽ ജുബൈറിന്റെ നേതൃത്വത്തിലുള്ള സൗദി പ്രചാരകർ ഖത്തറിനെതിരെയുള്ള തങ്ങളുടെ ഉപരോധത്തിന് ലോകപിന്തുണ തേടുന്നത് ഈ വാദം നിരത്തിയാണ്. മേഖലയെ അസ്ഥിരമാക്കുന്ന തീവ്രവാദ, ഭീകരവാദ പ്രസ്ഥാനങ്ങൾക്ക് സഹായം നൽകുന്നുവെന്ന വാദങ്ങളെ വ്യാജപ്രചരണങ്ങൾ എന്ന് ആരോപിച്ച് നിഷേധിക്കാൻ മാത്രമാണ് നിലവിൽ ഖത്തർ ശ്രമിക്കുന്നത്.

അൽ ജസീറ എന്ന ഇരു തലവാൾ

അറബ് മാധ്യമ ലോകത്തിൽ ഒരു കൊടുങ്കാറ്റായി കടന്നെത്തിയ മാധ്യമ സ്ഥാപനമാണ് അൽ-ജസീറ ചാനൽ. 1996ൽ ഈ ചാനൽ സ്ഥാപിച്ചത് ഖത്തർ ഭരണകൂടമായിരുന്നു. 2011ൽ അഫ്ഗാനിസ്ഥാനെ അമേരിക്ക ആക്രമിച്ചപ്പോൾ താലിബാൻ മേഖലയിൽ നിന്നും ലൈവ് റിപ്പോർട്ടിങ്
നടത്തിയ ഏക മാധ്യമം അൽ ജസീറയായിരുന്നു. സി.എൻ.എന്നിനു വരെ അൽ ജസീറയുടെ ക്ലിപ്പുകൾ ഉപയോഗിക്കേണ്ടി വന്നു. ഒരു കാലത്ത് ബിൻലാദൻ ടേപ്പുകൾ പ്രത്യക്ഷപ്പെട്ടിരുന്നതും അൽ ജസീറയിൽ തന്നെയായിരുന്നു. അറബി ചാനലിനൊപ്പം ഇംഗ്ലീഷ് വിഭാഗവും ആരംഭിച്ചതോടെ അൽ ജസീറയ്ക്ക് ലോകം മുഴുവൻ വൻ പ്രേക്ഷക പങ്കാളിത്തം ലഭിക്കാൻ തുടങ്ങി. ലോകം മുഴുവൻ ഏതാണ്ട് എൺപതോളം ബ്യൂറോകൾ ഇന്ന് ചാനലിനുണ്ട്.

അൽ ജസീറ ചാനലിന് വലിയ പ്രവർത്തന സ്വാതന്ത്ര്യമായിരുന്നു ഖത്തർ ഭരണകൂടം നൽകിയത്. 2011-12 കാലയളവിലെ അറബ് വസന്ത പ്രക്ഷോഭങ്ങളുമായി ബന്ധപ്പെട്ടാണ് അൽ ജസീറ വീണ്ടും വരവറിയിച്ചത്. കെയ്റോയിലെ തഹിരീർ സ്‌ക്വയറിൽ നടന്ന പ്രക്ഷോഭം മാത്രം ലൈവ് കവറേജ് നൽകാൻ ചാനൽ തീരുമാനിച്ചത് അറബ് മാധ്യമ ചരിത്രത്തിലെ ഒരേടാണ്. മുബാറക്ക് ഭരണകൂടത്തിന്റെ തകർച്ചയ്ക്ക് ഏറ്റവും അധികം സംഭാവന ചെയ്തത് ഫേസ്‌ബുക്കും, ട്വിറ്ററും പിന്നെ അൽ ജസീറയുമാണെന്ന് പറഞ്ഞാൽ തെറ്റാകില്ല.

2013ലെ മുർസി ഭരണകൂട അട്ടിമറിയോടെ കാര്യങ്ങൾ കൂടുതൽ വഷളാകാൻ തുടങ്ങി. ജനറൽ സീസിയുടേത് പട്ടാള അട്ടിമറിയാണ് എന്ന നിലപാടാണ് തുടക്കം മുതൽ ചാനൽ സ്വീകരിച്ചത്. അതേ നിലപാട് തന്നെയായിരുന്നു ഖത്തർ ഭരണകൂടത്തിനും ഉണ്ടായിരുന്നത്. ഇതോടെ ചാനലിനെ സീസി ഭരണകൂടം അക്ഷരാർത്ഥത്തിൽ വേട്ടയാടാൻ തുടങ്ങി. 2014 ജൂണിൽ മൂന്ന് അൽ ജസീറ പത്രപ്രവർത്തകർ ഭീകരവാദ കുറ്റം ചുമത്തി അറസ്റ്റ് ചെയ്യപ്പെട്ടു. Free AJ Staff എന്ന ഹാഷ് ടാഗ് രൂപീകരിച്ച് അൽജസീറയ്ക്ക് ഓരോ വാർത്താ ബുള്ളറ്റിനിലും ഇവരുടെ മോചനത്തിനായി നിരന്തരം പോരാടേണ്ടി വന്നു.

ഐ.എസ് അടക്കമുള്ള ഭീകരവാദ പ്രസ്ഥാനങ്ങളുടെ ആശയങ്ങൾ പ്രചരിപ്പിക്കാൻ ശ്രമിക്കുന്നു എന്നാണ് സൗദിയും യു.എ.ഇയും ഈജിപ്തും അൽ ജസീറയ്ക്കെതിരെ ആരോപണം ഉന്നയിക്കുന്നത്. ചാനലിനെ മുൻ നിർത്തി ഖത്തർ നടത്തുന്നത് നിഴൽ യുദ്ധമായാണ് ഈ രാജ്യങ്ങൾ കാണുന്നത്. പക്ഷപാതമില്ലാത്ത റിപ്പോർട്ടിങ് നടത്തുന്നു എന്ന് പറയുമ്പോഴും ഇറാനോടും തുർക്കിയോടും അൽ ജസീറ മൃദു സമീപനം പുലർത്തിയിരുന്നു എന്നതാണ് വാസ്തവം. ലോകത്ത് ഇത്രയേറെ നിരോധിക്കപ്പെട്ട മറ്റേതെങ്കിലുമൊരു മാധ്യമ സ്ഥാപനം ഉണ്ടാകുമോ എന്നത് സംശയമാണ്. യമനിലെ ആഭ്യന്തര യുദ്ധത്തെ തുടർന്ന് സൗദി നേതൃത്വത്തിലുള്ള ഗൾഫ് സേന നടത്തിയ ആക്രമണത്തിലും ഈജിപ്തിലെ കോപ്റ്റിക് ക്രിസ്ത്യൻ വംശജർ കൂട്ടക്കൊല ചെയ്യപ്പെട്ടതിനെ തുടർന്ന് ഈജിപ്ത്യൻ വ്യോമ സേന ലിബിയയിലെ ഐ.എസ് കേന്ദ്രങ്ങളിലും
നടത്തിയ വ്യോമാക്രമണങ്ങളിൽ കൊല്ലപ്പെട്ടതിലധികം പേരും സിവിലിയന്മാരാണെന്ന അൽജസീറ റിപ്പോർട്ടുകളാണ് സൗദി, ഈജിപ്ത് തുടങ്ങിയ രാജ്യങ്ങളെ ചാനലിനെതിരെ തിരിച്ചു വിട്ടത്. അൽ ജസീറ പൂട്ടിച്ചേ അടങ്ങൂ എന്ന ഉഗ്രശപഥം എടുത്തയാളാണ് ജനറൽ സീസി എന്നു പറഞ്ഞാലും തെറ്റില്ല. ചാനലിനെതിരായുള്ള സൗദി നിലപാടുകൾ രൂപപ്പെടുത്തുന്നതിൽ സീസി നിർണായക പങ്ക് വഹിച്ചിട്ടുണ്ട്.

ഖത്തറിനെതിരെയുള്ള ട്രോജൻ ആക്രമണം

വളരെ നീണ്ട ആസൂത്രണങ്ങൾക്ക് ശേഷമുള്ള പഴുതടച്ച ഉപരോധമാണ് ജൂൺ അഞ്ച് മുതൽ ഖത്തറിനെതിരെ സൗദിയും യു.എ.ഇയും ബഹ്റൈനും തുടങ്ങിയിരിക്കുന്നത്. മൂന്ന് വശവും പേർഷ്യൻ ഗൾഫ് കടലിനാൽ ചുറ്റപ്പെട്ട ഖത്തറിന് ആകെയുള്ള കരാതിർത്തി സൗദിയുടേതാണ്.
ഖത്തറിലേക്കുള്ള എല്ലാ പാതകളും സൗദി അടച്ചതോടെ ഖത്തർ തികച്ചും ദ്വീപ് പോലെയായിരിക്കുകയാണ്. ഇതോടെ കരമാർഗമുള്ള ചരക്കു നീക്കം പൂർണമായി നിലച്ചു. ഖത്തറിനു വേണ്ട ഭക്ഷ്യ വസ്തുക്കളിൽ 40 ശതമാനവും ഇറക്കുമതി ചെയ്യുന്നത് സൗദിയിൽ നിന്നാകുമ്പോൾ ആഘാതം കൂടും. ഖത്തറിലേക്കും തിരിച്ചുമുള്ള വിമാന സർവ്വീസുകളെല്ലാം നിർത്തി വെയ്ക്കപ്പെട്ടു. ഖത്തറിലേക്ക് ഏറ്റവും കൂടുതൽ സർവ്വീസ് നടത്തിയിരുന്നത് എമിറേറ്റ്സ് സൗദി വിമാന കമ്പനികളായിരുന്നു.

48 മണിക്കൂറിനകം രാജ്യം വിടാനാണ് ഖത്തർ നയതന്ത്ര പ്രതിനിധികൾക്കും ഖത്തർ എയർ വേഴ്സ് പോലുള്ള സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥർക്കും സൗദിയും യു.എ.ഇയും നൽകിയ അന്ത്യശാസനം. ഖത്തർ റിയാലുമായുള്ള വിനിമയം നിർത്തിയതോടെ ഓഹരി വിപണിയിൽ കനത്ത ഇടിവാണുണ്ടായത്. സൗദി, യു.എ.ഇ,ബഹ്റൈൻ, ഈജിപ്ത് തുടങ്ങിയ രാജ്യങ്ങൾക്കൊപ്പം യമനിലെ ഹാദി സർക്കാർ, മൗറീഷ്യസ്, മാല ദ്വീപുകൾ, ലിബിയയിലെ കിഴക്കൻ സർക്കാർ, മോറിത്താനിയ തുടങ്ങിയ സൗദി സഖ്യ രാജ്യങ്ങളും ഖത്തറുമായുള്ള നയതന്ത്ര ബന്ധങ്ങൾ വിഛേദിച്ചിരിക്കുകയാണ്. ഏതാണ്ടെല്ലാ രാജ്യങ്ങളിലെയും അൽ ജസീറാ ഓഫീസുകൾ സീൽ ചെയ്തു കഴിഞ്ഞു. ചാനൽ സംപ്രേഷണം രാജ്യത്ത് നേരത്തേ തന്നെ നിരോധിക്കപ്പെട്ടിരിക്കും. ബുധനാഴ്ച യു.എ.ഇ ഭരണകൂടം ഖത്തറിന് അനുകൂലമായ സോഷ്യൽ മീഡിയ പ്രചരണങ്ങൾ നിരോധിച്ചുകൊണ്ട് ഉത്തരവിറക്കി. ലംഘിക്കുന്നവർക്ക് പതിനഞ്ച് വർഷം തടവാണ് ഭീഷണി.

പരിഹാരം അകലെ

ഈ ഗൾഫ് നയതന്ത്ര പ്രതിസന്ധി പരിഹരിക്കുവാൻ ജി.സി.സി കൂട്ടായ്മയിലെ തന്നെ കുവൈറ്റ് രംഗത്തെത്തിയിട്ടുണ്ട്. കുവൈറ്റ് അമീർ ശൈഖ് സബാഹ് നേരിട്ട് ചർച്ചകൾക്ക് നേതൃത്വം നൽകുകയാണ്. എന്നാൽ ഖത്തർ വ്യക്തമായ നയതന്ത്ര രൂപരേഖ നൽകിയാൽ മാത്രമേ പ്രശ്നം പരിഹരിക്കുകയുള്ളൂ എന്ന് യു.എ.ഇ വ്യക്തമാക്കി ക്കഴിഞ്ഞു. സൗദി സഖ്യത്തിന്റെ പ്രധാന ആവശ്യങ്ങൾ ഇവ കേന്ദ്രീകരിച്ചായിരിക്കും:

1) ഇറാനുമായുള്ള സർവ്വ ബന്ധങ്ങളും ഖത്തർ അവസാനിപ്പിക്കുക
2)ബ്രദർഹുഡ്, ഹമാസ് തുടങ്ങിയവയുടെ ഖത്തറിലുള്ള നേതാക്കളെ പുറത്താക്കുക.
3) സിറിയയിലേയും മറ്റും ഇസ്ലാമിക ഗ്രൂപ്പുകൾക്ക് നൽകുന്ന പിന്തുണയും
ഫണ്ടിംഗും അവസാനിപ്പിക്കുക.
4)അൽ ജസീറ ചാനൽ അടച്ചു പൂട്ടുക.

ഈ അവശ്യങ്ങളിൽ ചിലതെങ്കിലും അംഗീകരിക്കാതെ ഖത്തറിന്റെ മുന്നിൽ വേറെ വഴികളൊന്നുമില്ല. പരാജയം ഉറപ്പായൊരു യുദ്ധത്തിനെയാണ് ഖത്തർ നിലവിൽ അഭിമുഖീകരിക്കുന്നത്. നിലവിലെ ചർച്ചകൾ പൂർത്തിയാകുമ്പോൾ ഒരു ഉടമ്പടിയിലൂടെ ഖത്തറിന്റെ ചിറകുകൾ അരിയാനാകും സൗദിയും യു.എ.ഇയും ശ്രമിക്കുക. എന്നാൽ പ്രശ്നം താൽക്കാലികമായി അവസാനിച്ചാലും ഖത്തർ വീണ്ടും സൗദി-യു.എ.ഇ മേധാവിത്വത്തിനെതിരെ നീങ്ങുമെന്ന് വ്യക്തമാണ്. അവരുടെ വ്യവസായ, പരമാധികാര താൽപര്യങ്ങൾക്ക് അതാവശ്യമാണ് എന്നതാണ് വസ്തുത. പല പ്രമുഖ ഹമാസ് നേതാക്കളും ഖത്തർ വിട്ടു പോയി എന്നതാണ് വാർത്തകൾ. കൂടുതൽ ആളുകളെ പുറത്താക്കി, അൽ ജസീറയുടെ പ്രവർത്തനങ്ങൾക്ക് മൂക്കുകയറിട്ട് നിലവിലെ പ്രതിസന്ധി തീർക്കാനാണ് സാധ്യത. എന്നാൽ ഈ നയതന്ത്ര പ്രതിസന്ധി ഇനിയും ആവർത്തിക്കുമെന്ന് വ്യക്തമാണ്.

അതിന് തെളിവാണ് ഖത്തറിനെ കൈകാര്യം ചെയ്യണമെന്ന അമേരിക്കയിലെ യു.എ.ഇ സ്ഥാനപതിയുടെ ഈമെയിലുകൾ ചോർന്ന സംഭവം സൂചിപ്പിക്കുന്നത്. യഹൂദ തിങ്ക്ടാങ്ക് ഗ്രൂപ്പായ ' ഫൗണ്ടേഷൻ ഫോർ ഡിഫൻസ് ഓഫ് ഡെമോക്രസിസി''ന് യൂസുഫ് അൽ ഉബൈദ അയച്ച ഈമെയിൽ വിവരങ്ങൾ പുറത്തു വിട്ടത് അൽ ജസീറയാണ്. അമേരിക്കൻ പ്രസിഡന്റ് ഡ്രംപിന്റെ മരുമകൻ ജറാദ് കൂഷ്നറുമായും യഹൂദ ലോബിയുമായും അടുത്ത ബന്ധം പുലർത്തുന്ന യു.എ.ഇസ്ഥാനപതിയുടെ ഈമെയിലുകൾ സൂചിപ്പിക്കുന്നത് ഖത്തറിനെ തകർക്കാൻ യു.എ.ഇ ഇസ്രയേലുമായി ഗൂഢാലോചന നടത്തി എന്നതാണെന്ന് വാദിക്കുകയാണ് ഖത്തറും അതിന്റെ മാധ്യമങ്ങളും. ഫലത്തിൽ ഈ നിഴൽ യുദ്ധം ഗൾഫ് മേഖലയിലെ സംഘർഷങ്ങൾ നീട്ടിക്കൊണ്ടു പോകുമെന്നത് ഉറപ്പായ കാര്യമാണ്. ആയിരം ബില്യൺ ഡോളർ സൗദി, യു.എസ് ആയുധ കരാറും സൂചിപ്പിക്കുന്നത് മറ്റൊന്നല്ല.

  • (തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജ് അറബിക്ക് വിഭാഗം അസിസ്റ്റന്റ് പ്രൊഫസറാണ് ലേഖകൻ).

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP