Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ഓണപ്പരിപാടികൾക്ക് വിദേശികളേയും അതിഥികളാക്കാം; പപ്പടവും പഴവും പായസവും കൂട്ടി സദ്യ കൊടുക്കാം; ഉത്തരവാദ ടൂറിസത്തിന് പുതിയ പദ്ധതിയുമായി ടൂറിസം വകുപ്പ്

ഓണപ്പരിപാടികൾക്ക് വിദേശികളേയും അതിഥികളാക്കാം; പപ്പടവും പഴവും പായസവും കൂട്ടി സദ്യ കൊടുക്കാം; ഉത്തരവാദ ടൂറിസത്തിന് പുതിയ പദ്ധതിയുമായി ടൂറിസം വകുപ്പ്

തിരുവനന്തപുരം: അത്തപ്പൂക്കളവും ഓണസദ്യയുമടക്കം ഓണാഘോഷങ്ങളുടെ അനുഭവം വീടുകളിലേക്കും നാട്ടിൻപുറങ്ങളിലേക്കും പറിച്ച് നടനാണ് ഉത്തരവാദിത്ത ടൂറിസത്തിന്റെ ഭാഗമായുള്ള പദ്ധതികൊണ്ട് ഉദ്ദേശിക്കുന്നത്. . കേരളത്തിന്റെ നാട്ടിൻപുറങ്ങളുടെ തനിമയും പാരമ്പര്യവും വിദേശ സ്വദേശി ടൂറിസ്റ്റുകൾക്ക് പരിചയപ്പെടുത്തുകയും ഒപ്പം അതിന്റെ ഗുണം പ്രദേശവാസികൾക്ക് ലഭ്യമാക്കുകയുമാണ് റെസ്പോൺസിബിൾ ടൂറിസത്തിന്റെ ലക്ഷ്യം.

താൽപര്യമുള്ള കുടുംബങ്ങൾക്ക് അവരുടെ വീടുകളിൽ സഞ്ചാരികളെ സ്വീകരിക്കാനും ഓണസദ്യ നൽകുന്നതിനും പദ്ധതി അവസരമൊരുക്കും. വീട്ടിൽ ഊണ്, ചായക്കടകൾ, ഹോട്ടലുകൾ എന്നിവ ഉൾപ്പെടെയുള്ള നാടൻ സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനോടൊപ്പം സഞ്ചാരികളെ ജൈവ പച്ചക്കറികൾ, ഖാദി വസ്ത്രം, പ്രാദേശിക ഉൽപന്നങ്ങൾ, കരകൗശല ഉത്പന്നങ്ങൾ, നാടൻ പലഹാരങ്ങൾ എന്നിവ വാങ്ങാൻ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നതാണ് പദ്ധതി. ടൂറിസം സംരംഭകരോടൊപ്പം തന്നെ ചെറുകിട വ്യാപാരികൾക്കും പരമ്പരാഗത കലാകാരന്മാർക്കും മികച്ച വരുമാനം നേടിക്കൊടുക്കാൻ സാധിക്കുന്ന പദ്ധതിയാണ് ഉത്തരവാദിത്ത ടൂറിസം മിഷൻ തയ്യാറാക്കിയിരിക്കുന്നത്.

നിലവിലുള്ള ഏഴ്  ഡെസ്റ്റിനേഷനുകളിൽ നിന്നും പദ്ധതി 14  ജില്ലകളിലേക്കും വ്യാപിപ്പിക്കും .ടൂറിസം മേഖല മുഴുവനായും ഉത്തരവാദിത്ത ടൂറിസത്തിലേക്ക് മാറ്റാനാണ് പദ്ധതി. 126 വീടുകൾ, 63 ഹോംസ്റ്റേ, 34 റെസ്റ്റോറന്റുകൾ, തുടങ്ങിയവ ഇതിനോടകം തന്നെ പദ്ധതിയിൽ രജിസ്റ്റർ ചെയ്ത് കഴിഞ്ഞിട്ടുണ്ട്. അതോടൊപ്പം 650 പേർ ഓണസദ്യക്ക് രജിസ്റ്റർ ചെയ്തതായും 170 വിദേശി ടൂറിസ്റ്റുകളും 146 സ്വദേശി ടൂറിസ്റ്റുകളും പദ്ധതിയിൽ താൽപര്യം പ്രകടിപ്പിച്ചെന്നും ടൂറിസം ഡയറക്ടർ ബാലകിരൺ വ്യക്തമാക്കി.

കേരളത്തിലെ ഗ്രാമങ്ങളിലെ തനത് ഓണഘോഷങ്ങൾ അതേപടി ടൂറിസ്റ്റുകളിലേക്ക് എത്തിക്കുകയാണ് രണ്ടാം ഭാഗത്തിന്റെ ലക്ഷ്യം. ഓണസദ്യ, തിരുവാതിരകളി തുടങ്ങിയവയോടൊപ്പം ഓരോ പ്രദേശത്തിന്റെയും പ്രത്യേകതകൾക്കനുസരിച്ച് ശിക്കാര വള്ളയാത്ര, നാട്ടുവള്ളങ്ങളിലുള്ള യാത്ര, കയർ നിർമ്മാണം, മീൻപിടുത്തം, കള്ളുചെത്ത്, മൺപാത്ര നിർമ്മാണം, നെയ്ത് തുടങ്ങിയ പരമ്പരാഗത തൊഴിലുകളും കേരളീയരീതികളും സഞ്ചാരികളെ പരിചയപ്പെടുത്തും. 2000 രൂപ മുതൽ 8000 രൂപ വരെയാണ് വിവിധ പാക്കേജുകളുടെ നിരക്ക്. സൗജന്യ ഓണസമ്മാനങ്ങളും നൽകിയാണ് സഞ്ചാരികളെ യാത്രയാക്കുക. ഗ്രാമപ്രദേശങ്ങളിലെ കുടുംബശ്രീ സംഘങ്ങൾ, കൈത്തറി നിർമ്മാണ കേന്ദ്രങ്ങൾ, വീട്ടിൽ ഊണ് സംരംഭകർ തുടങ്ങിയവയ്ക്ക് ഗുണകരമാകും വിധമാണ് പദ്ധതി തയ്യാറാക്കിയിരിക്കുന്നത്. ടൂറിസം വകുപ്പിനെ പൊതുസമൂഹവുമായി കൂടുതൽ അടുപ്പിക്കുക എന്ന ലക്ഷ്യം കൂടിയാണ് ഇത്തരം പദ്ധതികളിലൂടെ ഉദ്ദേശിക്കുന്നത്.

ടൂറിസം മേഖലയിൽ പുതിയ തൊഴിലവസരങ്ങൾ വഴി ഗ്രാമീണ ജനതയ്ക്ക് വരുമാനമാർഗ്ഗം ഉറപ്പാക്കാനാണ് പദ്ധതി .വയനാട്, കോവളം, കുമരകം, വൈക്കം, ബേക്കൽ എന്നീ സ്ഥലങ്ങൾ കേന്ദ്രീകരിച്ചു നടത്തുന്ന പദ്ധതിക്ക് രണ്ട് ഭാഗങ്ങളാണുള്ളത്. 'ഓണം സ്പെഷ്യൽ ഗ്രാമയാത്രകൾ' എന്ന് പേരിട്ടിരിക്കുന്ന ആദ്യഭാഗത്തിലൂടെ ഓണക്കാലത്ത് കേരളത്തിലെത്തുന്ന സഞ്ചാരികൾക്ക് കേരളത്തിലെ ഉൾനാടൻ ഗ്രാമങ്ങളെ പരിചയപ്പെടുത്തുകയാണ് ഉദ്ദേശം. ഗൈഡുമാരുടെ അകമ്പടിയോടെയായിരിക്കും ഗ്രാമങ്ങളിലേക്ക് യാത്രകൾ സംഘടിപ്പിക്കുക. കൂടാതെ പ്രദേശത്തെ ഉത്തരവാദിത്ത ടൂറിസം സംരംഭങ്ങളിൽ നിന്ന് ഓണസമ്മാനങ്ങൾ നേടുകയും ചെയ്യാം. ദേശീയ, അന്തർദേശീയ സഞ്ചാരികൾക്കൊപ്പം, പ്രവാസികളായ മലയാളി കുടുംബങ്ങളെയും, കേരളത്തിൽ നിന്നുള്ള കുടുംബങ്ങളേയും ഒരു പോലെ ആകർഷിക്കുന്ന പാക്കേജുകൾ ഓരോ സ്ഥലത്തെയും വിനോദസഞ്ചാര പ്രാധാന്യമുള്ള കേന്ദ്രങ്ങൾ കൂടി ഉൾപ്പെടുത്തിയാണ് തയ്യാറാക്കിയിട്ടുള്ളത്.

ഓണക്കാലത്ത് പ്രാദേശികമായി ക്ലബുകളുടേയും മറ്റ് സാംസ്‌കാരിക സംഘടനകളുടേയും നേതൃത്വത്തിൽ ധാരാളം ആഘോഷപരിപാടികൾ സംസ്ഥാനത്തുടനീളം സംഘടിപ്പിക്കുന്നുണ്ടെങ്കിലും ഇവയൊന്നും പ്രാദേശിക തലത്തിലല്ലാതെ ശ്രദ്ധ നേടുന്നില്ലെന്നാണ് ടൂറിസം വകുപ്പിന്റെ വിലയിരുത്തൽ. ഉത്തരവാദിത്ത ടൂറിസം പദ്ധതിയുടെ ഭാഗമായി തയ്യാറാക്കിയിട്ടുള്ള വെബ് സൈറ്റിൽ പ്രസിദ്ധീകരിക്കുന്നതിനായി പൊതുജനങ്ങൾക്ക് ഓണാഘോഷത്തിന്റെ ചിത്രങ്ങളും വീഡിയോകളും മറ്റു വിവരങ്ങളും അയച്ചുനൽകാനാവും. കേരളമൊട്ടാകെ പ്രാദേശിക തലങ്ങളിൽ സംഘടിപ്പിക്കുന്ന ഓണാഘോഷത്തിന്റെ വിശദാംശങ്ങൾ ക്രോഡീകരിക്കുകയാണ് ഇതുവഴി ചെയ്യുക. കൂടാതെ ചെറുകിട ക്ലബുകൾക്കും മറ്റും മികച്ച രീതിയിൽ പരിപാടികൾ സംഘടിപ്പിക്കാനും, പ്രചരിപ്പിക്കാനുമുള്ള വേദിയൊരുക്കുക എന്ന ഉദ്ദേശവും പദ്ധതിക്കുണ്ട്. പ്രാദേശിക തലത്തിൽ സംഘടിപ്പിക്കുന്ന ഓണാഘോഷങ്ങൾ വെബ്സൈറ്റ് മുഖേന ലഭ്യമാക്കുക വഴി വിനോദസഞ്ചാരികൾക്ക് അടുത്ത തവണ ആഘോഷങ്ങളിൽ പങ്കെടുക്കാൻ താൽപര്യമുണ്ടാക്കാനും സാധിക്കുമെന്നാണ് പ്രതീക്ഷ.

പാക്കേജുകളോടൊപ്പം ഓരോ ഡെസ്റ്റിനേഷന്റെയും പ്രത്യേകതകൾക്കനുസരിച്ചുള്ള ഓണസമ്മാനങ്ങളായിരിക്കും സഞ്ചാരികൾക്കു ലഭ്യമാക്കുകയെന്നും നാട്ടിൻപുറങ്ങളിലേയ്ക്ക് സഞ്ചാരികൾ എത്തുന്നു എന്നതിലുപരി അവർക്ക് തനതായ ഓണാഘോഷപരിപാടികൾ അനുഭവേദ്യമാകുന്നു എ്ന്നതാണ് പദ്ധതിയുടെ പ്രത്യേകത. പരമ്പരാഗത തൊഴിലുകളെയും മറ്റ് ഗ്രാമീണനന്മകളെയും ടൂറിസത്തിലൂടെ സംരംക്ഷിക്കുന്നതോടൊപ്പം പ്രദേശവാസികൾക്ക് വരുമാനം ലഭ്യമാക്കുന്നതുമായിരിക്കും പദ്ധതി. ഒരോ പ്രദേശത്തു കൂടിയും സഞ്ചരിക്കുമ്പോൾ എന്തെല്ലാം ഭക്ഷണം ലഭിക്കും എന്നതുൾപ്പെടെയുള്ള വിവരങ്ങൾ ലഭ്യമാക്കുന്ന ജിയോ ടാഗിങ് സംവിധാനം ഉൾപ്പെടെയുള്ളവ വരുംനാളുകളിൽ സജ്ജമാക്കും

കേരള ടൂറിസം വകുപ്പ്  സംഘടിപ്പിക്കുന്ന ഓണപരിപാടികൾക്ക് പുറമെ പ്രാദേശിക തലത്തിൽ നടത്തുന്ന ആഘോഷങ്ങളെയും, നാടൻ കലകളെയും കളികളെയും ടൂറിസ്റ്റുകൾക്ക് പരിചയപ്പെടുത്താനും ഇതുവഴി ലക്ഷ്യമിടുന്നു. പ്രാദേശികമായി സംഘടിപ്പിക്കുന്ന ഓണാഘോഷങ്ങൾ കൂട്ടിയിണക്കി ആദ്യമായാണ് ഇത്തരം ഒരു പരിപാടി സംസ്ഥാനത്ത് സംഘടിപ്പിക്കുന്നത്.

ജൈവപച്ചക്കറി, കരകൗശല വസ്തുക്കൾ, കൈത്തറി വസ്തുക്കൾ, മറ്റ് പ്രാദേശിക ഉൽപന്നങ്ങൾ എന്നിവ ഇടനിലക്കാരുടെ ചൂഷണമില്ലാതെ ടൂറിസ്റ്റുകൾക്ക് ലഭ്യമാക്കുന്നതിനായി കേരള റെസ്പോൺസിബിൾ ടൂറിസം നെറ്റ് വർക്ക് എന്ന മൊബൈൽ ആപ്പ് തയ്യാറാക്കും. വിവിധ അനുഷ്ഠാനകലകളെയും പ്രാദേശിക കലകളെയും മറ്റ് കലാരൂപങ്ങളെയും ടൂറിസം മേഖലയ്ക്കും ടൂറിസ്റ്റുകൾക്കും പരിചയപ്പെടുത്തുന്നതിനും, ആസ്വദിക്കുന്നതിനുമായി കേരള ആർട്ട് ആൻഡ് കൾച്ചർ ഫോറം രൂപീകരിക്കാനും പദ്ധതിയുണ്ട്.

ഓണാഘോഷത്തോടനുബന്ധിച്ച് ഉത്തരവാദിത്ത ടുറിസം മിഷന്റെ ഭാഗമായി സംസ്ഥാന ടുറിസം വകുപ്പ് സംഘടിപ്പിക്കുന്ന നാട്ടിൻപുറങ്ങളിൽ ഓണമുണ്ണാം ഓണസമ്മാനങ്ങൾ വാങ്ങാം പദ്ധതി സംസ്ഥാന ടുറിസം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു.പദ്ധതിയുടെ ഔദ്യോഗിക വീഡിയോ പ്രകാശനവും കോൺസപ്റ്റ് കാർഡ് പ്രകാശനവും മന്ത്രി തിരുവനന്തപുരത്ത് നിർവ്വഹിച്ചു. പ്രദേശവാസികളുടെ നേതൃത്വത്തിൽ നടത്തുന്ന ചെറുകിട യൂണിറ്റുകളെയും റെസ്പോൺസിബിൾ ടൂറിസം യൂണിറ്റുകളെയും ഏകോപിപ്പിച്ച് സഞ്ചാരികൾക്കായി ഓണം പാക്കേജുകൾ ഒരുക്കുന്നതാണ് 'നാട്ടിൻപുറങ്ങളിൽ ഓണമുണ്ണാം ഓണസമ്മാനങ്ങൾ വാങ്ങാം' പദ്ധതി. കേരളത്തിലെത്തുന്ന വിദേശീയരും സ്വദേശീയരുമായ വിനോദസഞ്ചാരികൾക്ക് ഓണത്തിന്റെ തനതായ അനുഭവം ലഭ്യമാക്കുകയാണ് കേരള ടൂറിസം പുതിയ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP