Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

വർഷം സൂപ്പർ ഹിറ്റായതോടെ മമ്മൂട്ടിയും സൂപ്പർഹിറ്റ്; രണ്ട് വർഷത്തേക്ക് ഡേറ്റ് കൊടുത്തത് 16 ചിത്രങ്ങൾക്ക്; 62ാം വയസിലും മമ്മുക്ക യുവതാരങ്ങളെ നാണിപ്പിക്കുന്നത് ഇങ്ങനെ

വർഷം സൂപ്പർ ഹിറ്റായതോടെ മമ്മൂട്ടിയും സൂപ്പർഹിറ്റ്; രണ്ട് വർഷത്തേക്ക് ഡേറ്റ് കൊടുത്തത് 16 ചിത്രങ്ങൾക്ക്; 62ാം വയസിലും മമ്മുക്ക യുവതാരങ്ങളെ നാണിപ്പിക്കുന്നത് ഇങ്ങനെ

തിരുവനന്തപുരം: 2014ലെ പകുതി പിന്നിട്ടപ്പോൾ ഫ്‌ളോപ്പുകളുടെ രാജകുമാരൻ എന്ന വിശേഷണമായിരുന്നു മലയാളത്തിന്റെ മെഗാ സ്റ്റാർ മമ്മൂട്ടിക്ക്. തുടർച്ചയായി മമ്മൂട്ടിയുടെ ഒമ്പത് ചിത്രങ്ങളാണ് പൊട്ടിപ്പാളീസായത്. ആശിഖ് അബു ഒരുക്കിയ ഗ്യാങ്സ്റ്റർ പോലും സൂപ്പർതാരത്തെ രക്ഷിച്ചില്ല. ഒടുവിൽ രാജാധിരാജ എന്ന സിനിമയിലെ രാജ എന്ന കഥാപാത്രമാണ് മമ്മൂട്ടിയെ പഴയ മമ്മൂട്ടിയാക്കിയത്. ഈ സിനിമ തീയറ്ററുകളിൽ നിന്നും കോടികൾ വാരിയപ്പോൾ മമ്മൂട്ടി വീണ്ടും ജൈത്രയാത്ര ആരംഭിച്ചു. മുന്നറിയിപ്പ്, വർഷം എന്നീ സിനിമകളിലൂടെ വർഷാന്ത്യം മമ്മൂട്ടി തന്റേതാക്കി മാറ്റുകയും ചെയ്തു. അഭിനയപ്രാധാന്യമുള്ള വേഷങ്ങളിൽ മമ്മുക്ക ഒരിക്കൽ കൂടി കത്തിക്കയറുന്നത് ആരാധകർ കണ്ടു. ഇപ്പോഴിതാ യുവ സൂപ്പറുകളെയെല്ലാം നാണിപ്പിക്കും വിധമാണ് 62ാം വയസിൽ മമ്മൂട്ടികയുടെ കുതിപ്പ്. കോടികൾ വാരി വർഷം തീയറ്ററുകളിൽ കുടുംബപ്രേക്ഷകരെ നിറയ്ക്കുമ്പോൾ താരത്തിന് രണ്ട് വർഷത്തേക്ക് ഒന്നും പേടിക്കേണ്ടെന്ന സ്ഥിതിയിലാണ് കാര്യങ്ങൾ.

മമ്മൂട്ടിയൂടെ ഡേറ്റിനായി നിർമ്മാതാക്കൾ ഇപ്പോഴും ക്യൂ നിൽക്കുകയും ചെയ്യുന്നു. ഇനിയുള്ള രണ്ട് വർഷത്തേക്കുള്ള ചിത്രങ്ങളുടെ കരാർ മമ്മൂട്ടി ഒപ്പിട്ടുകഴിഞ്ഞു. രണ്ട് വർഷത്തിനിടെ 16 സിനിമകളിൽ അഭിനയിക്കാമെന്നാണ് സൂപ്പർതാരം ഏറ്റിരിക്കുന്നത്. അവസാനം അഭിനയിച്ച രണ്ട് കൊമേഴ്‌സ്യൽ ചിത്രങ്ങളും വിജയിച്ചതോടെ മമ്മുക്കയുടെ പിന്നാലെയാണ് നിർമ്മാതാക്കൾ. 2015ഉം മമ്മൂട്ടിയെ സംബന്ധിച്ചിടത്തോളം ഏറെ പ്രതീക്ഷകളുടേതാണ്. ജോഷി ചിത്രത്തിൽന്റെയും എം ടി വാസുദേവൻനായർ തിരക്കഥയൊഴുക്കുന്ന ചിത്രത്തിലും മമ്മൂക്ക നായകനാകും.

ബാല്യകാലസഖി, പ്രെയ്‌സ് ദ ലോർഡ്, ഗ്യാങ്‌സ്റ്റാർ, മംഗ്ലീഷ്, മുന്നറിയിപ്പ്, രാജാധിരാജ, വർഷം തുടങ്ങിയ ചിത്രങ്ങളാണ് മമ്മൂട്ടിയുടേതായി ഈ വർഷം പുറത്തിറങ്ങിയത്. ഓരോ വേഷവും ഒന്നിനൊന്ന് വ്യത്യസ്തമായിരുന്നു. കോമഡിയും ആക്ഷൻ, ഫാമിലി, സീരിയസ് തുടങ്ങി എല്ലാ ടൈപ്പ് കഥാപാത്രങ്ങളും ഈ ചിത്രങ്ങളിൽ മമ്മൂട്ടി അവതരിപ്പിച്ചു. ഇതിൽ അവസാനം പുറത്തിറങ്ങിയ മൂന്ന് ചിത്രങ്ങൾ വിജയിച്ചപ്പോൾ കുടുംബ പ്രേക്ഷകരുടെ പിന്തുണയോടെ വർഷം മെഗാഹിറ്റിലേക്കാണ് നീങ്ങുന്നത്. മമ്മൂട്ടിയുടെ പ്രൊഡക്ഷൻ കമ്പനി തന്നെയാണ് ഈ ചിത്രം നിർമ്മിച്ചത്. മമ്മൂട്ടിയെന്ന അഭിനയ പ്രതിഭയുടെ തിരിച്ചുവരവായാണ് ഈ സിനിമ വിശേഷിപ്പിക്കപ്പെട്ടത്. അടുത്ത രണ്ട് വർഷത്തേക്കായി കരാറായ 16 ചിത്രങ്ങളിൽ 13 എണ്ണത്തിനും പേരും ഇട്ടുകഴിഞ്ഞു. ഈ ലിസ്റ്റ് പ്രകാരം അഭിനയം തുടർന്നാൽ മമ്മുക്കയ്ക്ക് നിന്നുതിരിയാൻ സമയം കിട്ടിയേക്കില്ല.

ഫയർമാൻ, പത്തേമാരി, ഭാസ്‌കർ ദറാസ്‌ക്കൽ, ഡ്രൈവിങ് ലൈസൻസ്, പയ്യംപള്ളി ചന്തു, ജോർജിന്റെ മാർത്താണ്ഡൻ ചിത്രം, കമൽ ചിത്രം, ജോഷി - രഞ്ജൻ പ്രമോദ് ചിത്രം, വൈശാഖ് ചിത്രം, ജോഷി ചിത്രം, ബോബൻ സാമുവൽ ചിത്രം, അൻവർറഷീദ് ചിത്രം, അമൽ നീരദ് ചിത്രം, ജമാൽ ചിത്രം, വിനീത് ശ്രീനിവാസൻ, അനൂപ് മേനോൻ എന്നിവർ രചന നിർവ്വഹിക്കുന്ന ചിത്രങ്ങൾ, നവാഗതനായ അഖിൽ സംവാധാനം ചെയ്യുന്ന ചിത്രം, സിബിഐ ഡയറിക്കുറിപ്പിന്റെ അഞ്ചാം ഭാഗം എന്നിവയ്ക്കാണ് താരം ഡേറ്റ് കൊടുത്തിരിക്കുന്നത്.

ഫയർമാൻ

ദീപു കരുണാകരൻ മമ്മൂട്ടിയെ നായകനാക്കി ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമയാണ് ഫയർമാൻ. ചിത്രീകരണം നടക്കുന്ന ചിത്രത്തിൽ മമ്മൂട്ടി ടൈറ്റിൽ വേഷത്തിലഭിനയിക്കുന്നു. രഞ്ജിത്ത് മനോജിന്റേതാണ് കഥ. തിരക്കഥ സംവിധായകന്റെതാണ്. നൈല ഉഷയാണ് നായിക. മമ്മൂട്ടിയുടെ കുഞ്ഞനന്തന്റെ കട, ഗ്യാങ്‌സ്റ്റാർ എന്നീ ചിത്രങ്ങളിൽ നൈല അഭിനയിച്ചിട്ടുണ്ട്. ഗ്യാലക്‌സി ഫിലിംസിന്റെ ബാനറിൽ മിലൻ ജലീലാണ് ചിത്രം നിർമ്മിക്കുന്നത്. ഈ ചിത്രം ക്രിസ്മസ് റിലീസാണ്.

പത്തേമാരി

സലിം അഹമ്മദ് രചനയും സംവിധാനവും നിർവ്വഹിക്കുന്ന പത്തേമാരിയാണ് മമ്മൂട്ടിയുടെ മറ്റൊരു പ്രധാന ചിത്രം. ഈ സിനിമയുടെ പത്തുദിവസത്തെ ചിത്രീകരണം കഴിഞ്ഞു. ഇനിയും പത്ത് ദിവസം എറണാകുളത്ത് ഷൂട്ടിങ് ഉണ്ടാകും. അതുകഴിഞ്ഞ് ദുവായിൽ ചിത്രീകരണം നടക്കും. അഹമ്മദ് സംവിധാനം ചെയ്ത കുഞ്ഞനന്തന്റെ കടയിൽ മമ്മൂട്ടിയായിരുന്നു നായകൻ. നാരായണൻ നായർ എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്. ഏറെ കഷ്ടപ്പെട്ട് പായ്ക്കപ്പലിൽ കയറി ദുബായിൽ പോയി ജോലി ചെയ്തു വരുന്നയാളാണ് മമ്മൂട്ടിയുടെ കഥാപാത്രം, പല കാലഘട്ടങ്ങളും ഈ ചിത്രത്തിൽ വരുന്നുണ്ട്. മഴവിൽ മനോരമയിലെ ഡി ഫോർ ഡാൻസ് എന്ന റിയാലിറ്റി ഷോയുടെ അവതാരക ജ്യുവലാണ് നായിക. ജ്യുവലിന്റെ ആദ്യ ചിത്രമാണിത്.

ഭാസ്‌കർ ദ റാസ്‌കൽ

ഭാസ്‌കർ എന്ന ടൈറ്റിൽ കഥാപാത്രത്തെ മമ്മൂട്ടി അവതരിപ്പിക്കുന്ന ചിത്രം സിദ്ദിഖ് സംവാധാനം ചെയ്യുന്നു. ക്രോണ്ക് ബാച്ചിലർ എന്ന മമ്മൂട്ടി ചിത്രത്തിനുശേഷം സിദ്ദിഖും മമ്മൂട്ടിയുമൊന്നിക്കുന്ന ചിത്രമാണിത്. ആന്റോ ജോസഫ് ഫിലിം കമ്പനിയാണ് ചിത്രം നിർമ്മിക്കുന്നത്. സിദ്ദിഖ്-മമ്മൂട്ടി-നയൻതാര ടീമിന്റെ ചിത്രമെന്ന നിലയിൽ പ്രതീക്ഷയുണർത്തുന്ന സിനിമയാണിത്. രാപ്പകൽ, തസ്‌കരവീരൻ, എന്നി ചിത്രങ്ങളിൽ മമ്മൂട്ടയോടൊപ്പം സിദ്ദിഖ് സംവിധാനം ചെയ്ത ബോഡിഗാർഡിൽ ദിലീപിനൊപ്പവും നയന്താര അഭിനയിച്ചിട്ടുണ്ട്. ഇടവേളയ്ക്കുശേഷം നയൻതാര അഭിനയിക്കുന്ന ചിത്രമെന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്.

എസ് ജോർജ്, വിജീഷ് ജി മാർത്താണ്ഡൻ ചിത്രം

സിദ്ദിഖ് ചിത്രത്തിനുശേഷം മമ്മൂട്ടി ജോയിൻ ചെയ്യുന്ന ജി മാർത്തണ്ഡൻ സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ്. എസ് ജോർജ് നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ രചയിതാവ് വിജീഷാണ്. ഇമ്മാനുവലിന്റെ തിരക്കഥ എഴുതിയ വിജീഷിന്റെ അടുത്ത ചിത്രമാണിത്. മാർത്താണ്ഡന്റെ ആദ്യചിത്രമായ ദൈവത്തിന്റെ സ്വന്തം ക്ലീറ്റസിലും മമ്മൂട്ടിയാണ് നായകൻ. ക്ലീറ്റസിനുശേഷം മാർത്താണ്ഡൻ സംവാധാനം ചെയ്ുന്ന ചിത്രമെന്ന പ്രത്യേകതുയം ഇതിനുണ്ട്. 2013ൽ മമ്മൂട്ടിയുടെ ശ്രദ്ധിക്കപ്പെട്ട രണ്ട് ചിത്രങ്ങളായിരുന്നു ക്ലീറ്റസും ഇമ്മാനുവലും. മാർത്താണ്ഡനും വിജീഷും ആദ്യമായി ഒന്നിക്കുന് ചിത്രം കൂടിയാണിത്. എല്ലത്തരം പ്രേക്ഷകർക്കും ഇഷ്ടമാകുന്ന എന്റർടെയ്‌നറായിരിക്കുമിത്. പ്രേക്ഷകരെ ഏറെ രസിപ്പിക്കുന്ന ഒരു കഥാപാത്രമായാണ് മമ്മൂട്ടി ഈ സിനിമയിലെത്തുന്നത്.

കമൽ ചിത്രം

മമ്മൂട്ടി ചിത്രത്തെക്കുറിച്ച് നേരത്തെ അനൗൺസ് ചെയ്തിരുന്നു. ആമേന്റെ സ്‌ക്രിപ്റ്റ് എഴുതിയ ടി എ റഫീക്കാണ് ഈ ചിത്രത്തിന്റെ തിരക്കഥ എഴുതുന്നത്. പറഞ്ഞിരുന്നു. ചിത്രം ക്യാൻസർ ചെയ്തുവെന്ന വാർത്ത തെറ്റാണ് ഈ ചിത്രത്തിന്റെ മറ്റ് കാര്യങ്ങളൊന്നും തീരുമാനിച്ചിട്ടില്ല.

ജോഷി-രഞ്ജൻ പ്രമോദ് ചിത്രം

ജോഷി സംവിധാനം ചെയ്യുന്ന ചിത്രമാണ് മമ്മൂട്ടിയുടെ മറ്റൊരു പ്രോജക്ട്. രഞ്ജൻ പ്രമോദ് തിരക്കഥ എഴുതുന്ന ഈ ചിത്രം ഒരു ആക്ഷൻ സിനിമയായിരിക്കും. ഈ സിനിമയിൽ മഞ്ജു വാര്യർ നായികയാകാൻ സാധ്യതയുണ്ട്.

ലാൽ ജൂനിയറിന്റെ ഡ്രൈവിങ് ലൈസൻസ്

ലാൽ ജൂനിയർ മമ്മൂട്ടിയെ നായകനാക്കി ആദ്യമായി സംവിധാനം ചെയ്യുന്ന ഡ്രൈവിങ് ലൈസൻസാണ് മറ്റൊരു ചിത്രം. എം രഞ്ജിത്തായിരിക്കും ചിത്രം നിർമ്മിക്കുക. മറ്റൊരു സിനിമ സംവിധാനം ചെയ്ത ശേഷമായിരിക്കും ലാൽ ജൂനിയർ ഈ ചിത്രം സംവിധാനം ചെയ്യുന്നത്.

ജമാലിന്റെ ചിത്രം

ജോഷിയുടെ അസോസിയേറ്റ് ജമാൽ സംവിധാനം ചെയ്യാനിരുന്ന മമ്മൂട്ടി ചിത്രത്തിന്റെ ഡേറ്റ് മാറിയതുകൊണ്ടാണ് ഫയർമാനിൽ മമ്മൂട്ടി ജോയിൻ ചെയ്തത്. ഒരു ആക്ഷൻ സിനിമയാണ് നവാഗതനായ ജമാൽ ഒരുക്കുന്നത്. സ്‌ക്രിപ്റ്റ് പൂർത്തിയാകാത്തതുകൊണ്ടാണ് ചിത്രത്തിന്റെ ഡേറ്റ് മമ്മൂട്ടി മാറ്റിയത്. ഈ സിനിമയും മമ്മൂട്ടിയുടെ ഒരു പ്രധാന ചിത്രമാണ്.

പയ്യംവെളി ചന്തു

എംടി വാസുദേവൻ നായർ ഹരിഹരൻ മമ്മൂട്ടി ടീമിന്റെ പയ്യംവെളി ചന്തു ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ്. പഴശ്ശിരാജയ്ക്കു മുമ്പ് എടുക്കാൻ തീരുമാനിച്ചിരുന്ന ചിത്രമാണിത്. ഈ ചിത്രത്തിൽ പൃഥിരാജും അഭിനയിച്ചേക്കാം.

വിനീത് ശ്രീനിവാസൻ, അനൂപ്‌മേനോൻ എന്നിവർ രചന നിർവ്വഹിക്കുന്ന ചിത്രങ്ങൾ, നവാഗതനായ അഖിൽ സംവിധാനം ചെയ്യുന്ന ചിത്രം, വൈശാഖ് ചിത്രം, ബോബൻ സാമുവൽ ചിത്രം, അൻവർ റഷീദ ചിത്രം, അമൽ നീരദ് ചിത്രം എന്നിവയെക്കുറിച്ച് ചർച്ച നടക്കുന്നുണ്ട്. മമ്മൂക്കയ്ക്ക് ഏറെ ആരാധകരെ സമ്മാനിച്ച സേതുരാമയ്യരായും മെഗാ സ്റ്റാർ എത്തിയേക്കും. ചുരുക്കത്തിൽ 62ാം വയസിലും മലയാളത്തിൽ ഏറ്റവും സ്വീകാര്യതയുള്ള നടനായി മലയാളത്തിന്റെ മെഗാ സ്റ്റാർ മാറിയിട്ടുണ്ട്. യുവതാരങ്ങളിൽ ആർക്കും മമ്മുക്കയെ പിന്നിലാക്കാൻ സാധിച്ചിട്ടില്ല.

അവലംബം: വെള്ളിനക്ഷത്രം

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP