Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

താൻ കാറ് മേടിച്ചതു ആദിവാസി സമൂഹം മാതൃകയാക്കണം; താൻ സംഘിയല്ല, രാഷ്ട്രീയ ജനാധിപത്യസഭയുടെ നേതാവാണ്; സംഘിയായി താറടിക്കാനുള്ള നീക്കം അപലപനീയം; എൻഡിഎക്കൊപ്പം അടിയുറച്ചു നിൽക്കും; മുന്നണി സംവിധാനത്തിനൊപ്പം ചേരാത്തതാണ് ആദിവാസികൾക്ക് അപചയത്തിന് കാരണം: സി കെ ജാനു മനസു തുറക്കുന്നു

താൻ കാറ് മേടിച്ചതു ആദിവാസി സമൂഹം മാതൃകയാക്കണം; താൻ സംഘിയല്ല, രാഷ്ട്രീയ ജനാധിപത്യസഭയുടെ നേതാവാണ്; സംഘിയായി താറടിക്കാനുള്ള നീക്കം അപലപനീയം; എൻഡിഎക്കൊപ്പം അടിയുറച്ചു നിൽക്കും; മുന്നണി സംവിധാനത്തിനൊപ്പം ചേരാത്തതാണ് ആദിവാസികൾക്ക് അപചയത്തിന് കാരണം: സി കെ ജാനു മനസു തുറക്കുന്നു

അഡ്വ. ശ്രീജിത്ത് പെരുമന

മാനന്തവാടി: കേരളത്തിൽ മുന്നണി സംവിധാനത്തിന്റെ ഭാഗമായി കയറിക്കൂടിയാൽ ഏതൊരു ഈർക്കിലി പാർട്ടിക്കും അധികാരത്തിന്റെ വഴിയേ സഞ്ചരിക്കാം. അത്തരം രാഷ്ട്രീയ പാർട്ടികൾ കേരളത്തിൽ ഇപ്പോഴുമുണ്ട്. എന്നാൽ, ഇത്തരം പാർട്ടികൾക്ക് എത്ര അനുയായികൾ ഉണ്ടെന്ന് ചോഗദിച്ചാൽ അവരുടെ വാചകമടി പൊളിയും. അണികൾ ഇല്ലാത്ത പാർട്ടിയാണെങ്കിലും ഇപ്പോഴും അധികാരത്തിന്റെ സുഖം നുകർന്ന് അവർ ജീവിക്കുന്നു. എന്നാൽ, അധികാരമൊന്നും ഇല്ലെങ്കിലും അനുയായികൾ കൊണ്ട് സമ്പന്നമാണ് ആദിവാസി നേതാവ് സി കെ ജാനു.കേരളത്തിലെ ആദിവാസി ഭൂസമരത്തിൽ നിർണായകമായ മുത്തങ്ങ സമരത്തിന്റെ അമരക്കാരി.

മുത്തങ്ങ സമരം നടന്ന വേളയിൽ നാട്ടുകാർ പിടിച്ചു പൊലീസിൽ ഏൽപ്പിച്ച ജാനുവിന്റെ ചിത്രം ഒരിക്കലും മലയാളികൾ മറന്നിട്ടുണ്ടാകില്ല. അടികൊണ്ടു വീങ്ങിയ മുഖവുമായി നീങ്ങിയ ജാനുവിനെ തുറുങ്കലിൽ അടയ്ക്കുമ്പോൾ നിരാലംബരായ ആദിവാസി സമൂഹവും അവർക്കൊപ്പം നിന്നു. ജാനുവിന്റെ വീർത്ത മുഖം മലയാളി മനസ്സാക്ഷിയോട് ഉയർത്തിയ ചോദ്യങ്ങൾ അനവധിയായിരുന്നു. ഭൂമിയുടെ അവകാശികളായ ജനതയെ തള്ളിപ്പറഞ്ഞ കേരള സമൂഹം അന്ന് ലജ്ജകൊണ്ട് തലതാഴ്‌ത്തി. എന്നാൽ, അന്ന് ജാനു തുടങ്ങിവെച്ച ഭൂമസമരം കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ കത്തിപ്പടർന്നു. അനന്തരഫലമായി കേരളത്തിലെ ആദിവാസികളിൽ ഒരു വിഭാഗത്തിനെങ്കിലും ഭൂമി ലഭിച്ചു.

വർഷങ്ങൾക്ക് ശേഷം നിരവധി രാഷ്ട്രീയപാതയിലൂടെ സി കെ ജാനു എന്ന നേതാവ് സഞ്ചരിച്ചു. ആദിവാസി സമൂഹത്തിന് വേണ്ടിയുള്ള പോരാട്ടത്തിന്റെ ഭാഗമായി മുന്നണികൾക്കൊപ്പം മാറിമാറി നിന്നു. ഒടുവിൽ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപിയുടെ എൻഡിഎക്കൊപ്പമായിരുന്നു സി കെ ജാനു. രാഷ്ട്രീയ ജനാധിപത്യ സഭ എന്ന രാഷ്ട്രീയ പാർട്ടി രൂപീകരിച്ചാണ് ജാനു തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ ഇറങ്ങിയത്. എൻഡിഎക്ക് ഒപ്പം ചേർന്നതോടെ ജാനുവിനെ വിമർശിക്കാൻ ആളുകൾ തിരക്കു കൂട്ടി. ഇക്കാര്യത്തിൽ മുന്നിൽ നിന്നത് സിപിഎമ്മായിരുന്നു. ഏറ്റവും ഒടുവിൽ ജാനു കാർ വാങ്ങിയതിനെ വലിയ തെറ്റെന്ന് കണ്ട് വിമർശിച്ചു. സോഷ്യൽ മീഡിയയിൽ നിശിദമായ വിമർശനം ഉയർന്നതോടെ ജാനു മറുപടിയും നൽകി. എന്നിട്ടും അടങ്ങാതെ വിമർശനം തുടരുകയാണ് ചിലർ. ഈ സാഹചര്യത്തിലാണ് മറുനാടൻ മലയാളിക്ക് വേണ്ടി സാമൂഹ്യ പ്രവർത്തകനും അഭിഭാഷകനും കൂടിയായ അഡ്വ. ശ്രീജിത്ത് പെരുമൺ സി കെ ജാനുവിന്റെ അഭിമുഖം എടുത്തത്.

തനിക്കെതിരായ വിമർശനങ്ങളെ പ്രതിരോധിച്ചും ഇപ്പോഴത്തെ രാഷ്ട്രീയ സാഹചര്യത്തെ കുറിച്ച് വിശദീകരിച്ചും സി കെ ജാനു സംസാരിച്ചു. തന്നെ സംഘിയായി താറടിക്കാനുള്ള തത്പര കക്ഷികളുടെ നീക്കം തന്തയില്ലായ്മയും അപലപനീയവുമാണെന്ന് ജാനു അഭിമുഖത്തിൽ പറഞ്ഞു. ഭൂനികുതിയെടുക്കാതെ രണ്ടാംതരം പൗരന്മാരായി കണ്ടു ഭിക്ഷയായ് തന്ന ഒന്നര ഏക്കർ കാടുമൂടി സ്ഥലത്ത് സ്വയം അദ്ധ്വാനിച്ചുണ്ടാക്കിയ ആദായത്തിൽ നിന്നും ലഭിച്ച പണം ഉപയോഗിച്ചാണ് കാറ് മേടിച്ചതെന്നു അവർ വിവാദത്തിന് മറുപടിയായി പറഞ്ഞു. താൻ കാറ് മേടിച്ചതു ആദിവാസിസമൂഹം മാതൃകയാക്കണമെന്നും അവർ അഭിമുഖത്തിൾ പറഞ്ഞു.

വരണം വരണം.. ഇതാണ് വിവാദമായ ആ സാധനം.. മുൻകൂട്ടി അറിയച്ചത് പ്രകാരം സി കെ ജാനുവിന്റെ മാനന്തവാടി പനവല്ലിയിലെ വീട്ടിലെത്തിയപ്പോൾ വീടിന് മുന്നിൽ പാർക്ക് ചെയ്ത വെള്ള കാറിനെ ചൂണ്ടിക്കാണിച്ചുകൊണ്ട് ചെറുചിരിയോടെയാണ് സി കെ ജാനു വരവേറ്റത്. 'ആദിവാസികൾക്ക് ഒരു കാറുപോലും വാങ്ങാൻ പാടില്ലേ ഇതെന്തു ലോകം? കസേരകളെടുക്കാൻ വീട്ടിലേക്ക് കയറവേ ജാനു ആത്മഗതമായി പറഞ്ഞത് ഇങ്ങനെ. വിവാദത്തിന് ആധാരമായ ആ 'സൂപ്പർ കാറിന്' മുന്നിൽ ഇരുന്നാണ് അഭിമുഖത്തിലേ കടന്നത്. വിശദമായ അഭിമുഖത്തിലേക്ക്.

  • സി കെ ജാനു എന്ന ആദിവാസി നേതാവ് ആദിവാസികളെ വഞ്ചിച്ച് കാറുമേടിച്ചിരിക്കുന്നു. ഇത് നാട്ടിലെ വലിയൊരു രാഷ്ട്രീയ വിഭാഗത്തിന് ഇഷ്ടപ്പെട്ടിട്ടില്ല. എൻഡിഎയിൽ ചേർന്ന് കള്ളപ്പണം മേടിച്ചിട്ടാണ് ഇപ്പോൾ കാറുമായി വിലസുന്നത് എന്നാണ് ആരോപണം. എന്താണ് മറുപടി?

എനിക്കെതിരെയുള്ള ദുഷ്പ്രചരങ്ങൾ ഇതാദമായല്ല. സർക്കാരിന്റെ ഒരു നയാപൈസ പോലും വാങ്ങാതെ സ്വപ്രയത്ന്നം കൊണ്ട് ഒരു കൊച്ച് വീട് വെച്ചപ്പോൾ ജാനു ഏഴുനില കെട്ടിടംകെട്ടി എന്ന പേരിൽ ദേശാഭിമാനി ഉൾപ്പെടെയുള്ള പത്രങ്ങളിൽ ഫീച്ചറുകളും പരമ്പരകളും വന്നിരുന്നു. അതുകൊണ്ടു തന്നെ ഈ ആരോപണങ്ങളെ പുല്ലുപോലെ തള്ളിക്കളയുകയാണ്. കാറുമായി ബന്ധപ്പെട്ട വിവാദം സൃഷ്ടിച്ചവർ കാണിച്ചത് ശുദ്ധ തന്തയില്ലായ്മ തന്നെയാണ്.

  • അങ്ങനെയെങ്കിൽ സി കെ ജാനുവിന് ആഡംബര കാർ മേടിക്കാനുള്ള പണം എവിടെന്നുകിട്ടി?

തൊണ്ണൂറ്റി അഞ്ചിൽ സമരം ചെയ്തു പിടിച്ചെടുത്ത തരിശായും കാടുമൂടിയും കിടന്നിരുന്ന ഒരു ഏക്കർ മുപ്പത്തി അഞ്ചു സെന്റ് സ്ഥലത്തു സ്വയം അദ്ധ്വാനിച്ച് പൊന്നുവിളയിച്ച് സമ്പാദിച്ചതാണ് പണം. ദാ ഈ കാണുന്ന സ്ഥലങ്ങളിലെല്ലാം കാപ്പിയിൻ കുരുമുളകും നട്ടുപിടിപ്പിച്ചു. (തോട്ടത്തിലേക്ക് കൈ ചൂണ്ടിക്കാണിക്കുന്നു ) പഴയ വർഷങ്ങളിലെ കുരുമുളക് സ്റ്റോക്ക് ചെയ്തു വെയ്ക്കും. ഈ വർഷം നല്ല വില ലഭിച്ചപ്പോൾ ഈ വർഷത്തെ ആദായവും കൂട്ടി വിറ്റു. എട്ട് ക്വിന്റൽ മുളകാണ് പഴയതും പുതിയതുമായി ഉണ്ടായിരുന്നത്. ലഭിച്ച പണത്തിൽ നിന്നും നാല് ലക്ഷം രൂപ നൽകിയാണ് ടൊയോട്ട എത്തിയോസ് എന്ന കാറ് മേടിച്ചത്. ബാക്കി തുക ലോണെടുക്കുകയായിരുന്നു മാസാ മാസം രൂപ അടവും നൽകണം. കാറിന്റെ ലോൺ അടവിനുള്ള എഗ്രിമെന്റിന്റെ പകർപ്പ് കാണിച്ചുതരുന്നൂ.

  • സ്വന്തം അദ്ധ്വാനിച്ചുണ്ടാക്കിയ കാറ് കണ്ട് നാട്ടുകാർക്കെന്താണിത്ര ചൊറിച്ചിൽ? ഇപ്പോഴത്തെ വിവാദതതിൽ സി കെ ജാനു മനസിലാക്കുന്നതെന്താണ്?

അത്തരം വാർത്തകൾ പ്രചരിപ്പിക്കുന്നവർക്ക് പ്രത്യേകം അജണ്ടകളുണ്ട്. കാറ് മേടിച്ചതു വിവാദമാക്കുന്നവർ മനസിലാക്കേണ്ടത്് ചില വസ്തുതകളാണ്. ഞാൻ ആദ്യമായി മേടിക്കുന്ന വാഹനമല്ല ഈ കാറ്. ആദ്യം മേടിച്ചത് ഒരു ജീപ്പാണ്. സേട്ടുവിന്റെ പക്കൽ നിന്നും ലോണെടുത്തിട്ടാണ് ജീപ്പു മേടിച്ചത്. എന്നാൽ, കൃഷി മോശമാകുകയും തിരിച്ചടവ് പലതവണ മുടങ്ങുകയും ചെയ്തപ്പോൾ ഞാൻ തന്നെ ജീപ്പ് സേട്ടുവിനെ തിരിച്ചേൽപ്പിക്കുകയായിരുന്നു. അന്നെന്തേ യാതൊരു വിവാദവും ഉണ്ടായില്ല? ഈ കാറ് മേടിച്ചിട്ട് ഇപ്പോൾ ഒൻപത് മാസങ്ങൾ കഴിയുന്നു. എന്തേ ഇപ്പോൾ മാത്രം വിവാദങ്ങളുണ്ടാകുന്നു? ഉത്തരം വളരെ വ്യക്തമാണ് അതായത് ആദിവാസികൾ ഇപ്പോഴും രാഷ്ട്രീയഅടിമകളായി മാത്രം നിലനിൽക്കണം എന്നാഗ്രഹിക്കുന്ന രാഷ്ട്രീയ പ്രസ്ഥാനങ്ങളാണ് ഇതിനു പിന്നിൽ.

  • കുടിൽകെട്ടി സമരം മുതൽ മുത്തങ്ങ,ആറളം,നിൽപ്പ് സമരം തുടങ്ങിയുള്ള സമരങ്ങൾക്കെല്ലാം വിദേശ ഫണ്ടുകൾ ലഭ്യമായിട്ടുണ്ട് എന്നാണ് മറ്റൊരു ആരോപണം. ഇതിനോടുള്ള പ്രതികരണം?

ഒരു രൂപപോലും ഇന്നേവരെ ഞാൻ വിദേശ ഫണ്ട് കൈപ്പറ്റിയിട്ടില്ല. ആദിവാസി കുടുംബങ്ങളിലെ ചില്ലിക്കാശുകളും സമാനമനസ്‌ക്കരായിട്ടുള്ള ആളുകളുടെ സംഭാവനകളുമാണ് സ്വീകരിച്ചിട്ടുള്ളത്. അതും ആദിവാസി ഗോത്ര മഹാസഭാ എന്ന സംഘടനയുടെ പേരിലാണ്. എനിക്ക് രണ്ടു ബാങ്ക് അകൗണ്ടുകളാണ് ഉള്ളത് രണ്ടും ആർക്കുവേണമെങ്കിലും പരിശോധിക്കാം.

  • എൻഡിഎക്കൊപ്പമാണ് കഴിഞ്ഞ തെരഞ്ഞെടുപ്പിൽ മത്സരിച്ചത്. ഇപ്പോഴും മുന്നണിയിൽ ഉറച്ചു നിൽക്കുന്നുണ്ടോ?

രാഷ്ട്രീയ ജനാധിപത്യസഭ എന്ന പാർട്ടിയുടെ നേതാവായാണ് കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ഞാൻ മത്സരിച്ചത്. എൻഡിഎക്കൊപ്പമായിരുന്നു മത്സരിച്ചത്. അതുകൊണ്ട് തന്നെ ആ മുന്നണിയിൽ തന്നെ തുടരാനാണ് തീരുമാനം. എന്തുകൊണ്ട് എൻഡിഎയിൽ ചേർന്നു എന്നതിന് മറുപടി പറയേണ്ടിത് യുഡിഎഫും എൽഡിഎഫുമാണ്.

  • സി കെ ജാനു പാർലമെന്ററി മോഹമുള്ളവളാണെന്നാണ് ആരോപണം?

സി കെ ജാനുവിനെ തെരഞ്ഞെടുപ്പ് കാലത്ത് എൽഡിഎഫും യുഡിഎഫും വിളിച്ചിട്ടുണ്ട്. അവരുടെ പാർട്ടി ടിക്കറ്റിൽ മത്സരിക്കില്ല എന്നു തീരുമാനിച്ചിട്ടാണ് ഞാൻ പിന്മാറിയത്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ യുഡിഎഫ് വിളിച്ചിട്ടുണ്ട്. എൽഡിഎഫും വിളിച്ചിട്ടുണ്ട്. ഒരുമിച്ച് നിന്നു പ്രവർത്തിക്കാം എന്നായിരുന്നു പറഞ്ഞിരുന്നത്. എന്നാൽ, ഞാൻ അവരോട് പറഞ്ഞത് നൂറ്റാണ്ടുകളായി നിങ്ങളെ കൂടെ ഉണ്ടായിരുന്നപപ്പോൾ എന്തുകൊണ്ട് പ്രശ്‌നപരിഹാരം ഉണ്ടാക്കാൻ സാധിച്ചില്ല.? ഞങ്ങളുടെ പ്രശ്‌നങ്ങൾ പരിഹരിക്കുമ്പോൾ നിങ്ങൾ പരാജയപ്പെടുമ്പോഴാണ് സി കെ ജാനു എൻഡിഎ മുന്നണിയിലേക്ക് പോകുന്നത്. അല്ലാതെ വ്യക്തിപരമായ താൽപ്പര്യം സംരക്ഷിക്കാനല്ല. ആദിവാസികളുടെ ഇന്നത്തെ പ്രശ്‌നങ്ങൾക്ക് പരിഹാരം ഉണ്ടാക്കാൻ ഒരു മുന്നണി സംവിധാനത്തിന് മാത്രമേ സാധിക്കുകയുള്ളൂ. ഇവിടെ പ്രശ്‌നങ്ങൾ പരിഹരിക്കാൻ മുന്നണി സംവിധാനത്തിൽ പോയിട്ടുണ്ട്. ഇപ്പോൾ ഒരാൾ മരിച്ചാൽ അടുക്കളയുടെ അരകല്ല് പൊളിച്ച് അടക്കേണ്ട അവസ്ഥയായി മാറിയിട്ടുണ്ട് കേരളം. അല്ലാതെ ജനാധിപത്യവും സോഷ്യലിസവും പാലിക്കുന്ന കേരളമല്ല ഇത്.

  • എൻഡിഎക്കൊപ്പം തുടരാൻ തന്നെയാണ് തീരുമാനം

എൻഡിഎ വിട്ടുപോകാൻ തൽക്കാലം ഉദ്ദേശമില്ല. ഒരു പ്രധാന പദവി ഡൽഹിയിൽ ചേരുന്ന അടുത്ത എൻ ഡി എ മീറ്റിംഗിൽ തീരുമാനിക്കും എന്നാണ് പ്രതീക്ഷ. ഇപ്പോൾ തന്നെ സംഘിയെന്ന് വിളിച്ചാണ് അവഹേളിക്കുന്നത്. എന്നാൽ, താൻ സംഘിയോ ബിജെപിയോ അല്ല രാഷ്ട്രീയ ജനാധിപത്യ സഭാ എന്ന രാഷ്ട്രീയ പാർട്ടിയുടെ നേതാവാണ്. ബിജെപിയുടെ ദലിതർക്കെതിരെയുള്ള ആക്രമണത്തിൽ അപലപിക്കുന്നു. ശക്തമായ ഭാഷയിൽ വിയോജിപ്പ് എൻ ഡി എയെ അറിയിക്കും.

  • വ്യക്തിജീവിതത്തെ കുറിച്ച്

വിവാഹ ജീവിതം വേണ്ടെന്ന് വെച്ച ആളാണ് ഞാൻ. ഇതുവരെ ആരോടും പ്രണയം തോന്നിയിട്ടില്ല. ആദിവാസികളെ അടിമത്തത്തിൽ നിന്നും രക്ഷിക്കാൻ മരണം വരെ ശ്രമിക്കും. ഛത്തീസ്‌ഗഡിൽ നിന്നും ഒരു പെൺകുട്ടിയെ ദത്തെടുത്തു വളർത്തുന്നുണ്ട് സി കെ ജാനകി എന്നാണു അവളുടെ പേര്. ഇപ്പോൾ എന്റെ എല്ലാമാണവവൽ, യു കെ ജിയിൽ പഠിക്കുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP