Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

നാല് ഗ്ലാസ്സിൽ ചായ കൊണ്ടുവന്നു; കൈ തട്ടി ഒരു ഗ്ലാസ് ചായ മേശപ്പുറത്ത് കമിഴ്ന്നു; ഗിരീഷിന്റെ പണിയാ, നിങ്ങൾക്കൊപ്പം ചായ കൊടുക്കാത്തതിന്റെ ദേഷ്യം... എന്റെ ഗ്ലാസിലെ ചായയ്ക്ക് കണ്ണീരിന്റെ നിറമായി..! ഒരു പൂജവെയ്പു കാലത്ത് മടക്കമില്ലാത്ത ലോകത്തേയ്ക്കു പോയ ഗിരീഷ് ഓമല്ലൂരിനെ കുറിച്ച് സഹപ്രവർത്തകനായിരുന്ന എം എസ് സനൽകുമാറിന്റെ ഓർമ്മ

നാല് ഗ്ലാസ്സിൽ ചായ കൊണ്ടുവന്നു; കൈ തട്ടി ഒരു ഗ്ലാസ് ചായ മേശപ്പുറത്ത് കമിഴ്ന്നു; ഗിരീഷിന്റെ പണിയാ, നിങ്ങൾക്കൊപ്പം ചായ കൊടുക്കാത്തതിന്റെ ദേഷ്യം... എന്റെ ഗ്ലാസിലെ ചായയ്ക്ക് കണ്ണീരിന്റെ നിറമായി..! ഒരു പൂജവെയ്പു കാലത്ത് മടക്കമില്ലാത്ത ലോകത്തേയ്ക്കു പോയ ഗിരീഷ് ഓമല്ലൂരിനെ കുറിച്ച് സഹപ്രവർത്തകനായിരുന്ന എം എസ് സനൽകുമാറിന്റെ ഓർമ്മ

എം എസ് സനൽകുമാർ

 പതിനാറു വർഷം മുൻപാണ് . ഒരു പൂജവയ്പ് കാലം.. മഹാനവമിയുടെ അവധിക്ക് വീട്ടിലേക്ക് പോയതാണ് ഞങ്ങളുടെ പ്രിയപ്പെട്ട ഗിരീഷ് ഓമല്ലൂർ. ആ മടക്കം എന്നെന്നേക്കുമായിരുന്നു. വീണ്ടുമൊരു മഹാനവമി എത്തുകയാണ്. ഗിരീഷിനെക്കുറിച്ച്  ഒരിക്കൽ കൂടി ഓർത്തെടുക്കുന്നു.

ഗിരീഷ് ഓമല്ലൂർ ആരായിരുന്നു എനിക്ക് എന്ന് ചോദിച്ചാൽ ഉത്തരമുണ്ടാവില്ല , എനിക്കു മാത്രമല്ല ഒരുപാടു പേർക്കും. ചങ്ങാതി, സഹപ്രവർത്തകൻ , ടെക് നീഷ്യൻ , മെയ് മിഴിയാക്കിയവൻ , കള്ളുകുടിക്കിടയിലെ ചാച്ചൻ , ചെറുപ്പക്കാരുടെ ക്യാമറ ദൈവം ...അങ്ങനെ പലതുമായിരുന്നു അവൻ . കാണേണ്ട കാഴ് ചകൾക്കായി മൂന്നാംകണ്ണ് വരം കിട്ടിയ പ്രതിഭ. സൂര്യ ടി വിയുടെ ക്യാമറാമാൻ . പലരും കാണാത്തത് ഗിരീഷ് കണ്ടു. മഴയോടും മഞ്ഞിനോടും മായക്കാഴ്ചകളോടും പൊരുതി ദൃശ്യങ്ങളുടെ വിസ്മയമുഹൂർത്തങ്ങളൊരുക്കി ഞങ്ങളെ അമ്പരപ്പിച്ചു. കണ്ണീർവഴികളിൽ , ജീവിതസമരങ്ങളിൽ , പോരാട്ടങ്ങളിലൊക്കെ ഗിരീഷ് ക്യാമറയുമായി കടന്നുചെന്നു. ഇനിയുമൊരുപാട് കാഴ് ചകൾ പകർത്താൻ ബാക്കിവെച്ച് പ്രിയ ചങ്ങാതീ, നീ മടങ്ങിപ്പോയതെന്തിന് ?

മരണം കരിമ്പടം പുതപ്പിച്ച പകൽ . ജീവിതത്തിലാദ്യമായി എന്റെ വിരലുകൾ കരയുന്നത് ഞാനറിഞ്ഞു. തലേന്ന് രാത്രി വൈകും വരെ ഒപ്പമുണ്ടായിരുന്ന ചങ്ങാതിയുടെ അനുസ്മരണം തയ്യാറാക്കണം . ഗിരീഷ് ആരായിരുന്നുവെന്ന് രണ്ടുമിനിട്ടിൽ പറയാനാകുമോ? എന്നിട്ടുമെഴുതി, ഡസ് കിൽ പ്രവീൺ ചേട്ടനും രഞ്ജിനിയുമാണെന്നാണ് ഓർമ്മ. വാർത്തയും അനുസ്മരണവും തയ്യാറാക്കി നൽകി ബ്യൂറോയിലേക്ക് നടന്നു. ശരീരവും മനസ്സും വിങ്ങുന്നു. ആരുമില്ല ബ്യൂറോയിൽ . എല്ലാവരും അവന്റെ അവസാന യാത്രയ്ക്ക് തുണ പോയി. അനന്തമായ വേദന ചുറ്റും നിറയുന്നു. അപ്പോഴാണ് ബ്യൂറോയുടെ വാതിൽ തുറന്ന് അവൻ വീണ്ടുമെത്തിയത് . ഗിരീഷ് . ഒരു ചന്ദനക്കളർ ഷർട്ട് , അതാകട്ടെ ചുളിഞ്ഞ് നാശമായിട്ടുണ്ട് . ' കീടം, ഷർട്ട് കൊള്ളാമോഡേയ് ..'. അവന്റെ ചോദ്യം. ' നീയിത് പാട്ടയ് ക്കകത്ത് ചുരുട്ടി വെച്ചിരിക്കുകയായിരുന്നോ ' മറുചോദ്യത്തിൽ ഞാനവനെ കുഴക്കി. ' മച്ചാ, വൃത്തികേടുണ്ടോടെ, വൈകിട്ട് വീട്ടിൽ പോകണം. പെണ്ണ് കണ്ടിട്ടേ തിരിച്ചുവരൂ. വേറെ ഷർട്ട് , പെണ്ണുകാണലിന് , വാങ്ങിയിട്ടുണ്ട് '. ഞാൻ ആശംസ നേർന്നു. പതിയെ ചിരിച്ച് എന്റെ തലയ്ക്ക് തട്ടി അവൻ . 'എടാ, നീ കരയുകയാണോ, വാ വന്ന് വല്ലതും കഴിക്കൂ' .... രഞ്ജിനിയുടെ വാക്കുകളിലേക്ക് ഞാനുണർന്നപ്പോൾ ബ്യൂറോയുടെ വാതിൽ വലിച്ചടച്ച് അവൻ പോയിരുന്നു. . അപ്പോഴേക്കും ദിലീപിന്റെ ഫോണെത്തി...ഗിരീഷ് അവിടെ എരിഞ്ഞുതുടങ്ങി.......

അൽപനേരം ഒറ്റയ്ക്കിരിക്കണമെന്ന ആവശ്യത്തിന് വഴങ്ങി രഞ്ജിനി മടങ്ങി. ഞാൻ കണ്ണടച്ചു . അവൻ വീണ്ടും. ഇക്കുറി പ്രസ് ക്ലബ്ബിന് മുന്നിൽ . വി. എസ് . അച്യുതാനന്ദന്റെ ഒരു സന്ദർശന പരിപാടി റിപ്പോർട്ട് ചെയ്യാൻ സൂര്യ ന്യൂസ് ടീം പോകുന്നു. ആ വാഹനത്തിൽ പോയാൽ ഗിരീഷിനു വീടിനടുത്തിറങ്ങാം. പ്രശാന്ത് , മണികണ് ഠൻ , രാജേഷ് താവലോട് , വിനോദ് എന്നിവരാണ് ടീം. ഞാനും ദിലീപും ഗിരീഷുമായി സംസാരിക്കുന്നതിനിടെ അവിടെയെത്തിയ മംഗളത്തിലെ പ്രസന്നണ്ണൻ ഗിരീഷിന്റെ ഒരു ഫോട്ടോയും അവനുകൊടുത്തു. സമരമുഖത്ത് ക്യാമറയുമായി നിൽക്കുന്ന അവന്റെ ചിത്രം. സമയം 9 മണിയോടടുത്തു. യാത്ര പറഞ്ഞ് ഗിരീഷും സംഘവും പുറപ്പെട്ടു. ഞാനും ദിലീപും സ്റ്റാച്യൂവിലെ പതിവ് സങ്കേതത്തിലേക്ക്. വെടിവട്ടം പൂർത്തിയായപ്പോൾ വല്ലാതെ വൈകി...ദിലീപ് എന്റെ മുറിയിൽ കിടക്കാമെന്ന് ധാരണ. അങ്ങനെ മുറിയിലെത്തി ഞങ്ങൾ ഉറക്കത്തിലാഴ്ന്നു. രാത്രി വൈകി എന്റെയും ദിലീപിന്റെയും മൊബൈലുകൾ നിർത്താതെ ഒച്ചവെച്ചപ്പോഴാണ് ഉണർന്നത്. ദിലീപ് ഫോണെടുത്തു ....ചന്ദ്രുവാണ് ( ചന്ദ്രശേഖർ വി. നായർ ..ഇപ്പോൾ ഖത്തറിൽ ) അങ്ങേതലയ്ക്കൽ ..ഗിരീഷും സംഘവും പോയ വാഹനം അപകടത്തിൽപെട്ടു ...എല്ലാവരേയും മെഡിക്കൽ കോളേജിലേക്ക് കൊണ്ടുവരുന്നു ...പെട്ടെന്ന് റെഡി ആയി ഞങ്ങൾ ...ചന്ദ്രുവിന്റെ ബുള്ളറ്റിൽ ഞങ്ങൾ മൂന്നാളും ആശുപത്രിയിലേക്ക് ...അപ്പോഴേക്കും ജി. എം പ്രവീൺ സാറുൾപ്പെടെ മിക്കവാറും എല്ലാവരുമെത്തി. പിന്നെ ആംബുലൻസ് വരുന്നതും കാത്ത് ...ആംബുലൻസ് എത്തി....ഗിരീഷ് ഒഴികെ എല്ലാവരും സ്ട്രക് ചറിൽ ..അവൻ മാത്രം രണ്ടുപേരുടെ ചുമലിൽതാങ്ങി അത്യാഹിതമുറിയിലേക്ക് ...പോകുന്ന വഴി അവ്യക് തമായായാണെങ്കിലും എല്ലാവരുടേയും പേരുവിളിച്ചുകൊണ്ടിരുന്നു ഗിരീഷ്. ഗിരീഷും പ്രശാന്തും അത്യാഹിതമുറിക്കുള്ളിൽ ...പരുക്ക് ഗുരുതരം. മുറിക്കുള്ളിലേക്ക് ഞാൻ പാളി നോക്കി...ഗിരീഷ് കട്ടിലിലിരിക്കുന്നു ..എന്തോ പറയുന്നുമുണ്ട് ...കുഴപ്പമില്ലെന്ന് മനസ് പറഞ്ഞു. ഞാൻ നീളൻ വരാന്തയുടെ ഓരം ചേർന്നു. സമയം കടന്നു പോയി. വീണ്ടും മുറിയുടെ വാതിലിലെത്തി ...ഗിരീഷിനെ അവിടെ ഒരു മൂലയിൽ സ് ട്രക് ചറിൽ കിടത്തിയിരിക്കുന്നു, ആരും നോക്കാനില്ലാതെ. ബഹളം വയ് ക്കാൻ തുടങ്ങിയ എന്നെ ചന്ദ്രു ചേർത്തുപിടിച്ചു ....' അവൻ പോയി '. വിശ്വസിക്കാൻ മനസ് സമ്മതിച്ചില്ല. ഞാൻ അവനെ ഒന്നുകൂടി നോക്കി ...ചന്ദന കളർ ഷർട്ട് പാതിതുറന്നുകിടക്കുന്നു... പാന്റ് സിന്റെ പോക്കറ്റിൽ പ്രസന്നണ്ണൻ സമ്മാനിച്ച ഫോട്ടോ ചോരപുരണ്ട് ....അവന്റെ നെഞ്ച് ഉയർന്നു താഴുന്നുണ്ടോ ? ഇല്ല , ഇല്ല, ഇല്ല ...പകരം എന്റെ കണ്ണീർ അവന്റെ നെഞ്ച് നനച്ച് പെയ്തുകൊണ്ടിരുന്നു.

ഗിരീഷ് എരിഞ്ഞടങ്ങി മാസങ്ങൾക്ക് ശേഷം. ഒരു ഷൂട്ടിന് പോയി മടങ്ങുന്ന വഴി ഓമല്ലൂരിലെ ഗിരീഷിന്റെ വീട്ടിൽ കയറി. അച് ഛനും ഗിരീഷിന്റെ സഹോദരിയും അവിടെയുണ്ട്. ഞാനും പ്രവീണും ( ക്യാമറാമാൻ ,.Praveen Surya ) മറ്റു രണ്ടു പേരും. തളർന്ന മനസ്സോടെ അവർ ഞങ്ങളെ സ്വീകരിച്ചു . വേദന നിറഞ്ഞ നിമിഷങ്ങൾ . സംഭാഷണത്തിനിടെ സഹോദരി നാല് ഗ്ലാസ്സിൽ ചായ കൊണ്ടുവന്നു. പെട്ടെന്നാണ് അത് സംഭവിച്ചത് ...പ്രവീണിന്റെ കൈ തട്ടി ഒരു ഗ്ലാസ് ചായ മേശപ്പുറത്ത് കമഴ് ന്നു...അച് ഛൻ ഗിരീഷിന്റെ ചിത്രത്തിലേക്ക് നോക്കി....' അവന്റെ പണിയാ, നിങ്ങൾക്കൊപ്പം ചായ കൊടുക്കാത്തതിന്റെ ദേഷ്യം.' എന്റെ ഗ്ലാസിലെ ചായയ്ക്ക് കണ്ണീരിന്റെ നിറമായി...അതിൽ ഞാനവനെ വീണ്ടും കണ്ടു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP