Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ബ്ലാക്ക് മെയിൽക്കേസിനും സോളാറിന്റെ വിധി; ഉന്നതരെ കണ്ടില്ലെന്ന് നടിച്ച് അന്വേഷണം നിർത്തി; അടിയും ഇടിയും പേടിച്ചാണ് പലതും വിളിച്ചു പറഞ്ഞതെന്ന് രുക്‌സാന; സെയിൽസ് ടാക്‌സ് ഉദ്യോഗസ്ഥനെ രക്ഷിച്ചത് ആര്?

ബ്ലാക്ക് മെയിൽക്കേസിനും സോളാറിന്റെ വിധി; ഉന്നതരെ കണ്ടില്ലെന്ന് നടിച്ച് അന്വേഷണം നിർത്തി; അടിയും ഇടിയും പേടിച്ചാണ് പലതും വിളിച്ചു പറഞ്ഞതെന്ന് രുക്‌സാന; സെയിൽസ് ടാക്‌സ് ഉദ്യോഗസ്ഥനെ രക്ഷിച്ചത് ആര്?

കൊച്ചി: വിവാദമായ കൊച്ചി ബ്ലാക്ക് മെയിൽ കേസിന്റെ അന്വേഷണം ഉന്നതർ ഇടപെട്ട് അട്ടിമറിച്ചു. കൊല്ലത്തെ വ്യവസായി സജികുമാറിന്റെ പരാതിയിലുള്ള അന്വേഷണത്തിൽ ലഭിച്ച തെളിവുകൾ മാത്രം നിരത്തി പ്രതികൾക്കെതിരെ കുറ്റപത്രം സമർപ്പിക്കാനൊരുങ്ങുകയാണ് അന്വേഷണസംഘം. പ്രമുഖരെ പ്രലോഭിപ്പിച്ച് ലൈംഗികബന്ധത്തിൽ ഏർപ്പെട്ട ശേഷം ഒളികാമറയിൽ പകർത്തി ബ്‌ളാക്ക് മെയിൽ ചെയ്ത് ലക്ഷങ്ങൾ തട്ടിയെന്നായിരുന്നു ആരോപണം. ഇതിനപ്പുറത്തേക്ക് അന്വേഷണമോ കുറ്റപത്രമോ എത്തില്ല.

അതിനിടെ കൂടുതൽ വെളിപ്പെടുത്തലുമായി രുക്‌സാന രംഗത്ത് എത്തി. ഒരു സെയിൽ ടാക്‌സ് ഉദ്യോഗസ്ഥനും തട്ടിപ്പിൽ പങ്കുണ്ടെന്നാണ് രുക്‌സാനയുടെ വെളിപ്പെടുത്തൽ. പിടിയിലായവരെല്ലാം ഈ ഉദ്യോഗസ്ഥന്റെ പേരു പറഞ്ഞു. എന്നാൽ പൊലീസ് ഇയാളെ ചോദ്യം ചെയ്ത ശേഷം വിട്ടയച്ചുവെന്നാണ് ആരോപണം. ഒപ്പം കേസിൽ ഉന്നതർക്കാർക്കും പങ്കില്ലെന്നും പറയുന്നു. പ്രത്യേകിച്ച് രാഷ്ട്രീയക്കാർക്കോ പൊലീസ് ഉദ്യോഗസ്ഥർക്കോ. ആരോ തങ്ങളെ കൊണ്ട് സമ്മർദ്ദം ചെലുത്തിയാണ് മുമ്പ് പേരുകൾ പറയിച്ചത്. പൊലീസിന്റെ അടിയും ഇടിയും പേടിച്ച് വിളിച്ചു പറഞ്ഞവ മാത്രമാണ് അവയെന്നും രുക്‌സാന പറയുന്നു. ഇതിനൊപ്പമാണ് കേസ് അന്വേഷണം അട്ടിമറിക്കപ്പെട്ട വിവരവും ചർച്ചയാകുന്നത്. അതായത് ഉന്നതർക്ക് വേണ്ടി എല്ലാം പറഞ്ഞു തീർത്തതാവാനാണ് സാധ്യത.

സജികുമാറിനെ ബഌക്ക് മെയിൽ ചെയ്യാൻ ശ്രമിച്ച കേസിലാണ് എറണാകുളം വെണ്ണല ഡി.ഡി ഗോൾഡൻ ഗേറ്റിൽ താമസക്കാരിയായ ബിന്ധ്യാ തോമസ് എന്നു വിളിക്കുന്ന സൂര്യ ( 32), കടവന്ത്ര ചിലവന്നൂരിലെ ഗാലക്‌സി വിൻസ്റ്റൺ ഫ്‌ളാറ്റിൽ താമസക്കാരിയായ റുക്‌സാന ബി. ദാസ് (29), ഇടനിലക്കാരായി പ്രവർത്തിച്ച ഹൈക്കോടതി അഭിഭാഷകൻ വടുതല കുറ്റാട്ടുശേരിയിൽ സനിലൻ ( 43), ഉദയംപേരൂർ സൗത്ത് പറവൂർ കണ്ടത്തിൽ വീട്ടിൽ പ്രജീഷ് എന്ന് വിളിക്കുന്ന ജേക്കബ് തോമസ് (35) എന്നിവരെ കഴിഞ്ഞ ജൂലായിൽ അറസ്റ്റു ചെയ്തത്. ബഌക്ക് മെയിലിംഗിന് പ്രധാന സഹായിയായി പ്രവർത്തിച്ച ആലപ്പുഴ സ്വദേശി ജയചന്ദ്രനും പിന്നീട് അറസ്റ്റിലായി. ജയചന്ദ്രൻ എംഎൽഎ ഹോസ്റ്റലിൽ ഒളിവിൽ താമസിച്ചെന്നും കൂടി വ്യക്തമായതോടെ പല ഉന്നതരും സംശയ നിഴലിലായി. പ്രത്യേക അന്വേഷണ സംഘവുമെത്തി. ഇതൊക്കെയാണ് ഇപ്പോൾ വെറുതെയാകുന്നത്. ഒപ്പം രുക്‌സാനയുടെ പുതിയ വെളിപ്പെടുത്തലും.

പാലാരിവട്ടം സ്റ്റേഷനിൽ ആദ്യം പിടിയിലായപ്പോൾ തിരുവനന്തപുരത്തുള്ള ഒരു മന്ത്രിയുടെ പി.എ വിളിച്ചിരുന്നു. കേസുമായി ബന്ധപ്പെട്ട് അരൂരിൽവച്ച് പിടിയിലായ ഒരു ബിസിനസുകാരനെ വിട്ടയയ്ക്കണമെന്ന് ആവശ്യപ്പെടാനാണ് പി.എ വിളിച്ചത്. അടുത്തദിവസം അയാളെ പൊലീസ് വിട്ടയച്ചു.-രുക്‌സാന പറയുന്നു. ആത്മഹത്യ ചെയ്ത രവീന്ദ്രനെ പാലാരിവട്ടം ശ്രീരാജരാജേശ്വരി ക്ഷേത്രത്തിന്റെ കാർ പാർക്കിങ് ഏരിയയിൽ വച്ച് വിൻസെന്റ് പെരേര എന്നയാൾ ക്രൂരമായി മർദ്ദിച്ചിരുന്നു. പിറ്റേന്നാണ് അയാൾ ആത്മഹത്യ ചെയ്‌തെന്ന് അറിഞ്ഞത്. പെരേര തല്ലിയ കാര്യം പൊലീസിനോട് പറഞ്ഞപ്പോൾ നിങ്ങൾ നിങ്ങളുടെ കാര്യം നോക്കിയാൽ മതിയെന്നായിരുന്നു മറുപടിയെന്നും രുക്‌സാന വെളിപ്പെടുത്തുന്നു.

എറണാകുളത്ത് അറസ്റ്റിലായതിനെ തുടർന്ന് റിമാൻഡ് ചെയ്യപ്പെട്ടിരുന്നു. റിമാൻഡിൽ കഴിയുമ്പോൾ പൊലീസ് ലൈംഗികമായി പീഡിപ്പിച്ചെന്ന ആരോപണം ശരിയല്ല. എന്നാൽ, ദേഹോപദ്രവം ഏല്പിച്ചു. ഉപദ്രവിച്ചതിനെക്കുറിച്ച് കോടതിയിൽ രഹസ്യമൊഴി കൊടുത്തു. രണ്ടാംദിവസം ജാമ്യം ലഭിച്ചെങ്കിലും കോടതിയിൽ രഹസ്യമൊഴി നൽകിയതിന് പൊലീസ് പകവീട്ടുകയായിരുന്നു. കേസുമായി ബന്ധപ്പെട്ട് കേട്ട മുന്മന്ത്രിമാരെയോ ഐ.പി.എസ് ഓഫീസറെയോ സിനിമാനടനെയോ കണ്ടിട്ട് പോലുമില്ല. അവരുമായി ബന്ധമുണ്ടായിരുന്നുവെങ്കിൽ ഒരു പെറ്റി കേസുപോലുമുണ്ടാകുമായിരുന്നില്ല. പൊലീസിന്റെ അടിയും ഇടിയും പേടിച്ചാണ് അവർ പറഞ്ഞത് ഏറ്റുപറഞ്ഞത്. രണ്ടാമത് കസ്റ്റഡിയിൽ ആയപ്പോഴും മുൻപ് പറഞ്ഞ രാഷ്ട്രീയക്കാരുടെയൊക്കെ പേരുകൾ പറയാൻ പറഞ്ഞു. ഞങ്ങൾക്ക് വേറെ വഴിയില്ലായിരുന്നവെന്നാണ് രുക്‌സാനയുടെ പുതിയ വിശദീകരണം.

ഏതായാലും രുക്‌സാനയും ബിന്ധ്യയും വെളിപ്പെടുത്തിയ പേരുകളിൽ അന്വേഷണം ഇല്ല. പകരം സജി കുമാറിന്റെ പരാതി മാത്രം അന്വേഷിച്ചാൽ മതിയെന്ന് പൊലീസ് തീരുമാനിക്കുകയായിരുന്നു. തട്ടിപ്പിന് ഇരയായവരിൽ ആരെങ്കിലും പരാതി നൽകിയാൽ മാത്രം അന്വേഷണം നടത്താമെന്ന നിലപാടിലാണ് പൊലീസ്. എന്നാൽ പരാതിപ്പെടാൻ അരും ഉണ്ടാകില്ലെന്നും ഉറപ്പാണ്. അതുകൊണ്ട് തന്നെ എല്ലാം അവസാനിക്കുന്നുവെന്ന് വ്യക്തം. ജയചന്ദ്രൻ ഒളിവിൽ കഴിഞ്ഞത് എംഎ‍ൽഎ ഹോസ്റ്റലിൽ കോൺഗ്രസ് നേതാവ് ശരത്ചന്ദ്രപ്രസാദിന്റെ പേരിലെടുത്ത മുറിയിലായിരുന്നു. ശരത്തിന്റെ രഹസ്യമൊഴി രേഖപ്പെടുത്തിയതല്ലാതെ കൂടുതൽ അന്വേഷണം നടന്നില്ല.

തിരുവനന്തപുരം സ്വദേശി രവീന്ദ്രൻ ആത്മഹത്യ ചെയ്ത കേസിൽ വെഞ്ഞാറമൂട് പൊലീസ് പ്രതികൾക്കെതിരെ രജിസ്റ്റർ ചെയ്ത കേസിലും കാര്യമായ അന്വേഷണം നടന്നില്ല. ബ്ലാക്ക് മെയിൽ കേസിന്റെ തുടർച്ചയായിരുന്നു ഈ ആത്മഹത്യയും. ഇക്കാര്യത്തിൽ പ്രത്യേക അന്വേഷണ സംഘം ഒന്നും ചെയ്യില്ല. സജി കുമാറിന്റെ കേസിൽ റുക്‌സാന, ജയചന്ദ്രൻ എന്നിവരിൽ നിന്ന് പിടിച്ചെടുത്ത ലാപ്‌ടോപ്പുകൾ, സി.ഡികൾ എന്നിവയുടെ പരിശോധനാ ഫലം ലാബിൽ നിന്ന് ലഭിച്ചാലുടൻ കുറ്റപത്രം സമർപ്പിക്കുമെന്ന് കൊച്ചി സിറ്റി പൊലീസ് വ്യക്തമാക്കി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP