Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ചന്ദ്രശേഖരനും സുനിൽകുമാറും ആയുർവേദ ചികിൽസയിൽ; ഗുജറാത്തിലെ ആനന്ദിൽ രാജുവും; എതിർത്തിരുന്ന നാല് സിപിഐ മന്ത്രിമാരിൽ മൂന്ന് പേരും ഇന്ന് സൗകര്യപൂർവ്വം വിട്ടു നിൽക്കും; പ്രതിപക്ഷത്തു നിന്നും എതിർപ്പുണ്ടാവില്ല; കോടികൾ വിലമതിക്കുന്ന കോവളം കോട്ടാരം ഇന്നത്തെ മന്ത്രിസഭ രവി മുതലാളിക്ക് തീറെഴുതി കൊടുക്കും

ചന്ദ്രശേഖരനും സുനിൽകുമാറും ആയുർവേദ ചികിൽസയിൽ; ഗുജറാത്തിലെ ആനന്ദിൽ രാജുവും; എതിർത്തിരുന്ന നാല് സിപിഐ മന്ത്രിമാരിൽ മൂന്ന് പേരും ഇന്ന് സൗകര്യപൂർവ്വം വിട്ടു നിൽക്കും; പ്രതിപക്ഷത്തു നിന്നും എതിർപ്പുണ്ടാവില്ല; കോടികൾ വിലമതിക്കുന്ന കോവളം കോട്ടാരം ഇന്നത്തെ മന്ത്രിസഭ രവി മുതലാളിക്ക് തീറെഴുതി കൊടുക്കും

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കോവളം കൊട്ടാരവും 63 ഏക്കർ സ്ഥലവും സ്വകാര്യ ഹോട്ടൽ ഗ്രൂപ്പിനു വിട്ടുകൊടുക്കുന്നത് ഇന്നത്തെ മന്ത്രിസഭായോഗം പരിഗണിക്കും. സിപിഐയുടെ മന്ത്രിമാരായ ഇ.ചന്ദ്രശേഖരനും വി എസ്.സുനിൽകുമാറും ആയുർവേദ ചികിൽസയിലും കെ.രാജു ഗുജറാത്തിലെ ആനന്ദിലും ആയതിനാൽ പങ്കെടുക്കില്ല. കോവളം കൊട്ടാരം കൈമാറ്റത്തെ റവന്യൂമന്ത്രിയായ ചന്ദ്രശേഖരൻ എതിർത്തിരുന്നു. സുനിൽകുമാറും ഇതിന് എതിരാണ്. ഈ സാഹചര്യത്തിലാണ് ഇവരുടെ അസാന്നിധ്യത്തിൽ മന്ത്രിസഭ ഇക്കാര്യം പരിഗണിക്കുന്നത്.

സിപിഐയിൽനിന്നു പി.തിലോത്തമൻ മാത്രമേ ഇന്നത്തെ യോഗത്തിന് എത്തുകയുള്ളൂ. കൊട്ടാരവും സ്ഥലവും ആർപി ഗ്രൂപ്പിനു വിട്ടുകൊടുക്കുന്നതിനെ ജൂൺ 21ലെ മന്ത്രിസഭായോഗത്തിൽ ചന്ദ്രശേഖരൻ എതിർത്തിരുന്നു. സിപിഐ നേതാക്കളും കൈമാറ്റത്തെ പരസ്യമായി എതിർത്തിട്ടുണ്ട്. കൊട്ടാരവും സ്ഥലവും ആർപി ഗ്രൂപ്പിനു നൽകണമെന്നു ടൂറിസം വകുപ്പാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ഇതിനെതിരെ നിരവധി ആരോപണങ്ങളും ഉയർന്നിരുന്നു. കോവളം കൊട്ടാരം രവിപിള്ളയ്ക്ക് നൽകാനാണ് പിണറായി സർക്കാരിന്റെ പൊതു തീരുമാനം. ഇതിനെ പ്രതിപക്ഷവും അനുകൂലിക്കുന്നു.

എതിർപ്പുയരുന്നത് വി എസ് അച്യുചാനന്ദന്റെ ഭാഗത്ത് നിന്ന് മാത്രമാണ്. അതിനിടെ കോവളം കൊട്ടാരം കൈമാറ്റം അനുവദിക്കരുതെന്നാവശ്യപ്പെട്ട് റവന്യൂമന്ത്രി ഇ. ചന്ദ്രശേഖരൻ മുഖ്യമന്ത്രിക്ക് റിപ്പോർട്ട് നൽകിയത് ചർച്ചയുമായി. എന്നാൽ ഇത് അംഗീകരിക്കേണ്ടെന്നാണ് മുഖ്യമന്ത്രിയുടെ നിലപാട്.

കൊട്ടാരവും അനുബന്ധ ഭൂമിയും സർക്കാർ ഉടമസ്ഥതയിൽ നിലനിർത്തണമെന്നാവശ്യപ്പെട്ട് വി എസ്. അച്യുതാനന്ദൻ, വി എം. സുധീരൻ എന്നിവർ കത്ത് നൽകിയിരുന്നു. ഭൂമികൈമാറ്റ രേഖകളുടെ വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് റവന്യൂമന്ത്രി കൊട്ടാരം കൈമാറ്റത്തെ എതിർത്ത് റിപ്പോർട്ട് നൽകിയത്. നിരന്തരമായ ആവശ്യത്തെത്തുടർന്ന് 1970-ൽ കോവളം കൊട്ടാരവും തുടർന്ന് അനുബന്ധ സ്ഥലമായി 63.88 ഏക്കർ സ്ഥലവും കേന്ദ്രസർക്കാരിന് കൈമാറുമ്പോൾ ഭൂമിയിന്മേൽ കൈവശാവകാശം മാത്രമേ നൽകിയിരുന്നുള്ളൂ. കൈമാറ്റം ചെയ്യുന്നതിനുള്ള അവകാശം നൽകിയിരുന്നില്ലെന്ന് റവന്യൂമന്ത്രി ചൂണ്ടിക്കാട്ടുന്നു.

പിന്നീട് നടന്ന കേസുകളിൽ സർക്കാർ തോറ്റെങ്കിലും അവസാന തീർപ്പായി കാണേണ്ടെന്നാണ് വിശദീകരണം. കൈമാറ്റം ചെയ്യാനുള്ള അവകാശം ഇല്ലാതിരിക്കേയാണ് 2002-ൽ കേന്ദ്ര സർക്കാർ ഈ കൊട്ടാരവും സ്ഥലവും വിറ്റത്. പിന്നീട് ഇത് പലകുറി കൈമറിഞ്ഞ് ആർ.പി. ഗ്രൂപ്പിന്റെ കൈവശമെത്തി. 2005-ൽ സർക്കാർ കൊട്ടാരവും സ്ഥലവും ഏറ്റെടുത്ത് നിയമനിർമ്മാണം നടത്തിയെങ്കിലും 2011-ൽ കോടതി നിയമം റദ്ദാക്കി. ഡിവിഷൻ ബെഞ്ചും ഇത് അംഗീകരിച്ചു. ഇതിന്റെ മറവിലാണ് കൊട്ടാരം കൈമാറാനുള്ള ശ്രമം.

യു.ഡി.എഫ്. സർക്കാരിന്റെ അവസാനകാലത്ത് ഭൂമി ഹോട്ടൽ ഉടമകൾക്ക് കൈമാറണമെന്നുള്ള നിയമവകുപ്പിന്റെ ഉപദേശത്തോടെ ഫയൽ സമർപ്പിച്ചു. തിരഞ്ഞെടുപ്പിനുശേഷം ഫയൽ സമർപ്പിക്കാൻ നിർദ്ദേശിച്ച് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി മടക്കി. പ്രതിഷേധം കാരണം തീരുമാനം എടുത്തില്ല. എന്നാൽ പിണറായി സർക്കാർ നടപടികളുമായി മുന്നോട്ട് പോയി. കൊട്ടാരവും സ്ഥലവും ഏറ്റെടുത്തുകൊണ്ടുള്ള നിയമം കോടതി റദ്ദാക്കിയതിനാൽ അപ്പീൽ നൽകിയിട്ട് കാര്യമില്ലെന്നും ആർ.പി. ഗ്രൂപ്പിന് അവ വിട്ടുനൽകുന്നതാകും ഉചിതമെന്നും കാണിച്ച് അഡ്വക്കേറ്റ് ജനറലും അറ്റോർണി ജനറലും സർക്കാരിന് ഉപദേശം നൽകിയിരുന്നു.

തുടർന്നാണ് ഇക്കാര്യത്തിൽ തീരുമാനം അനിവാര്യമാക്കുന്നത്. ഇതിൽ അന്റോർണി ജനറൽ മുമ്പ് രവി പിള്ളയ്ക്ക് വേണ്ടി കേസുവാദിച്ച വക്കീലായിരുന്നു. ആദ്യം അഡ്വക്കേറ്റ് ജനറൽ രവിപിള്ളയ്ക്ക് എതിരായിരുന്നു റിപ്പോർട്ട് നൽകിയത്. ഉന്നത ഇടപെടിലിലൂടെ ഇത് മാറ്റിച്ചു. സിപിഎമ്മിലെ പല ഉന്നതരുടെ മക്കളും ജോലി ചെയ്യുന്നത് രവിപിള്ളയുടെ സ്ഥാപനങ്ങളിലാണ്. ഈ സ്വാധീനമാണ് രവിപിള്ളയിലേക്ക് കോവളം കൊട്ടാരം എത്താനുള്ള സാധ്യത തെളിയിച്ചത്. വി എസ് അച്യുതാനന്ദനും വി എം സുധീരനിലും മാത്രമായി പ്രതിഷേധങ്ങൾ ചുരുങ്ങി. ഇതിനിടെയാണ് റവന്യൂമന്ത്രി കർശന നിലപാടുമായി രംഗത്ത് വരുന്നത്.

രാഷ്ട്രീയ ഭേദമന്യേ എല്ലാവർക്കും വേണ്ടപ്പെട്ടവനാണ് പ്രവാസി വ്യവസായി രവി പിള്ള. ഇടതുപക്ഷവുമായാണ് കൂടുതൽ അടുപ്പവും. പ്രമുഖരായ സി.പി.എം നേതാക്കളുടെ മക്കൾ ജോലി ചെയ്തിരുന്നത് ആർ പി ഗ്രൂപ്പിന് കീഴിലായിരുന്നു എന്നതാണ് ഈ അടുപ്പത്തിന് കൂടുതൽ കാരണം. അങ്ങനെയുള്ള പ്രവാസി വ്യവസായി രവി പിള്ളയെ പിണക്കാർ ഇടതു സർക്കാർ ഭരിക്കുമ്പോൾ തീരുമാനിക്കുമെന്ന് കരുതുന്നത് വെറും മിഥ്യാബോധമാണ്. എന്നാൽ റവന്യൂമന്ത്രി ഇ ചന്ദ്രശേഖരന് വിട്ടുവീഴ്ചയ്ക്ക് തയ്യാറല്ലെന്നത് മാത്രമാണ് ഏക ആശ്വാസം. എന്നാൽ പ്രവാസി വ്യവസായ ഭീമനായ രവി പിള്ളയുടെ സമ്മർദ്ദത്തെ എത്രകാലം അതിജീവിക്കാൻ രവി പിള്ളയ്ക്ക് കഴിയുമെന്നാണ് ഉയരുന്ന ചോദ്യം.

കോവളം കൊട്ടാരം വിലയ്ക്ക് വാങ്ങിയ ഹോട്ടൽഗ്രൂപ്പിന് കോടതിയിൽ നിന്നും അനുകൂല വിധിയുള്ള സാഹചര്യത്തിൽ വിട്ടുകൊടുക്കണമെന്ന് ടൂറിസം വകുപ്പ് ആവശ്യപ്പെട്ടിരുന്നു. മന്ത്രി എ.സി മൊയ്തീൻ ടൂറിസം വകുപ്പിന്റെ ചുമതല വഹിച്ചിരുന്ന കഴിഞ്ഞ സെപ്റ്റംബറിൽ ആയിരുന്നു ഈ വിട്ടുകൊടുക്കാനുള്ള നിർദ്ദേശം ഉയർന്നത്. തുടർന്നാണ് മന്ത്രിസഭാ യോഗത്തിൽ ടൂറിസം വകുപ്പ് മന്ത്രി ഇക്കാര്യം അവതരിപ്പിക്കുന്നത്. പിന്നാലെയാണ് റവന്യുവകുപ്പ് നിയമസെക്രട്ടറിയോടും അഡ്വക്കേറ്റ് ജനറലിനോടും നിയമോപദേശം തേടി. സർക്കാരിന്റെ പൊതു ഉടമസ്ഥതയിൽ കോവളം കൊട്ടാരം നിലനിർത്താൻ എന്തെങ്കിലും ചെയ്യാൻ പറ്റുമോ എന്നതാണ് റവന്യുവകുപ്പ് ആരാഞ്ഞതും. വിഷയത്തിൽ സിവിൽകേസ് ഫയൽ ചെയ്യാമെന്നാണ് അഡ്വക്കേറ്റ് ജനറൽ ആദ്യം നൽകിയ ഉപദേശം. പിന്നീട് ഇതു തിരുത്തി. അപ്പോഴും മന്ത്രി നിലപാടിൽ ഉറച്ചു നിൽകുകന്നു.

ഐടിഡിസിയുടെ കൈവശമായിരുന്ന കൊട്ടാരവും ഭൂമിയും 2002ലാണ് കേന്ദ്ര സർക്കാർ വിൽപ്പനയ്ക്ക് വച്ചത്. 43.68 കോടി രൂപയ്ക്ക് ഗൾഫാർ ഗ്രൂപ്പാണ് കൊട്ടാരം വാങ്ങിയത്. തുടർന്ന് ക്യാപ്റ്റൻ കൃഷ്ണൻ നായരുടെ ലീലാ ഗ്രൂപ്പിന് ഇവർ കൊട്ടാരം വിറ്റു. എന്നാൽ 2004-ൽ സെപ്റ്റംബറിൽ സംസ്ഥാന സർക്കാർ കൊട്ടാരവും ഭൂമിയും തിരിച്ചു പിടിച്ചു. തുടർന്ന് കൊട്ടാരം ഏറ്റെടുത്തതിന് നിയമ പരിരക്ഷ നൽകാൻ സർക്കാർ 2005ൽ നിയമം കൊണ്ടുവരുകയും ചെയ്തു. സർക്കാർ ഏറ്റെടുത്ത നടപടിക്കെതിരെ ലീലാ ഹോട്ടൽ ഗ്രൂപ്പ് നൽകിയ കേസ് സർക്കാരിന് തിരിച്ചടിയാകുകയും ചെയ്തു. കോവളം കൊട്ടാരം ഏറ്റെടുത്ത സർക്കാർ നടപടി ആദ്യം ഹൈക്കോടതി സിംഗിൾ ബെഞ്ച് റദ്ദാക്കി.

പിന്നാലെ ഡിവിഷൻ ബെഞ്ചും സിംഗിൽ ബെഞ്ച് വിധി ശരിവച്ച് സർക്കാരിന്റെ അപ്പീൽ തള്ളുകയും ചെയ്തു. 2014ൽ സുപ്രീംകോടതിയിൽ നിന്നും സർക്കാരിനെതിരായി ഹോട്ടൽ ഗ്രൂപ്പ് അനുകൂല വിധി നേടി. എന്നാൽ ഇതുവരെ കോവളം കൊട്ടാരം കൈമാറ്റം ചെയ്തിട്ടില്ല. സർക്കാരിന്റെ മേൽനോട്ടത്തിൽ തന്നെയാണ് ഇതുള്ളതും. പ്രവാസിയും വ്യവസായിയുമായ രവിപിള്ളയുടെ കൈകളിൽ എത്തിയ കൊട്ടാരം നിലവിൽ റാവിസ് എന്നാണ് അറിയപ്പെടുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP