Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഈ കാഞ്ഞങ്ങാട്ടുകാരൻ ഒന്നു കോടതിയിൽ പോകാൻ വാങ്ങുന്നത് മുപ്പത് ലക്ഷത്തിലേറെ; കരുതൽ തടങ്കൽ കേസിൽ എകെജിയെ വിജയിപ്പിച്ച അച്ഛന്റെ മകൻ; ടുജി സ്‌പെക്ട്രത്തിൽ യുപിഎയെ വലച്ച അഭിഭാഷകൻ; അയോധ്യയിൽ അദ്വാനിക്ക് വാദമൊരുക്കിയ സംഘപരിവാർ വിശ്വസ്തൻ; രാജ്യത്തെ നിയമജ്ഞരുടെ തലവനായ ആദ്യ മലയാളിയുടെ കഥ

ഈ കാഞ്ഞങ്ങാട്ടുകാരൻ ഒന്നു കോടതിയിൽ പോകാൻ വാങ്ങുന്നത് മുപ്പത് ലക്ഷത്തിലേറെ; കരുതൽ തടങ്കൽ കേസിൽ എകെജിയെ വിജയിപ്പിച്ച അച്ഛന്റെ മകൻ; ടുജി സ്‌പെക്ട്രത്തിൽ യുപിഎയെ വലച്ച അഭിഭാഷകൻ; അയോധ്യയിൽ അദ്വാനിക്ക് വാദമൊരുക്കിയ സംഘപരിവാർ വിശ്വസ്തൻ; രാജ്യത്തെ നിയമജ്ഞരുടെ തലവനായ ആദ്യ മലയാളിയുടെ കഥ

മറുനാടൻ ഡെസ്‌ക്‌

കാഞ്ഞങ്ങാട്: സുപ്രീംകോടതിയിലെ സീനിയർ അഭിഭാഷകൻ കെ.കെ.വേണുഗോപാൽ അറ്റോർണി ജനറൽ പദവിയിലെത്തിയതുമ്പോൾ മലയാളികൾ ആഹ്ലാദത്തിലാണ്. ഈ പദവിയിലെത്തുന്ന ആദ്യ മലയാളി അഭിഭാഷകനാണ് കെകെ വേണുഗോപാൽ. രാജ്യത്തെ ഏറ്റവും വിലപിടിപ്പുള്ള അഡ്വക്കേറ്റാണ് വേണുഗോപാൽ. ഒരുകാലത്ത് രാംജത് മലാനിക്കും ഫാരി നരിമാനും ശേഷം ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങിയിരുന്ന അഭിഭാഷകനായിരുന്നു ഈ മലയാളി. എന്നാൽ താൽപ്പര്യമുള്ള സാമൂഹിക പ്രസക്തിയുള്ള വിഷയത്തിൽ ഫീസ് നോക്കാതേയും ഇടപെടലിന് എത്തും. 35 ലക്ഷം രൂപയാണ് വേണുഗോപാൽ കോട്ടിട്ട് കോടതയിലെത്താൻ ഫീസായി വാങ്ങുന്നതെന്നാണ് സൂചന.

രാജ്യശ്രദ്ധ നേടിയ ഒട്ടേറെ കേസുകളിൽ വാദിക്കാൻ കെ.കെ. വേണുഗോപാലിനായി. അറ്റോർണി ജനറലാകുന്ന ഏറ്റവും പ്രായം കൂടിയ വ്യക്തിയും അദ്ദേഹമാണ്. പിതാവ് എം.കെ. നമ്പ്യാരും പ്രഗത്ഭനായ അഭിഭാഷകനായിരുന്നു. എ.കെ. ഗോപാലനും മദ്രാസ് സർക്കാരും തമ്മിലുണ്ടായ കേസ് വാദിച്ചത് എം.കെ. നമ്പ്യാരായിരുന്നു. മകനും അതേ വഴിയിലായി യാത്ര. 1962ൽ സുപ്രീംകോടതിയിൽ പ്രാക്ടീസ് തുടങ്ങി. സ്വാതന്ത്ര്യസമരസേനാനി കെ.മാധവന്റെ മൂത്ത ജ്യേഷ്ഠനായിരുന്നു വേണുഗോപാലിന്റെ അഛ്ഛൻ ബാരിസ്റ്റർ എം.കെ.നമ്പ്യാർ. ഭൂട്ടാൻ ഭരണഘടന തയ്യാറാക്കിയ സമിതിയിലും നേപ്പാൾ ഭരണഘടന നിർമ്മാണ സമിതിയിലും അംഗമായിരുന്നു. ഭരണഘടനാ വിഷയങ്ങളിൽ അഗ്രഗണ്യനാണ്. വേനലവധി കഴിഞ്ഞ് തിങ്കളാഴ്ച കോടതി തുറക്കുമ്പോൾ വേണുഗോപാൽ സ്ഥാനമേൽക്കും.

രാഷ്ട്രീയശത്രുക്കളെയും നിരപരാധികളായ സാധാരണക്കാരെയും ഒരുപോലെ വിചാരണ കൂടാതെ വർഷങ്ങളോളം തടങ്കലിൽവയ്ക്കാനുള്ള ഒരുപാധിയാക്കി ഭരണവർഗം ചില നിയമങ്ങളെ ഉപയോഗിക്കുകയും ചെയ്തു. ഒന്നാമത്തെ കരുതൽതടങ്കൽനിയമം 1950ലാണ് പാർലമെന്റ് പാസാക്കിയത്. താമസിയാതെ അതിന്റെ സാധുത, എ കെ ഗോപാലനും മദ്രാസ് സംസ്ഥാനവും തമ്മിലുണ്ടായ കേസിൽ സുപ്രീംകോടതിയിൽ ചോദ്യം ചെയ്യപ്പെട്ടു. കോടതിയിലെ ആറ് ജഡ്ജിമാരും ഒരുമിച്ച് വാദം കേട്ടശേഷം നിയമത്തിലെ 14-ാം വകുപ്പ് അസാധുവായി പ്രഖ്യാപിച്ചു. കരുതൽതടങ്കൽനിയമത്തിന് ലഭിച്ച ആദ്യ പ്രഹരമായിരുന്നു അത്. ഈ കേസായിരുന്നു വേണുഗോപാലിന്റെ അച്ഛനെ ദേശീയ ശ്രദ്ധയിലെത്തിച്ച അഭിഭാഷകനാക്കിയത്. ഈ അച്ഛന്റെ പാരമ്പര്യവുമായാണ് കറുത്ത ഗൗൺ വേണുഗോപാലും അണിഞ്ഞത്. അത് നേട്ടങ്ങളിലേക്കുള്ള യാത്രയുമായി.

മൊറാർജി ദേശായി പ്രധാനമന്ത്രിയായിരുന്ന ജനതാഭരണകാലത്ത് അഡീഷനൽ സൊളിസിറ്റർ ജനറലായിരുന്നു വേണുഗോപാൽ. അരനൂറ്റാണ്ടിലേറെയായി സുപ്രീംകോടതിയിൽ പ്രാക്ടീസ് തുടരുന്ന കോട്ടായൻ കടങ്കോട്ട് വേണുഗോപാൽ അങ്ങനെ ഭരണഘടനാ പദവിയിലുമെത്തുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി അടക്കമുള്ളവരുമായി വ്യക്തിപരമായ അടുപ്പമുണ്ട്. ഇതും ഈ പദവയിലേക്ക് എത്തിച്ചു. ബിജെപി അധികാരത്തിൽ ഇത്തവണ എത്തിയപ്പോൾ തന്നെ വേണുഗോപാൽ അറ്റോർണിയാകുമെന്ന സൂചനയുണ്ടായിരുന്നു. എന്നാൽ എൺപത്തിയാറുകാരനായ വേണുഗോപാൽ ആദ്യം പദവി ഏറ്റെടുക്കാൻ താൽപ്പര്യം കാട്ടിയില്ല. ഇതോടെ മുകൾ റോഹ്തഗി എത്തി. അദ്ദേഹം സ്ഥാനം ഒഴിയാൻ സന്നദ്ധനായതോടെ വിശ്വസ്തനെ തന്നെ പദവിയിലെത്തിക്കുകയായിരുന്നു പ്രധാനമന്ത്രി.

അഭിഭാഷക മേഖലയിലെ സംഭാവനകൾക്കു കേന്ദ്രസർക്കാർ പത്മഭൂഷണും പത്മവിഭൂഷണും നൽകി ആദരിച്ച വേണുഗോപാൽ അടുത്ത കാലത്ത് ഏറെവിവാദം സൃഷ്ടിച്ച ടു ജി സ്‌പെക്ട്രം കേസിൽ സിബിഐയുടെയും എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റേയും അഭിഭാഷകനായിരുന്നു. എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അദ്ദേഹത്തെ മാറ്റിയെങ്കിലും കേസിൽ തുടരാൻ സുപ്രീംകോടതി നിർദ്ദേശിക്കുകയായിരുന്നു. അയോധ്യാകേസിൽ കല്യാൺ സിങ് സർക്കാരിനു വേണ്ടി വേണുഗോപാൽ ഹാജരായിരുന്നു. ബാബ്റി മസ്ജിദ് തകർത്തതു സംബന്ധിച്ച കേസിൽ എൽ.കെ.അദ്വാനിക്കു വേണ്ടിയും സുപ്രീം കോടതിയിൽ ഹാജരായി. മണ്ഡൽ കേസ്, ജയലളിത കേസ്, ജഡ്ജിമാരുടെ പ്രസിഡൻഷ്യൽ റഫറൻസ് കേസ് തുടങ്ങി ഒട്ടേറെ പ്രമുഖ കേസുകളിൽ അഭിഭാഷക കുപ്പായം ഇട്ടു. ബിജെപിക്കാർക്ക് എന്നും പ്രിയപ്പെട്ട വക്കീലാണ് വേണുഗോപാൽ. ഈ അടുപ്പമാണ് അറ്റോർണി ജനറലിന്റെ കസേരയിൽ ഈ കാഞ്ഞങ്ങാട്ടുകാരനെ എത്തിക്കുന്നത്.

കാഞ്ഞങ്ങാടുമായി പൊക്കിൾക്കൊടിബന്ധമാണ് അദ്ദേഹത്തിനുള്ളത്. സ്വാതന്ത്ര്യസമരസേനാനി കെ.മാധവന്റെ സഹോദരനും പ്രശസ്ത നിയമജ്ഞനുമായ ബാരിസ്റ്റർ എം.കെ.നമ്പ്യാരുടെ മകനാണ് കെ.കെ.വേണുഗോപാൽ. ഏച്ചിക്കാനത്തെ ചിറക്കര രാമൻനായരുടെ പൗത്രൻ. മംഗളൂരുവിലാണ് പ്രാഥമിക വിദ്യാഭ്യാസം. ഏച്ചിക്കാനം-കോടോം തറവാട്ടുകാർ തമ്മിലുള്ള കേസ് ലണ്ടനിലെ പ്രിവ്യൂ കൗൺസിലിലെത്തിയിരുന്നു. ഏച്ചിക്കാനം തറവാട്ടുകാർക്കുവേണ്ടി ബ്രിട്ടീഷ് അഭിഭാഷകനെ സഹായിക്കാൻ ഇംഗ്ലണ്ടിൽ പോയപ്പോഴാണ് എം.കെ.നമ്പ്യാർ ബാരിസ്റ്റർ ബിരുദം നേടുന്നത്. അദ്ദേഹം തിരിച്ചുവന്നപ്പോൾ മംഗളൂരുവിലെ താമസം ചെന്നൈയിലേക്കും പിന്നീട് ന്യൂഡൽഹിയിലേക്കും മാറ്റി. ഇതോടെ വേണുഗോപാലിന്റെ തുടർപഠനം ചെന്നൈയിലും ഡൽഹിയിലുമായി. എങ്കിലും നിയമബിരുദത്തിനു പഠിക്കാൻ അദ്ദേഹം വീണ്ടും തെക്കേ ഇന്ത്യയിലെത്തി. കർണാടക ബെൽഗാമിൽനിന്നാണ് നിയമം പഠിച്ചത്.

1977-ൽ അഡീഷണൽ സോളിസിറ്റർ ജനറലായി. നെഹ്രു കോളേജ് സ്ഥാപകൻ മാലോം പട്ടേലർ എന്നറിയപ്പെടുന്ന ചെരിപ്പാടി കുഞ്ഞിക്കണ്ണൻനായരുടെ മകൾ ശാന്തയെയാണ് കല്ല്യാണംകഴിച്ചത്. ഭാര്യയുടെ അകാലത്തിലുള്ള വിയോഗത്തിനു ശേഷം കെ.കെ.വേണുഗോപാൽ ശാന്താ മെമോറിയൽ ട്രസ്റ്റ് രൂപവത്കരിച്ചു. കാഞ്ഞങ്ങാടിന് കിഴക്ക് മലയോരഗ്രാമമായ എടത്തോട്ട് ഈ ട്രസ്റ്റിന് കീഴിൽ യു.പി.സ്‌കൂളും ആശുപത്രിയും പ്രവർത്തിക്കുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP