Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മാരണം ഫലിക്കുമെന്ന വിശ്വാസവുമായി ബന്ധപ്പെട്ട് മുജാഹിദ് നേതൃത്വത്തിന്റെ സർക്കുലർ; ഐക്യപ്പെട്ട മുജാഹിദ് സംഘടനയ്ക്കുള്ളിൽ ഏകദൈവ, ബഹുദൈവ ആരാധനകളെ ചൊല്ലി വീണ്ടും കലാപക്കൊടി; ഐക്യം ശിർക്കിലേക്കെന്നും അന്ധവിശ്വാസം മാർക്കറ്റു ചെയ്യുന്നുവെന്നും വിമർശിച്ച് പ്രവർത്തകരും; ഔദ്യോഗിക വിഭാഗവും മടവൂർ വിഭാഗവും വീണ്ടും പോരിലേക്ക്

മാരണം ഫലിക്കുമെന്ന വിശ്വാസവുമായി ബന്ധപ്പെട്ട് മുജാഹിദ് നേതൃത്വത്തിന്റെ സർക്കുലർ; ഐക്യപ്പെട്ട മുജാഹിദ് സംഘടനയ്ക്കുള്ളിൽ ഏകദൈവ, ബഹുദൈവ ആരാധനകളെ ചൊല്ലി വീണ്ടും കലാപക്കൊടി; ഐക്യം ശിർക്കിലേക്കെന്നും അന്ധവിശ്വാസം മാർക്കറ്റു ചെയ്യുന്നുവെന്നും വിമർശിച്ച് പ്രവർത്തകരും; ഔദ്യോഗിക വിഭാഗവും മടവൂർ വിഭാഗവും വീണ്ടും പോരിലേക്ക്

എം പി റാഫി

കോഴിക്കോട്: 'സിഹ്റ്' (മാരണം) ഫലിക്കുമെന്ന് വിശ്വസിക്കൽ ശിർക്ക് (ബഹുദൈവാരാധന) ആണോ ശിർക്കല്ലയോ എന്നുള്ള വിഷയത്തിൽ മുജാഹിദ് നേതൃത്വം സർക്കുലർ പുറപ്പെടുവിച്ചതോടെ ഐക്യപ്പെട്ട മുജാഹിദ് സംഘടനക്കുള്ളിൽ വീണ്ടും കലാപക്കൊടി ഉയർന്നിരിക്കുകയാണ്. നേരത്തേ ഔദ്യോഗിക (കെ.എൻ.എം) വിഭാഗം, മടവൂർ (കെ.എൻ.എം, മർക്കസുദ്ദഅവ) വിഭാഗം എന്നീ രണ്ട് വിഭാഗങ്ങളായി പ്രവർത്തിച്ചു വന്ന ഇരുവിഭാഗങ്ങൾ 2016 ഡിസംബർ 20നാണ് കോഴിക്കോട് നടന്ന മഹാ സമ്മേളനത്തോടെ ഐക്യപ്പെട്ടത്. എന്നാൽ ഇസ്ലാമിന്റെ അടിസ്ഥാന ആശയങ്ങളായ തൗഹീദ് (ഏകദൈവവിശ്വാസം), ശിർക്ക് വിഷയങ്ങളിൽ രണ്ട് വിഭാഗളിൽ നേരത്തെയുണ്ടായിരുന്ന തർക്കങ്ങൾ തുടർന്ന് കൊണ്ടേയിരുന്നു.

'സിഹ്റിനെ' ചൊല്ലിയുള്ളതായിരുന്നു തർക്കങ്ങളെല്ലാം. ഈ തർക്കങ്ങൾ മൂർഛിച്ചതോടെ വിഷയത്തിൽ തീർപ്പ് കൽപ്പിച്ച് നേതൃത്വം സർക്കുലർ ഇറക്കുകയായിരുന്നു. എന്നാൽ ഇതിൽ പറയുന്ന കാര്യങ്ങൾ നേരത്തെ ഇരു വിഭാഗങ്ങൾ പുലർത്തി വന്ന രണ്ട് ആശയങ്ങൾ തന്നെയാണ്. മാത്രമല്ല, ഐക്യപ്പെട്ട ഇരു വിഭാഗങ്ങളുടെ മേൽ പഴയ കെ.എൻ.എം ഔദ്യോഗിക വിഭാഗത്തിന്റെ ആശയം അടിച്ചേൽപ്പിക്കാൻ ശ്രമിക്കുകയാണെന്നുമാണ് പഴയ മടവൂർ വിഭാഗം ഉയർത്തുന്ന ആരോപണം. ആരോപണത്തിൽ കഴമ്പുള്ളതായി സർക്കുലറിലെ വരികളും വ്യക്തമാക്കുന്നു.

പിശാച്, ജിന്ന് എന്നിവരുടെ സഹായത്തോടെ മറ്റുള്ളവർക്ക് ഉപദ്രവം ചെയ്യുന്ന മാരണ പ്രവൃത്തിയാണ് സിഹ്‌റ്. ഇങ്ങനെ ഉപദ്രവമേൽപ്പിക്കൽ വലിയ പാപമായാണ് മുസ്ലിംങ്ങൾ ഒന്നടങ്കം വിശ്വസിക്കുന്നത്. സിഹിറ് വലിയ പാപമാണെന്ന് വിശ്വസിക്കുന്നതോടൊപ്പം സിഹ്റ്് എന്നുള്ള ഒരു സംഭവം ഉണ്ടെന്നും ഈ പ്രവൃത്തി ഏൽക്കുമെന്നുമാണ് മുജാഹിദിലെ നേരത്തെ ഔദ്യോഗിക വിഭാഗമായിരുന്നവരുടെ വിശ്വാസം. അതായത് കാര്യകാരണ ബന്ധങ്ങൾക്ക് അതീതമായ ഒരു കാര്യം ചെയ്യാൻ അള്ളാഹുവിന് മാത്രമെ സാധിക്കൂവെന്നാണ് ഔദ്യോഗിക വിഭാഗത്തിന്റെ വിശ്വാസം.

എന്നാൽ സിഹ്റിന്റെ കാരണം അറിയാൻ സാധിക്കാത്തതുകൊണ്ടും ഇത് മനുഷ്യർ ചെയ്യുന്നു എന്നത് വ്യക്തമാകുന്നതുകൊണ്ടും ഇത് കാര്യകാരണ ബന്ധത്തിന് അപ്പുറമല്ലെന്നും അതിനാൽ ശിർക്ക് അല്ലെന്നുമാണ് കെ.എൻ.എം ഔദ്യോഗിക വിഭാഗം വിശ്വസിച്ചുവരുന്നത്. മടവൂർ വിഭാഗം നേരെ തിരിച്ചുമാണ് വിശ്വസിച്ചിരുന്നത്.

അതായത് കാര്യകാരണ ബന്ധങ്ങൾക്ക് അതീതമായ ഒരു കാര്യം ചെയ്യാൻ അള്ളാഹുവിന് മാത്രമെ സാധിക്കൂവെന്ന് വിശ്വസിക്കുന്നതോടൊപ്പം സിഹിറിന്റെ കാരണം ശാസ്ത്രീയമായി അറിയാൻ പറ്റില്ലെന്നും ഇതിനാൽ കാര്യകാരണ ബന്ധത്തിനപ്പുറത്താണ് ഇതെന്നും, അതു കൊണ്ട് സിഹ്‌റ് ഫലിക്കുമെന്ന് വിശ്വസിക്കൽ ശിർക്കാകുമെന്നുമാണ് മടവൂർ വിഭാഗത്തിന്റെ വിശ്വാസം.

നേരത്തെ ഈ രണ്ട് വ്യത്യസ്ത ആശയങ്ങൾ പിന്തുടർന്ന ഇരു വിഭാഗവും ഐക്യപ്പെട്ടതോടെ 'സിഹ്റ്' വിഷയത്തിൽ എന്ത് നിലപാടെടുക്കുമെന്ന് മുസ്ലിംങ്ങൾക്കുള്ളിലെ മറ്റു വിഭാഗങ്ങളും നോക്കികണ്ടിരുന്നു. സംഘടനക്കുള്ളിലെ ഏറെ പൊട്ടിത്തെറിക്കും വാദപ്രദിവാദങ്ങൾക്കും ചർച്ചകൾക്കും ഒടുവിലാണ് കഴിഞ്ഞദിവസം സിഹിറ് വിഷയത്തിൽ പുതിയ സർക്കുലർ ഇറക്കിയിരിക്കുന്നത്.

സർക്കുലറിൽ വിഷയം സംബന്ധിച്ച് പറയുന്നതിങ്ങനെ: ' മാരണം, കൂടോത്രം, ആഭിചാരം എന്നീ അർത്ഥത്തിലുള്ള സിഹ്റ് മഹാപാപമാണ്. അത് ചെയ്യുന്നതും ചെയ്യിപ്പിക്കുന്നതും ഹറാമാണ്. ഈ അർത്ഥത്തിലുള്ള സിഹ്റ് ഒരു വസ്തുതയാണ്. ഇതിന് പ്രതിഫലനം ഉണ്ടാകാമെന്നതാണ് 'അഹ്ലുസ്സുന്ന'യുടെ ഭൂരിപക്ഷാഭിപ്രായം.

കാര്യകാരണ ബന്ധങ്ങൾക്കതീതമായ വിധത്തിൽ സിഹ്റിന് പ്രതിഫലനമുണ്ടാകാമെന്ന വിശ്വാസം ശിർക്കാകുന്നു. എന്നാൽ കാര്യകാരണ ബന്ധം അവ്യക്തമായ വിധത്തിലുള്ള പ്രതിഫലനമുണ്ടാകാമെന്നത് ശിർക്കല്ല. എന്നാൽ ഇതൊരു പ്രബോധന വിഷയമാക്കാൻ പാടില്ല. സിഹ്റിന്റെ വിഷയത്തിൽ വ്യത്യസ്തമായ അഭിപ്രായമുണ്ടെങ്കിലും പ്രബോധന പ്രവർത്തനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാകുന്ന വിധത്തിലോ സാധാരണക്കാർക്കിടയിൽ ആശയക്കുഴപ്പമുണ്ടാകുന്ന തരത്തിലോ ഇത്തരം അഭിപ്രായങ്ങൾ എഴുതിയോ പ്രസംഗിച്ചോ പ്രചരിപ്പിക്കുവാൻ പാടില്ല.'

മുജാഹിദ് വിഭാഗത്തിന്റെ പണ്ഡിത സഭയായ കേരള ജംഇയ്യത്തുൽ ഉലമ (കെ.ജെ.യു)യുടെ സെക്രട്ടറി എം മുഹമ്മദ് മദനി, കേരള നദ് വത്തുൽ മുജാഹിദീൻ(കെ.എൻ.എം) ജനറൽ സെക്രട്ടറി പിപി ഉണ്ണീൻ കുട്ടി മൗലവി എന്നിവരാണ് സംയുക്തമായി സർക്കുലർ പുറപ്പെടുവിച്ചത്. സർക്കുലറിൽ പഴയ കെ.എൻ.എം ഔദ്യോഗിക വിഭാഗത്തിന്റെ ആശയമായ സിഹ്റ് ഫലിക്കുമെന്ന് വിശ്വസിക്കൽ ശിർക്ക് അല്ല എന്നത് തന്നെയാണ് പറയുന്നത്. എന്നാൽ സർക്കുലറിലുള്ളതിനപ്പുറം പ്രചരിപ്പിച്ചാൽ കടുത്ത നടപടിയുണ്ടാകുമെന്നും സർക്കുലറിൽ പറയുന്നു.

 

മെയ് 23ന് ചേർന്ന കേരള ജംഇയ്യത്തുൽ ഉലമ നിർവാഹക സമിതി യോഗ തീരുമാന പ്രകാരവും മെയ് 30ന് ചേർന്ന കെ.എൻ.എം സെക്രട്ടേറിയേറ്റ് യോഗ തീരുമാന പ്രകാരവുമാണ് പുതിയ സർക്കുലർ രൂപപ്പെടുത്തിയത്. കെ.എൻ.എം ശാഖ, മണ്ഡലം, ജില്ലാ ഘടകങ്ങൾക്ക് പുറമെ പോഷക സംഘടനകളായ ഐ.എസ്.എം, എം.എസ്.എം, എം.ജി.എം, ഗൾഫ് ഇസ്ലാഹി സെന്റർ എന്നീ ഘടകങ്ങൾക്കാണ് സർക്കുലർ അയച്ചിട്ടുള്ളത്. ഇരു വിഭാഗത്തിൽ നിന്നുമുള്ള അഞ്ച് വീതം ആളുകൾ അവതരിപ്പിച്ച പ്രബന്ധത്തിന്മേൽ നടത്തിയ ചർച്ചയെ തുടർന്നാണ് സർക്കുലർ രൂപപ്പെടുത്തിയതെന്ന് ഇതിൽ വ്യക്തമാക്കുന്നുണ്ട്.

പ്രസംഗങ്ങളിലോ, എഴുത്തുകളിലോ, സോഷ്യൽ മീഡിയകളിലോ ഇതിന് വിരുദ്ധമായി പ്രചരിപ്പിക്കുവാൻ പാടില്ലെന്നും വിരുദ്ധമായി പ്രവർത്തിക്കുന്ന ഘടകങ്ങൾക്കും പ്രവർത്തകർക്കും പ്രബോധകർക്കുമെതിരെ നടപടി സ്വീകരിക്കുമെന്നും സർക്കുലറിൽ പറയുന്നു. എന്നാൽ സർക്കുലർ കീഴ്ഘടകങ്ങളിൽ എത്തിയതോടെ ചർച്ചയും പരസ്പര വാഗ്വോദങ്ങൾക്കും ചൂടു പിടിച്ചിട്ടുണ്ട്. സോഷ്യൽ മീഡിയയിലും ഇതിനോടകം ഔദ്യോഗിക വിഭാഗത്തിനെതിരേയും സർക്കുലറിനെതിരെയുമുള്ള പ്രചരണം ശക്തമാക്കിയിട്ടുണ്ട്. 'ഐക്യം ശിർക്കിലേക്ക്', 'അന്ധവിശ്വാസങ്ങൾക്ക് മാർക്കറ്റുണ്ടാക്കുകയാണ് സർക്കുലർ അയച്ചതിലൂടെ'..തുടങ്ങിയ ആക്ഷേപങ്ങളാണ് സോഷ്യൽ മീഡിയയിലൂടെ പ്രചരിക്കുന്നത്.

അതിരൂക്ഷമായ ആശയ വ്യതിയാനം ഇരു വിഭാഗങ്ങൾ തമ്മിൽ ഉടലെടുത്തെങ്കിലും മടവൂർ വിഭാഗത്തിലെ പ്രമുഖ നേതാക്കൾ ഔദ്യോഗിക വിഭാഗത്തോടൊപ്പം ചേർന്നതാണ് അണികളെ കൂടുതൽ ചൊടിപ്പിച്ചിരിക്കുന്നത്. 14 വർഷം അണികളെ വഞ്ചിക്കുകയായിരുന്നുവെന്നാണ് ഈ നേതാക്കൾക്കെതിരെ രൂക്ഷമായ വിമർശനം ഉയർത്തുന്നത്. ഡോ.ഹുസൈൻ മടവൂരിന്റെ പേരിലാണ് മടവൂർ വിഭാഗം അറിയപ്പെടുന്നത്. എന്നാൽ ഹുസൈൻ മടവൂർ, എ.അസ്ഗറലി തുടങ്ങിയ നേതാക്കൾ തന്നെ തൗഹിദിൽ വെള്ളം ചേർത്തിരിക്കുകയാണെന്നാണ് അണികൾ തന്നെ ഉയർത്തുന്ന ആക്ഷേപം.

മുമ്പ് മടവൂർ വിഭാഗത്തോടൊപ്പം മുൻനിരയിലുണ്ടായിരുന്ന നേതാക്കൾ സിഹ്റ് ശിർക്കല്ല എന്ന ഔദ്യോഗിക വിഭാഗത്തിന്റെ നിലപാടിനോട് പിന്തുണച്ചു കഴിഞ്ഞു. എന്നാൽ മടവൂർ വിഭാഗത്തിൽ തന്നെയുള്ള അബ്ദുൽ ലത്തീഫ് കരിമ്പുലാക്കൽ, അലി മദനി മൊറയൂർ തുടങ്ങിയ നേതാക്കൾക്ക് പുതിയ സർക്കുലർ കടുത്ത അതൃപ്തി ഉള്ളതായും അറിയുന്നു. ഒരു മുസ്ലിം മാറ്റമില്ലാതെ അചഞ്ചലമായി തുടരേണ്ട കാര്യമായിരിക്കണം തൗഹീദ്, ശിർക്ക് വിഷയങ്ങളിലുള്ള നിലപാടുകൾ. എന്നാൽ ഈ നിലപാടുകൾ മാറ്റിക്കൊണ്ടിരിക്കുന്നതിനെതിരെയാണ് അണികളുടെ എതിർപ്പ് പ്രകടമാകുന്നത്.

1921ന് ശേഷം മുജാഹിദ് പ്രസ്ഥാനം കേരളത്തിൽ പ്രവർത്തനം തുടങ്ങിയത് മുതൽ ഈജിപ്ത്യൻ, സൗദി സലഫിസങ്ങളുടെ സമ്മിശ്ര രൂപമായിരുന്ന പിന്തുടർന്നിരുന്നത്. പിന്നീട് സൗദി സലഫിസത്തെ കേരള സലഫികൾ പിന്തുടരാൻ തുടങ്ങിയതോടെ ഇരു വിഭാഗങ്ങളായി ഇവിടെയും വേറിട്ടു നിൽക്കുകയായിരുന്നു. ഈജിപ്ത്യൻ സലഫിസം യുക്തിയിലും മോഡേണിസത്തിലും ഊന്നിയതായിരുന്നു.

 

അതുകൊണ്ട്തന്നെ സിഹ്റ് എന്ന ഒന്ന് ഇല്ലെന്നും അത് ഫലിക്കുകയില്ലെന്നും വിശ്വസിച്ചവരായിരുന്നു ആദ്യകാല കേരള സലഫികൾ. പിന്നീടാണ് സിഹ്റ്, ജിന്ന് തുടങ്ങിയ വിഷയങ്ങളിൽ വ്യത്യസ്ത നിലപാടുകൾ മുജാഹിദുകൾക്കിടയിൽ രൂപപ്പെടുകയും ഇതിനനുസരിച്ച് തൗഹീദിനെയും ശിർക്കിനെയും മാറ്റി കൊണ്ടിരിക്കുകയും ചെയ്തത്. ഒന്നായി പ്രവർത്തിച്ചിരുന്ന മുജാഹിദ് സംഘടനക്കുള്ളിൽ 2002ൽ ഉണ്ടായ പിളർപ്പിന് ശേഷം കേരളത്തിലെ പുതിയ രാഷ്ട്രീയ സാമൂഹിക സാഹചര്യങ്ങൾ കണക്കിലെടുത്ത് മുജാഹിദ് സംഘടനകൾ ഐക്യപ്പെടുകയായിരുന്നു.

ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗിന്റെ നേതാക്കളിൽ ചിലരും ഇതിനായി മുൻകൈ എടുത്തിരുന്നു. ഇരു വിഭാഗങ്ങൾ തമ്മിലുള്ള ഐക്യപ്പെടൽ ഏറെ അനിവാര്യതയോടെയാണ് ഏവരും നോക്കി കണ്ടത്. ഇസ്ലാമിന്റെ അടിസ്ഥാന ആശയാദർശങ്ങളിൽ വ്യത്യസ്ത നിലപാടുകൾ പുലർത്തിപ്പോരുന്ന രണ്ട് സംഘടനകൾ തമ്മിലുള്ള യോജിപ്പ് മുസ്ലിം സമുദായത്തിനകത്തു നിന്നു തന്നെ ഏറെ വിമർശനത്തിനും ഇടയാക്കിയിരുന്നു. എങ്കിലും ഐക്യപ്പെടൽ പൊതുവെ സ്വാഗതം ചെയ്യപ്പെട്ടു.

ഐക്യപ്പെടലിനു പിന്നാലെ ഔദ്യോഗിക വിഭാഗത്തിന്റെ 2013 ഫെബ്രുവരി 3 ലക്കം വിചിന്തനം മാസികയിൽ സിഹ്റ് ഫലിക്കുമെന്ന് വിശ്വസിക്കൽ ശിർക്കല്ല എന്ന തരത്തിൽ ഇരു വിഭാഗത്തിൽ നിന്നുള്ള ഓരോ നേതാക്കളും സംയുക്തമായി എഴുതിയ ലേഖനം പ്രസിദ്ധീകരിച്ചിരുന്നു. മടവൂർ വിഭാഗത്തിൽ നിന്ന് ഓർഗനൈസിങ് സെക്രട്ടറി എ അസ്ഗറലി, ഔദ്യോഗിക വിഭാഗത്തിൽ നിന്ന് അബ്ദുറഹിമാൻ സലഫി എന്നിവരുടേയാതിരുന്നു ഒരു വിശദീകരണം എന്ന തലക്കെട്ടിൽ ലേഖനം വന്നത്. ഇതോടെ ഐക്യപ്പെട്ട മുജാഹിദ് സംഘടനയെ തുടക്കത്തിലേ ആട്ടി ഉലച്ചു.

പിന്നീട് ഇതിന് മറുപടിയെന്നോണം മടവൂർ വിഭാഗത്തിന്റെ ശബാബ് മാസികയിൽ മറു ലേഖനവും പ്രസിദ്ധീകരിച്ചു. 1982ൽ മുജാഹിദ് സംഘടനയുടെ ഔദ്യോഗിക പ്രസിദ്ധീകരണമായിരുന്ന അൽമനാറിൽ പ്രസിദ്ധീകരിച്ച മൂസ വാണിമേലിന്റെ ലേഖനമാണ് പുനഃപ്രസിദ്ധീകരിച്ചു കൊണ്ട് മടവൂർ വിഭാഗം പ്രതികാരം ചെയ്തത്. എന്നാൽ ഹുസൈൻ മടവൂർ, അസ്ഗറലി തുടങ്ങിയ നേതാക്കൾ അപ്പോഴും മൗനം തുടർന്നു. ഇത് അണികളിൽ നിന്നുള്ള കടുത്ത ആക്ഷേപത്തിന് ഇടയാക്കി. ഇപ്പോൾ സിഹ്റ് വിഷയത്തിൽ അന്തിമ തീർപ്പു കൽപ്പിച്ചതോടെ സ്ഥാനമാനങ്ങൾക്ക് മുന്നിൽ തൗഹീദ് പണയപ്പെടുത്തിയെന്ന ആക്ഷേപമാണ് മടവൂർ വിഭാഗം നേതാക്കൾക്കെതിരെ അണികൾ ഉയർത്തുന്നത്.

വരും ദിവസങ്ങളിൽ മടവൂർ വിഭാഗത്തിൽ നിന്നുള്ള മുതിർന്ന നേതാക്കളടക്കം ഈ വിഷയത്തിൽ എതിർപ്പ് പ്രകടിപ്പിക്കാൻ സാധ്യതയുണ്ട്. സർക്കുലറിന്മേൽ പരസ്യമായ വാഗ്വാദങ്ങളിലേക്ക് എത്തുന്ന മുറക്ക് നടപടിയെടുക്കുമെന്നാണ് ഔദ്യോഗിക വിഭാഗവും നൽകുന്ന മറുപടി. നടപടിയിലേക്ക് കടക്കുന്ന മുറക്ക് കൂടുതൽ പൊട്ടിത്തെറിക്കും അത് മറ്റൊരു പിളർപ്പിലേക്കും എത്താനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല. അതേസമയം, ഐക്യപ്പെടാത്ത വിസ്ഡം ഗ്ലോബൽ ഇസ്ലാം അടക്കമുള്ള മുജാഹിദ് സംഘടനകൾ അവസരം മുതലെടുക്കാനുള്ള ശ്രമങ്ങളും നടത്തുന്നുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP