Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

രാഹുൽ ഗാന്ധി ഇന്ത്യൻ പ്രധാനമന്ത്രിയാകുമോ? വിദേശ മണ്ണിൽനിന്നും ആവേശം സ്വീകരിച്ചെത്തുന്ന രാഹുൽ ലക്ഷ്യമിടുന്നത് 2024-ൽ നേർക്കുനേർ മോദിയോട് ഏറ്റുമുട്ടാൻ; അടുത്തതവണകൂടി മോദി തന്നെയെന്ന് ഉറപ്പിച്ച കോൺഗ്രസ് നേതാവ് മുഖം മിനുക്കി ഇറങ്ങുന്നത് കരുത്തിന്റെയും പ്രതീക്ഷയുടെയും പ്രതീകമാകാൻ

രാഹുൽ ഗാന്ധി ഇന്ത്യൻ പ്രധാനമന്ത്രിയാകുമോ? വിദേശ മണ്ണിൽനിന്നും ആവേശം സ്വീകരിച്ചെത്തുന്ന രാഹുൽ ലക്ഷ്യമിടുന്നത് 2024-ൽ നേർക്കുനേർ മോദിയോട് ഏറ്റുമുട്ടാൻ; അടുത്തതവണകൂടി മോദി തന്നെയെന്ന് ഉറപ്പിച്ച കോൺഗ്രസ് നേതാവ് മുഖം മിനുക്കി ഇറങ്ങുന്നത് കരുത്തിന്റെയും പ്രതീക്ഷയുടെയും പ്രതീകമാകാൻ

മറുനാടൻ മലയാളി ബ്യൂറോ

ന്യൂയോർക്ക്: നേതൃത്വമില്ലായ്മയാണ് ഇന്ത്യയിലെ ഏറ്റവും പഴക്കം ചെന്ന രാഷ്ട്രീയപാർട്ടിയായ കോൺഗ്രസ് സമീപകാലത്ത് നേരിട്ട ഏറ്റവും വലിയ പോരായ്മ. ജവഹർലാൽ നെഹ്‌റുവും ഇന്ദിരാഗാന്ധിയും രാജീവ് ഗാന്ധിയുമൊക്കെ ദേശീയ തലത്തിൽ സ്വാധീനമുള്ള നേതാക്കളായിരുന്നു. സോണിയാ ഗാന്ധി പാർട്ടി നേതൃസ്ഥാനം ഏറ്റെടുത്തെങ്കിലും, രാജ്യത്തെ മുഴുവൻ പ്രവർത്തരുടെയും നേതാവാകാൻ അവർക്ക് സാധിച്ചിരുന്നില്ല. രണ്ടാം നിരയിലെ നേതാക്കളാരും തന്നെ ദേശീയതലത്തിലേക്ക് ഉയർന്നുവന്നതുമില്ല. ആ സ്വാധീനമില്ലായ്മയാണ് പാർട്ടിയെ പല തുരത്തുകളാക്കി ക്ഷീണിപ്പിച്ചതും കഴിഞ്ഞ പൊതുതിരഞ്ഞെടുപ്പിൽ ചരിത്രത്തിലെ ഏറ്റവും വലിയ തോൽവിയിലേക്ക് കൂപ്പുകുത്തിച്ചതും.

ഈ പാഠങ്ങളൊക്കെ വൈകിയാണെങ്കിലും ഉൾക്കൊള്ളുകയാണ് രാഹുൽ ഗാന്ധി ഇപ്പോൾ. പാർട്ടി ഉപാദ്ധ്യക്ഷൻ അടുത്തിടെ കാലിഫോർണിയ സർവകലാശാലയിൽ വിദ്യാർത്ഥികളുമായി നടത്തിയ സംവാദത്തിൽ പറഞ്ഞ പല കാര്യങ്ങളും ആ തിരിച്ചറിവ് പ്രതിഫലിപ്പിക്കുന്നതാണ്. കോൺഗ്രസ് ജനങ്ങളിൽനിന്ന് അകന്നു എന്ന യാഥാർഥ്യം രാഹുൽ അംഗീകരിച്ചതുതന്നെ ആ തിരിച്ചറിവിന് തെളിവാണ്. എന്തുകൊണ്ട് ജനങ്ങളുമായുള്ള ബന്ധം അറ്റുവെന്ന് മനസ്സിലാക്കുകയും അത് പരിഹരിച്ച് മുന്നോട്ടുപോവുകയുമാണ് തന്റെ ദൗത്യമെന്ന് രാഹുൽ ഉറപ്പിക്കുന്നു.

രണ്ടാം യു.പി.എ. ഭരണകാലത്ത് പാർട്ടിയിൽ എങ്ങനെയോ കടന്നുകൂടിയ ചില ധാർഷ്ട്യങ്ങളാണ് കോൺഗ്രസ്സിനെ ജനങ്ങളിൽനിന്ന് ഇത്രമേൽ അകറ്റിയതെന്നാണ് രാഹുൽ വിലയിരുത്തിയത്. മന്മോഹൻ സിങ്ങിന്റെ നേതൃത്വത്തിലുള്ള ഭരണത്തിനെതിരേ ഉയർന്ന അഴിമതിയാരോപണങ്ങളും അതിനൊരു പങ്ക് വഹിച്ചിട്ടുണ്ട്. അഴിമതിയാരോപണങ്ങളെ പ്രതിരോധിക്കാനാവാതെ കോൺഗ്രസ് കൂടുതൽ ദുർബലമായി. മറ്റ് സംസ്ഥാനങ്ങളിൽ പ്രാദേശിക പാർട്ടികൾ ചരടുമുറുക്കിയപ്പോൾ അതിനെ പ്രതിരോധിക്കാനുള്ള നേതൃത്വമികവും കോൺഗ്രസ്സിന് ഉണ്ടായിരുന്നില്ല.

രണ്ടുവർഷത്തിനപ്പുറം നടക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ബിജെപി തന്നെ അധികാരത്തിലെത്തുമെന്ന കാര്യത്തിൽ കോൺഗ്രസ്സിനുള്ളിലുള്ളവർക്കുപോലും സംശയമില്ല. രാഹുലിന്റെ നീക്കവും അതുമനസ്സിലാക്കിത്തന്നെയാണ്. എന്നാൽ, 2024-ൽ ബിജെപിയെയും നരേന്ദ്ര മോദിയെയും എതിർക്കാൻ ശേഷിയുള്ള പാർട്ടിയായി കോൺഗ്രസ്സിനെ മാറ്റുകയാണ് രാഹുലിന്റെ ലക്ഷ്യം. ഭരണപരമായ ചുമതലകൾ ഏറ്റെടുക്കാൻ താൻ തയ്യാറാണെന്ന് രാഹുൽ കാലിഫോർണിയയിൽ പ്രഖ്യാപിച്ചതിനെ ആ രീതിയിലാണ് കാണേണ്ടത്.

2024-ലെ തിരഞ്ഞെടുപ്പിൽ പ്രായവും തനിക്ക് അനുകൂല ഘടകമാകുമെന്ന് രാഹുൽ കരുതുന്നു. 2024-ലെ തിരഞ്ഞെടുപ്പിൽ ബിജെപിയെ നയിക്കുന്നത് മോദിയാണെങ്കിൽ, അന്നദ്ദേഹത്തിന് 73 വയസ്സുണ്ടാകും. രാഹുലിന് 53-ഉം. പാർട്ടി അദ്ധ്യക്ഷസ്ഥാനം ഇക്കൊല്ലമോ അടുത്തവർഷം തുടക്കത്തിലോ രാഹുൽ ഏറ്റെടുക്കുമെന്നാണ് കരുതുന്നത്. പാർട്ടിയെ നേർദിശയിൽ നയിച്ച് കൂടുതൽ കരുത്തോടെ തിരിച്ചുവരവിന് പ്രാപ്തമാക്കാൻ അപ്പോഴേക്കും രാഹുലിന് വേണ്ടത്ര സമയവും ലഭിക്കും.

പതുക്കെ കത്തിക്കയറുന്ന സ്വഭാവമാണ് രാഹുലിന്റേത്. സോണിയയുടെ ഊർജസ്വലത പലപ്പോഴും രാഹുലിൽ കണ്ടെത്താനായി എന്ന് വരില്ല. പാർലമെന്റിൽ ശക്തമായൊരു പ്രസംഗം നടത്താൻ അദ്ദേഹം എത്രയോ വർഷങ്ങളെടുത്തു എന്നോർക്കുക. കാലിഫോർണിയയിൽ വിദ്യാർത്ഥികളുമായി നടത്തിയ സംവാദത്തിൽ വേറിട്ടൊരു രാഹുലിനെയാണ് ലോകം കണ്ടത്. പക്വമതിയായ രാഷ്ട്രീയക്കാരനെ ആ വാക്കുകളിൽ കണ്ടെത്താൻ കഴിയുമായിരുന്നു. പരാജയപ്പെട്ട രാജകുമാരനെന്ന് സ്മൃതി ഇറാനി അതിനെ ആക്ഷേപിച്ചെങ്കിലും, യുദ്ധഭൂവിലേക്ക് ഏതുനിമിഷവും തിരിച്ചെത്താനുള്ള ആർജവം തനിക്കുണ്ടെന്ന് തെളിയിക്കുകയായിരുന്നു രാഹുൽ എന്ന കാര്യം വിസ്മരിക്കരുത്.

ബെർകെലെയിലെ യൂണിവേഴ്‌സിറ്റി ഓഫ് കാലിഫോർണിയയിൽ നടത്തിയ പ്രസംഗം വിദേശികളെയും കോൺഗ്രസ് പ്രസ്ഥാനത്തിൽ വിശ്വസിക്കുന്നവർക്കും ആവേശം പകരുന്നതായിരുന്നു. ഇന്ത്യയിൽ രാഷ്ട്രീയ എതിരാളികൾ പപ്പുമോൻ എന്നും അമുൽ ബേബിയെന്നും കളിയാക്കി വിളിക്കുന്ന രാഹുൽ ഇത്തരക്കാർക്ക് വായടപ്പിക്കുന്ന വിധത്തിലുള്ള മറുപടിയാണ് തന്റെ ഗംഭീരമായ പ്രസംഗത്തിലൂടെ നൽകിയത്. സ്വാതന്ത്ര്യത്തിന്റെ പ്രൗഢമായ 70ാം വാർഷികം ആഘോഷിക്കുന്ന ഇന്ത്യയെക്കുറിച്ചായിരുന്നു രാഹുൽ സംസാരിച്ചിരുന്നത്. രാജ്യം ഇന്നു നേരിടുന്ന വെല്ലുവിളികളെ കുറിച്ചും ആനുകാലിക വിഷയങ്ങളെ കുറിച്ചും സമഗ്രമായി പഠിച്ച് കൃത്യമായി മറുപടി നൽകുന്ന വ്യത്യസ്തനായ രാഹുലിനെയാണ് ലോകം കണ്ടത്. വിമർശകരെ കൊണ്ട് പോലും നല്ലത്് പറയിപ്പിക്കാൻ അദ്ദേഹത്തിന് ഈ പ്രസംഗത്തിലൂടെ സാധിച്ചു.

ആഗോള തലത്തിൽ ഇന്ത്യൻ പ്രധാനമന്ത്രി മോദിയുടെ ജനപ്രീതി ഇടിയുന്നു എന്ന വാർത്തകൾ പുറത്തു വരുന്നതിന് ഇടെയാണ് രാഹുൽഗാന്ധിയുടെ നിലവാരം ഉയരുന്നതും. ഇന്ത്യൻ യുവനേതാവിനെ കാണാനും ചർച്ചകൾ നടത്താനും അമേരിക്കൻ നേതാക്കളും ബിസിനസ് ഭീമന്മാരും ആവേശത്തോടെയാണ് ഇവിടേക്ക് എത്തിയിരുന്നത്. ഈ പ്രസംഗത്തോടെ രാഹുൽ ഇക്കുറി ഇന്ത്യയിലേക്ക് മടങ്ങുക വർധിച്ച ആത്മവിശ്വാസത്തോടെയാണെന്നാണ് റിപ്പോർട്ട്.

ഇന്ത്യയിലെ നിലവിലെ രാഷ്ട്രീയ പരിസ്ഥിതി, ജോലിസൃഷ്ടിക്കൽ, കോൺഗ്രസ് പാർട്ടി, നോട്ട് പിൻവലിക്കലിന്റെ പ്രത്യാഘാതങ്ങൾ , മറ്റ് പലവിധ പ്രശ്‌നങ്ങൾ തുടങ്ങിയ സുപ്രധാനമായ കാര്യങ്ങളെല്ലാം തന്റെ സന്ദർശനത്തിനിടെ രാഹുൽ വിവിധ തലങ്ങളിലുള്ളവരുമായി ചർച്ച ചെയ്യുന്നുണ്ട്. യൂണിവേഴ്‌സിറ്റിയിൽ വച്ച് നടത്തിയ പ്രസംഗത്തിലും ഈ വിഷയങ്ങളെല്ലാം രാഹുൽ സമർത്ഥമായി ഉയർത്തിക്കാട്ടിയിരുന്നു. ഇന്ത്യയുടെ അടിസ്ഥാനമൂല്യങ്ങളിലൊന്നായ അഹിംസയെ തന്റെ പ്രസംഗത്തിൽ രാഹുൽ പ്രത്യേകം ഉയർത്തിക്കാട്ടിയിരുന്നു.

മോദി സർക്കാരിന്റെ വിദേശനയത്തിന്റെ അടിസ്ഥാന ആശയത്തോട് താൻ യോജിക്കുന്നുവെങ്കിലും അതിൽ പോരായ്മകൾ ഏറെയുണ്ടെന്ന് രാഹുൽ മുന്നറിയിപ്പേകുന്നു. അതായത് നിലവിലുള്ള വിദേശ നയം ഇന്ത്യയെ ഒരിക്കലും ഒററപ്പെടുത്തുന്നതാവാതിരിക്കാൻ വളരെ കരുതലെടുക്കേണ്ടിയിരിക്കുന്നുവെന്നും രാഹുൽ മുന്നറിയിപ്പേകുന്നു. മോദി സർക്കാരിന്റെ മെയ്ക്ക് ഇൻ ഇന്ത്യ എന്ന സങ്കൽപത്തോടും തനിക്ക് യോജിപ്പുണ്ട്. എന്നാൽ ഈ സ്‌കീം നടപ്പിലാക്കുന്നതിൽ കാര്യമായ മാറ്റം വരുത്തേണ്ടതുണ്ടെന്നാണ് രാഹുൽ പ്രസംഗത്തിൽ നിർദ്ദേശിച്ചിരിക്കുന്നത്. ചെറിയതും മീഡിയം തലത്തിലുള്ളതുമായ കമ്പനികൾക്ക് പ്രാധാന്യം നൽകിക്കൊണ്ടാണിത് നടപ്പിലാക്കേണ്ടതെന്നാണ് രാഹുൽ ആവശ്യപ്പെട്ടത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP