Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

ഇനി ഞാൻ മുണ്ടുടുക്കില്ല; അപമാനഭാരത്തിൽ വീടിനു പുറത്തുപോലും ഇറങ്ങാൻ കഴിയുന്നില്ല; നടുറോഡിൽ തന്റെ മുഖത്തടിക്കുകയും മുണ്ട് പറിച്ചുമാറ്റി വിവസ്ത്രനാക്കി നിർത്തുകയും ചെയ്ത സ്ത്രീകൾക്കെതിരേ ദുർബലവകുപ്പ്; തനിക്കെതിരെ ജാമ്യമില്ലാ കേസും; ഇത് നീതി നിഷേധമെന്ന് ഷെഫീക്ക്; പൊലീസിന്റെ ഇരട്ട നീതിയിൽ പ്രതിഷേധം വ്യാപകം

ഇനി ഞാൻ മുണ്ടുടുക്കില്ല; അപമാനഭാരത്തിൽ വീടിനു പുറത്തുപോലും ഇറങ്ങാൻ കഴിയുന്നില്ല; നടുറോഡിൽ തന്റെ മുഖത്തടിക്കുകയും മുണ്ട് പറിച്ചുമാറ്റി വിവസ്ത്രനാക്കി നിർത്തുകയും ചെയ്ത സ്ത്രീകൾക്കെതിരേ ദുർബലവകുപ്പ്; തനിക്കെതിരെ ജാമ്യമില്ലാ കേസും; ഇത് നീതി നിഷേധമെന്ന് ഷെഫീക്ക്; പൊലീസിന്റെ ഇരട്ട നീതിയിൽ പ്രതിഷേധം വ്യാപകം

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി വൈറ്റിലയിൽ യുവതികളുടെ ആക്രമണത്തിനിരയായ ടാക്സി ഡ്രൈവർ ഷെഫീഖ് ഒടുവിൽ ഒരു തീരുമാനം എടുത്തു. മറ്റൊന്നുമല്ല, ഇനി ജോലിക്കു പോകുമ്പോൾ മുണ്ടുടുക്കില്ല. ആക്രമിച്ച സ്ത്രീകൾ തന്റെ മുണ്ട് വലിച്ചു പറിച്ചതിനെ തുടർന്നാണ് ഈ തീരുമാനം. ബുക്ക് ചെയ്ത കാറിൽ പുരുഷ യാത്രക്കാരനുമായി വന്ന കുമ്പളം താനത്തിൽ ഹൗസിൽ ഷെഫീക്കിനെ (37) ഈ മാസം 20നായിരുന്നു സ്ത്രീകൾ റോഡിലിട്ട് മർദ്ദിച്ചത്. സമൂഹത്തിനു മുന്നിൽ താൻ അപഹാസ്യനായെന്നു ഷെഫീക്ക് പറയുന്നു.

സാധാരണ ജോലിക്ക് പോകുമ്പോൾ ഞാൻ ജീൻസാണ് ധരിക്കാറുള്ളത്. അന്ന് ആ നശിച്ച ദിവസം എന്റെ ഗ്രഹപ്പിഴയ്ക്ക് മുണ്ട് ധരിക്കാൻ തോന്നി. ഇന്നിപ്പോൾ ആ നിമിഷത്തെ ഞാൻ ശപിക്കുകയാണ്. ഇനി ഒരിക്കലും ജോലി സമയത്ത് ഞാൻ മുണ്ട് ധരിക്കില്ല. തന്നെ മർദ്ദിക്കുന്ന ദൃശ്യങ്ങൾ ടിവിയിൽ കണ്ട അമ്മ ബോധരഹിതയായി. ഭാര്യയേയും ഈ സംഭവം വല്ലാത്ത മനോവിഷമത്തിലാക്കി. പത്തു വയസുള്ള മകൻ നിറുത്താതെ കരയുകയായിരുന്നു. പിന്നീട്, ഉപ്പ റോഡിൽ നഗ്‌നനായി നിന്നുവെന്ന് തമാശയായി അവൻ പറഞ്ഞു. സംഭവത്തെ കുറിച്ച് ഓർക്കാൻ പോലും കഴിയുന്നില്ലെന്ന് ഷെഫീഖ് പറഞ്ഞു. സംഭവത്തിന് ശേഷം മാതാപിതാക്കളുടെ മുഖത്ത് നോക്കാൻ പോലും വിഷമമായിരുന്നു. ഇനി ആർക്കും ഇത്തരത്തിലൊരു അനുഭവം ഉണ്ടാവരുതേയെന്നാണ് തന്റെ പ്രാർത്ഥനയെന്നും അദ്ദേഹം പറഞ്ഞു.

കുടുംബം പോറ്റാൻവേണ്ടി വളയം പിടിക്കാനിറങ്ങിയ ഷെഫീഖ് ആക്രമണമേറ്റ് കിടപ്പിലായതോടെ കുടുംബവും പ്രതിസന്ധിയിലായി. ഇതിനൊപ്പമാണ് പൊലീസിന്റെ കേസും. വാദിയെ പ്രതിയാക്കി ഷെഫീഖിന്റെ പേരിൽ സ്ത്രീകളുടെ പരാതിയിലും പൊലീസ് കേസെടുത്തു. അതും ജാമ്യമില്ലാ വകുപ്പ് പ്രകാരം. ജാമ്യമില്ലാത്ത വകുപ്പുകൾ പ്രകാരം കേസെടുക്കപ്പെട്ട ഷെഫീഖിന് സമയം മോശമാണെങ്കിൽ രണ്ടു വർഷം തടവുശിക്ഷയും അനുഭവിക്കേണ്ടി വരും ഇതാണ് അവസ്ഥ. ആ മാനസിക അവസ്ഥയിൽ നിന്നാണ് ഇനി മുണ്ടുടിക്കില്ലെന്ന തീരുമാനവും എടുക്കുന്നത്.

തന്റെ പേരിൽ കുടുംബവും കുട്ടികളും അപമാനത്തിനിരയാകുകയാണെന്നും ഷെഫീക്ക് പറഞ്ഞു. ജില്ലയിലെ ഏറ്റവും തിരക്കുള്ള വൈറ്റില ജംഗ്ഷനിൽ പട്ടാപ്പകൽ മൂന്നു യുവതികളുടെ അതിക്രൂരമായ ആക്രമണത്തിൽ വിവസ്ത്രനായി നിൽക്കേണ്ടി വന്ന തന്റെ ചിത്രവും വീഡിയോയും ഇപ്പോൾ സമൂഹ മാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിച്ചുകൊണ്ടിരിക്കുകയാണ്. അപമാനഭാരത്തിൽ വീടിനു പുറത്തുപോലും ഇറങ്ങാൻ കഴിയാത്ത അവസ്ഥയാണ്. നടുറോഡിൽ തന്റെ മുഖത്തടിക്കുകയും മുണ്ട് പറിച്ചുമാറ്റി വിവസ്ത്രനാക്കി നിർത്തുകയും ചെയ്ത സ്ത്രീകൾക്കെതിരേ ദുർബലവകുപ്പുകൾ മാത്രം ചുമത്തി കേസെടുത്ത പൊലീസ് തനിക്കു നീതി നിഷേധിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

സ്ത്രീകളുടെ ആക്രമണത്തിൽ യൂബർ ഡ്രൈവർ മരട് സ്വദേശി ഷെഫീഖിന് ഗുരുതരമായി പരിക്കേറ്റിരുന്നു. മൂന്ന് സ്ത്രീകൾ ചേർന്ന് മർദ്ദിക്കുകയായിരുന്നു. ഷെയർ ടാക്സി സംബന്ധിച്ച തർക്കത്തിനൊടുവിലായിരുന്നു മർദ്ദനം. ബുധനാഴ്ച ഉച്ചയോടെ വൈറ്റിലയിലാണ് സംഭവം. അക്രമം നടത്തിയ സ്ത്രീകൾ ഷെഫീഖിന്റെ യൂബർ ടാക്സി ബുക്ക് ചെയ്തിരുന്നു. ഷെയർടാക്‌സി സംവിധാനത്തിലൂടെയാണ് ബുക്ക് ചെയ്തത്. ഇതിനിടെ, എറണാകുളത്ത് നിന്നും തൃപ്പൂണിത്തറയിലേക്ക് പോവുകയായിരുന്ന ഷെഫീഖിന്റെ വാഹനത്തിൽ മറ്റൊരു യാത്രക്കാരൻ കൂടിയുണ്ടായിരുന്നു.

സ്ത്രീകളെ കയറ്റാൻ വൈറ്റിലയിൽ എത്തിയ ഷെഫീഖിനോട് വണ്ടിയിലെ യാത്രക്കാരനെ ഇറക്കിവിടണമെന്നാവശ്യപ്പെട്ടാണ് സ്ത്രീകൾ തർക്കം തുടങ്ങിയത്. ഷെയർടാക്‌സി സംവിധാനത്തിലൂടെയാണ് നിങ്ങൾ ബുക്ക് ചെയ്തിട്ടുള്ളതെന്ന് ഷെഫീഖ് പറഞ്ഞിട്ടും ഇവർ സമ്മതിച്ചില്ല. തർക്കത്തിനിടെ കരിങ്കല്ല് കൊണ്ട് തലക്കിട്ടടിക്കുകയും കടിക്കുകയും ചെയ്തുവെന്ന് ഷെഫീഖ് പൊലീസിന് നൽകിയ പരാതിയിൽ പറയുന്നു.
സംഭവവുമായി ബന്ധപ്പെട്ട് എയ്ഞ്ചൽ, ഷാര, ഷീബ എന്നിവരെ മരട് പൊലീസ് സ്റ്റേഷനിലെത്തിച്ച് കേസെടുത്തു.

സ്റ്റേഷൻ ജാമ്യം യുവതികൾക്ക് നൽകുകയും ചെയ്തു. പിന്നീട് യുവതികൾ ഡ്രൈവർക്കെതിരെ കൗണ്ടർ കേസ് കൊടുത്തു. അപ്പോൾ ഷെഫീക്കിനെതിരെ ജാമ്യമില്ലാ വകുപ്പ് അനുസരിച്ച് കേസെടുക്കുകയും ചെയ്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP