Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

വിശുദ്ധ നാട്ടിലെ അവസാനദിനം- യാത്ര അവസാനിക്കുന്നു

വിശുദ്ധ നാട്ടിലെ അവസാനദിനം- യാത്ര അവസാനിക്കുന്നു

ഞങ്ങൾ താമസിച്ച ബത്‌ലഹേമിലെ തെരുവിലൂടെ ഞങ്ങൾ ഇറങ്ങി നടന്നപ്പോൾ കണ്ടു മുട്ടിയ പലസ്റ്റീൻകാർ എല്ലാം ഹെ ഇന്ത്യ എന്നു വിളിച്ച് വളരെ സ്‌നേഹത്തോടെയാണ് പെരുമാറിയത്. ഇന്ത്യ ജന്മമെടുത്ത കാലം മുതൽ പലസ്റ്റിയൻസിന് അനുകൂലമായി യുഎന്നിൽ എടുത്ത നിലപാടുകൾ ആയിരിക്കും ഒരു പക്ഷെ അവരുടെ സ്‌നേഹത്തിന്റെ കാരണം.


പലസ്റ്റീൻ അഥോറിറ്റി മാത്രമാണ് ഇവരെ നിയന്ത്രിക്കുന്ന അധികാര ഘടന. സ്വന്തമായി രാജ്യമോ നാണയമോ ഇവർക്കില്ല. ഇസ്രയേലിന്റെ നാണയമായ ഷക്കാലും യുഎസ് ഡോളറുമാണ് ഇവരുടെ നാണയം. പലസ്റ്റിയൻ അഥോറിറ്റിയുടെ കീഴിൽ ഉള്ള വെസ്റ്റ് യമിസ പ്രദേശം പൊതുവേ സമാധാന പ്രിയരുടെ നാടായിട്ടാണ് അറിയപ്പെടുന്നത്. മറ്റൊരു പലസ്റ്റിയൻ പ്രദേശമായ ഗസ്സ മുനമ്പ് ഭരിക്കുന്നത് ഹമാസ് എന്ന തീവ്രവാദി സംഘടനയാണ്. അവിടെ നിന്നും നിരന്തരം ഇസ്രയേലിലേക്ക് റോക്കറ്റ് ആക്രമണം നടത്തി കൊണ്ടിരിക്കുന്നു. ഈ യാത്ര വിവരണം എഴുതാൻ തുടങ്ങിയതിന് ശേഷം ഇസ്രയേൽ നടത്തിയ രണ്ട് എയർ അറ്റാക്കിലൂടെ ആറു പലസ്റ്റീൻകാർ മരിച്ചു. ഹമാസ് നടത്തിയ ആക്രമണത്തിൽ ഒരു ഇസ്രയേൽ പട്ടാളക്കാരൻ അത്യാസന്ന നിലയിലാണ്. അത് പോലെ അനേകം റോക്കറ്റുകൾ ഇസ്രയേലിൽ പതിക്കുകയും ചെയ്തു.

ഇവിടുത്തെ പ്രധാന പ്രശ്‌നം രാഷ്ട്രീയത്തിനപ്പുറത്ത് മതപരമാണ്. അത് കൊണ്ട് തന്നെ പരിഹാരം വളരെ അകലെയാണ്. ഡാനിയൽ പാൾ എന്ന അമേരിക്കൻ പത്ര പ്രവർത്തകനെ ഗസ്സയിൽ നിന്നും പിടിച്ച് കൊണ്ട് പോയി അല്ലാഹു അക്‌ബർ വിളിച്ച് കഴുത്തറുക്കുന്നത് യൂട്യൂബിൽ കാണാം. ഇതിന് കാരണം ഒന്നു മാത്രം- അദ്ദേഹത്തിന്റെ അമ്മ യഹൂദ ആയിരുന്നു. ഹമാസ് അധികാരം പിടിച്ചപ്പോൾ നടത്തിയ പ്രഖ്യാപനത്തിൽ അവിടെ മുസ്ലിം അല്ലാത്തവരോട് കൺവർട്ട് ചെയ്യുക അല്ലെങ്കിൽ നാട് വിടുക എന്നാണ് ആവശ്യപ്പെട്ടത്. പലസ്റ്റീൻ അഥോറിറ്റിയും ആയി വേറിട്ടാണ് അവർ പ്രവർത്തിക്കുന്നത്. ഹമാസ് ഇസ്രയേലിനെ ഒരു രാഷ്ട്രമായി ഇതുവരെ അംഗീകരിച്ചിട്ടില്ല അത് കൊണ്ട് തന്നെ പലസ്റ്റയിൻ ഒരു രാഷ്ട്രമാകാൻ ഇസ്രയേൽ അനുവദിക്കുകയും ഇല്ല.
ന'ന'
ഇസ്രയേൽ രൂപം കൊള്ളുന്ന സമയത്ത് യഹൂദരുടെ ഭീകരഘടന ആയിരുന്ന ഇർഗൻ ഒട്ടേറെ ഭീകര ആക്രമണം നടത്തിയിട്ടുണ്ട്. എന്നാൽ രാഷ്ട്രം രൂപം കൊണ്ടപ്പോൾ ആദ്യത്തെ പ്രധാന മന്ത്രി ഡേവിഡ് ബെൻ ഗുറിയൻ അവരോട് ആയുധം താഴെ വയ്ക്കാൻ ആവശ്യപ്പെട്ടു അവർ തയ്യാറായില്ല. ഇർഗൻ ആയുധങ്ങളും ആയി വന്ന കപ്പൽ മുക്കി കളയാൻ ഇസ്രയേൽ ഡിഫറൻസ് ഫോർസിനോട് പ്രധാന മന്ത്രി ഉത്തരവിട്ടു. അവരുടെ കപ്പൽ മുക്കിക്കളയുകയും ചെയ്തു. അതിന് ശേഷം ബെൻ ഗുറിയൻ പറഞ്ഞു ഇനി മുതൽ സ്റ്റേറ്റ് ആണ് ജനങ്ങളെ രക്ഷിക്കുന്നത് അത് കൊണ്ട് തന്നെ എല്ലാം സ്റ്റേറ്റിന്റെ നിയന്ത്രണത്തിൽ ആയിരിക്കണം. ഇത്തരത്തിൽ പലസ്റ്റീൻ അഥോറിറ്റിക്ക് ഹമാസിനെ കീഴ്‌പ്പെടുത്തി നിയന്ത്രണത്തിൽ കൊണ്ടു വരാൻ കഴിഞ്ഞെങ്കിൽ മാത്രമേ ഒരു രാഷ്ട്രീയ പ്രക്രിയ അവിടെ ആരംഭിക്കുകയുള്ളൂ. അതിൽ നിന്നും മാത്രമേ പ്രശ്‌നങ്ങൽ പരിഹരിക്കാൻ ഉള്ള ചർച്ച ആരംഭിക്കാൻ ശരിയായ അർത്ഥത്തിൽ കഴിയുകയുള്ളൂ.

യുഎന്നിന്റെ മദ്ധ്യ പൂർവ്വ ദേശത്തെ പ്രതിനിധി ആയി പ്രവർത്തിക്കുന്ന മുൻ ബ്രിട്ടീഷ് പ്രധാന മന്ത്രിയും മികച്ച രാഷ്ട്രഞ്ജനും ആയ ടോണി ബ്ലയർ ഈ അടുത്ത കാലത്ത് നൽകിയ ഇന്റർവ്യൂവിൽ പറയുന്നത് ഹമാസ് ആദ്യമായി ആയുധം താഴെ വച്ച് പലസ്റ്റീൻ അഥോറിറ്റിയുമായി ആയി സഹകരിക്കുകയും ചർച്ചകളിലൂടെ ഇസ്രയേലും ആയി പ്രശ്‌ന പരിഹാരത്തിന് തയ്യാറാകുകയും അതോടൊപ്പം ഫലസ്തീന്റെ ജനാധിപത്യ സ്ഥാപനങ്ങളെ ശക്തിപ്പെടുത്തി കൊണ്ട് ഒരു സ്റ്റേറ്റിന്റെ ഉത്തരവാദിത്വം നിറവേറ്റാൻ ഞങ്ങൾ കഴിവുറ്റവർ ആണ് എന്ന് പലസ്റ്റീൻ അഥോറിറ്റി തെളിയിക്കുകയും വേണം അതോടൊപ്പം പലസ്റ്റീനിലെ ആളുകൾക്ക് കൂടുതൽ തൊഴിൽ സാധ്യതകൾ സൃഷ്ടിക്കാൻ ഇസ്രയേൽ സഹായിക്കുകയും അതിലൂടെ ഇസ്രയേൽ അറബ് ബന്ധം ശക്തിപ്പെടുത്തി കൊണ്ടപരസ്പര വിശ്വാസം വാദിച്ചുകൊണ്ടും മാത്രമേ പ്രശ്‌ന പരിഹാരത്തിന് തുടക്കം കുറിക്കാൻ കഴിയുകയുള്ളൂ എന്നാണ്. മറ്റൊരു പ്രധാന പ്രശ്‌നം ജറുശലേമിനെ സംബന്ധിച്ചാണ്. ഇസ്രേൽ ജറുശലേം വിട്ടു കൊടുത്ത് കൊണ്ട് ഒരു ചർച്ചക്കും ഇസ്രയേൽ തയ്യാറല്ല. മറ്റ് മതസ്ഥരും അവരുടേതാണ് ജറുശലേം എന്ന നിലപാടിൽ അയവ് വരുത്താൻ തയ്യാറല്ല അത് കൊണ്ട് തന്നെ പ്രശ്‌ന പരിഹാരം വളരെ അകലെയാണ്.

ഞങ്ങളുടെ അവസാന ദിവസത്തെ വിശുദ്ധ നാട്ടിലെ യാത്ര രാവിലെ ആരംഭിക്കുകയാണ്. രാവിലെ 8 മണിക്ക് തന്നെ റെഡിയായി. കഴിഞ്ഞ നാല് ദിവസം നല്ല ഭക്ഷണവും താമസ സൗകര്യവും നൽകിയതിന് ഏയ്ഞ്ചൽ ഹോട്ടലിലെ സ്റ്റാഫിനോട് നന്ദി പറഞ്ഞ് ഞങ്ങൾ ബസ്സിൽ കയറി ഇൻ കരീം എന്ന ഗ്രാമത്തിലേക്ക് പുറപ്പെട്ടു. ഈ സ്ഥലം മൗണ്ട് ഹെർസലിന്റെ ഭാഗമാണ്. ഇവിടെയാണ് മദർ മേരി ഗർഭിണി ആയിരുന്ന തന്റെ കസിൻ എലിസബത്തിനെ പരിചരിക്കാൻ ദൈവ നിശ്ചയ പ്രകാരം 150 കിലോമീറ്റർ അകലെയുള്ള നസ്രത്തിൽ നിന്നും എത്തിയത്. വരുന്ന വഴിയിൽ മാതാവ് വെള്ളം കുടിച്ച ഒരു അരുവി കണ്ടു. ഗർഭിണി ആയിരുന്ന സമയത്ത് എലിസബത്ത് താമസിച്ചിരുന്നത് അവരുടെ വേനൽക്കാല വസതിയിൽ ആയിരുന്നു. കാരണം എലിസബത്ത് വളരെ പ്രായം ചെന്ന സമയത്ത് ആണ് ഗർഭിണി ആയത്. അതുമല്ല അവിടുത്തെ സിനഗോഗിലെ ചീഫ് പ്രീസ്റ്റ് കൂടിയായിരുന്ന എലിസബത്തിന്റെ ഭർത്താവ് സക്കറിക്ക് ഇത് വളരെ നാണക്കേടാകും എന്നുള്ളത് കൊണ്ടാണ് വേനൽക്കാല വസതിയിൽ താമസിച്ചത്. അവിടുത്തെ പള്ളി വിസിറ്റേഷൻ ചർച്ച് എന്നാണ് അറിയപ്പെടുന്നത്. പള്ളിയുടെ അകത്ത് കാണുന്ന ഗുഹയിലാണ് അവർ താമസിച്ചിരുന്നത് എന്നാണ് വിശ്വസിക്കുന്നത്. അവിടെ മാതാവിന്റെയും എലിസബത്തിന്റെയും പ്രതിമകൾ വച്ചിട്ടുണ്ട്. അത് പോലെ ലോകത്തിലെ എല്ലാ പ്രധാന ഭാഷകളിലും മാതാവിന്റെ സ്‌തോത്ര ഗീതം അവിടെ എഴുതി വച്ചിട്ടുണ്ട്. മലയാളത്തിൽ എഴുതി വച്ചിരുന്ന പ്രാർത്ഥനയും പള്ളിയും ഒക്കെ കണ്ട് തിരിച്ച വരുന്ന വഴിയിൽ വളരെ വിനീതനായ ഒരു ഫ്രാൻസിക്കൻ സഭയിലെ അച്ചനെ കണ്ട് സംസാരിക്കാനും കഴിഞ്ഞു.

പിന്നീട് ഞങ്ങൾ പോയത് സക്കറിയയുടെയും എലിസബത്തിന്റെയും യഥാർത്ഥ വീട് കാണാൻ ആയിരുന്നു. അവിടെയാണ് യോഹന്നാൻ ജനിച്ചത് എന്നാണ് വിശ്വസിക്കുന്നത്. അവിടുത്തെ പള്ളിയിൽ ആയിരുന്നു ഞങ്ങളുടെ അന്നത്തെ വിശുദ്ധ ബലി.

ഫാ. അബ്രഹാം ആണ് കുർബാന അർപ്പിച്ചത്. കുർബാന കഴിഞ്ഞ് പള്ളിയും ഒക്കെ ചുറ്റി കണ്ടതിന് ശേഷം യാദ് വാഷേം ഹോളോകോസ്റ്റ് മ്യൂസിയം കാണാൻ പോയി. ഇസ്രയേൽ വരുന്ന ലോക രാഷ്ട്ര നേതാക്കന്മാരെ എല്ലാം ഈ മ്യൂസിയം കാണിക്കാറുണ്ട്. കാരണം രണ്ടാം ലോക മഹായുദ്ധത്തിൽ മരിച്ച യഹൂദരുടെ ദയനീയ ജീവിതത്തെപ്പറ്റി ലോകത്തെ അറിയിക്കുന്നതിന് വേണ്ടി.

മ്യൂസിയത്തിന്റെ പ്രവേശന കവാടത്തിൽ കോൺസൻട്രേഷൻ കാമ്പുകളിൽ മരിച്ച 15 ലക്ഷം കുട്ടികളുടെ മനസ്സിലിയിക്കുന്ന കഥയാണ് വിവരിക്കുന്നത്. കുട്ടികളുടെ മ്യൂസിയത്തിന് പുറത്ത് കരഞ്ഞ് കൊണ്ട് കുട്ടികളെ കെട്ടിപ്പിടിച്ച് കൊണ്ട് നിൽക്കുന്ന ഒരു പിതാവിന്റെ പ്രതിമയാണ്. അത് വളരെ ഹൃദയ ഭേദകമാണ്. ഇവിടെ വളരെ നിശബ്ദം ആയി വേണം കടന്ന് പോകാൻ. ഫോട്ടോ എടുക്കാൻ അനുവദിക്കുകയും ഇല്ലായിരുന്നു. മനസാക്ഷിയുള്ള ഏത് മനുഷ്യനും കുട്ടികളുടെ മ്യൂസിയത്തിലൂടെ കടന്ന് പോകുമ്പോൾ കരയാതിരിക്കാൻ കഴിയില്ല. മരിച്ച കുട്ടികളുടെ ഫോട്ടോകളും അവിടെ പ്രദർശിപ്പിച്ചിട്ടുണ്ട്. 60 ലക്ഷം യഹൂദരാണ് രണ്ടാം ലോക യുദ്ധത്തിൽ മരിച്ചത്. കോൺസട്രേഷൻ കാമ്പുകളിൽ പട്ടിണി കിടന്ന് മാത്രം മരിച്ചവർ 43500 പേരാണ്. 22 കോൺസട്രേഷൻ കാമ്പുകളെ പ്രതിനിധീകരിച്ച 22 തിരികൾ അവിടെ സ്ഥാപിച്ചിട്ടുണ്ട്. അവിടെ വച്ച് ജർമ്മനിയിലെ കോൺസട്രേഷൻ ക്യാമ്പിൽ നിന്ന് രക്ഷപ്പെട്ട് അമേരിക്കയിൽ ചെന്ന് ജീവിക്കുന്ന ഒരു പ്രായം ചെന്ന യഹൂദനെ പരിചയപ്പെടാനും കഴിഞ്ഞു.


അവിടെ കണ്ട മറ്റൊരു ഹൃദയ സ്പർശിയ ആയ സംഭവം 1944 കോൺസട്രേഷൻ ക്യാമ്പിൽ വച്ച് കൊല്ലപ്പെട്ട ബെഞ്ചമിൻ ഫോണ്ടാന എഴുതിയ വാക്കുകൾ ആയിരുന്നു.

Remember only that I was innocent and just like you,
mortal on that day, I, too,
had had a face marked by rage,
by pity and joy, quite simply, a human face!

അത് പോലെ കോൺസട്രേഷൻ ക്യാമ്പുകളിൽ ജീവിച്ചിരുന്ന മനുഷ്യർ ഉപയോഗിച്ചിരുന്ന സാധനങ്ങൾ ഒക്കെ അവിടെ പ്രദർശിപ്പിച്ചിട്ടുണ്ട്.

മ്യൂസിയം കാണാൻ ഒട്ടേറെ എൻസിസി കേഡറ്റുകൾ വരുന്നത് കാണാമായിരുന്നു. അതിൽ ഒരു ഗ്രൂപ്പ് എൻസിസികാർ കറുത്ത വർഗ്ഗക്കാരായിരുന്നു. അവർ എത്യോപ്യയിൽ നിന്നും ഇസ്രയേലിൽ കുടിയേറി താമസിക്കുന്ന യഹൂദന്മാരാണ് എന്നാണ് ഗൈഡ് പറഞ്ഞത്.

മ്യൂസിയത്തിൽ നിന്നും ഞങ്ങൾ നേരെ ടെൽ അവിവിലെ എയർ പോർട്ടിലേക്ക് യാത്ര തിരിച്ചു. ജറുശലേമിൽ നിന്നും 60 കിലോമീറ്റർ അകലെയാണ് ടെൽ അവിവ് 2 മണിയോട് കൂടി എയർ പോർട്ടിൽ എത്തി. ഞങ്ങളുടെ കോച്ചിന്റെ ഡ്രെ#െവറോടും ഞങ്ങളുടെ ഗൈഡിനോടും എല്ലാം നന്ദി പറഞ്ഞ് ഞങ്ങൾ ഇംഗ്ലണ്ടിലേക്ക് ഉള്ള വിമാനത്തിൽ കയറി എയർ പോർട്ടിലെ എന്തോ പ്രശ്‌നം കൊണ്ട് 2 മണിക്കൂർ വൈകിയാണ് വിമാനം പുറപ്പെട്ടത്. രാത്രി 2 മണിക്ക് ഞങ്ങൾ മാഞ്ചസ്റ്റർ എയർ പോർട്ടിൽ എത്തി. ഞങ്ങളെ ഒരാഴ്ച ആത്മീയമായി നയിച്ച പ്രൊ. അബ്രഹാമിനും ഈ യാത്ര തരപ്പെടുത്തിയ അനുവിനും ജെറിനും ഒക്കെ നന്ദി പറഞ്ഞ് പിരിയുമ്പോൾ ആ ആഴ്ചയിൽ തന്നെ ഓസ്‌ട്രേലിയയിലേക്ക് കുടിയേറുന്ന ജഗി തോമസിന്റെ മകൾ ക്രിസ്റ്റിയുടെ കരച്ചിൽ ഹൃദയ സ്പർശി ആയിരുന്നു. ഇവിടുത്തെ കൂട്ടുകാരികളെ പിരിയുന്നതിലുള്ള വേദനയാണ് നീണ്ട രോദനം ആയി പുറത്ത് വന്നത്.

തിരിഞ്ഞ് നോക്കുമ്പോൾ 2000 വർഷം മുൻപ് നില നിന്നിരുന്ന വർണ്ണ വെറിയൻ സംസ്‌കാരത്തിനും ജന്മിത്തത്തിനും വൈദിക മേധാവിത്തത്തിനും എതിരെ പുത്തൻ മൂല്യങ്ങൾ ഉയർത്തി കൊണ്ട് തന്റെ ജീവന് പോലും വില കല്പിക്കാതെ വെറും സാധാരണക്കാരായ മത്സ്യ തൊഴിലാളികളെ കൂട്ട് പിടിച്ച് കൊണ്ട് ജനാധിപത്യത്തിലും അക്രമരാഹിത്യത്തിലും ഉറച്ച് നിന്ന് കൊണ്ട് മനുഷ്യരാശിയുടെ നന്മയ്ക്ക് വേണ്ടി ജീവൻ ത്യജിച്ച, വിശ്വസികൾക്ക് ദൈവ പുത്രനും അല്ലാത്തവർക്ക് മനുഷ്യ പുത്രനും നടന്ന വഴിയിലൂടെ നടക്കാൻ കഴിഞ്ഞതിൽ ഉള്ള ചാരിതാർത്ഥ്യം.

'ശക്തനായ സീസർ, സമർത്ഥനായ ഹോമസ്, ധീരനായ സോളമൻ തുടങ്ങിയുള്ള വിഞ്ജരും എരിഞ്ഞടങ്ങിയ കാല ചക്രവിഭ്രമത്തിൽ എന്തിനി ശങ്ക വേണം. മൃത്യുവിനെ വരിക്കുവാൻന' എന്ന വരികൾ പഠിക്കുന്ന കാലത്ത് സോളമൻ പണിത ജറുശലേം പള്ളിയുടെ സ്ഥലം കാണാൻ കഴിയും എന്ന് വിചാരിച്ചിരുന്നില്ല. പക്ഷെ കാലം ഈ പാവം എന്നെയും അവിടെ എത്തിച്ചു.

ഞാൻ എഴുതിയ ഈ യാത്രാവിവരണം വായിക്കുകയും അഭിപ്രായങ്ങൾ എഴുതുകയും ചെയ്തവർക്കും പ്രസിദ്ധീകരിച്ച ബ്രിട്ടീഷ് മലയാളിക്കും എന്റെ ഹൃദയംഗമമായ നന്ദി. ഒട്ടേറെ പേർ എന്നെ ഫോണിൽ വിളിച്ചും അഭിനന്ദിച്ചിരുന്നു അവർക്കും പ്രത്യേക നന്ദി അറിയിക്കുന്നു.

അവസാനിച്ചു
കരിങ്കുന്നത്ത് നിന്നും ജറുസലേമിലേക്കുള്ള ദൂരം- ഇസ്രയേൽ യാത്ര 1
പൂക്കളുടെ നഗരം അഥവാ സീസേറിയ- ഇസ്രയേൽ യാത്ര 2
നസ്രത്തും മാതാവിന്റെ കിണറും- ഇസ്രയേൽ യാത്ര 3
ഇടുക്കിയിൽ കണ്ട യഹൂദനും ഇസ്രയേലിൽ കണ്ട യഹൂദനും- ഇസ്രയേൽ യാത്ര 4
ജെറുശലേമും ബത്‌ലഹേമിലെ പള്ളിയും- ഇസ്രയേൽ യാത്ര 5
ജറുസലേം നഗരവും വിലാപമതിലും-ഇസ്രയേൽ യാത്ര 6
കമ്മ്യുണിസ്റ്റുകാർ കൊന്ന രാജകുമാരിയും ഒലീവ് മലയും- ഇസ്രയേൽ യാത്ര 7

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP