Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

പെനാഗിൽ നിന്ന് ജപ്പാൻ അന്തർവാഹിനിയിൽ താനൂരിൽ എത്തി; കാറ്റ് നിറച്ച വലിയ ട്യൂബിൽ നീന്തിയെത്തിയത് ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ അന്തകനാകാൻ; വിചാരണയിലും രാജ്യസ്‌നേഹം അണപൊട്ടിയൊഴുകിയപ്പോൾ കിട്ടയത് തൂക്കുകയറും; 26-ാം വയസ്സിൽ രക്തസാക്ഷിയായത് നേതാജിയുടെ അതിവിശ്വസ്തൻ: ഏവരും മറന്ന സ്വാതന്ത്ര്യസമര സേനാനി വക്കം അബ്ദുൾ ഖാദറെന്ന ധീരമലയാളിയുടെ കഥ

പെനാഗിൽ നിന്ന് ജപ്പാൻ അന്തർവാഹിനിയിൽ താനൂരിൽ എത്തി; കാറ്റ് നിറച്ച വലിയ ട്യൂബിൽ നീന്തിയെത്തിയത് ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ അന്തകനാകാൻ; വിചാരണയിലും രാജ്യസ്‌നേഹം അണപൊട്ടിയൊഴുകിയപ്പോൾ കിട്ടയത് തൂക്കുകയറും; 26-ാം വയസ്സിൽ രക്തസാക്ഷിയായത് നേതാജിയുടെ അതിവിശ്വസ്തൻ: ഏവരും മറന്ന സ്വാതന്ത്ര്യസമര സേനാനി വക്കം അബ്ദുൾ ഖാദറെന്ന ധീരമലയാളിയുടെ കഥ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സ്വാതന്ത്ര്യസമരത്തിലെ രക്തസാക്ഷികളാണ് ഭഗത് സിംഗും രാജ്ഗുരുവും സുഖ്‌ദേവും. ഇവരുടെ ജീവിതം രാജ്യസ്‌നേഹികൾക്ക് എന്നും പ്രചോദനമാണ്. എന്നാൽ ഇവരുടെ ധീരതയോടെ ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനുവേണ്ടി മരണത്തെ നേരിട്ട ഐഎൻഎ പോരാളികളെ ആരും ഓർക്കുന്നില്ല. ഭഗത് സിംഗിനോളം വിപ്ലവം നിറച്ചായിരുന്നു നേതാജി സുഭാഷ ചന്ദ്രബോസിന്റെ ആഹ്വാനങ്ങൾ പിറന്നനാടിനായി ഇവരും ഏറ്റെടുത്തത്. യാതൊരു കരുണയും ബ്രിട്ടീഷുകാർ ഇവരോട് കാട്ടിയുമില്ല. വക്കം അബ്ദുൾ ഖാദറും പൊതുതിയത് നാടന്റെ സ്വാതന്ത്ര്യത്തിന് വേണ്ടിയാണ്. പക്ഷേ ആരും അദ്ദേഹത്തെ ഓർക്കുന്നില്ല. ജന്മശതാബ്ദി വർഷത്തിലെ അദ്ദേഹത്തിന്റെ രക്തസാക്ഷിത്വ ദിനമാണ് ഇന്ന്.

സ്വാതന്ത്ര്യത്തിനുവേണ്ടി പൊരുതിയ വക്കം അബ്ദുൾ ഖാദറിന ബ്രിട്ടീഷുകാർ 1943 സെപ്റ്റംബർ പത്തിനു തൂക്കിലേറ്റി. വക്കം അബ്ദുൾ ഖാദറിന്റെ ജന്മശതാബ്ദി വർഷമാണ് ഇക്കൊല്ലം. ഇരുപത്താറാം വയസിൽ രാജ്യത്തിനുവേണ്ടി രക്തസാക്ഷിത്വം വരിച്ച ധീരനായകനാണ് വക്കം അബ്ദുൾ ഖാദർ. നേതാജി സുഭാഷ് ചന്ദ്രബോസിന്റെ വിശ്വസ്തനായിരുന്നു വക്കം അബ്ദുൾ ഖാദറെന്ന യുവാവ്. ഐഎൻഎയുടെ രഹസ്യ സർവീസിലെ പ്രധാനി. രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനായി അയുധമെടുത്ത പോരാളിയുടെ അന്ത്യവും വീരോചിതമായിരുന്നു.

1942 സെപ്റ്റംബർ 18ന് അബ്ദുൾ ഖാദറും കൂട്ടുകാരും പെനാംഗിൽനിന്നു ഒരു ജപ്പാൻ അന്തർവാഹിനിയിൽ ഇന്ത്യയിലേക്കു തിരിച്ചു. ഇപ്പോഴത്തെ മലപ്പുറം ജില്ലയിലെ താനൂർ തീരത്തിനടുത്ത് കടലിൽ ഇറക്കി വിടപ്പെട്ട ആ അഞ്ച് പേരും കാറ്റ് നിറച്ച ഒരു വലിയ ട്യൂബിന്റെ സഹായത്തോടെ കടപ്പുറത്ത് നീന്തിക്കയറി. ആ സമയത്ത് കടപ്പുറത്ത് ഉണ്ടായിരുന്ന ചിലരുടെ ശ്രദ്ധയിൽ അവർ പെട്ടു. ഒറ്റുകാർ ബ്രിട്ടീഷുകാരെ വിവരമറിയിച്ചു. പട്ടാളം കസ്റ്റഡിയിൽ എടുത്തു. ഏതാനും ദിവസം അടുത്തുള്ള പൊലീസ് സ്റ്റേഷനുകളിൽ തടവിലിട്ടശേഷം എല്ലാവരെയും മദ്രാസിലെ സെന്റ് ജോർജ് കോട്ടയിലെ തടവറയിലേക്കു മാറ്റി. 1943 മാർച്ച് എട്ടിനു രഹസ്യ കോടതിയിൽ കേസ് വിചാരണ തുടങ്ങി. പൊലീസ് ചോദ്യം ചെയ്തപ്പോഴും വിചാരണ വേളയിലും ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനെതിരെ കടുത്ത നിലപാടുകൾ തുറന്നു പറഞ്ഞവർക്കെതിരേ പൊലീസും കോടതിയും കടുത്ത നിലപാടുകൾ സ്വീകരിച്ചു. വിധി പറഞ്ഞ ജഡ്ജി വക്കം ഖാദർക്കും കൂടെ സംഘത്തിലുണ്ടായിരുന്ന അനന്തൻ നായർക്കും വധശിക്ഷ വിധിച്ചു. അങ്ങനെ രാജ്യത്തിനായി വീരയുവാവ് രക്തസാക്ഷിയായി.

ചിറയിൻകീഴ് താലൂക്കിൽ അഞ്ചുതെങ്ങ് കായൽത്തീരത്തു വർക്കലയ്ക്കും കടയ്ക്കാവൂരിനും ഇടയിലുള്ള വക്കം ഗ്രാമത്തിൽ 1917 മെയ്‌ 25നു കടത്തുകാരൻ വാവക്കുഞ്ഞിന്റെയും ഭാര്യ ഉമ്മുസൽമയുടെയും നാലാമത്തെ സന്തതിയായി അബ്ദുൾ ഖാദർ ജനിച്ചു. സ്വാതന്ത്ര്യ സമരത്തിന്റെ സ്വാധീനത്തിൽ മനസ്സ് കുട്ടിക്കാലത്തെ കോൺഗ്രസിനൊപ്പമായി. ഇത് അച്ഛനും തിരിച്ചറിഞ്ഞു. മകനെ വീട്ടിൽ നിന്ന് മാറ്റി. അക്കാലത്തു കേരളത്തിൽനിന്നു ചെറുപ്പക്കാർ മെച്ചപ്പെട്ട ജോലി തേടിപ്പോയിരുന്നതു മലയയിലേക്കും സിംഗപ്പൂരിലേക്കുമൊക്കെയായിരുന്നു. മട്രിക്കുലേഷൻ പാസായ അബ്ദുൾ ഖാദറിനെ പിതാവ് മലയയിലേക്ക് അയച്ചത് നല്ല ജോലി കിട്ടാൻ വേണ്ടി മാത്രമായിരുന്നില്ല. ബ്രിട്ടീഷുകാരിൽ നിന്ന് രക്ഷിക്കാൻ കൂടിയായിരുന്നു. എന്നാൽ അച്ഛന്റെ കണക്കുകൾ തെറ്റി.

മലയയിൽ എത്തിയ അബ്ദുൾ ഖാദർ അവിടുത്തെ ഇന്ത്യൻ സ്വാതന്ത്ര്യസമര പോരാളികളുടെ കൂട്ടായ്മയായിരുന്ന ഇന്ത്യൻ ഇൻഡിപെൻഡൻസ് ലീഗിന്റെ പ്രവർത്തകനായി. ജനറൽ മോഹൻ സിംഗിന്റെ നേതൃത്വത്തിൽ രൂപം കൊണ്ടിരുന്ന ഇന്ത്യൻ നാഷണൽ ആർമിയിലും ചേർന്നു. പിന്നീട് നേതാജി സുഭാഷ് ചന്ദ്രബോസിന്റെ വിശ്വസ്തനായി. ഐഎൻഎയുടെ രഹസ്യ സർവീസിലെ പ്രധാനിയായി. പെനാംഗിലെ സ്വരാജ് ഇൻസ്റ്റിറ്റ്യൂട്ടിൽ പ്രത്യേകമായി തെരഞ്ഞെടുത്ത യുവാക്കൾക്കു വിദഗ്ധ പരിശീലനങ്ങൾ നൽകി ആത്മഹത്യാ സ്‌ക്വാഡുകൾ രൂപീകരിച്ച് അനധികൃതമായി ഇന്ത്യയിലെത്തിച്ച് അവരെക്കൊണ്ട് രാജ്യത്തിനകത്ത് ബ്രിട്ടീഷ് വിരുദ്ധ വിപ്ലവ പ്രവർത്തനങ്ങൾ സംഘടിപ്പിക്കുക എന്നതായിരുന്നു ഏറ്റെടുത്ത ഉത്തരവാദിത്തം.

വക്കം അബ്ദുൾ ഖാദറിനൊപ്പം രഹസ്യ സർവീസിലേക്കു തെരഞ്ഞെടുക്കപ്പെട്ട 33 പേർ വേറെയുണ്ടായിരുന്നു. ആ 33 പേരിൽ കൂടുതൽ വൈദഗ്ധ്യം പ്രകടിപ്പിച്ച 20 പേരെ തെരഞ്ഞെടുത്ത് ഇവരെ അഞ്ചു പേർ വീതമുള്ള ചെറുസംഘങ്ങളായി ഇന്ത്യയിലേക്ക് അയയ്ക്കാൻ തീരുമാനിച്ചു. അവർക്കെല്ലാം ഷൂട്ടിങ്, നീന്തൽ, പർവതാരോഹണം തുടങ്ങിയവയിൽ വിദഗ്ധ പരിശീലനം നൽകിയിരുന്നു. ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള, വിവിധ മതവിഭാഗങ്ങളിൽപ്പെട്ടവരായിരുന്നു ആ 20 പേർ. അബ്ദുൾ ഖാദർ ഉൾപ്പെട്ട അഞ്ചംഗസംഘത്തിൽ എ. അനന്തൻ നായർ, സി.പി. ഈപ്പൻ, മുഹമ്മദ് ഗനി, കെ.എ. ജോർജ് എന്നിവരാണ് ഉണ്ടായിരുന്നത്. ഇവരാണ് അന്തർവാഹിനിയിലുടെ 1942 സെപ്റ്റംബർ 18ന് മലപ്പുറത്തേക്ക് തിരിച്ചതും പിടിയിലായതും.

വിചാരണയ്‌ക്കൊടുവിൽ അബ്ദുൾ ഖാദറിന് അഞ്ചു കൊല്ലത്തെ തടവിനു ശേഷം വധശിക്ഷ എന്നതായിരുന്നു അയർലൻഡുകാരനായ ജഡ്ജിയുടെ വിധി. 1943 ഏപ്രിൽ 26ന് അപ്പീൽ കോടതി വിധി വന്നു. അഞ്ചുവർഷം തടവു ശിക്ഷ കഴിഞ്ഞ് വധശിക്ഷ എന്നതിന് പകരം ഉടൻതന്നെ വധശിക്ഷ നടപ്പാക്കണം എന്നായിരുന്നു ആ വിധി. 1943 സെപ്റ്റംബർ പത്തായിരുന്നു വിധി നടപ്പാക്കാൻ നിശ്ചയിക്കപ്പെട്ട ദിവസം. തലേദിവസം രാത്രി പന്ത്രണ്ടിനു അബ്ദുൾ ഖാദർ രണ്ടു കത്തുകൾ എഴുതി തയാറാക്കി. ഒന്ന് തന്റെ കുടുംബാംഗങ്ങൾക്കുവേണ്ടിയും രണ്ടാമത്തേത് സഹപോരാളി ബോണിഫെയ്‌സ് പെരേരയ്ക്കുവേണ്ടിയും. രണ്ടിലും ഇന്ത്യയുടെ സ്വാതന്ത്ര്യസമരം വിജയിപ്പിക്കുന്നതിനെക്കുറിച്ചും മത സൗഹാർദത്തെക്കുറിച്ചുമായിരുന്നു പ്രതിപാദിച്ചിരുന്നത്. അബ്ദുൾ ഖാദർ ഉൾപ്പെടെ നാലുപേരെയും തൂക്കിലേറ്റി. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP