Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഉന്നതതലത്തിൽ ഒത്തുതീർന്ന കേസിന്റെ പിന്നാലെ പെരുമ്പാവൂർ സിഐ നടന്നത് പൊലീസുകാരെ പോലും കൂട്ടാതെ; ഷൂവിനുള്ളിൽ മൊബൈൽ ഫോണുമായി മാലമോഷണക്കേസിലെ പ്രതിയെ ജയിലിൽ കയറ്റിയതും ബൈജുവിന്റെ ബുദ്ധി; പുറം ലോകം അറിഞ്ഞത് ആർക്കും സ്വാധീനിക്കാത്ത വിധം തെളിവുകൾ ശേഖരിച്ച ശേഷം; ക്രെഡിറ്റ് എടുക്കാൻ ഡിജിപിയും എഡിജിപിയും ഐജിയും മുതൽ അനേകം പേർ രംഗത്തിറങ്ങുമ്പോഴും നിർണ്ണായക വഴിത്തിരിവുണ്ടാക്കിയത് ആക്ഷൻ ഹീറോ ബൈജു പൗലോസ്

ഉന്നതതലത്തിൽ ഒത്തുതീർന്ന കേസിന്റെ പിന്നാലെ പെരുമ്പാവൂർ സിഐ നടന്നത് പൊലീസുകാരെ പോലും കൂട്ടാതെ; ഷൂവിനുള്ളിൽ മൊബൈൽ ഫോണുമായി മാലമോഷണക്കേസിലെ പ്രതിയെ ജയിലിൽ കയറ്റിയതും ബൈജുവിന്റെ ബുദ്ധി; പുറം ലോകം അറിഞ്ഞത് ആർക്കും സ്വാധീനിക്കാത്ത വിധം തെളിവുകൾ ശേഖരിച്ച ശേഷം; ക്രെഡിറ്റ് എടുക്കാൻ ഡിജിപിയും എഡിജിപിയും ഐജിയും മുതൽ അനേകം പേർ രംഗത്തിറങ്ങുമ്പോഴും നിർണ്ണായക വഴിത്തിരിവുണ്ടാക്കിയത് ആക്ഷൻ ഹീറോ ബൈജു പൗലോസ്

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ ഗൂഢാലോചനക്കുറ്റത്തിൽ പൊലീസിന്റെ അന്വേഷണം നടന്നത് ആതീവ ജാഗ്രതയോടെയായിരുന്നു. അന്വേഷണ സംഘത്തിൽ ഒന്നിലധികം ഉദ്യോഗസ്ഥർ ഇല്ലാത്തതിനാൽ മാധ്യമങ്ങൾക്ക് പോലും വിവരങ്ങൾ ലഭിക്കാത്ത രീതിയിൽ അതീവ രഹസ്യ സ്വഭാവത്തോടെയാണ് അന്വേഷണം മുന്നോട്ട് പോയത്. ഇതിന് ചുക്കാൻ പിടിച്ചത് ബൈജു പൗലോസ് എന്ന പൊലീസ് ഉദ്യോഗസ്ഥനും. ഡിജിപി ലോക്‌നാഥ് ബെഹ്‌റയും എഡിജിപി സന്ധ്യയും ഐജി ദിനേന്ദ്ര കശ്യപുമെല്ലാം ദിലീപിന്റെ അറസ്റ്റിൽ ക്രെഡിറ്റെടുക്കാൻ ശ്രമിക്കുന്നു. എന്നാൽ പിണറായി സർക്കാരിന്റെ പ്രതിച്ഛായ വീണ്ടുമുയർത്തിയത് ബൈജു പൗലോസിന്റെ നീക്കങ്ങൾ മാത്രമാണ്. ഇത് മനസ്സിലാക്കി തന്നെയാണ് ബൈജു പൗലോസിനെ വീണ്ടും അന്വേഷണം ഏൽപ്പിക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസ് നിർദ്ദേശിച്ചതും. ഏത്ര ഉന്നതനായാലും പിടിക്കാൻ തന്നെയാണ് ആക്ഷൻ ഹീറോ ബിജുവെന്ന വിളിപ്പേരിൽ അറിയപ്പെടുന്ന ഇദ്ദേഹത്തിന് ഇപ്പോൾ നൽകിയിരിക്കുന്ന നിർദ്ദേശം.

ബൈജു പൗലോസിന്റെ വിട്ടുവീഴ്ചയില്ലാത്ത നിലപാടാണ് കേസിൽ അതിനിർണായകമായത്. ദിലീപിൽ നിന്നും വഴിമാറിപ്പോകുമായിരുന്ന കേസ് വീണ്ടും ദിലീപിലെത്തിച്ചത് ബൈജു പൗലോസിന്റെ അന്വേഷണ ചാതുര്യമാണ്. ദിലീപിനെയും നാദിർഷയെയും 13 മണിക്കൂർ തുടർച്ചയായി ചോദ്യം ചെയ്തതിനു പിന്നിലും ബൈജു പൗലോസിന്റെ തെളിവ് ശേഖരണത്തിലെ മികവ് തന്നെയായിരുന്നു കാരണം. ആരും അറിയാതെ രഹസ്യമായി തെളിവ് ശേഖരണം നടത്തി. സിനിമാ ലോകത്തിന്റെ പല വിശദീകരണങ്ങളേയും പൊളിക്കാനുള്ള തെളിവുകൾ കണ്ടെത്തി. പൾസർ സുനിയും ദിലീപുമായുള്ള എല്ലാം നേരത്തെ കണ്ടെത്തി. അത് ആരോടും പറഞ്ഞതുമില്ല. പുതിയ ന്യായവുമായി ദിലീപ് എത്തുമ്പോൾ ഓരോന്നോരോന്നായി ബൈജു പുറത്തെടുത്തു. ആലുവ എസ്‌പി എവി ജോർജിന്റെ നിലപാടും നിർണ്ണായകമായി. ബൈജുവിന് എല്ലാ പിന്തുണയും നൽകിയത് എസ് പിയായിരുന്നു. ഇടയ്ക്ക് ചില ഒത്തുതീർ്പ്പുകൾ ഉണ്ടായി. ഇത് മനസ്സിലാക്കി തുടക്കത്തിലേ എല്ലാം ദിലീപിനെ കുടുക്കാനായി ശേഖരിച്ചതാണ് കേസ് അന്വേഷണത്തിൽ നിർണ്ണായകമായത്.

നടിയെ ആക്രമിച്ച കേസിൽ ആദ്യ കുറ്റപത്രം സമർപ്പിച്ചതോടെ തന്നെ ബൈജു നീക്കം തുടങ്ങി. ഒപ്പമുള്ള പൊലീസുകാരെ പോലും സംശയത്തോടെ കണ്ടു. യാത്രകളെല്ലാം തനിച്ചായി. എന്താണ് സിഐ ചെയ്യുന്നതെന്ന് പോലും ഓഫീസിലെ പൊലീസുകാർക്ക് പോലും അറിവില്ലായിരുന്നു. ദൃശ്യങ്ങൾ കണ്ടെത്തുന്നതുൾപ്പെടെയുള്ള തെളിവുകൾ ശേഖരിച്ചു. ഇതൊന്നും ആരുമായും പങ്കുവച്ചില്ല. ഈ രഹസ്യ യാത്രകളാണ് ദിലീപിനെ അഴിക്കുള്ളിലാക്കിയത്. ഇത് പുറം ലോകം അറിഞ്ഞിരുന്നുവെങ്കിൽ രക്ഷപ്പെടാനുള്ള തന്ത്രവും സ്വാധീനവും സിനിമാ ലോകത്തെ മുന്നിൽ നിർത്തി ദിലീപ് നടത്തുമായിരുന്നു. സ്വന്തം ഓഫീസിലെ ഉദ്യോഗസ്ഥരെ പോലും സംശയത്തോടെ കണ്ട ബിജു പൗലോസിന്റെ നീക്കം പഴുതുകളടുച്ചുള്ളതായിരുന്നു. എംപിയും എംഎൽഎയും അടക്കമുള്ള ദിലീപിന്റെ സൗഹൃദക്കൂട്ടം എപ്പോൾ വേണമെങ്കിലും നടന് പ്രതിരോധമൊരുക്കാൻ എത്തുമെന്ന് ബൈജു പൗലോസ് തിരിച്ചറിഞ്ഞു. ഇതു തന്നെയാണ് അന്വേഷണ കഥയിലെ നായകനാക്കി ഈ സിഐയെ മാറ്റുന്നതും.

പെരുമ്പാവൂർ സിഐ ബൈജു പൗലോസ് നടത്തുന്ന അന്വേഷണ പുരോഗതി തുടക്കത്തിൽ എഡിജിപിക്ക് നേരിട്ടാണ് കൈമാറിയിരുന്നത്. ലോക്കൽ സിഐ ആയതു കൊണ്ടായിരുന്നു ഇത്. അന്വേഷണത്തിന് പ്രത്യേക ക്രൈംബ്രാഞ്ച് ടീം ഉണ്ടായിരുന്നുവെങ്കിലും അവർക്ക് തുടക്കത്തിൽ ഒന്നും അറിയാമായിരുന്നില്ല. ഡിവൈഎസ്‌പി, എസ്‌പി എന്നിങ്ങനെ പരമ്പാരാഗത ശൈലിയിൽ അന്വേഷണ പുരോഗതി കൈമാറിയാൽ രഹസ്യങ്ങൾ ചില ഉന്നതർക്കും മാധ്യമപ്രവർത്തകർക്കും ചോരുമെന്നതിനാലാണ് ഡിജിപി ടിപി സെൻകുമാറിന്റെ പ്രത്യേക നിർദ്ദേശപ്രകാരം വിവരങ്ങൾ നേരിട്ട് എഡിജിപി ബി സന്ധ്യയ്ക്ക് കൈറിയത്. ബൈജു പൗലോസിൽ നിന്ന് വിവരങ്ങൾ ശേഖരിക്കാൻ അദ്ദേഹവുമായി ഉറ്റബന്ധമുള്ള അര ഡസനോളം മാധ്യമപ്രവർത്തകർ വീട്ടിലും ഓഫീസിലുമായി എത്തിയെങ്കിലും എല്ലാവരോടും സ്നേഹത്തോടെ ' നോ ' പറയുകയായിരുന്നു അദ്ദേഹത്തിന്റെ ശൈലിയിൽ കേസിൽ യഥാർത്ഥത്തിലുള്ള അന്വേഷണം നടക്കുന്നത് ആദ്യ കുറ്റപത്രം സമർപ്പിച്ചതിന് ശേഷമാണ്. ഇതിനായി തന്ത്രങ്ങൾ മെനഞ്ഞത് എഡിജിപി ബി സന്ധ്യയും സിഐ ബൈജു പൗലോസുമായിരുന്നു. ഇതിനായി പൊലീസിന്റെ സ്ഥിരം ഇൻഫോർമറായ ജിൻസന്റെ സഹായം തേടുകയായിരുന്നു ചെയ്തത്.

നെടുമ്പാശ്ശേരി പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിലാണ് ജിൻസൺ കാക്കനാട് ജില്ല ജയിലിലെത്തുന്നത്. തുടർന്ന് പൾസർ സുനിയുടെ സെല്ലിൽ പാർപ്പിച്ചു. കുറച്ച് ദിവസം അടുക്കുമ്പോൾ തന്നെ തടവ് പുള്ളികൾ തമ്മിൽ ഫ്ലാഷ് ബാക്ക് പറയുന്നത് സാധാരണമാണ്. ജിൻസൺ മെനഞ്ഞെടുത്ത ഫ്ളാഷ് ബാക്ക് പറഞ്ഞ് സുനിയുടെ വിശ്വാസീയത നേടിയെടുത്തു. എന്നാൽ വളരെ സാവധാനമാണ് ജിൻസനോട് സുനി കാര്യങ്ങൾ തുടന്ന് പറഞ്ഞത്. ജിൻസനിൽ ഉണ്ടായ വിശ്വാസം മൂലമാണ് സുനി എല്ലാം പുറത്തു പറഞ്ഞത്. വിഷ്ണു വഴി ദിലീപിന് കത്തുകൊടുത്ത് എങ്ങനെയെന്നും പൊലീസ് തിരിച്ചറിഞ്ഞു. നടിയെ ആക്രമിക്കുന്ന സംഭവത്തിലേക്ക് താൻ എങ്ങനെയാണ് എത്തിയതെന്ന് സുനി ജിൻസനോട് വ്യക്തമാക്കിയിട്ടുണ്ട്. ജിൻസൺ പൊലീസിന് കൈമാറിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ആക്രമിക്കപ്പെട്ട നടിയിൽ നിന്ന് വീണ്ടും മൊഴിയെടുത്തത്. ആലുവ പൊലീസ് ക്ലബ്ബിൽ വച്ചായിരുന്നു ഇത്. എ്രന്നാൽ ജിൻസനോട് പറഞ്ഞ കാര്യങ്ങൾ പിന്നീട് അന്വേഷണ സംഘത്തോട് തുറന്നുപറയാൻ പൾസർ സുനി ആദ്യ ഘട്ടത്തിൽ തയ്യാറായിരുന്നില്ല. ഇത് അറിയാവുന്ന ബൈജു പൗലോസ് സത്യം പറയിക്കാൻ വേണ്ട തെളിവുകളെല്ലാം ശേഖരിച്ചിരുന്നു.

പൾസർ സുനി ജാമ്യം നേടി പുറത്തുവരാതിരിക്കേണ്ടത് ഗൂഢാലോചന തെളിയിക്കാൻ അനിവാര്യമായിരുന്നു. രണ്ടു മാസത്തിനുള്ളിൽതന്നെ ആദ്യ കുറ്റപത്രം സമർപ്പിച്ചതും ഇതിന്റെ ഭാഗമായിട്ടായിരുന്നു. ജയിലിൽ അകപ്പെട്ട സുനി സ്വാഭാവികമായും ഗത്യന്തരമില്ലാതെ ക്വട്ടേഷൻ നൽകിയ ആളെ ബന്ധപ്പെടുകയും ചെയ്യുമെന്ന് പൊലീസ് കണക്കുകൂട്ടി. ഇത് ബൈജു  പൗലോസിന്റെ കണക്ക് കൂട്ടലായിരുന്നു. സുനിക്ക് യഥാർഥ പ്രതിയുമായി ബന്ധപ്പെടുന്നതിനുള്ള സൗകര്യം രഹസ്യമായി പൊലീസ് തന്നെയാണ് ഒരുക്കിനൽകിയതെന്നും സൂചനയുണ്ട്. ജയിലിനുള്ളിലെ ഫോണിൽനിന്ന് സുനി പുറത്തുള്ള ചിലരുമായി ബന്ധപ്പെട്ടത് പൊലീസ് നിരീക്ഷിക്കുന്നുണ്ടായിരുന്നു. ദിലീപ്, അപ്പുണ്ണി, നാദിർഷാ എന്നിവരുടെ ഫോൺ നമ്പറുകൾക്കുവേണ്ടിയായിരുന്നു സുനിയുടെ ആദ്യത്തെ ഫോൺവിളി. അതോടെ ഇവർ മൂവരും പൊലീസിന്റെ സൂക്ഷ്മ നിരീക്ഷണത്തിലായി. ഇതിനിടയിലാണ് സുനി ദിലീപിന് കത്തെഴുതുന്നതും കത്ത് പുറത്തുവരുന്നതും.

ബ്ലാക്‌മെയിൽ ചെയ്യുന്നതായി കാണിച്ച് ദിലീപ് നൽകിയ പരാതിയും ഹാജരാക്കിയ ശബ്ദരേഖ അടക്കമുള്ള തെളിവുകളും നിർണ്ണായകമായി. ഇത് വ്യാജമാണെന്ന് കണ്ടെത്തിയതും ബൈജു പൗലോസായിരുന്നു. ഈ ശബ്ദരേഖ ദിലീപും നാദിർഷായും ചേർന്ന് വ്യാജമായി ഉണ്ടാക്കിയതാണെന്ന് പൊലീസ് കണ്ടെത്തി. അങ്ങനെ പരാതി നൽകിയ ദിലീപ് പ്രതിയായി മാറുകയായിരുന്നു. ജോർജേട്ടൻസ് പൂരത്തിലെ സെൽഫി പുറത്തുവന്നതും ദൃശ്യങ്ങൾ കണ്ടെടുത്തതുമെല്ലാം ബൈജുവിന്റെ പദ്ധതിപ്രകാരമായിരുന്നു. കാവ്യാ മാധവന്റെ സ്ഥാപനത്തിലെ റെയ്ഡും അതീവ രഹസ്യമായിരുന്നു. ആരും ഇതൊന്നും അറിഞ്ഞില്ല. ഇരു ചെവിയറിയാതെ ബൈജു പൗലോസ് നടത്തിയ നീക്കങ്ങൾ പൊലീസിലെ ഉന്നതർ പോലും അറിഞ്ഞ് ഞെട്ടി. കാശിറക്കി കേസൊതുക്കിയെന്ന് ഏവരും കരുതിയതായിരുന്നു നടിയെ ആക്രമിച്ച സംഭവം. കോടികളും ലക്ഷങ്ങളും നൽകാനും ആളുണ്ടായിരുന്നു. എന്നിട്ടും സിഐ ഒന്നിനും വഴങ്ങിയില്ല. ഇതിനിടെയിൽ എഡിജിപി സന്ധ്യയുടെ മഞ്ജു വാര്യർ സ്‌നേഹവും ചർച്ചയായി. എന്നാൽ ഇതൊന്നും ആയിരുന്നില്ല ബിജുവായിരുന്നു സൂപ്പർ ഹീറോയെന്നാണ് ഇപ്പോൾ വ്യക്താക്കുന്നത്.

ദിലീപിനെ 13 മണിക്കൂർ ചോദ്യം ചെയ്ത സാഹചര്യത്തെയാണ് ഡിജിപി സെൻകുമാർ വിമർശിച്ചത് കാര്യങ്ങൾ മാറ്റി മറിച്ചു. ഇതിന്റെ പേരിൽ സന്ധ്യയെ അന്വേഷണ സംഘത്തിൽ നിന്ന് മാറ്റി. മേൽനോട്ട ചുമതല ഏൽപ്പിച്ചു. അതിന് പിന്നാലെ ബൈജു പൗലോസിനെ പൊലീസ് ആസ്ഥാനത്ത് വിളിച്ചു വരുത്തിയെന്നും സൂചന പുറത്തുവന്നു. സിബിഐയിൽ പ്രവർത്തന പരിചയമുണ്ടെന്ന പേരിൽ അന്വേഷണ മേൽനോട്ടത്തിൽ നിയന്ത്രണം ഏറ്റെടുത്ത ദിനേന്ദ്ര കശ്യപ് അന്വേഷണ ചുമതല പലർക്കായി വീതിച്ചു നൽകി. ഫലത്തിൽ കേസിൽ നിർണ്ണായക വിവരങ്ങൾ കണ്ടെത്തിയ ബൈജു പൗലോസിനെ അന്വേഷണത്തിന്റെ നിർണായക ചുമതലയിൽ നിന്ന് മാറ്റുകയായിരുന്നു ചെയ്തത്. ഇതോടെ എല്ലാം അട്ടിമറിക്കപ്പെട്ടുവെന്ന് പ്രചരണം വ്യാപകമായി. ഒരു തെളിവുമില്ലെന്ന അഭിപ്രായങ്ങൾ സജീവമായി. ഇതിനിടെ രണ്ട് ദിവസം രഹസ്യ തെളിവെടുപ്പിന് ബൈജു പെരുമ്പാവൂരിൽ നിന്ന് മാറി നിന്നു. തിരിച്ചെത്തിയപ്പോൾ ദിലീപ് കുടുങ്ങുകയും ചെയ്തു. ഇതാണ് ബിജു പൗലോസിനെ കേരളാ പൊലീസിലെ ആക്ഷൻ ഹീറോയാക്കി മാറ്റിയതും.

2003ലാണ് ബൈജു പൗലോസ് പൊലീസിലെത്തുന്നത്. നാലരവർഷം തൃപ്പുണ്ണിത്തുറയിലായിരുന്നു ജോലി. ട്രാഫിക് വാർഡൻ കേസിലെ ഇടപെടലാണ് നിർണ്ണായകമായത്. സിഐ ആയി പെരുമ്പാവൂരിലെത്തിയ ബൈജു സ്ഥിരം മോഷ്ടാക്കളുടെ പേടി സ്വപ്‌നമായി. വിജിലൻസ് ചമഞ്ഞ് മോഷണം നടത്തിയ ആളുകളെ പിടികൂടിയത് ബൈജു പൗലോസായിരുന്നു. തീവ്രവാദം ഉൾപ്പെടെ പലതും ചർച്ചായാക്കി. തിരുട്ട് ഗ്രാമത്തിൽ നിന്നെത്തിയവരെ പെരുമ്പാവൂരിൽ നിന്ന് തുരത്തി. ജിഷാ കേസിലും സജീവ സാന്നിധ്യമായി. ഈ അന്വേഷണ പരിചയമാണ് നടിയെ ആക്രമിച്ച കേസിലും നിർണ്ണായകമായത്. ആരോട് എന്തൊക്കെ പറയണമെന്ന് ബിജു പൗലോസിന് അറിയാം. സ്വാധീനത്തിന് വഴങ്ങുകയുമില്ല. ഇതാണ് ഇവിടെ നിർണ്ണായകമായതും.

അപ്പുണ്ണിയെയും നാദിർഷയെയും ജയിലിൽ നിന്ന് താൻ ഫോൺ വിളിച്ചുവെന്ന് സുനി പറഞ്ഞപ്പോഴേ ദിലീപിനുള്ള കുരുക്കു തയാറായിരുന്നു. എന്നിരുന്നാലും യാതൊരു പിഴവും വരാതെ അറസ്റ്റ് നടപ്പിലാക്കണമെന്ന ബൈജുവിന്റെ പദ്ധതിയാണ് അറസ്റ്റ് ഇത്രയധികം വൈകിച്ചത്. ആലുവ റൂറൽ എസ്‌പി എ.വി ജോർജ് ഉൾപ്പെടെയുള്ള മുതിർന്ന ഉദ്യോഗസ്ഥരുണ്ടായിരുന്നെങ്കിലും എല്ലാക്കാര്യത്തിലും ബൈജുവിന്റെ നിർണായക ഇടപെടലുകൾ ഉണ്ടായിരുന്നു എന്നതാണ് വസ്തുത. ഒടുവിൽ ദിലീപിനെ കസ്റ്റഡിയിലെടുത്തുകൊച്ചിയിലെ രഹസ്യകേന്ദ്രത്തിൽ എത്തിച്ച് വീണ്ടും ചോദ്യം ചെയ്തതും ഒടുവിൽ അറസ്റ്റു രേഖപ്പെടുത്തിയതും ബൈജു  പൗലോസായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP