Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

കാൻസർ രോഗികളായ സ്ത്രീകൾക്ക് വിഗ്ഗ് നിർമ്മിക്കാൻ ശേഖരിക്കുന്ന മുടികൾ എവിടേക്ക് പോകുന്നു? ജീവകാരുണ്യത്തിന്റെ പേരിൽ ശേഖരിക്കുന്ന മുടികൾ പോകുന്നത് ഹെയർ ഫിക്സിങ് കമ്പനികളിലേക്കെന്ന് ആരോപണം; അന്വേഷണം ആവശ്യപ്പെട്ട് പൊലീസിസൽ പരാതി

കാൻസർ രോഗികളായ സ്ത്രീകൾക്ക് വിഗ്ഗ് നിർമ്മിക്കാൻ ശേഖരിക്കുന്ന മുടികൾ എവിടേക്ക് പോകുന്നു? ജീവകാരുണ്യത്തിന്റെ പേരിൽ ശേഖരിക്കുന്ന മുടികൾ പോകുന്നത് ഹെയർ ഫിക്സിങ് കമ്പനികളിലേക്കെന്ന് ആരോപണം; അന്വേഷണം ആവശ്യപ്പെട്ട് പൊലീസിസൽ പരാതി

രഞ്ജിത് ബാബു

കണ്ണൂർ: കാൻസർ രോഗികളായ സ്ത്രീകൾക്ക് വിഗ്ഗ് നിർമ്മിക്കാൻ ശേഖരിക്കുന്ന മുടികൾ ഹെയർ ഫിക്സിങ് കമ്പനികളിലേക്ക് എത്തുന്നുവെന്ന് സൂചന. കേശദാനമെന്ന ജീവകാരുണ്യ പ്രവർത്തനത്തിന്റെ മറവിൽ വടക്കേ മലബാറിൽ മാഫിയകൾ പ്രവർത്തിക്കുന്നതായും ആരോപണം. ഇത് സംബന്ധിച്ച് മയ്യിൽ, ഒറപ്പടി, കലാകൂട്ടായ്മ പ്രവർത്തകർ ജില്ലാ പൊലീസ് ചീഫിന് പരാതി നൽകിയിരിക്കയാണ്. മലബാർ മേഖലയിൽ വിവിധ പേരുകളിൽ ഒരേ വ്യക്തി തന്നെ കേശദാന ക്യാമ്പുകൾ സംഘടിപ്പിക്കുന്നതായും എന്നാൽ ഈ മുടികൾ എങ്ങോട്ട് പോകുന്നുവെന്ന് ഒരു വിവരവുമില്ലെന്നും അവർ പരാതിയിൽ പറയുന്നു.

കഴിഞ്ഞ ദിവസം കണ്ണൂർ നഗരത്തിലെ ഒരു വിദ്യാലത്തിൽ നിന്ന് നൂറോളം വിദ്യാർത്ഥിനികൾ കാൻസർ രോഗികൾക്കായി മുടി നൽകിയിരുന്നു. തൃശ്ശൂരിലെ അമല ആശുപത്രിക്ക് വേണ്ടിയാണ് മുടി ശേഖരിക്കുന്നതെന്നാണ് അതിന്റെ സംഘാടകർ അറിയിച്ചിരുന്നത്. എന്നാൽ അടുത്ത ദിവസം തന്നെ അമല ആശുപത്രിയുമായി ബന്ധപ്പെട്ടപ്പോൾ അവർ മുടി ശേഖരിക്കാൻ ആരേയും നിയോഗിച്ചിട്ടില്ലെന്നും ശേഖരിക്കാറ് പതിവില്ലെന്നും വ്യക്തമാക്കിയതോടെയാണ് ഈ രംഗത്തെ മാഫിയകളുടെ അരംങ്ങേറ്റത്തിന് സൂചന ലഭിക്കുന്നത്.

കാൻസർ രോഗികളായ 40 പേർക്ക് വിഗ്ഗ് നിർമ്മിച്ച് നൽകി ഒറപ്പടി കലാകൂട്ടായ്മ ഏറെക്കാലമായി രംഗത്തുണ്ട്. അറുപതിലധികം പേരിൽ നിന്നും 17 ഇഞ്ച് നീളത്തിൽ മുടി ശേഖരിച്ചു കൊണ്ടാണ് ഇത് ചെയ്തിരുന്നത്. കൂട്ടായ്മയുടെ സ്നോഹകേശം പദ്ധതി പ്രകാരമാണ് ഇത്രയും മുടി ശേഖരിച്ചത്. ഇതിന്റെ ചുവട് പിടിച്ച് നിരവധി സംഘടനകൾ കേശദാനം പ്രോത്സാഹിപ്പിക്കാൻ ആരംഭം കുറിച്ചിരുന്നു. എന്നാൽ കേശദാന ക്യാമ്പുകളുടെ മറവിൽ വൻകിട വിഗ്ഗ് കച്ചവടക്കാർ തട്ടിപ്പ് ആരംഭിച്ചിരിക്കയാണെന്ന സംശയം ശക്തമായിരിക്കയാണ്.

സന്നദ്ധ സംഘടനകളെ തെറ്റിധരിപ്പിച്ചും വിഗ്ഗ് കച്ചവടക്കാരുടെ ഏജന്റുമാർ തട്ടിപ്പ് നടത്തുന്നതായും വിവരമുണ്ട്. ഇക്കാര്യത്തിൽ സംശയത്തിന്റെ സാഹചര്യം ഇങ്ങിനെയാണെന്ന് കലാ കൂട്ടായ്മ ഭാരവാഹികൾ പറയുന്നു. സ്ത്രീകളായ കാൻസർ രോഗികൾക്ക് വേണ്ടി വിഗ്ഗ് നിർമ്മിക്കാൻ 12 ഇഞ്ച് നീളത്തിലെങ്കിലും മുടി ശേഖരിക്കണം. അതിൽ കുറഞ്ഞാൽ വിഗ്ഗ് ഉണ്ടാക്കാനാവില്ല.

എന്നാൽ കേശദാന ക്യാമ്പുകളുടെ മറവിൽ ഹെയർ ഫിക്സിങ് കമ്പനികൾ ഏജന്റുമാരെ നിയോഗിച്ച് ആറ് ഇഞ്ചും അതിൽ കുറവും നീളത്തിൽ മുടികൾ ശേഖരിച്ചു വരുന്നുണ്ട്. അതു കൊണ്ടു തന്നെ ഇക്കാര്യത്തിൽ സംശയം ബലപ്പെടുകയാണ്. ഇത്രയും കുറഞ്ഞ നീളത്തിലുള്ള മുടികൾ ആർക്കു വേണ്ടി ശേഖരിക്കുന്നു? മലപ്പുറം ജില്ലയിൽ ഒരേ വ്യക്തി പല സംഘടനകളുടെ പേരിൽ മുടി ശേഖരിക്കുന്നതായി വിവരം ലഭിച്ചിട്ടുണ്ട്. കാൻസർ രോഗികൾക്കു വേണ്ടി നിഷ്‌ക്കളങ്കമായി വിദ്യാർത്ഥികളും മറ്റും നൽകുന്ന മുടി കച്ചവടക്കാരുടെ കയ്യിൽ എത്തിച്ചേരുകയാണ്. കേരളത്തിലെ കാൻസർ രോഗികളായ സ്ത്രീകളുടെ എണ്ണത്തേക്കാളേറെ മുടി ശേഖരിച്ചു വരുന്നതായും സൂചനയുണ്ട്.

ഇതെല്ലാം ഹെയർ ഫിക്സിങ് കമ്പനികളിലേക്കാണെന്ന് സംശയിക്കുന്നു. ആത്മാർത്ഥതയോടെ കേശദാനം ചെയ്യുന്ന വിദ്യാർത്ഥികളും മറ്റും ചതിക്കുഴിയിൽ വീണുപോവുകയാണ്. സത്യസന്ധമായി കേശദാന പ്രവർത്തനം നട്ത്തുന്ന സംഘടനകൾക്ക് ഇത് തിരിച്ചടിയായി മാറും. അതിനാൽ പൊലീസ് മേധാവി അടിയന്തിര അന്വേഷണത്തിന് ഉത്തരവിടണമെന്ന് ആവശ്യപ്പെട്ട് കലാ കൂട്ടായ്മ സെക്രട്ടറി കെ.വി. സിന്ധുവാണ് പരാതി നൽകിയിരിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP