Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

നിതീഷ് ഇടഞ്ഞാൽ ഇടഞ്ഞത് തന്നെ! ശരദ് യാദവിനെ ജെഡിയു രാജ്യസഭാകക്ഷി നേതൃസ്ഥാനത്ത് നിന്ന് തുരത്തി; ആർപിപി സിങ് പകരക്കാരനാകും; പാർട്ടി പിളർപ്പിലേക്ക് തന്നെ

നിതീഷ് ഇടഞ്ഞാൽ ഇടഞ്ഞത് തന്നെ! ശരദ് യാദവിനെ ജെഡിയു രാജ്യസഭാകക്ഷി നേതൃസ്ഥാനത്ത് നിന്ന് തുരത്തി; ആർപിപി സിങ് പകരക്കാരനാകും; പാർട്ടി പിളർപ്പിലേക്ക് തന്നെ

മറുനാടൻ ബ്യൂറോ

പാറ്റ്‌ന: വിശാല സഖ്യത്തിൽ നിന്ന് പിരിഞ്ഞ് ബിജെപിക്കൊപ്പം ചേർന്ന് നിതീഷ് കുമാർ ബീഹാറിൽ മന്ത്രിസഭ രൂപീകരിച്ചതോടെയാണ് ശരദ് യാദവ് വഴിമാറലിന്റെ ആദ്യസൂചനകൾ നൽകിയത്. നിതീഷിന്റെ ചുവടുമാറ്റം ദൗർഭാഗ്യകരമെന്നും,യോജിക്കാനാവില്ലെന്നും അതൃപ്തി പ്രകടിപ്പിച്ച ശരദ് യാദവ് തന്നെ അനുകൂലിക്കുന്ന നേതാക്കളുടെ യോഗം വിളിക്കുകയും ചെയ്തു.

മഹാസഖ്യത്തിനാണ് ബിഹാറിലെ ജനങ്ങൾ വോട്ടു ചെയ്തതെന്നും താൻ ഇപ്പോഴും അതിൽ ഉറച്ചു നിൽക്കുന്നുവെന്നുമാണ് ശരദ് യാദവ് പറഞ്ഞ്. ശരദ് യാദവിന് സ്വന്തം വഴി തിരഞ്ഞെടുക്കാൻ സ്വാതന്ത്ര്യമുണ്ടെന്നായിരുന്നു നിതീഷിന്റെ മറുപടി. ഇത്തരത്തിൽ ഇരു നേതാക്കളും തമ്മിലുള്ള ബന്ധം വഷളായതിനു പിന്നാലെയാണ് ശരത് യാദവിനെ രാജ്യസഭാകക്ഷി നേതൃസ്ഥാനത്തു നിന്നും നീക്കിയത്.

രാമചന്ദ്ര പ്രസാദ് സിങ്ങ് ഇനി പാർട്ടിക്ക് രാജ്യസഭയിൽ നേതൃത്വം നൽകും. അടുത്ത കാലത്തായി ശരദ് യാദവിന്റെ ഭാഗത്തുനിന്നുണ്ടായ നടപടികളാണ് അദ്ദേഹത്തിനെതിരായ നടപടിക്ക് കാരണമായതെന്നും നേതൃസ്ഥാനം വഹിക്കുന്നൊരാൾ പാർട്ടി വിരുദ്ധ പ്രവർത്തനങ്ങളിൾ ഏർപ്പെടുന്നത് അപലപിക്കപ്പെടേണ്ടതാണെന്നും ജെ ഡി യു ബിഹാർ പ്രസിഡന്റ് വസിഷ്ഠ നാരായൺ പറഞ്ഞു.
1984 ബാച്ചിലെ ഐ എ എസ് ഉദ്യോഗസ്ഥനായ രാമചന്ദ്രപ്രസാദ് സിങ് സ്വയം വിരമിക്കലിനു ശേഷമാണ് രാഷ്ട്രീയത്തിലിറങ്ങുന്നത്. നിതീഷ് കുമാറിന്റെ അടുത്ത അനുയായി കൂടിയാണ് രാമചന്ദ്ര പ്രസാദ് സിങ്.

ബീഹാറിലെ അലയൊലികൾ ഗുജറാത്തിലെ രാജ്യസഭാതെരഞ്ഞെടുപ്പിലും പ്രതിഫലിച്ചിരുന്നു. ബിജെപിക്കും അമിത് ഷായ്ക്കുമെതിരെ വിജയം നേടിയ അഹമദ് പട്ടേലിനെ ശരത് യാദവ് അനുമോദിച്ചത് ഇതിന്റെ ഭാഗമായാണ്. പട്ടേലിനൊപ്പമിരിക്കുന്ന ഫോട്ടോ ട്വിറ്ററിൽ പോസ്റ്റ് ചെയ്താണ് അഭിനന്ദനം അറിയിച്ചത്. അഹമ്മദ് പട്ടേലിനെ അഭിന്ദനിച്ചതും പിന്തുണ പ്രഖ്യാപിച്ചതും നിതീഷുമായി വഴിപിരിയുന്നതിന്റെ സൂചനകളായിരുന്നു.

ജെഡിയു എൻഡിഎയുടെ ഭാഗമാകുന്നതുമായി ബന്ധപ്പെട്ടാണ് പുതിയ നീക്കമെന്ന് ന്യായമായി സംശയിക്കാം. ബിഹാർ മുഖ്യമന്ത്രിയും ജെഡിയു പ്രസിഡന്റുമായ നിതീഷ് കുമാറിനെ എൻഡിഎ സഖ്യത്തിലേക്ക് കഴിഞ്ഞ ദിവസം ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ ക്ഷണിച്ചിരുന്നു.'ജെഡിയു പ്രസിഡന്റ് നിതീഷ് കുമാറുമായി എന്റെ വസതിയിൽ വച്ച് കൂടിക്കാഴ്ച നടത്തി. ജെഡിയുവിനെ എൻഡിഎയിലേക്ക് ഞാൻ ക്ഷണിച്ചു' അമിത് ഷാ ട്വിറ്ററിൽ കുറിച്ചു. ബിഹാറിൽ ബിജെപിജെഡിയു സഖ്യമാണ് ഭരണം നടത്തുന്നതെങ്കിലും ജെഡിയു എൻഡിഎയുടെ ഭാഗമല്ല.

അമിത് ഷായുടെ ക്ഷണത്തോടുള്ള ജെഡിയുവിന്റെ ഔദ്യോഗിക പ്രതികരണം ഈ മാസം 19ന് പട്‌നയിൽ നടക്കുന്ന ജെഡിയു എക്‌സിക്യൂട്ടിവിന് ശേഷമേ ഉണ്ടാകൂവെന്നാണ് കരുതുന്നത്. ജെഡിയു മോദി സർക്കാരിന്റെ ഭാഗമാകുമോ എന്നു ചോദിച്ചപ്പോൾ അത് സ്വാഭാവികമല്ലേ എന്നായിരുന്നു ഒരു മുതിർന്ന ജെഡിയു നേതാവിന്റെ പ്രതികരണം. ബിഹാറിൽ രണ്ടു പാർട്ടികളും ഒരുമിച്ച് പ്രവർത്തിക്കുമ്പോൾ കേന്ദ്രത്തിലും അങ്ങനെ തന്നെയാകുമെന്നും അദ്ദേഹം വ്യക്തമാക്കി.

മാസങ്ങൾക്കു മുമ്പ് തന്നെ ജെഡിയു നേതൃത്വത്തിൽ അസ്വാരസ്യങ്ങൾ ഉടലെടുത്തിരുന്നു. നോട്ട് റദ്ദാക്കലിനെയും ജിഎസ്ടിയെയും പരസ്യമായി പിന്തുണച്ച് നിതീഷ് രംഗത്തെത്തിയത് ശരത് യാദവിനെ ചൊടിപ്പിച്ചിരുന്നു. ജെഡിയു പ്രസിഡന്റ് സ്ഥാനത്ത് മടങ്ങിയെത്തിയ ശരത് യാദവ് ആർജെഡി, കോൺഗ്രസ് തുടങ്ങിയ പാർട്ടികളുമായി സഹകരിച്ച് പ്രവർത്തിക്കാനാണ് ഉദ്ദേശിക്കുന്നത്.

ഗുജറാത്ത് രാജ്യസഭാ തെരഞ്ഞെടുപ്പിൽ, ജെഡിയു എംഎൽഎയായ ഛോട്ടുഭായി വാസവയുടെ വോട്ട് അഹമ്മദ് പട്ടേലിന്റെ വിജയത്തിന് സുപ്രധാന പങ്ക് വഹിച്ചിട്ടുണ്ട്. ബീഹാറിലെ ജെഡിയു-ആർജെഡി-കോൺഗ്രസ് വിശാല സഖ്യം തകർത്ത് നിതീഷ് കുമാർ എൻഡിഎയിൽ ചേക്കേറിയതിനെ പിന്നാലെ തന്റെ വോട്ട് കോൺഗ്രസിനാണെന്നും എൻഡിഎയെ പിന്തുണയ്ക്കില്ലെന്നും അദ്ദേഹം പ്രഖ്യാപിച്ചിരുന്നു.

എൻഡിഎയുമായി ചേർന്ന് മന്ത്രിസഭ രൂപീകരിക്കുന്ന കാര്യം ജെഡിയുവിലെ മറ്റ് നേതാക്കളോട് എന്തുകൊണ്ട് ആലോചിച്ചില്ലെന്നും ചോദിച്ച ഛോട്ടുഭായി, ഗുജറാത്തിൽ രാജ്യസഭാ തെരഞ്ഞെടുപ്പിൽ അഹമ്മദ് പട്ടേലിന്റെ എതിർ സ്ഥാനാർത്ഥി ബൽവന്ത്സിങ് രജപുതിനെ പിന്തുണക്കാൻ നിതീഷ് ആവശ്യപ്പെട്ടിരുന്നു എന്ന കെ.സി. ത്യാഗിയുടെ വാദം തള്ളുകയും ചെയ്തിരുന്നു.

അതേസമയം, തങ്ങളുമായുള്ള ബന്ധം ഉപേക്ഷിച്ച് ബിജെപിയുമായി സഖ്യമുണ്ടാക്കിയ നിതീഷ് കുമാറിനെതിരെ ആർജെഡി നേതാവ് ലാലുപ്രസാദ് യാദവ ഉയർത്തിക്കാട്ടുന്നത് ശരദ് യാദവിനെയാണ്.ബിജെപിക്കെതിരെയുള്ള പോരാട്ടത്തിന് നേതൃത്വം നൽകണമെന്നാവശ്യവുമായി ശരത് യാദവിന് ലാലുവിന്റെ ഫോൺകോളെത്തി. തുടർന്ന് മാധ്യമങ്ങൾക്ക് മുന്നിൽ ശരത് യാദവ് ഞങ്ങളുടെ നേതാവെന്നും ലാലു ആവർത്തിച്ചു.

വിശാല സഖ്യത്തിനൊപ്പം തകർന്നത് 11 കോടി ജനങ്ങളുടെ വിശ്വാസമാണെന്ന് ശരദ് യാദവ് പ്രഖ്യാപിച്ചതോടെ, ജെഡിയു അനിവാര്യമായ പിളർപ്പിലേക്ക് നീങ്ങുകയായിരുന്നു. ഇതിന് ആക്കം കൂട്ടുന്ന നടപടിയാണ് രാജ്യസഭാകകക്ഷി നേതൃസ്ഥാനത്ത് നിന്ന് ശരദ് യാദവിനെ തുരത്തിയ നീക്കം.

 

 

 

 

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP