Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

നിഷാമിന്റെ കമ്പനിയിൽ നിന്നും വീടുകൾ വാങ്ങാൻ ആർക്കും താത്പര്യമില്ല; കിങ് ബീഡിയുടെ മാർക്കറ്റ് കുത്തനെ ഇടിഞ്ഞു; ആഡംബര കാറുകൾ എല്ലാം പൊലീസ് സ്‌റ്റേഷനിൽ തുരുമ്പെടുക്കുന്നു; ബിസിനസ് സാമ്രാജ്യം പിടിച്ചെടുക്കാനുള്ള സഹോദരങ്ങളുടെ ശ്രമവും തലവേദനയായി; രാജാവിനെ പോലെ ജീവിച്ച നിഷാം അകത്തായതോടെ ബിസിനസ് സാമ്രാജ്യം പൊളിഞ്ഞടുങ്ങുന്നു

നിഷാമിന്റെ കമ്പനിയിൽ നിന്നും വീടുകൾ വാങ്ങാൻ ആർക്കും താത്പര്യമില്ല; കിങ്  ബീഡിയുടെ മാർക്കറ്റ് കുത്തനെ ഇടിഞ്ഞു; ആഡംബര കാറുകൾ എല്ലാം പൊലീസ് സ്‌റ്റേഷനിൽ തുരുമ്പെടുക്കുന്നു; ബിസിനസ് സാമ്രാജ്യം പിടിച്ചെടുക്കാനുള്ള സഹോദരങ്ങളുടെ ശ്രമവും തലവേദനയായി; രാജാവിനെ പോലെ ജീവിച്ച നിഷാം അകത്തായതോടെ ബിസിനസ് സാമ്രാജ്യം പൊളിഞ്ഞടുങ്ങുന്നു

മറുനാടൻ മലയാളി ബ്യൂറോ

തൃശൂർ: എണ്ണിയാൽ തീരാത്തത്ര ബിസിനസ് സാമ്രാജ്യങ്ങളുമായി ചക്രവർത്തിയെ പോലെ ജീവിച്ച നിഷാം മുഹമ്മദിന്റെ ജയിൽ വാസം നീണ്ടതോടെ ബിസിനസ് സ്ഥാപനങ്ങൾ പൊളിഞ്ഞടുങ്ങുന്നതായി റിപ്പോർട്ട്. നിഷാമിന്റെ റിയൽ എസ്‌റ്റേറ്റ്, ബീഡി അടക്കം സകല ബിസിനസുകളുടെയും മാർക്കറ്റ് കുത്തനെ ഇടിഞ്ഞു. ഇതോടെ നിഷാമിന്റെ 5000 കോടിയുടെ ബിസിനസ് സാമ്രാജ്യം ചോദ്യചിഹ്നമായി മാറിയിരിക്കുകയാണ്. 

ബീഡി, റിയൽ എസ്‌റ്റേറ്റ്, ജുവലറി, ഹോട്ടൽ അടക്കമുള്ള ബിസിനസിന്റെ നടത്തിപ്പ് സംബന്ധിച്ച തർക്കവും കൂടിയായതോടെ വൻതിരിച്ചടിയാണ് നിഷാം നേരിടുന്നത്. അതേസമയം തന്റെ സ്വത്തിനായുള്ള വടംവലിയിൽ ബിസിനസ് സംബന്ധമായ ഒരുകാര്യവും തന്നെയോ ഭാര്യയോ അറിയിക്കുന്നില്ലെന്നും നിഷാം പറഞ്ഞു. നിഷാം തന്നെ ജയിലിൽ നിന്നും വിളിച്ച് ഭീഷണിപ്പെടുത്തി എന്ന് റിയൽ എസ്‌റ്റേറ്റ് ബിസിനസിന്റെ മുൻ മാനേജർ തൃശൂർ വെസ്റ്റ് പൊലീസിൽ പരാതി നൽകിയതോടെയാണ് നിഷാമിന്റെ ബിസിനസ് ലോകത്തെ സംഘർഷങ്ങൾ പുറത്തായത്.
ചന്ദ്രബോസ് വധക്കേസിനു പുറമേ കേരളത്തിലും പുറത്തുമായി നിഷാമിനെതിരേ നിരവധി കേസുകളുള്ളതു നിഷാമിന്റെ മോചനത്തിനു തടസമാകുമെന്നതാണ് ബിസിനസ് പങ്കാളികളായ സഹോദരങ്ങളെ അലട്ടുന്നത്. നിഷാമിന്റെ ബിസിനസ് സാമ്രാജ്യം സ്വന്തമാക്കാൻ സഹോദരങ്ങൾ തമ്മിലും കടുത്ത മത്സരമാണ് നടക്കുന്നത്.നിഷാമിനെതിരേ ഗുരുതരമായ ആരോപണങ്ങൾ നിരത്തി സഹോദരങ്ങളും പൊലീസിൽ പരാതി നൽകി. സഹോദരങ്ങളും ബന്ധുക്കളും തന്റെ സ്വത്ത് തട്ടിയെടുക്കാൻ ശ്രമിക്കുന്നുവെന്ന നിഷാമിന്റെ പരാതിയും കൂടിയായപ്പോൾ സംഗതി വസ്തുതയാണെന്ന പ്രചാരണവും ശക്തമായി.

നിഷാമിന്റെ പ്രധാന ബിസിനസുകളിലൊന്നായ കിങ് ബീഡിയുടെ കയറ്റുമതി കുറഞ്ഞു. സിംഗപ്പൂർ, ശ്രീലങ്ക, മലേഷ്യ എന്നിവിടങ്ങളിലേക്ക് കയറ്റിയയച്ചിരുന്ന കിങ് ബീഡി മോശമാണെന്നു പറഞ്ഞ് തിരിച്ചയയ്ക്കുന്നതായാണ് റിപ്പോർട്ട്. അതേസമയം തിരിച്ചുവരുന്ന പായ്ക്കറ്റുകളിലൂടെ മയക്കുമരുന്നും സ്വർണവും കടത്തിയാണ് നിഷാം കോടികളുണ്ടാക്കിയതെന്നു നേരത്തെ ആരോപണമുയർന്നിരുന്നു. റിയൽ എസ്‌റ്റേറ്റ് ബിസിനസിന്റെ ഭാഗമായുള്ള കെട്ടിടസമുച്ചയങ്ങളുടെ വിൽപ്പന കുറഞ്ഞു, പല പ്രോജക്ടുകളും പകുതിക്കു വച്ച് നിലച്ചു, നിഷാമിന്റേതായതിനാൽ ഫ്ളാറ്റുകൾ വാങ്ങാൻ ആരും തയാറാവുന്നില്ല എന്നിങ്ങനെയാണ് പ്രചാരണം. 

നിഷാമിന്റെ ആഡംബര കാറുകളിൽ പലതും ജയിലിൽ കിടന്ന് തുരുമ്പ് പിടിക്കുകയാണ്. 70 കോടി രൂപയുടെ ഇരുപതിലേറെ ആഡംബര കാറുകളാണ് നിഷാമിനുള്ളത്. മകനെ സ്‌കൂളിൽ കൊണ്ടുപോകാന്മാത്രമായി ഒരു ഫെരാരി. ഇതിൽ പലതും ഇപ്പോൾ പൊലീസ് സ്‌റ്റേഷനിലാണ്. വൻ വിലയുള്ള പി.ബി. 03 എഫ് 999 എന്ന ഹമ്മർ കാർ കൊണ്ടാണ് നിഷാം, ചന്ദ്രബോസിനെ ഇടിച്ചുതെറിപ്പിച്ചത്. തിരുനെൽവേലി ആസ്ഥാനമാക്കിയുള്ള കിങ് ബീഡി, തൃശൂർ കേന്ദ്രമാക്കിയുള്ള റിയൽ എസ്‌റ്റേറ്റ് ബിസിനസ്, മിഡിൽ ഈസ്റ്റിലെ സ്വർണക്കച്ചവടം, ഹോട്ടൽ തുടങ്ങിയ വൻ സംരംഭങ്ങളിലൂടെ നിഷാമിന്റെ സാമ്രാജ്യം കോടികളിലേക്ക് വളർന്നു.  ഇതുമായി ബന്ധപ്പെട്ടു കേന്ദ്ര ഏജൻസികൾ അന്വേഷണവും നടത്തിയിരുന്നു. എന്നാൽ ഇതടക്കമുള്ള കേസുകൾ ഒതുക്കിത്തീർക്കാനും ഇല്ലാതാക്കാനും സംസ്ഥാന പൊലീസിലെ ചില ഉന്നതർ സഹായിച്ചു. ഇതിൽ പ്രധാനി ജില്ലാ പൊലീസ് മേധാവിസ്ഥാനത്തുനിന്നു വിരമിച്ച ഒരാളായിരുന്നു. 

ചന്ദ്രബോസ് വധക്കേസിൽ വിചാരണ നേരിടുന്ന നിഷാമിന്റെ ജയിൽ വാസം തുടങ്ങിയിട്ട് രണ്ടുവർഷമായി. നിഷാം ജയിലിൽ ആയപ്പോൾ സഹായിക്കാൻ പുറത്ത് നിരവധി പേരുണ്ടായി. ജയിലിലായിരിക്കുമ്പോഴും നിഷാമിനെ സഹായിക്കാനാളുണ്ടായിരുന്നു. ജയിലിനകത്തിരുന്നും ബിസിനസ് കാര്യങ്ങൾ നോക്കാൻ കഴിഞ്ഞിരുന്നു. എന്നാൽ, പ്രതാപകാലത്തു നിഷാമിന്റെ സഹായംതേടിയവരെല്ലാം പതുക്കെ പിൻവലിഞ്ഞതോടെ നിഷാം ഒറ്റപ്പെട്ട നിലയിലായി. 
ഇതിനിടെ, ബിസിനസ് നോക്കി നടത്തുന്നതും പണമിടപാടുകളും സംബന്ധിച്ചു സഹോദരങ്ങളും ബന്ധുക്കളുമായി തർക്കവും തുടങ്ങി. വിവിധ സ്ഥാപനങ്ങൾ നടത്തുന്ന നിഷാമിന്റെ ബിസിനസിന്റെ പകുതി ഓഹരി രണ്ടു സഹോദരന്മാരുടെയും ഉമ്മയുടെയും മറ്റു രണ്ടുപേരുടെയും പേരിലാണ്. ഭാര്യക്ക് ഇതിൽ ഇടപെടാനാവാത്ത സ്ഥിതിയുമായി. ഇതോടെയാണ് ബിസിനസ് തകരുന്നുവെന്ന പ്രചാരണം ശക്തമായത്. 

ചന്ദ്രബോസ് വധകേസിന് പുറമേ നിഷാമിന് പേരിൽകേരളത്തിന് അകത്തും പുറത്തുമായി കേസുകൾ നിരവധിയാണ്. ആറു വർഷത്തിനിടയിൽ 16 കേസുകൾ. 2015 മാർച്ച് 9നു സംസ്ഥാനത്തും പുറത്തുമുള്ള 13 കേസുകൾ ഉൾപ്പെടുത്തി കാപ്പയും ചുമത്തി. 2014ൽ നിഷാം കൊലപ്പെടുത്താൻ ശ്രമിച്ചെന്നാരോപിച്ചു സുമൻ എന്നൊരാൾ ബംഗളുരു  പൊലീസിൽ പരാതി നൽകി. 2013ൽ ഒൻപതു വയസുള്ള മകനെക്കൊണ്ട് ഫെരാരി കാർ ഓടിപ്പിച്ചതിനും ചിത്രം സോഷ്യൽമീഡിയയിൽ പ്രചരിപ്പിച്ചതിനും കേസ്. 2013 ജൂൺ 15ന് വാഹനപരിശോധന നടത്തുകയായിരുന്ന വനിതാ എസ്.ഐയെ കാറിനുള്ളിൽ പുട്ടിയിട്ടതിനും അപമര്യാദയായി പെരുമാറിയതിനും മദ്യപിച്ച് വാഹനമോടിച്ചതിനും കേസ്.

ബംഗളുരുവിൽ മോഡലിനെ ബലാത്സംഗം ചെയ്തതായി കേസ്. വിദേശ നിർമ്മിത ആഡംബര കാറുകൾ ഇറക്കുമതി ചെയ്തതിൽ രണ്ട് കോടിരൂപയുടെ നികുതി തട്ടിപ്പ് നടത്തി. സഹോദരന്റെ ഭാര്യയുടെ ചിത്രം ഫേസ്‌ബുക്കിൽ ദുരുപയോഗം ചെയ്തു, ബിസിനസുകാരനായ അബ്ദുൽ റസാഖ് നൽകിയ പരാതിയിൽ തൃശൂർ ടൗൺ പൊലീസ് ഐടി നിയമപ്രകാരം രജിസ്റ്റർ ചെയ്ത കേസ്, വേലൂർ സദേശി ഷംസുദ്ദീനെ വീട് കയറി അക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചുവെന്ന കേസ് എന്നിവയെല്ലാം കോടതിക്കു പുറത്ത് ഒത്തുതീർന്നതിനാൽ റദ്ദായി.

അതേസമയം ജയിലിൽ കഴിയുന്ന നിഷാമിനെ സഹായിച്ചെന്ന പരാതിയിൽ പൊലീസ് കമ്മിഷണർക്കു നേരേ ശിക്ഷാനടപടിയുമുണ്ടായി.  ഇത്തരം കേസുകൾ ഒത്തുതീർപ്പാക്കുന്നതിലും മറ്റും മധ്യവർത്തിയായത് ഉന്നത പൊലീസുദ്യോഗസ്ഥനാണ്. എന്നാൽ, റിയൽ എസേ്റ്ററ്റ് ബിസിനസിലടക്കം യാതൊരു പ്രശ്‌നവുമില്ലെന്നാണ് നിഷാമിന്റെ ബന്ധുക്കൾ പറയുന്നത്. നിഷാമിന്റെ ഭാര്യയും മകനും അവരുടെ വീട്ടിലാണിപ്പോൾ. നിഷാമിന്റെ വിവാഹത്തിന് ആദ്യമേ വീട്ടുകാർ എതിരായിരുന്നു. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബമായാരുന്നുവെന്നതാണ് പ്രശനം. അതുകൊണ്ടുതന്നെ ഇവരെ അടുപ്പിക്കാതിരിക്കാനും ശ്രമമുണ്ടായി. തന്റെ ഭാര്യക്കുപോലും ബിസിനസിൽ ഇടപെടാനാവില്ലെന്നു നിഷാം പരാതിപ്പെടുകയും ചെയ്തിരുന്നു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP