Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഹോട്ടലിൽ ഭക്ഷണം കഴിച്ചു കൊണ്ടിരുന്ന എസ്ഐയെ സിനിമാ സ്റ്റൈലിൽ ഭീഷണി മുഴക്കി കുട്ടിസഖാക്കൾ; കുടിച്ചു കൊണ്ടിരുന്ന വെള്ളം പിടിച്ചുവാങ്ങി തൊണ്ടയിലേക്ക് ഒഴിച്ച് നേതാവിന്റെ അട്ടഹാസം; അക്രമികളെ രായ്ക്ക് രാമാനം തോണ്ടിയെടുത്ത് അകത്തിട്ടു: സംഘപരിവാർ ബന്ധം ആരോപിച്ച് തിരിച്ചടിക്കാൻ പാർട്ടി പത്രവും സോഷ്യൽ മീഡിയ സഖാക്കളും: എസ്എഫ്ഐ നേതാവായിരുന്ന കൊടുമൺ എസ്ഐ നാട്ടിലെ താരമായി

ഹോട്ടലിൽ ഭക്ഷണം കഴിച്ചു കൊണ്ടിരുന്ന എസ്ഐയെ സിനിമാ സ്റ്റൈലിൽ ഭീഷണി മുഴക്കി കുട്ടിസഖാക്കൾ; കുടിച്ചു കൊണ്ടിരുന്ന വെള്ളം പിടിച്ചുവാങ്ങി തൊണ്ടയിലേക്ക് ഒഴിച്ച് നേതാവിന്റെ അട്ടഹാസം; അക്രമികളെ രായ്ക്ക് രാമാനം തോണ്ടിയെടുത്ത് അകത്തിട്ടു: സംഘപരിവാർ ബന്ധം ആരോപിച്ച് തിരിച്ചടിക്കാൻ പാർട്ടി പത്രവും സോഷ്യൽ മീഡിയ സഖാക്കളും: എസ്എഫ്ഐ നേതാവായിരുന്ന കൊടുമൺ എസ്ഐ നാട്ടിലെ താരമായി

ശ്രീലാൽ വാസുദേവൻ

പത്തനംതിട്ട: ശ്രീകൃഷ്ണജയന്തിയുമായി ബന്ധപ്പെട്ട നിസാര തർക്കങ്ങളുടെ പേരിൽ എസ്ഐക്ക് നേരെ ഭീഷണിയും കൈയേറ്റശ്രമവും. ഏഴു ഡിവൈഎഫ്ഐക്കാരെ എസ്ഐ രായ്ക്ക് രാമാനം തൂക്കി ജാമ്യമില്ലാ വകുപ്പിട്ട് അടത്താക്കി. സിപിഐഎമ്മിലെ ഒരു വിഭാഗവും ഡിവൈഎഫ്ഐയിലെ ഭൂരിപക്ഷവും എസ്ഐക്കൊപ്പം നിന്നു. അതേസമയം, പാർട്ടി പത്രവും മറ്റൊരു വിഭാഗവും ചേർന്ന് എസ്ഐക്കെതിരേ നുണപ്രചാരണം അഴിച്ചു വിട്ടു. എസ്ഐ സംഘപരിവാർ പ്രവർത്തകനാണെന്ന ആരോപണത്തിന് മുനയൊടിച്ച് അദ്ദേഹത്തിന്റെ സഹപാഠികൾ രംഗത്തു വന്നതോടെ സോഷ്യൽ മീഡിയ സഖാക്കൾ വെട്ടിലായി. കൊടുമൺ എസ്ഐ ശ്രീജിത്തിന് എതിരേയാണ് ഡിവൈഎഫ്ഐക്കാർ ചന്ദ്രഹാസമെടുത്തത്.

അഷ്ടമി രോഹിണിയോട് അനുബന്ധിച്ച് സിപിഐഎമ്മും ബിജെപിയും കൊടുമൺ ജങ്ഷനിൽ ഘോഷയാത്ര സംഘടിപ്പിച്ചിരുന്നു. മുൻവർഷങ്ങളിൽ ഇതിന്റെ പേരിൽ സംഘട്ടനം ഇവിടെ പതിവാണ്. കഴിഞ്ഞ തവണ പന്തളം സിഐ, കൊടുമൺ എസ്ഐ എന്നിവരെ സിപിഐഎമ്മുകാർ മർദിക്കുകയും ചെയ്തു. അടുത്തിടെ കൊടുമണിൽ ചുമതലയേറ്റ എസ്ഐ ശ്രീജിത്ത് ഇക്കാര്യം മനസിലാക്കി ആഘോഷങ്ങൾക്ക് രണ്ടു ദിവസം മുൻപ് ഇരുപക്ഷത്തേയും നേതാക്കളെ സമാധാന ചർച്ചയ്ക്കായി വിളിച്ചു. ഇതിൻ പ്രകാരം രണ്ടു കൂട്ടർക്കും വ്യത്യസ്ഥ റൂട്ടുകൾ നിശ്ചയിച്ചു. മുന്നൊരുക്കം നടത്താനുള്ള സമയം തലേന്ന് രാത്രി പത്തുവരെയെന്നും ധാരണയിലെത്തി.

ഇതിൻ പ്രകാരം തലേന്ന് രാത്രി 10 മണിയോടെ ഡിവൈഎഫ്ഐ പ്രവർത്തകർ എസ്ഐയെ വിളിച്ച് തങ്ങൾ പറഞ്ഞ സമയത്ത് തന്നെ ഒരുക്കങ്ങൾ പൂർത്തിയാക്കിയെന്നും സംഘപരിവാറുകാർ റോഡിൽ തന്നെ നിന്ന് ഒരുക്കങ്ങൾ നടത്തുകയാണെന്നും അറിയിച്ചു. ഇതു കേട്ട എസ്ഐ അവരെ പിരിച്ചു വിടുന്നതിനായി ജങ്ഷനിലേക്ക് പോയി. എസ്ഐ അവിടെ എത്തുമ്പോൾ കൊടിതോരണം കെട്ടുന്ന സംഘപരിവാറുകാരെയാണ് കണ്ടത്. ഇതിനിടെ കെട്ടിക്കൊണ്ടിരുന്ന തോരണം പൊട്ടി എസ്ഐയുടെ വാഹനത്തിന് മുകളിൽ വീഴുകയും ചെയ്തു. താൻ പറഞ്ഞ സമയപരിധി ലംഘിച്ചതിനാൽ കൊടിതോരണങ്ങൾ നീക്കാൻ പോവുകയാണ് എന്ന് എസ്ഐ സംഘപരിവാറുകാരെ അറിയിച്ചു.കെട്ടുന്നതിനിടയിൽ തോരണംപൊട്ടിയതു കൊണ്ടാണ് വൈകിയതെന്നും അരമണിക്കൂർ കൂടി സമയം നൽകണമെന്നും അഭ്യർത്ഥിച്ചു.

ഇതനുസരിച്ച് എസ്ഐ ഇവർക്ക് അൽപസമയം കൂടി നൽകി. ഇതിനിടെ വീണ്ടും ഡിവൈഎഫ്ഐ പ്രവർത്തകർ പരാതിയുമായി വന്നു. സിഐടിയുവിന്റെ കൊടിമരത്തിൽ സംഘപരിവാറുകാർ ഫ്ളക്സ് കെട്ടിയെന്നായിരുന്നു ആരോപണം. കൊടുമൺ ചിറയിലാണ് സംഭവമെന്ന് പറഞ്ഞു. ഇതനുസരിച്ച് എസ്ഐ അവിടെ എത്തിയപ്പോൾ സംഘപരിവാറുകാർ ഫ്ളക്സ് കെട്ടിയത് അവരുടെ ബോർഡിൽ തന്നെയാണെന്ന് കണ്ടു. ഇക്കാര്യം എസ്ഐ ചൂണ്ടിക്കാണിച്ചതോടെ കൊടുമൺ ജങ്ഷനിൽ താമസിക്കുന്ന ബിജിയുടെ നേതൃത്വത്തിൽ സുധീഷ്, സാബു, അമൻ, സജിത്ത്, രതിൻ എന്നിവരടങ്ങുന്ന്15 ഓളം പ്രവർത്തകർ എസ്ഐയെയും പൊലീസുകാരെയും സഭ്യം വിളിക്കുകയും മർദിക്കാൻ ശ്രമിക്കുകയും ചെയ്തു. കൃത്യനിർവഹണംതടസപ്പെടുത്തിയതിന് പൊലീസ് ഇവർക്കെതിരേ കേസ് എടുത്തു.

തുടർന്ന് സിപിഐഎം, ഡിവൈഎഫ്ഐ നേതാക്കളുടെ അഭ്യർത്ഥനയെ തുടർന്ന് എസ്ഐ കേസിന്റെ വകുപ്പുകൾ ലഘൂകരിക്കുകയും ചെയ്തിരുന്നു. ഇതേ തുടർന്ന് ഒളിവിൽ പോയ പ്രതികൾ തിരിച്ചെത്തി. അന്ന് രാത്രി എസ്ഐ ശ്രീജിത്ത് ഭക്ഷണം കഴിച്ചു കൊണ്ടിരികുന്ന സ്ഥലത്തെത്തിയ സംഘം പിന്നീട് സിനിമാ സ്റ്റൈലിലാണ് പെരുമാറിയത്. ഒന്നാം പ്രതി ബിജി എസ്ഐയുടെ മുൻപിലിരുന്ന ഗ്ലാസിലെ വെള്ളം എടുത്ത് സ്വന്തം വായിലേക്ക് കമിഴ്‌ത്തി. പിന്നായെ ഭീഷണിയും അസഭ്യ വർഷവും തുടങ്ങി. എസ്ഐയെ മർദിക്കാനും ശ്രമിച്ചു. ഇതോടെ സിപിഐഎം നേതാക്കളെ ബന്ധപ്പെട്ട എസ്ഐ പ്രതികളെ ജാമ്യമില്ലാ വകുപ്പിട്ട് അറസ്റ്റ് ചെയ്യുകയാണെന്ന് അറിയിച്ചു. അന്ന് രാത്രി തന്നെ ഏഴു പേരെ അറസ്റ്റ് ചെയ്ത് പിറ്റേന്ന് റിമാൻഡ് ചെയ്തു. സിപിഐഎം നേതാക്കളുടെ അനുവാദത്തോടെയായിരുന്നു അറസ്റ്റ്.

ഇതോടെ കളി മാറി. ദേശാഭിമാനിയിലും സോഷ്യൽ മീഡിയയിലെ സൈബർ സഖാക്കളും ചേർന്ന് എസ്ഐയെ സംഘപരിവാറുകാരനാക്കി മാറ്റി. സോഷ്യൽ മീഡിയ പ്രചാരണംകൊഴുക്കുന്നതിനിടെ എസ്ഐയുടെ സഹപാഠികൾ രംഗത്തു വന്നു. കടമ്പനാട്ടെ അറിയപ്പെടുന്ന സിപിഐഎം പ്രവർത്തകനും അദ്ധ്യാപകനുമായ പ്രഭാകരൻ പിള്ളയുടെ മകനാണ് ശ്രീജിത്തെന്നും ശാസ്താംകോട്ട കോളജിൽ പഠിക്കുമ്പോൾ എസ്എഫ്ഐയിലും പിന്നീട് നാട്ടിൽ ഡിവൈഎഫ്ഐയിലും സജീവമായി പ്രവർത്തിച്ചിരുന്നുവെന്നുമായിരുന്നു പോസ്റ്റ്. ഇതോടെ പാർട്ടിപത്രം മാറ്റിപ്പിടിച്ചു. പ്രതികളിൽ ഒരാളെ അറസ്റ്റ് ചെയ്യുന്നതിനിടെ വീടിന്റെ കതക് ചവിട്ടിപ്പൊളിച്ചെന്നും അയാളുടെ മാതാവിനെയും സഹോദരിയെയും മർദിച്ചുവെന്ന തരത്തിൽ വാർത്ത നൽകി.

സുധീഷ് എന്ന പ്രതിയുടെ മാതാവ് ബിന്ദുവിനെ വലിച്ചെറിഞ്ഞെന്നുവെന്നും നടുവിടിച്ച് വീണ അവർക്ക് ഗുരുതരപരുക്കുണ്ടെന്നുമാണ് പാർട്ടി പത്രം പറയുന്നത്. അതേസമയം, പ്രതികളെ എല്ലാം അറസ്റ്റ് ചെയ്തത് വീഡിയോയിൽ ഷൂട്ട് ചെയ്തു കൊണ്ടാണെന്ന് എസ്ഐ പറയുന്നു. ഒരാളുടെയും വീട്ടിൽ കയറി ബലം പ്രയോഗിച്ചിട്ടില്ല. എസ്ഐക്ക് പിന്തുണയുമായി ജില്ലാ സെക്രട്ടറിയേറ്റംഗം അടക്കം രംഗത്തുണ്ട്. കൊടുമണിലെ ഡിവൈഎഫ്ഐക്കാർക്ക് ഒരെല്ല് കൂടുതലാണ് എന്നാണ് ഇവർ പറയുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP