Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

വിരസതയുടെ പുസ്തകം! ഓണക്കാല പ്രേക്ഷകരെ നിരാശപ്പെടുത്തി മോഹൻലാൽ -ലാൽജോസ് കൂട്ടുകെട്ട്; ഇത് തട്ടിക്കൂട്ട് കഥയിൽ പാകപ്പെടുത്തിയ അവിയൽ; പ്രിയപ്പെട്ട ലാൽജോസ് ഈ പടമൊക്കെ താങ്കളുടെ പേരിൽ വരുന്നത് നാണക്കേടാണ്

വിരസതയുടെ പുസ്തകം! ഓണക്കാല പ്രേക്ഷകരെ നിരാശപ്പെടുത്തി മോഹൻലാൽ -ലാൽജോസ് കൂട്ടുകെട്ട്; ഇത് തട്ടിക്കൂട്ട് കഥയിൽ പാകപ്പെടുത്തിയ അവിയൽ; പ്രിയപ്പെട്ട ലാൽജോസ് ഈ പടമൊക്കെ താങ്കളുടെ പേരിൽ വരുന്നത് നാണക്കേടാണ്

എം മാധവദാസ്

2006 ലാണ് രാകേഷ് ഓംപ്രകാശ് മെഹ്‌റ തിരക്കഥയെഴുതി സംവിധാനം ചെയ്ത അമീർഖാന്റെ രംഗ് ദേ ബസന്തി എന്ന ഹിന്ദി ചിത്രം പുറത്തിറങ്ങിയത്. ചന്ദ്രശേഖർ ആസാദ്, ഭഗത് സിങ് തുടങ്ങിയ ധീരദേശാഭിമാനികളെക്കുറിച്ച് ഡോക്യുമെന്ററി പുറത്തിറക്കാൻ ബ്രിട്ടീഷ് സംവിധായിക ഇന്ത്യയിലത്തെുന്നു. വലിയ ലക്ഷ്യബോധവുമൊന്നുമില്ലാതെ തല്ലുംപിടിയുമായി നടക്കുന്ന കുറച്ച് യുവാക്കളെയാണ് അവർ കഥാപാത്രങ്ങളാവാൻ തിരഞ്ഞെടുക്കുന്നത്. ഷൂട്ടിങ് തുടങ്ങി പതിയെ പതിയെ ഈ യുവാക്കളുടെ ജീവിതത്തിലും മാറ്റമുണ്ടാകുന്നു. അവർ തങ്ങൾ അവതരിപ്പിക്കുന്ന വിപ്‌ളവകാരികളായി മാറുന്നതും അനീതികൾക്കെതിരെ പ്രതികരിക്കുന്നതുമാണ് ഈ ചിത്രത്തിന്റെ പ്രമേയം.

ഈ തന്തു അടിസ്ഥാനമാക്കി പല ചിത്രങ്ങളും പിന്നീട് ഇന്ത്യയിൽ തട്ടിക്കൂട്ടി പുറത്തിറങ്ങി. അതിൽ മലയാളത്തിന്റെ സംഭാവനയായിരുന്നു ബെന്നി പി നായരമ്പലം തിരക്കഥയെഴുതിയ 'ദൈവത്തിന്റെ സ്വന്തം ക്‌ളീറ്റസ്'. ഗുണ്ടയായ ഒരാൾ യേശുക്രിസ്തുവമായി നാടകത്തിൽ വേഷമിടുന്നതും അതുവഴി അയാൾക്കുണ്ടാവുന്ന മാറ്റങ്ങളും പ്രതികാരവുമെല്ലാമായിരുന്നു ആ ചിത്രം. ഈ അടിസ്ഥാന പ്രമേയം തന്നെ പൊടിതട്ടിയെടുത്ത് ചില്ലറ മാറ്റങ്ങളോടെ കുത്തിക്കുറിച്ച പുസ്തകമാണ് ബെന്നിയുടെ തിരക്കഥയിൽ ലാൽ ജോസ് സംവിധാനം ചെയ്ത മോഹൻലാൽ ചിത്രം 'വെളിപാടിന്റെ പുസ്തകം'. ഇവിടെയത്തെുമ്പോൾ ഒരു വൈദികൻ, ഗുണ്ടയായി വേഷമിടുകയും പതിയെ അയാൾ ആ കഥാപാത്രമായി മാറുകയും പ്രതികാരം നിർവഹിക്കുകയും ചെയ്യന്നു.

മലയാള സിനിമാ പ്രേക്ഷകർ ഇത്രയും കാത്തിരുന്ന ഒരു കൂട്ടുകെട്ട് വേറെയുണ്ടാവില്ല.'ഒരു മറവത്തൂർ കനവിൽ തുടങ്ങി മീശമാധവനും, ചാന്തുപൊട്ടും, അച്ഛനുറങ്ങാത്ത വീടും, ക്‌ളാസ് മേറ്റ്‌സും, അറബിക്കഥയുമെല്ലാം ഒരുക്കിയ ലാൽ ജോസ് എന്തേ മെഗാ താരം ലാലേട്ടനെ നായകനാക്കി ഒരു ചിത്രം ഒരുക്കാത്തത് എന്നായിരുന്നു എല്ലാവരുടെയും ചോദ്യം. നല്‌ളൊരു തിരക്കഥ ലഭിക്കാത്തതാണ് കാരണമെന്നായിരുന്നു അപ്പോഴെല്ലാം ലാൽജോസിന്റെ മറുപടി. അവസാനം ഇരുവരും ഒന്നിക്കാൻ അവസരം ഒരുങ്ങിയപ്പോൾ ഈ തട്ടിക്കൂട്ട് തിരക്കഥ കൊണ്ട് ലാൽ ജോസ് തൃപ്തിപ്പെട്ടോ എന്നൊരു ചോദ്യം മാത്രമാണ് ഉയർത്താനുള്ളത്.

നിരവധി മസാല ചിത്രങ്ങൾക്ക് തിരക്കഥ ഒരുക്കിയിട്ടുണ്ടെങ്കിലും പ്രേക്ഷകർ ഓർത്ത് ചിരിക്കുന്ന നിരവധി ചിത്രങ്ങൾ ഒരുക്കിയ തിരക്കഥാകൃത്താണ് ബെന്നി പി നായരമ്പലം. കല്ല്യാണരാമൻ, കുഞ്ഞിക്കൂനൻ, ചാന്തുപൊട്ട്, മേരിക്കുണ്ടൊരു കുഞ്ഞാട് തുടങ്ങിയ ചിത്രങ്ങൾ രസകരമായ നർമ്മ മുഹൂർത്തങ്ങളാൽ സമ്പന്നമായ തരക്കേടില്ലാത്ത സിനിമകളായിരുന്നു. എന്നാൽ അടുത്തകാലത്തായി അദ്ദേഹത്തിന്റെ രചനകൾ അത്രയങ്ങ് ഏശുന്നില്ല. പുതിയ തീരങ്ങൾ, ലോലി പോപ്പ്, ദൈവത്തിന്റെ സ്വന്തം ക്‌ളീറ്റസ്, ഭയ്യതുടങ്ങി ദിലീപിന്റെ ജീവിതത്തിൽ അറം പറ്റിയ വെൽകം ടം സെൻട്രൽ ജയിൽ വരെ എത്തി നിൽക്കുന്ന ആ നിര. ലാൽ ജോസുമായി ചേർന്ന് ഒരുക്കിയ സ്പാനിഷ് മസാലയും അടിതെറ്റിപ്പോയ സിനിമയായിരുന്നു.

എങ്കിലും വെളിപാടിനെക്കുറിച്ചുള്ള പ്രതീക്ഷ വലുതായിരുന്നു. ലാൽ ജോസും മോഹൻലാലും ഒന്നിക്കുന്ന എന്നതിന് പുറമെ, ലാലിന്റെ വ്യത്യസ്ത ഗെറ്റപ്പുകളും കട്ട് പറഞ്ഞിട്ടും നിർത്താതെ കരയുന്ന വീഡിയോയുമെല്ലാം വാനോളം പ്രതീക്ഷകളായിരുന്നു പ്രേക്ഷകർക്ക് നൽകിയത്. എന്നാൽ ആ പ്രതീക്ഷകൾക്കോത്ത് ഉയരാത്ത വെറുമൊരു ശരാശരി ചിത്രം മാത്രമായി വെളിപാടിന്റെ പുസ്തകം മാറി. കാമ്പസ്, സിനിമയ്ക്കുള്ളിലെ സിനിമ, പ്രതികാരം, എന്നിവയെല്ലാം ചേർത്ത് ഒരുഅവിയൽ ഒരുക്കിയപ്പോൾ വിഭവ സമൃദ്ധമായ ഓണസദ്യ പ്രതീക്ഷിച്ചത്തെിയ പ്രേക്ഷകന് വലിയ രുചിയൊന്നും തോന്നില്ല.പലയിടത്തം വിരസതയുടെ പുസ്തകമാവാനാണ് ഈ പടത്തിന്റെ വിധി. ലാൽജോസിനോടുള്ള എല്ലാ ബഹുമാനത്തോടും പറയട്ടെ, ഈ പടമൊക്കെ താങ്കളുടെ പേരിൽ അറിയപ്പെടുകയെന്നത് ശരിക്കും നാണക്കേടാണ്.ഇത്തരം അമച്വർ സ്വഭാവമുള്ള അവിയലുകളല്ല താങ്കളിൽനിന്ന് പ്രേക്ഷകർ പ്രതീക്ഷിക്കുന്നത്. ഒരു പേരും മേൽവിലാസവുമായക്കഴിഞ്ഞാൽ പിന്നെ എന്തെല്ലാമോ കോപ്രായങ്ങൾകാട്ടിക്കൂട്ടി ജനങ്ങളെ പോക്കറ്റടിക്കുന്ന പതിവിന് താങ്കളും നിന്ന് കൊടുക്കരുതേ.

ഒപ്പവും,പുലിമരുകനും, ജനതാഗാരേജും, മുന്തിരിവള്ളികളുമൊക്കെയായി കോടിക്‌ളബുകൾ പതിവാക്കിയ നമ്മുടെ ലാലേട്ടൻ വീണ്ടും പരാജയങ്ങളുടെ പാതയിലേക്കാണെന്ന് തോനുന്നു.ദുരന്തമായി മാറിയ മേജർ രവിയുടെ 'ബിയോണ്ട് ബോർഡേഴ്‌സിനു'ശേഷം ഈ പടപ്പാണ് ലാലിന്റെതായി പുറത്തുവന്നിരുക്കുന്നത്.ഹാ കഷ്ടം എന്നല്ലാതെ എന്തുപറയാൻ. ഇതിനൊക്കെ ഫ്‌ളകസ് വെക്കുന്നവനെയും പാലഭിഷേകം നടത്തുന്നവനെയും നമിക്കണം.

വെറുതെ ഒരു കാമ്പസ് ചിത്രം

ക്‌ളാസ്‌മേറ്റസ് എന്ന ലാൽ ജോസ് ചിത്രമാണ് മലയാളികൾ ഇന്നും നെഞ്ചോടു ചേർക്കുന്ന കലാലയ ചിത്രം. വീണ്ടും കാമ്പസ് പശ്ചാത്തലത്തിലാണ് ലാൽ ജോസ് കഥ പറയുന്നത്. എന്നാൽ ക്‌ളാസ്‌മേറ്റ്‌സിൽ നാം കണ്ട കലാലയത്തിന്റെ സുഖവും നൊമ്പരമൊന്നും ആദ്യ പകുതിയിൽ നിറയുന്ന ഈ കലാലയത്തിനില്ല. രാഷ്ട്രീയവും സമരവുമൊന്നും ഈ കോളേജിലില്ല. സംഘർഷം മുഴുവൻ കടപ്പുറത്തെ പിള്ളേരും നഗരത്തിലെ പിള്ളേരും തമ്മിലാണ്. ഇതിനിടയിലേക്കാണ് വൈദികനായ അദ്ധ്യാപകൻ മൈക്കിൾ ഇടിക്കുള വരുന്നത്. മൈബൈലും സോഷ്യൽ മീഡിയയെയുമെല്ലാം ചേർത്ത് ഇടിക്കുള സാറിന്റെ ചില സാരോപദേശങ്ങളുമുണ്ട്. വൈദികനായതുകൊണ്ട് അതിന് ക്ഷാമമുണ്ടാവിലല്ലോ.

പക്ഷേ ഈ ന്യൂജൻ കാലത്ത് ഇത് പലയിടത്തും ആരോപകാവുന്നു. ഇതിനിടയിലും നീലച്ചിത്രം കണ്ട് നടക്കുന്ന സലിം കുമാറിന്റെ അദ്ധ്യാപകൻ ഒരുക്കുന്ന ചില തമാശകൾ (പലപ്പോഴും അറു ബോറാവുന്നുണ്ടെങ്കിലും) നിങ്ങളെ ചിരിപ്പിച്ചക്കോം. അത്രമാത്രം. എങ്കിലും മോഹൻലാൽ കോളജ് കുമാരനെന്ന പേരിൽ കാന്റീൻ നടത്തിപ്പുകാരനായത്തെിയ കാമ്പസ് ചിത്രത്തിന്റെ ഗതികേടൊന്നും ഈ ചിത്രത്തിനില്ല. തട്ടിയും മുട്ടിയും ഒഴുക്ക് നിലച്ചും പതിയെ സഞ്ചരിക്കുന്ന ഒരു സാധാ ചിത്രം എന്നരീതിയിൽ കണ്ടിരിക്കാം ഈ വെളിപാടിനെ.

മൈക്കിൾ ഇടിക്കുള എന്ന വൈസ് പ്രിൻസിപ്പലാണ് ലാൽ. ആളൊരു പുരോഹിതൻ കൂടിയാണ്. കുട്ടിക്കാലത്ത് ചില്ലറ മാനസിക പ്രശ്‌നങ്ങൾ ഉണ്ടായിരുന്ന ആൾ കൂടിയാണെന്ന് വഴിയെ മനസ്സിലാവും. കലാലയത്തിൽ തുടങ്ങുന്ന ചിത്രം പൂർണമായും ഒരു കാമ്പസ് ചിത്രമല്ല. കോളേജ് നിർമ്മിക്കുന്ന സിനിമയിലൂടെ അത് ചലച്ചിത്രലോകത്തേക്കും, കോളേജ് ഉണ്ടാവാൻ കാരണക്കാരനാ വിശ്വന്റെ (അനൂപ് മേനോൻ) ജീവിതത്തിലേക്കും അയാളുടെ മരണത്തിന് പിന്നിലെ വസ്തുതകളുടെ അന്വേഷണമായും പ്രതികാരമായുമെല്ലാം വളരുന്നു.

എന്നാൽ ഈ കഥ രസകരമായി പറയാൻ തിരക്കഥാകൃത്തായ ബെന്നി പി നായരമ്പലത്തിന് സാധിക്കുന്നില്ല എന്നതാണ് ചിത്രത്തിന്റെ ദയനീയത. തിരക്കഥയുടെ ദുർബലതകൊണ്ട് പതിവ് ലാൽ ജോസ് ചിത്രങ്ങൾക്കുണ്ടാവുന്ന സുന്ദരമായ ഒഴുക്കും ഈ ചിത്രത്തിനില്ല. ഫ്‌ളാഷ് ബാക്കിൽ ആരംഭിച്ച് കോളേജ് പശ്ചാത്തലത്തിലൂടെ ഫ്‌ളാഷ് ബാക്കിലെ മരണത്തിന് പിന്നിലെ സത്യമന്വേഷിച്ച് പോകുകയാണ് ചിത്രം.

ആദ്യ പകുതിയിലെ കലാലയ കഥയിൽ പ്രത്യേകിച്ച് ഒന്നും സംഭവിക്കുന്നില്ലങ്കെിലും ചില്ലറ തമാശകളും നേരംപോക്കുമെല്ലാമായി കണ്ടിരിക്കാനുള്ള വകയൊക്കെ ഒരുക്കിയിട്ടുണ്ട്. എന്നാൽ പ്രധാന കഥയിലേക്ക് കയറിയ ശേഷമുള്ള രണ്ടാം പകുതി പക്ഷേ തീർത്തും ദുർബലമാണ്. വിശ്വന്റെ കഥയിലെ യഥാർഥ കൊലപാതകിയെ കണ്ടത്തെുക മാത്രമാണ് ഈ പകുതിയിൽ ചിത്രത്തിന്റെ ദൗത്യം. അതിനിടയിൽ തന്നെ പലയാവർത്തി പ്രേക്ഷകർ മനസ്സിലാക്കിക്കഴിഞ്ഞ വിശ്വന്റെ ജീവിത കഥ തന്നെയാണ് സിനിമാ ഷൂട്ടിംഗായും അവർക്ക് മുമ്പിലത്തെുന്നത്. അതുകൊണ്ട് തന്നെ അത്രമാത്രം ആവേശം പകരാൻ ആ രംഗങ്ങൾക്കോന്നും കഴിയുന്നില്ല.

ഇത് ലാൽജോസ് എടുത്ത പടംതന്നെയാണോ?

പിന്നെയും എന്ന തറ ചിത്രവുമായി അടൂർ ഗോപാലകൃഷ്ണൻ എത്തിയപ്പോൾ സോഷ്യൽ മീഡിയയിൽ മുഴങ്ങിയ ഒരു ചോദ്യം ഇതായിരുന്നു. പിന്നെയും എടുത്തത് അടൂരാണെങ്കിൽ പിന്നെ എലിപ്പത്തായവും,കൊടിയേറ്റവും, വിധേയനുമൊക്കെ എടുത്തത് ആരാണെന്ന്.അതുപോലെ ഈ ചിത്രംകണ്ടാൽ മുൻ ലാൽജോസ് ചിത്രങ്ങളൊക്കെ ആരാണ് എടുത്തതെന്ന് ചോദിച്ചുപോവും.പതിവ് ലാൽ ജോസ് ചിത്രത്തിലേതുപോലെ നിരവധി ഗാനങ്ങളും ചിത്രത്തിലുണ്ട്. പക്ഷെ അതും അത്രത്തോളം ആകർഷകമായിട്ടില്ല.

വ്യത്യസ്തമായൊരു ചിത്രമൊരുക്കാനുള്ള ശ്രമമായിരുന്നു ലാൽ ജോസിന്റെ നീന. ആ ചിത്രം ഒരു വലിയ വിജയമാകാത്തതാവാം എല്ലാ കച്ചവട ചേരുവകളും സമം ചേർത്താണ് വെളിപാടിന്റെ പുസ്തകം ഒരുക്കിയിട്ടുള്ളത്. പക്ഷേ ഈ ഗിമ്മിക്കുകളൊക്കെ തിരക്കഥയുടെ ശക്തിക്കുറവ് കാരണം ഒക്കെ വെള്ളത്തിൽ വരച്ച വര പോലെ ആയിപ്പോകുന്നു. ചാന്തുപൊട്ട് ഒരുക്കാൻ ഒപ്പം നിന്ന തിരക്കഥാകൃത്ത് എഴുതിയിട്ടും വായനയിൽ വിരസത സമ്മാനിക്കുന്ന, ശരാശരിക്ക് മുകളിലേക്ക് ഉയരാത്ത ഒരു പുസ്തകം മാത്രമായി ഈ വെളിപാടിന്റെ പുസ്തകം.

ഫാൻസുകാർക്കായി മീശപിരിച്ച് ലാലലേട്ടൻ

വൈദികനായ അദ്ധ്യാപകനിൽ നിന്ന് മൈക്കിൾ ഇടിക്കുള സിനിമക്കുള്ളിലെ സിനിമയിലെ നായകനിലേക്ക് വേഷപ്പകർച്ച നടത്തുമ്പോഴുള്ള പഞ്ചിലാണ് ഇന്റർവെൽ. പ്രതീക്ഷ ജനിപ്പിച്ച ഈ രംഗത്തിന് ശേഷവും വലിയ ഉണർവൊന്നും ചിത്രത്തിനുണ്ടാവുന്നില്ല. മീശ പിരിച്ചത്തെുന്ന ലാലേട്ടൻ ഫാൻസുകാർക്ക് മാത്രം ആവേശം പകരുന്നുണ്ട്. ഫ്‌ളാഷ് ബാക്ക് സീനിലാണ് അനൂപ് മേനോൻ വിശ്വനായി എത്തുന്നത്. ഇരട്ട വേഷമില്ലങ്കെിലും രണ്ട് മോഹൻലാലിനെ ചിത്രത്തിൽ കാണാം.പക്ഷേ മോഹൻലാലിനെപ്പോലെ ഒരു അതുല്യ നടനെ വെല്ലുവിളിയാവുന്ന യാതൊരു പാത്ര സങ്കീർണ്ണതകളും ചിത്രത്തിൽ കൊണ്ടുവരാൻ ലാൽജോസിനായിട്ടില്ല. പിന്നെ ഉള്ളത് പതിവുപോലെ ലാലേട്ടൻ മോശമാക്കിയിട്ടില്ല. ആനയും കടലുമൊക്കെപോലെ എത്രകണ്ടാലും മതിവരാത്ത ആ ലാൽമാജിക്കുകൂടി ഇല്ലായിരുന്നെങ്കിൽ ഈ പടത്തിന്റെ അവസ്ഥ ദയനീയമാവുമായിരുന്നു.

അങ്കമാലി ഡയറീസിലെ ലിച്ചിയായി വന്ന് പ്രേക്ഷകരെ കയ്യിലെടുത്ത അന്ന രേഷ്മ രാജനാണ് നായികയായ മേരിയാവുന്നത്. ഒരു പാട്ടിൽ ലാലേട്ടനും രേഷ്മയും ഭാര്യാ ഭർത്താക്കാന്മാരായ തോണിയിൽ പോവുന്ന രംഗമൊക്കെ ടീവിയിൽ കണ്ടിരുന്ന് ഞെട്ടിയിരുന്നെങ്കിലും ആൾ വൈദികനായതും ആ പാട്ടെല്ലാം സിനിമക്കുള്ളിലെ പാട്ടായതും ആശ്വാസം പകർന്നു. അങ്കമാലി ഡയറീസിലെ അപ്പാനി രവിയായി ഞെട്ടിച്ച ശരത് കുമാർ തരക്കേടില്ലാത്ത പ്രകടനം കാഴ്ച വെച്ചിരിക്കുന്നു. സിദ്ദിഖ്, ചെമ്പൻ വിനോദ് തുടങ്ങിയവർ ചിത്രത്തിലുണ്ടെങ്കിലും കാര്യമായ പ്രകടനത്തിന് ഉതകുന്ന വേഷമൊന്നുമല്ല ഇരുവർക്കും ഉള്ളത്.

വാൽക്കഷ്ണം: ദിലീപ് സംഭവം മലയാള സിനിമയെ ശരിക്കും ബാധിച്ചുവെന്ന് തോന്നുന്നു. ആ പഹയൻ അകത്തായതിനുശേഷം ഒറ്റ മലയാളപടവും ഹിറ്റായിട്ടില്ല. ഈ ഓണക്കാലത്തുപോലും തീയേറ്റിൽ ആളില്ല. ഉൽസവകാലത്തൊക്കെ ലാലേട്ടന്റെ ഒരു ചിത്രം അടിപിടിയും കൂട്ടപ്പൊരിച്ചിലുമില്ലാതെ രണ്ടാം ദിവസം കൂളായി ടിക്കറ്റെടുത്ത് കാണാൻ കഴിയുന്ന അവസ്ഥയുണ്ടാകുമെന്ന് ഒരിക്കലും കരുതിയിരുന്നില്ല.താരങ്ങളേ, ഇതൊരു ടെസ്റ്റ് ഡോസായി കണ്ട് സൂക്ഷിച്ചോളിൻ! പ്രതിഛായ തകരാതെ നോക്കൂ, മലയാള സിനിമയെ രക്ഷിക്കൂ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP