Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മകളുടെ തലയിൽ കൈ വച്ച് സത്യം ചെയ്യുന്നത് കണ്ടപ്പോൾ ജനപ്രിയ നായകനെ വിശ്വസിച്ചു; അച്ഛനെ പുറത്താക്കിയ സംഘടന പിടിക്കുമെന്ന മകന്റെ ഭീഷണിയും കാര്യമായെടുത്തു; ദിലീപിന് ജാമ്യം കിട്ടിയ ശേഷം യോഗമെന്ന നിലപാടും തിരിച്ചടിച്ചു; മമ്മൂട്ടിയും ലാലും ഇന്നസെന്റും വമ്പൻ പ്രതിസന്ധിയിൽ; 'അമ്മ'യുടെ പ്രസക്തി ചോദ്യം ചെയ്ത് പൃഥ്വിരാജും: ഇങ്ങനെ പോയാൽ താരസംഘടന ഇല്ലാതാവും

മകളുടെ തലയിൽ കൈ വച്ച് സത്യം ചെയ്യുന്നത് കണ്ടപ്പോൾ ജനപ്രിയ നായകനെ വിശ്വസിച്ചു; അച്ഛനെ പുറത്താക്കിയ സംഘടന പിടിക്കുമെന്ന മകന്റെ ഭീഷണിയും കാര്യമായെടുത്തു; ദിലീപിന് ജാമ്യം കിട്ടിയ ശേഷം യോഗമെന്ന നിലപാടും തിരിച്ചടിച്ചു; മമ്മൂട്ടിയും ലാലും ഇന്നസെന്റും വമ്പൻ പ്രതിസന്ധിയിൽ; 'അമ്മ'യുടെ പ്രസക്തി ചോദ്യം ചെയ്ത് പൃഥ്വിരാജും: ഇങ്ങനെ പോയാൽ താരസംഘടന ഇല്ലാതാവും

പ്രകാശ് ചന്ദ്രശേഖർ

കൊച്ചി: നടിയെ ആക്രമിച്ചതിന് പിന്നിൽ ദിലീപിന്റെ പേര് ചർച്ചയായപ്പോൾ തന്നെ മമ്മൂട്ടിയും മോഹൻലാലും ചേർന്നൊരു നീക്കം നടത്തി. ഇന്നസെന്റും ഒത്ത് അവർ ദിലീപിനെ നേരിൽ കണ്ടു. സത്യം തരിക്കി. താൻ ഒന്നിലുമില്ലെന്നായിരുന്നു മറുപടി നൽകിയത്. വീണ്ടും വീണ്ടും ഇന്നസെന്റ് ചോദിച്ചു. അപ്പോൾ മകളുടെ തലയിൽ വച്ച് ദിലീപിന്റെ സത്യം ചെയ്യലും അരങ്ങേറി. ഇതോടെ മലയാള സിനിമയിലെ സൂപ്പർതാരങ്ങളും അമ്മയുടെ പ്രസിഡന്റ് ഇന്നസെന്റും ദിലീപിന് പിന്തുണ നൽകാനുറപ്പിച്ചു. അങ്ങനെ അമ്മയുടെ യോഗത്തിൽ ഇരയ്‌ക്കൊപ്പം വില്ലനും നീതി നൽകാനുള്ള അത്യപൂർവ്വ തീരുമാനമെത്തി. നാളിതുവരെ ഒരു സംഘടനയും എടുക്കാത്ത തീരുമാനം. മുകേഷും ഗണേശും അമ്മയുടെ പത്രസമ്മേളന വേദിയിൽ ദിലീപിനായി വാദമുയർത്തിയപ്പോൾ ലാലും മമ്മൂട്ടിയും നിശബ്ദരായി. സംസാരിക്കാനൊരുങ്ങിയവരെല്ലാം താരരാജക്കന്മാരുടെ മൗനത്തിന് മുമ്പിൽ വായടച്ചു. പിന്നെ കഥയുടെ ഗതിമാറി. ഇപ്പോൾ എന്തു ചെയ്യണമെന്ന് മോഹൻലാലിനും മമ്മൂട്ടിക്കും അറിയില്ല.

ദിലീപിനെ അറസ്റ്റ് ചെയ്തപ്പോൾ പോലും സിദ്ദിഖിനെ പോലുള്ളവർ പിന്തുണയുമായെത്തി. അമ്മയിൽ നിന്ന് ദിലീപിനെ പുറത്താക്കിയതിനെ ചോദ്യം ചെയ്തു. എല്ലാം ചിലരുടെ തിരക്കഥയാണെന്നും തെളിവൊന്നുമില്ലെന്നും സിദ്ദിഖ് പറഞ്ഞു വച്ചു. സോഷ്യൽ മീഡിയയിലെ പി ആർ വർക്കിലൂടെ എ്ല്ലാം അനുകൂലമാക്കാമെന്നും കരുതി. ദിലീപിന് ജാമ്യം കിട്ടിയ ശേഷം മതി അമ്മയുടെ യോഗമെന്ന സിദ്ദിഖിന്റെ അഭിപ്രായവും ലാലും മമ്മൂട്ടിയും അംഗീകരിച്ചു. ഇന്നസെന്റ് കൈകഴുകി ഒളിവിൽ പോയി. രോഗ ചികിൽസയിലാണെന്ന ഇന്നസെന്റിന്റെ വാദം സിനിമാക്കാർ പോലും വിശ്വാസത്തിലെടുക്കുന്നില്ല. അമ്മയുടെ യോഗം വിളിക്കാതിരിക്കാനുള്ള കുതന്ത്രമാണേ്രത ഒളിവ് ജീവിതം. ഏതായാലും ദിലീപിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളുമ്പോൾ ലാലും മമ്മൂട്ടിയും ഇന്നസെന്റും വെട്ടിലാണ്. എന്ത് ചെയ്യണമെന്ന് അറിയാത്ത പ്രതിസന്ധി.

ദിലീപിനെ അറസ്റ്റ് ചെയ്ത ഉടനെ മമ്മൂട്ടി അമ്മയുടെ അവൈലബിൾ എക്‌സിക്യൂട്ടീവ് വിളിച്ചു. പതിവില്ലാതെ എത്തിയ പൃഥ്വിരാജ് നിലപാട് കടുപ്പിച്ചപ്പോൾ ദിലീപ് സംഘടനയിൽ നിന്ന് പുറത്തായി. മമ്മൂട്ടിയുടെ നിലപാടുകളെ പൃഥ്വി തള്ളിക്കളഞ്ഞിരുന്നു. മോഹൻലാലിന്റെ ഇടപെടലായിരുന്നു അന്ന് സംഘടന പൊളിയാതെ പിടിച്ചു നിർത്തിയത്. അടുത്ത ദിവസം എക്‌സിക്യൂവ് വിളിച്ച് കൂടുതൽ തീരുമാനമെന്നും പ്രഖ്യാപിച്ചു. തലമുറ മാറ്റം പോലും പൃഥ്വി ചർച്ചയാക്കി. ഇതോടെ പൃഥ്വിയെ പൊളിക്കാൻ കൊച്ചിയിലെ ലോബി തയ്യാറായി. അതിന് തിരക്കഥ ഒരുക്കി. ദിലീപിന് ജാമ്യം കിട്ടിയ ശേഷം മതി യോഗമെന്ന് തീരുമാനിപ്പിച്ചു. ഇതിനിടെയിൽ പൃഥ്വിക്കും മഞ്ജു വാര്യർക്കുമെതിരെ ആരോപണങ്ങളും സജീവമാക്കി. ഇതെല്ലാം ദിലീപിന് പിന്തുണ കൂട്ടാനുള്ള തന്ത്രമായിരുന്നു. ആരോപണത്തിന്റെ പുകമറ മാത്രമേ ദിലീപിനെതിരെയുള്ളൂവെന്ന് വരുത്താൻ ശ്രമിച്ചു. ജാമ്യാപേക്ഷയിലെ അനുകൂല വിധിയായിരുന്നു ദിലീപ് ഫാൻസിന്റെ പ്രതീക്ഷ.

എന്നാൽ ഹൈക്കോടതി എല്ലാം അട്ടിമറിച്ചു. ദിലീപിന്റെ പങ്കിനു പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്ന നിരീക്ഷണത്തോടെ ഹൈക്കോടതി ജാമ്യാപേക്ഷ തള്ളി. കൃത്യമായ ആസൂത്രണത്തോടെ നടത്തിയ ആക്രമണം അതീവ ഗുരുതരമാണ്. ഗൂഢാലോചനയിലെ പങ്ക് തെളിയിക്കാൻ സാഹചര്യത്തെളിവുകൾ മതിയാകുമെന്നും ദിലീപിന്റെ ജാമ്യാപേക്ഷ തള്ളിക്കൊണ്ട് കോടതി പറഞ്ഞു. ഗുരുതര കുറ്റകൃത്യമാണു നടന്നത്. സൂക്ഷ്മമായ ആസൂത്രണവും ഗൂഢാലോചനയും നടന്നിട്ടുണ്ട്. ഒരു സ്ത്രീക്കെതിരേ ഗുണ്ടകളെ ഉപയോഗിച്ച് നടത്തിയ ഹീനകൃത്യം എന്ന അപൂർവതയും കോടതി പരാമർശിച്ചു. പ്രോസിക്യൂഷൻ ഉന്നയിച്ച വാദങ്ങളിൽനിന്നും ഹാജരാക്കിയ കേസ് ഡയറിയിലെ തെളിവുകളിൽനിന്നും ഇക്കാര്യങ്ങളെല്ലാം വെളിവാകുന്നുവെന്നു നിരീക്ഷിച്ചാണു കോടതി, ഈ ഘട്ടത്തിൽ പ്രതിയെ ജാമ്യത്തിൽ പുറത്തുവിടാൻ കഴിയില്ലെന്ന നിലപാടെടുത്തത്. അതായത് ഹൈക്കോടതി തള്ളിയത് അമ്മയുടെ നിലാപടുകളെയാണ്.

ഇതോടെ വീണ്ടും പൃഥ്വിരാജ് സജീവമാവുകയാണ്. ഇങ്ങനെ ഒരു സംഘടന വേണമോയെന്നാണ് പൃഥ്വി ചോദിക്കുന്നത്. ദേശീയപാതയിൽ നടി പീഡനത്തിനിരയായത് ഞെട്ടിപ്പിക്കുന്ന സംഭവമെന്നും കുറ്റകൃത്യം നടപ്പാക്കിയ രീതി അങ്ങേയറ്റം ഹീനമെന്നും പ്രതിക്കു ജാമ്യം നൽകിയാൽ സാക്ഷികളെ സ്വാധീനിക്കാൻ സാധ്യതയെന്നും കോടതി പോലും ചോദിക്കുന്നു. എന്നാൽ അമ്മയ്ക്ക് വലുത് മകന്റെ വികാരമാണ്. മകളെ ശിക്ഷിച്ചാലും മകനെ വെറുതെ വിടണം. ഈ നീതിയാണ് നടപ്പാക്കാൻ ശ്രമിക്കുന്നത്. ഇതിന് കൂട്ടുനിൽക്കേണ്ടതുണ്ടോയെന്ന ചർച്ചയാണ് പൃഥ്വിയെ അനുകൂലിക്കുന്നവർ സജീവമാക്കുന്നത്. ഫലത്തിൽ താരങ്ങൾക്ക് ഇനി സംഘടന വേണമോ എന്ന ചോദ്യമാണ് പൃഥ്വി ഉയർത്തുന്നത്. ഇതിന് വ്യാപക പിന്തുണയും ലഭിക്കുന്നു. ഹൈക്കോടതി ജാമ്യം തള്ളിയതോടെ ദിലീപ് ഉടനൊന്നും പുറത്തുവരില്ല. ഇതോടെ ദിലീപ് വന്ന ശേഷം മതി അമ്മയുടെ യോഗമെന്ന തീരുമാനം പരിഹാസ്യമായെന്നും പൃഥ്വിയെ അനുകൂലിക്കുന്നവർ പറയുന്നു.

ഇവരുടെ ചോദ്യങ്ങൾ മറുപടിയൊന്നും പറയാൻ തൽകാലം മമ്മൂട്ടിയും മോഹൻലാലും ഇന്നസെന്റും തയ്യാറല്ല. തനിക്കെതിരേ മതിയായ തെളിവുകളില്ലെന്നും സ്ഥിരം കുറ്റവാളിയായ പൾസർ സുനിയുടെ മൊഴി നിയമവൃത്തങ്ങൾ മുഖവിലയ്ക്കെടുക്കില്ലെന്നുമുള്ള വാദമാണ് ദിലീപ് ഉയർത്തിയിരുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ ജയിലിൽ സന്ദർശിച്ച അടുത്ത ബന്ധുക്കളോടു ദിലീപ് ഇക്കാര്യം സൂചിപ്പിക്കുകയും ചെയ്തിരുന്നു. മുതിർന്ന അഭിഭാഷകനെ കേസ് ഏൽപ്പിച്ചതോടെ ഹൈക്കോടതിയിൽ നിന്നു ജാമ്യം ലഭിക്കുമെന്ന ഉറച്ച പ്രതീക്ഷയിലായിരുന്നു താരം. ഇത് തന്നെയായിരുന്നു അമ്മയുടെ മുതിർന്ന അംഗങ്ങളും പങ്കുവച്ചിരുന്നത്. ജാമ്യാപേക്ഷ നിരസിക്കപ്പെട്ടത് നിരാശപ്പെടുത്തിയതിനപ്പുറം, കോടതി നടത്തിയ കടുത്ത പരാമർശങ്ങൾ അമ്മയെ തളർത്തുകയും ചെയ്തു. ഇവിടെ നിന്ന് താരസംഘടന എങ്ങനെ ഉയർത്തെഴുന്നേൽക്കുമെന്ന സംശയവും ഉണ്ട്. ജനപ്രതിനിധികളായ ഇന്നസെന്റിനും മുകേഷിനും ഗണേശിനും പ്രതിച്ഛായ നഷ്ടം പോലും ഉണ്ടായി. അങ്ങനെ പ്രതിസന്ധി മൂർച്ഛിച്ചു.

ദിലീപ് അറസ്റ്റിലായ അന്ന് അമ്മയുടെ അവൈലബിൾ എക്സിക്യൂട്ടീവ് ചേർന്നിരുന്നു. ഇത് മമ്മൂട്ടിയുടെ വീട്ടിലാണ് ചേർന്നത്. ഏവരേയും അൽഭുതപ്പെടുത്തി പൃഥ്വിരാജ് യോഗത്തിനെത്തി. ഇതോടെ വിമതസ്വരം ആദ്യമായി യോഗത്തിൽ ഉയർന്നു. മമ്മൂട്ടിയുടെ വാക്കുകളെ പോലും ചോദ്യം ചെയ്തു. ഒടുവിൽ ഒത്തുതീർപ്പിന് വഴങ്ങി ദിലീപിനെ പുറത്താക്കി. സസ്പെൻഷൻ മതിയെന്ന മമ്മൂട്ടിയുടെ നിലപാട് പൃഥ്വി അംഗീകരിച്ചില്ല. സംഘടന പിളരില്ലെന്ന് ഉറപ്പാക്കാൻ മോഹൻലാൽ വിട്ടുവീഴ്ചയ്ക്ക് നേതൃത്വം കൊടുത്തു. ഇതെല്ലാം പൃഥ്വിയുടെ സമ്മർദ്ദത്തിന്റെ ഫലമായിരുന്നു. അതിന് ശേഷം തന്റെ അച്ഛനെ പുറത്താക്കി വേദനിപ്പിച്ച സംഘടന പിടിച്ചെടുക്കുമെന്ന് പൃഥ്വി ചില സിനിമാക്കാരോട് പറഞ്ഞു. ഇതാണ് അതിന് പറ്റിയ സമയമെന്നും സിനിമയിലെ ദുഷിപ്പുകൾക്കെതിരെ പോരാട്ടം നടത്തുമെന്നും അറിയിച്ചു. ഈ സാഹചര്യത്തിൽ എക്സിക്യൂട്ടീവ് നടന്നാലും പൃഥ്വി എത്തും. നിലവിൽ ദിലീപ് അറസ്റ്റിലായതു കൊണ്ട് തന്നെ പലർക്കും പൃഥ്വിയുടെ വാദങ്ങളെ ചെറുക്കാൻ പോലും കഴിയില്ല. ഈ സാഹചര്യത്തിലാണ് യോഗം നീട്ടി വച്ചത്. ദിലീപ് ജാമ്യത്തിൽ ഇറങ്ങിയ ശേഷം യോഗം നടത്തിയാൽ മതിയെന്നാണ് ധാരണ. ഈ ധാരണയും ഇപ്പോൾ സൂപ്പർതാരങ്ങളെ തിരിഞ്ഞു കുത്തുന്നു.

തന്റെ അച്ഛൻ സുകുമാരനെ പുറത്താക്കിയ സംഘടന താൻ പിടിച്ചെടുക്കുമെന്ന നിലപാടിലാണ് പ്രഥ്വി. ഈ വാശിയും വൈരാഗ്യവും മോഹൻലാലിനും മമ്മൂട്ടിക്കും അറിയാം. അതുകൊണ്ട് തന്നെയാണ് ദിലീപിന്റെ അറസ്റ്റിനെ തുടർന്ന് പൃഥ്വിയുടെ ഉറച്ച നിലപാടിനെ ഇരുവരും മറ്റ് നിവർത്തിയില്ലാതെ അംഗീകരിച്ചത്. അമ്മയിലെ ദുഷിപ്പിനെ മാറ്റുമെന്ന് ഈ യോഗത്തിന് ശേഷം പൃഥ്വി തന്നെ പലരോടും പറഞ്ഞു കഴിഞ്ഞു. അമ്മയിലെ നടീ നടന്മാർക്ക് പെരുമാറ്റ ചട്ടം കൊണ്ടു വരും. അത് ലംഘിച്ചാൽ സംഘടനയിൽ നിന്ന് പുറത്തുമാക്കും. ഇതിനർത്ഥം അവരെ സിനിമയിൽ നിന്ന് വിലക്കുമെന്നല്ല. മറിച്ച് താരസംഘടനയുടെ പേരിലെ വിലപേശലുകൾക്ക് അച്ചടക്കം ലംഘിക്കുന്നവരെ അനുവദിക്കില്ല. യുവതാരങ്ങളുടെ സിനിമകളെ കൂവി തോൽപ്പിക്കുന്ന ജനപ്രിയ താരങ്ങളെ ഇനി അമ്മ ഉൾക്കൊള്ളേണ്ടതില്ലെന്നാണ് പൃഥ്വിയും നിലപാട്. തന്റെ അച്ഛന്റെ ഗതി തിലകനുണ്ടായി. ഇനിയത് ആർക്കും പാടില്ലെന്നും പൃഥ്വി വിശദീകരിക്കുന്നു.

അമ്മയിലെ തെറ്റുകൾ തിരുത്താൻ ഉചിതമായ സമയമാണിത്. സിനിമയിലെ മാഫിയാ വൽക്കരണം തുറന്നുകാട്ടപ്പെട്ടിരിക്കുന്നു. അതുകൊണ്ട് തന്നെ ഉറച്ച നിലപാടുകൾ താനെടുക്കുമെന്ന് പൃഥ്വി മുതിർന്ന താരങ്ങളേയും സംവിധായകരേയും നിർമ്മാതാക്കളേയും അറിയിച്ചിട്ടുണ്ട്. അമ്മയുടെ തലപ്പത്ത് സമ്പൂർണ്ണ അഴിച്ചു പണി വേണമെന്നാണ് പൃഥ്വിയുടെ ആവശ്യം. ഇതിന് മോഹൻലാലും മമ്മൂട്ടിയും വഴങ്ങില്ല. ഇതോടെ അമ്മയെന്ന സംഘടനയുടെ നിലനിൽപ്പ് തന്നെ പ്രതിസന്ധിയിലാവുകയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP