Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

വിശാൽ സിഖയും നാരായണ മൂർത്തിയും അടിയുണ്ടാക്കിയപ്പോൾ ഒറ്റ ദിവസം കൊണ്ട് നാരായണ മൂർത്തിക്ക് നഷ്ടമായത് 1000 കോടി രൂപ; നിക്ഷേപകർക്ക് മൊത്തം പോയത് 33,000 കോടി; മൂന്ന് കൊല്ലം കൊണ്ട് ഇൻഫോസിസിനെ മാറ്റിമറിക്കാൻ പരിശ്രമിച്ച സിഇഒ പടിയിറങ്ങുമ്പോൾ ഇന്ത്യൻ ഐടി ഭീമന്റെ അടിത്തറയിൽ വിള്ളൽ

വിശാൽ സിഖയും നാരായണ മൂർത്തിയും അടിയുണ്ടാക്കിയപ്പോൾ ഒറ്റ ദിവസം കൊണ്ട് നാരായണ മൂർത്തിക്ക് നഷ്ടമായത് 1000 കോടി രൂപ; നിക്ഷേപകർക്ക് മൊത്തം പോയത് 33,000 കോടി; മൂന്ന് കൊല്ലം കൊണ്ട് ഇൻഫോസിസിനെ മാറ്റിമറിക്കാൻ പരിശ്രമിച്ച സിഇഒ പടിയിറങ്ങുമ്പോൾ ഇന്ത്യൻ ഐടി ഭീമന്റെ അടിത്തറയിൽ വിള്ളൽ

മറുനാടൻ ഡെസ്‌ക്

ബെംഗളൂരു: ഇൻഫോസിസിനെ അടിമുടി മാറ്റുക എന്ന ലക്ഷ്യത്തോടെയാണ് വിശാൽ സിഖ എന്ന 'കൂൾ ബോസ്' മൂന്ന് വർഷങ്ങൾക്ക് മുമ്പ് ഇൻഫോസിസിന്റെ തലവനായി പടികയറിയത്. എന്നാൽ സ്ഥാപക നേതാക്കളിലൊരാളായ നാരായണമൂർത്തിയുമായുള്ള തുറന്ന പോര് സിഖയുടെ രാജിയിൽ കലാശിച്ചപ്പോൾ വെള്ളിയാഴ്ച എന്ന ഒറ്റ ദിവസം കൊണ്ട് ഇൻഫോസിസിലെ മൊത്തം നിക്ഷേപകർക്ക് പോയത് 33,000 കോടി രൂപയാണ്. അടിയുണ്ടാക്കിയ നാരായണ മൂർത്തിക്ക് മാത്രം നഷ്ടപ്പെട്ടതാവട്ടെ 1000 കോടി രൂപയും. മൂർത്തിക്കും കുടുംബത്തിനും 3.44 ശതമാനം ഷെയറാണ് ഇൻഫോസിസിൽ ഉളത്.

ഇൻഫോസിസ് ബോർഡിന്റെ ശക്തമായ പിന്തുണ ഉണ്ടായിട്ടും നാരായണ മൂർത്തിയിൽ നിന്നും തുടർച്ചയായി നേരിട്ടുകൊണ്ടിരുന്ന അപമാനപ്പെടുത്തലാണ് സിഖയുടെ രാജിയിലേക്ക് വഴിവെച്ചത്. ഇതോടെ ഇൻഫോസിസ് ബോർഡ് ഒന്നടങ്കം നാരായണ മൂർത്തിയെ കുറ്റപ്പെടുത്തി എങ്കിലും മൂർത്തിക്ക് ഇതിലൊന്നും ലവലേശം കുലുക്കമില്ല.

2016ന്റെ രണ്ടാം പകുതിയോടെയാണ് വിശാൽ സിഖയും നാരായണ മൂർത്തിയും തമ്മിലുള്ള തമ്മിലടി മുറുകുന്നത്. ഫെബ്രുവരിയോടെ ഇത് ശക്തമാകുകയും ഒരാഴ്‌ച്ചയ്ക്ക് മുന്നേ രാജി എന്ന തീരുമാനത്തിലേക്ക് വിശാൽ സിഖ എത്തുകയുമായിരുന്നു. ആദ്യം കമ്പനിയുടെ പേരിൽ നാരായണ മൂർത്തിയുമായി ഉണ്ടായ തർക്കം കഴിഞ്ഞ ഫെബ്രുവരിയോടെ വ്യക്തിപരമായ ആക്രമണമായി മാറി. ഉത്തരവാദിത്തങ്ങൾക്കിടയിലും മണിക്കൂറുകൾ അദ്ദേഹത്തിന്റെ യാതൊരു യുക്തിയുമില്ലാത്ത ചോദ്യങ്ങൾക്ക് മറുപടി പറയേണ്ട അവസ്ഥയായി. ജോലിക്കാർക്ക് തന്നെ പലപ്പോഴും സംശയമായി ആരാണ് തലവനെന്ന കാര്യത്തിൽ. വിശാൽ തന്നെ ഏൽപ്പിച്ച ജോലി ചെയ്യണമോ എന്ന ചോദ്യം പോലും പലരിൽ നിന്നും ഉണ്ടായി. ഇത് ചില സമയങ്ങളിൽ കമ്പനിയെ പോലും ബാധിക്കുമെന്ന അവസ്ഥയിലേക്കും നീങ്ങി. ഇതോടെ രാജി എന്ന തീരുമാനത്തിൽ എത്തുകയായിരുന്നു എന്നും സിഖ പറയുന്നു. എന്നാൽ കമ്പനിയിൽ ഉള്ളവർ ഒന്നടങ്കം തന്റെ രാജിയെ എതിർത്തതായും സിഖ പറയുന്നു. എന്നാൽ രാജി എന്ന തീരുമാനത്തിൽ മൂർത്തി ഉറച്ച് നിൽക്കുകയായിരുന്നു.

2014ൽ ഇൻഫോസിസിന്റെ തലവനായി ചുമതലയേറ്റ സിഖ ഇൻഫോസിസിന്റെ കരുത്തറ്റ വളർച്ചയ്ക്ക് വേണ്ട നല്ല അടിത്തറ പാകിയ ശേഷമാണ് വിരമിക്കുന്നത്. കഴിഞ്ഞ ജൂലൈ 14ന് വിശാൽ സിഖ എന്ന മനുഷ്യൻ ഇൻഫോസിസിന്റെ ത്രൈമാസ ഫല പ്രഖ്യാപനമത്തിന് മാധ്യമ പ്രവർത്തകർക്ക് മുന്നിലേക്ക് എത്തിയത് ആർക്കും അത്രപെട്ടെന്നൊന്നും മറക്കാനാവില്ല. അത്ര അവിസ്മരണീയമായിരുന്നു ആ നിമിഷം. ഡജ്രൈവറില്ലാ വാഹനത്തിലായിരുന്നു അന്ന് അദ്ദേഹം വന്നെത്തിയത്. അതും ഇന്ത്യയിലെ ആദ്യ ഡ്രൈവറില്ലാ കാർ. അതും സിഖയുടെ മേൽനോട്ടത്തിൻ കീഴിൽ ഇൻഫോസിസ് നിർമ്മിച്ചത്. മൂന്നു വർഷം മുൻപ് ഇൻഫോസിസ് സാരഥ്യം ഏറ്റെടുത്തതുമുതൽ പുതുമയും വ്യത്യസ്തതയുമായിരുന്നു വിശാൽ സിക്കയുടെ ശൈലി.

കമ്പനിയുടെ ഏറ്റവും തലപ്പത്തെ ഉദ്യോഗസ്ഥനായിരുന്നെങ്കിലും സഹപ്രവർത്തകർക്കിടയിൽ വളരെ കൂളായി ഈ മനുഷ്യൻ ഇറങ്ങി ചെല്ലുന്നത് പലർക്കും അത്ഭുതമായിരുന്നു. ഇൻഫോസിസ് ക്യാംപസിലെ പുൽത്തകിടിയിലൂടെ ചെരിപ്പിടാതെ നടത്തം, സഹപ്രവർത്തകരുടെ തോളിൽ കയ്യിട്ട് തലങ്ങും വിലങ്ങും സെൽഫി, ടൈയും കോട്ടുമൊന്നും വേണ്ടെന്നും സൗകര്യപ്രദമായ വേഷമാകാമെന്നുമുള്ള 'ആശ്വാസ' നിർദ്ദേശം അടിമുടി മാറ്റം. ജീവനക്കാർക്ക് ഓഫിസിൽ ഫേസ്‌ബുക് ഉൾപ്പെടെയുള്ള സമൂഹമാധ്യമങ്ങൾ ഉപയോഗിക്കാൻ അനുവാദം കൂടി കൊടുത്തതോടെ ഇൻഫി ക്യാംപസിന്റെ സ്വഭാവം തന്നെ മാറി. ഐടി മേഖലയിൽ 'സിക്ക സ്‌റ്റൈൽ' എന്ന പ്രയോഗവും ഹിറ്റായി. ഏതാനും ചിലർ ചേർന്നു തീരുമാനങ്ങളെടുക്കുന്ന രീതി മാറണമെന്നും എല്ലാവരും ആശയരൂപീകരണത്തിന്റെ ഭാഗമാകണമെന്നും വിശാൽ സിക്ക പറഞ്ഞു. എല്ലാ ജീവനക്കാരെയും ചേർത്തു 'മർമറേഷൻ' എന്ന ആശയക്കൂട്ടായ്മയ്ക്കും സിഖ രൂപം നൽകി.

ജീവനക്കാരുടെ പ്രവർത്തനക്ഷമത കൂട്ടാനുള്ള പദ്ധതികൾ വിജയിച്ചതോടെ സിക്ക അടുത്ത ലക്ഷ്യം പ്രഖ്യാപിച്ചു''മാറ്റങ്ങളെ ഉൾക്കൊള്ളണം. അവയ്ക്കു മുൻപേ പറക്കണം. എഐ, ഓട്ടമേഷൻ, റോബട്ടിക്‌സ് തുടങ്ങി വൈവിധ്യമാർന്ന വഴികളിലേക്ക് ഇൻഫോസിസ് ചിറകു വിരിക്കണം.'' ആദ്യം നടപ്പാക്കിയത് 'സീറോ ഡിസ്റ്റൻസ് പ്രോഗ്രാം'. നൂതന സാങ്കേതികവിദ്യയുടെ എല്ലാ സാധ്യതയും ഉപയോഗപ്പെടുത്തി ഉപയോക്താക്കൾക്കു ഞൊടിയിടയിൽ സേവനം നൽകുന്ന പദ്ധതി. ജീവനക്കാർക്ക് ഇതുമായി ബന്ധപ്പെട്ടു പ്രത്യേക പരിശീലനങ്ങൾ നൽകി.

ബിസിനസുകളുടെ വരുമാനം പ്രവചിക്കാനും ഉപഭോക്തൃ സ്വഭാവം മനസ്സിലാക്കാനും കരാറുകളുടെ സുതാര്യത ഉറപ്പാക്കാനുമാകുന്ന ആർട്ടിഫിഷ്യൽ ഇന്റലിജൻസ് പ്ലാറ്റ്‌ഫോമുകളായ 'മന'യും 'നിയ'യും പുറത്തിറക്കി. പശ്ചിമ ആഫ്രിക്കയിലെ ഇന്ത്യാനയിലേക്കു പ്രവർത്തനം വ്യാപിപ്പിക്കാൻ വിശാൽ സിഖയ്ക്ക് കഴിഞ്ഞു. സിക്കയുടെ ഭരണകാലത്ത് മൊത്തം വിറ്റുവരവിൽ 17 ശതമാനവും പ്രവർത്തന ലാഭത്തിൽ 13 ശതമാനവുമാണ് ഇൻഫോസിസിന്റെ വളർച്ച.

ഇന്നലെ രാജിക്കത്തിനു പിന്നാലെയും സിക്ക സഹപ്രവർത്തകർക്ക് എഴുതി ''കമ്പനിയുടെ അടുത്ത 30 കൊല്ലത്തേക്കുള്ള വളർച്ചയ്ക്കു നാം അടിത്തറ പാകിക്കഴിഞ്ഞു. അഭിമാനമുണ്ട്. മാറ്റങ്ങളുടെ പാത ദുഷ്‌കരമാണ്. സ്വാതന്ത്ര്യം കൊണ്ടു മാത്രമേ നമുക്കു ശക്തരായി മുന്നേറാനാകൂ,'' പ്രവർത്തിക്കാനുള്ള സ്വാതന്ത്ര്യം നഷ്ടമായതുകൊണ്ടാണു പടിയിറങ്ങുന്നതെന്നാണല്ലോ രാജിക്കു കാരണമായി സിക്ക ധ്വനിപ്പിച്ചതും.

വിശാൽ സിഖ പടിയിറങ്ങിയതോടെ ഇൻഫോസിസിന്റെ ഇടക്കാല സിഇഒയും എംഡിയുമായി നിയമിതനായത് യു ബി പ്രവീൺ റാവുവാണ്. ഇൻഫോസിസ് ബിപിഒ ചെയർമാൻ കൂടിയാണ് ഇദ്ദേഹം. പ്രവീൺ റാവുവിനെക്കുറിച്ച് വിശാൽ സിക്കയുടെ രാജിക്കത്തിൽ പരാമർശിച്ചതിങ്ങനെ- മുഖത്ത് ഒരു ചിരിയും പതിച്ചുവച്ച് ലോകത്തെ എല്ലാ ഭാരവും താങ്ങുന്നയാൾ. ആദരം പിടിച്ചു പറ്റുന്ന ആർജവമുള്ള വ്യക്തിത്വം.

വമ്പൻ സംരംഭങ്ങളുടെ സ്ഥാപകരും അവർ തന്നെ നിയമിക്കുന്ന ഭരണത്തലവന്മാരും തമ്മിലുണ്ടാകുന്ന തർക്കങ്ങളുടെ രൂക്ഷത വീണ്ടും വെളിവാക്കുകയാണ് ഇൻഫോസിസ് ചീഫ് എക്‌സിക്യുട്ടീവ് ഓഫിസർ (സിഇഒ) വിശാൽ സിക്കയുടെ രാജി. ടാറ്റ വ്യവസായ സാമ്രാജ്യത്തിന്റെ തലപ്പത്തുനിന്ന് സ്ഥാപക ഗ്രൂപ്പായ ടാറ്റ സൺസ് സൈറസ് മിസ്ത്രിയെ പുറത്താക്കിയതിന്റെ അലയൊലികൾ പൂർണമായും അടങ്ങുന്നതിനു മുൻപാണ് ഇൻഫോസിസിലെ സംഭവം. 2014ൽ സിക്ക സിഇഒ ആകുന്നതുവരെ സ്ഥാപകരിൽ ആരെങ്കിലുമാണ് ഇൻഫോസിസിനെ നയിച്ചിരുന്നത്. 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP