Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ജയരാജനെ മന്ത്രിയാക്കാതിരിക്കാൻ അരയും തലയും മുറുക്കി കോടിയേരി; ബന്ധുത്വ നിയമനം പാർട്ടിക്ക് തീരാകളങ്കമായെന്ന വാദം സമ്മേളന വേദികളിൽ സജീവമാക്കും; തോമസ് ചാണ്ടി രാജിവച്ചാലും പിണറായിയുടെ 'പഴയ വിശ്വസ്തനെ' കാബിനെറ്റിലെടുക്കാൻ അനുവദിക്കില്ല; കണ്ണൂർ പിടിക്കാനുള്ള സിപിഎമ്മിലെ കളികൾ ഇപിക്ക് തിരിച്ചടിയായേക്കും: ഇരട്ടനീതി ചർച്ചയാക്കി തിരിച്ചുവരാൻ മുൻ മന്ത്രിയും

ജയരാജനെ മന്ത്രിയാക്കാതിരിക്കാൻ അരയും തലയും മുറുക്കി കോടിയേരി; ബന്ധുത്വ നിയമനം പാർട്ടിക്ക് തീരാകളങ്കമായെന്ന വാദം സമ്മേളന വേദികളിൽ സജീവമാക്കും; തോമസ് ചാണ്ടി രാജിവച്ചാലും പിണറായിയുടെ 'പഴയ വിശ്വസ്തനെ' കാബിനെറ്റിലെടുക്കാൻ അനുവദിക്കില്ല; കണ്ണൂർ പിടിക്കാനുള്ള സിപിഎമ്മിലെ കളികൾ ഇപിക്ക് തിരിച്ചടിയായേക്കും: ഇരട്ടനീതി ചർച്ചയാക്കി തിരിച്ചുവരാൻ മുൻ മന്ത്രിയും

തിരുവനന്തപുരം: വിജിലൻസ് നിയമോപദേഷ്ടാവിന്റെ ക്ലീൻ ചിറ്റുകിട്ടിയ മുന്മന്ത്രി ഇ.പി. ജയരാജന്റെ മന്ത്രിസ്ഥാനത്തിന് തടയിടാൻ ഔദ്യോഗിക വിഭാഗം നീക്കം തുടങ്ങി. പാർട്ടി സമ്മേളനത്തിന് ശേഷം മന്ത്രിസഭാ അഴിച്ചു പണി മുഖ്യമന്ത്രി മനസ്സിൽ കാണുന്നുണ്ട്. ചില മന്ത്രിമാർക്ക് പാർട്ടി ചുമതല ഏൽപ്പിക്കും. ഇതിനൊപ്പം സമ്മേളനത്തിൽ വിമർശന വിധേയരാകുന്നവരെ മാറ്റുകയും ചെയ്യും. കണ്ണൂരിൽ പാർട്ടിക്ക് പുതിയ സെക്രട്ടറിയെ വേണം. ഇതു സംബന്ധിച്ച ചർച്ചകൾ പുരോഗമിക്കുകയാണ്. അതുകൊണ്ട് തന്നെ കണ്ണൂരിൽ നിന്നുള്ള ജയരാജൻ മന്ത്രിയാകുന്നതിനെ പാർട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ അംഗീകരിക്കുന്നില്ല. ഇത് കണ്ണൂരിൽ തന്റെ അപ്രമാധിത്വത്തിന് പ്രശ്‌നമാകുമെന്നാണ് കോടിയേരിയുടെ വിലയിരുത്തൽ. അതിനാൽ ബന്ധുത്വ നിയമനത്തിന്റെ പേരിലുള്ള നടപടി പാർട്ടി സമ്മേളനത്തിൽ ശക്തമാക്കാനാണ് കോടിയേരിയുടെ നീക്കം. ഇതിലൂടെ ജയരാജന്റെ മോഹം തടയാനാണ് നീക്കം.

ജയരാജനെതിരായ റിപ്പോർട്ട വിജിലൻസിന്റെ പരിഗണനയിലാണ്. നിയമോപദേശം ആദ്യം വിജിലൻസ് ഡയറക്ടർ ലോകനാഥ് ബെഹ്റ അംഗീകരിക്കണം. തുടർന്ന് കേസ് അവസാനിപ്പിക്കുന്നതിന് വിജിലൻസ് നൽകുന്ന റിപ്പോർട്ട് കോടതി അംഗീകരിക്കണം. കോടതിയുടെ തീർപ്പിന് വിധേയമായേ ജയരാജൻ കുറ്റവിമുക്തനാകൂ. ഈ നടപടിക്രമങ്ങൾ വൈകിപ്പിക്കാനാണ് കോടിയേരിയുടെ ശ്രമം. ഇതിലൂടെ പാർട്ടി സമ്മേളനം കഴിയും വരെ ജയരാജൻ മന്ത്രിയാകില്ലെന്ന് ഉറപ്പിക്കാം. തോമസ് ചാണ്ടിക്കെതിരെ അതിരൂക്ഷമായ ആരോപണമാണ് ഉയരുന്നത്. ഏത് സമയം വേണങ്കിലും തോമസ് ചാണ്ടി രാജിവയ്ക്കാം. ്അങ്ങനെ വരുന്ന ഒഴിവ് എൻസിപിക്ക് നൽകേണ്ടതില്ല. കാരണം ഹണിട്രാപ്പിൽ കുടുങ്ങിയാണ് എൻസിപിയുടെ മറ്റൊരു എംഎൽഎ രാജിവച്ചത്. എകെ ശശീന്ദ്രനെ അതുകൊണ്ട് തന്നെ മന്ത്രിസഭയിൽ എടുക്കേണ്ട ആവശ്യവുമില്ല. ഇത് മനസ്സിലാക്കിയാണ് ജയരാജൻ മന്ത്രിമോഹം സജീവമാക്കുന്നത്.

ഇതിന് തടയിടാനാണ് നിയമോപദേശത്തിൽ തീരുമാനം എടുപ്പിക്കുന്നത് വൈകിപ്പിക്കുന്നതും. അഥിനിടെ സർക്കാരുമായി ചേർന്നുപോകുന്ന ഉദ്യോഗസ്ഥൻ എന്ന നിലയിൽ ബെഹ്റ നിയമോപദേശം നിരാകരിച്ചേക്കില്ലെന്ന സൂചനയുമുണ്ട്. എങ്കിലും ഈ നടപടികളൊക്കെ നിയമപരമായി ചോദ്യംചെയ്യപ്പെടുന്നവയുമാണ്. മേൽക്കോടതിയിലേക്കും കേസ് എത്താമെന്നിരിക്കേ വിജിലൻസ് നിയമോപദേശത്തിന്റെ അടിസ്ഥാനത്തിൽ ജയരാജന് കേസിൽ നിന്ന് രക്ഷപ്പെടാൻ കഴിയും. നിലവിൽ മുഖ്യമന്ത്രി അടക്കം 19 മന്ത്രിമാരാണുള്ളത്. ആരും രാജിവെക്കാതെതന്നെ ജയരാജനെ ഉൾപ്പെടുത്താൻ തടസ്സമില്ല. ചെലവ് ചുരുക്കലിന്റെ ഭാഗമായി ഒരാളെ കുറച്ചാണ് ഇടതുമുന്നണി മന്ത്രിസഭ രൂപവത്കരിച്ചത്. അതുകൊണ്ട് തന്നെ ജയരാജനെ മന്ത്രിയാക്കുന്നത് മുൻ പ്രഖ്യാപിത നിലപാടിൽ വെള്ളം ചേർക്കുന്നതാണെന്ന് കോടിയേരി പറയുന്നു. അംഗസംഖ്യ കൂട്ടണമെങ്കിൽ അത് എൽ.ഡി.എഫ്. തീരുമാനിക്കണമെന്ന് സിപിഐ. വ്യക്തമാക്കിയിട്ടുണ്ട്.

ഭാര്യാസഹോദരി കൂടിയായ പി.കെ. ശ്രീമതി എംപി.യുടെ മകനെ പൊതുമേഖലാ സ്ഥാപനത്തിന്റെ എം.ഡി.യായി നടപടിക്രമം പാലിക്കാതെ നിയമിച്ചത് സ്വജനപക്ഷപാതമാണെന്നാണ് ജയരാജനെതിരായ കേസ്. നിയമനത്തെ വകുപ്പുസെക്രട്ടറി എതിർത്തിട്ടും മന്ത്രി ഉത്തരവിറക്കാൻ നിർദ്ദേശിച്ചതാണ് കേസിനു കാരണമായത്. പൊതുമേഖലാ സ്ഥാപനങ്ങളിലെ എം.ഡി. നിയമനത്തിന് റിയാബ് തയ്യാറാക്കുന്ന ചുരുക്കപ്പട്ടികയിൽനിന്നാണ് നിയമനം നടത്തേണ്ടതെന്ന സർക്കാർചട്ടവും ലംഘിക്കപ്പെട്ടു. ഇത് പാർട്ടിക്ക് ഏറെ അവമതിപ്പുണ്ടാക്കിയെന്നാണ് കോടിയേരി പറയുന്നത്. കണ്ണൂരിൽ പിണറായിയുടെ വിശ്വസ്തനായിരുന്നു ജയരാജൻ. ജില്ലയിലെ രണ്ടാമൻ കോടിയേരിയാണെങ്കിലും പ്രതാപം മുഴുവൻ ജയരാജനായിരുന്നു.

ബന്ധുത്വ നിയമന വിവാദത്തോടെ ജയരാജൻ ഉൾവലിഞ്ഞു. പിണറായിയുടെ ചാവേറാകാൻ മാധ്യമങ്ങളിൽ പ്രത്യക്ഷപ്പെടുന്നത് കുറഞ്ഞു. എങ്ങനേയും സ്വന്തം പക്ഷക്കാരനെ കണ്ണൂരിൽ ജില്ലാ സെക്രട്ടറിയാക്കാനാണ് കോടിയേരിയുടെ നീക്കം. മൂന്ന് ടേം മാനദണ്ഡം പൂർത്തിയാക്കിയ പി ജയരാജൻ സ്ഥാനം ഒഴിയേണ്ടതുണ്ട് എന്നതിനാലാണ് ഇത്. നിലവിലെ സാഹചര്യത്തിൽ പിണറായി തന്നെയാകും അന്തിമ തീരുമാനം എടുക്കുക. ഇത് അട്ടിമറിക്കാനാണ് പിണറായി ഗ്രൂപ്പിൽ ഭിന്നതയുണ്ടാക്കാൻ കോടിയേരി ശ്രമിക്കുന്നത്. അതിനിടെയാണ് ജയരാജനെ കുറ്റവിമുക്തനാക്കുന്ന റിപ്പോർട്ട് എത്തിയത്. കണ്ണൂരിൽ നിന്ന് ഇപി ജയരാജൻ കൂടി മന്ത്രിയായാൽ തനിക്ക് സ്വന്തം നാട്ടിൽ പിടി അയയുമെന്നാണ് കോടിയേരിയുടെ കണക്കു കൂട്ടൽ. ബന്ധുത്വ നിയമന വിവാദത്തിൽ ഇപിക്കെതിരെ വലിയ അമർഷം പാർട്ടിയിൽ ഉയർന്നുവെന്ന് പിണറായിക്കും അറിയാം. അതുകൊണ്ട് തന്നെ സമ്മേളന വേദിയിലെ വികാരം ജയരാജന് എതിരായാൽ അദ്ദേഹത്തിന് മന്ത്രിസ്ഥാനം നൽകാൻ മുഖ്യമന്ത്രിയും തയ്യാറാകില്ല.

അതിനിടെ വിദ്യാഭ്യാസ മന്ത്രി രവീന്ദ്രീൻ, ആരോഗ്യമന്ത്രി കെകെ ശൈലജ, ദേവസം മന്ത്രി കടകംപള്ളി സുരേന്ദ്രൻ തുടങ്ങിയവരുടെ ചില പ്രവർത്തകൾ പാർട്ടിക്ക് അവമതിപ്പുണ്ടാക്കിയെന്നും അണികൾ പറയുന്നുണ്ട്. ഇവർക്കെതിരെ നടപടികളൊന്നുമില്ല. അതുകൊണ്ട് തന്നെ ഇപി ജയരാജനെതിരായ നടപടിയുടെ സാങ്കേതികത ചർച്ചയാക്കാനും നീക്കമുണ്ട്. ഇരട്ട നീതിയാണ് നടക്കുന്നതെന്ന് ചർച്ചകൾ സജീവമാക്കാൻ ഇപിയും ശ്രമിക്കും. അതുകൊണ്ട് തന്നെ സമ്മേളനത്തിൽ ഇപി നിറയുമെന്നും ഉറപ്പാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP