Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

പരസ്പരം പൊരുതുന്നത് സഹോദരന്മാരാണ്; ഒരേ രക്തത്തോടും ഒരേ അപ്പത്തിന്റെ അവകാശികളോടുമാണ് യുദ്ധം; മലങ്കരയിലെ സഭാ ഭിന്നതകൾ ഇല്ലാതായി ഒരു സമവായ സാധ്യതയുണ്ടാകുമോ?

പരസ്പരം പൊരുതുന്നത് സഹോദരന്മാരാണ്; ഒരേ രക്തത്തോടും ഒരേ അപ്പത്തിന്റെ അവകാശികളോടുമാണ് യുദ്ധം; മലങ്കരയിലെ സഭാ ഭിന്നതകൾ ഇല്ലാതായി ഒരു സമവായ സാധ്യതയുണ്ടാകുമോ?

കോരസൺ വർഗീസ്

വാരിക്കോലി പള്ളയിൽ നടന്ന അനിഷ്ഠ സംഭവങ്ങളെപ്പറ്റി പരസ്പരം വിരൽ ചൂണ്ടി പഴിചാരാതെ, കലഹത്തിനിടയിൽ മുതലക്കണ്ണീർ പൊഴിച്ച് അവസരവാദികളായുള്ള കപട സഭാസ്‌നേഹികളെ തിരിച്ചറിഞ്ഞു, സഭാ സമാധാനത്തിനുള്ള എന്തെങ്കിലും പോംവഴികൾ നിലനിൽക്കുന്നുണ്ടോ എന്നു ചിന്തിക്കുക. പകയും വിധ്വേഷവും ആളി പടർത്താത്ത, സ്‌നേഹത്തിന്റെ കിരണങ്ങൾ കടന്നുവരുവാൻ അനുവദിക്കുക.അവിശ്വസ്തതയുടെ ഒടുങ്ങാത്ത തീയുടെ ചൂടുമാത്രമാണ് നാം സൃഷ്ടിക്കുന്നത്, ഇവിടെ ഒരു തിരിവെളിച്ചം തെളിയിക്കാൻ ആകുന്നില്ല എന്നതാണ് വിധിവൈപരീത്യം. പലപ്പോഴും നേതൃത്വത്തിന് കഴിയാത്ത നല്ല നീക്കങ്ങൾ താഴെതലത്തിൽ നടന്നേക്കാം, അത്തരം താണനിലത്തെ നീരോട്ടത്തിൽ ദൈവം കരുണ ചെയ്യാതിരിക്കില്ല. നാം പൊരുതുന്നത് സഹോരന്മാരോടാണ്, ഒരേ രക്തത്തോടും ഒരേ അപ്പത്തിന്റെ അവകാശികളോടുമാണ്. അതുകൊണ്ടു തന്നെ ഒന്നാകാൻ കൂടുതൽ സാധ്യതകളാണ് നിലനിൽക്കുന്നത്.

വാരിക്കോലിയിൽ നടന്ന അനിഷ്ഠ സംഭവത്തെക്കുറിച്ചു ശ്രേഷ്ഠ തോമസ് പ്രഥമൻ കാതോലിക്കാ ബാവ പ്രതികരിച്ചത് ശ്രദ്ധിക്കണം:

'ഇങ്ങനെ ഞാൻ കടന്നു പോയാൽ നിങ്ങളുടെ ഗതി എന്താകും ? ആ പരിശുദ്ധ ബാവാതിരുമേനി വന്നു ഭംഗിയായി വിശുദ്ധ കുർബാന അർപ്പിച്ചു അദ്ദേഹത്തിന് പോകേണ്ട സമയത്തു പൊലീസിന്റെ സഹായത്തോടെ , വൻ ജനാവലിയുടെ ആരവത്തോടുകൂടെ അവിടെനിന്നു കടന്നു പോയി. ഇതൊക്കെ ഞാൻ ടീവിയിൽ കണ്ടു ഭാരപ്പെട്ടു, എന്റെ കുഞ്ഞുങ്ങൾക്കൊന്നും കഴിയുന്നില്ലല്ലോ എന്ന് ദുഃഖത്തോടെ നിലവിളിച്ചുകൊണ്ടിരിക്കുകയായിരുന്നു. ഈ കൊക്കൻപീച്ച ഒക്കെ അവിടെ കാണിച്ചതുകൊണ്ടു അവിടെയിപ്പോൾ മുപ്പത്തിനാല് അംഗീകരിച്ചുകൂട്ട് അവർ എടുക്കുമോ എന്ന് എനിക്കറിയില്ല. അതുകൊണ്ടു അവരോടു അധികം കളിക്കാനൊന്നും പോകാതെ റെട്ടിലും വെണ്ണീറിലും ഇരുന്നു പ്രാർത്ഥിക്കേണ്ട സമയമാണ്. ഒരുഗതിയും പരഗതിയുമില്ലാതെ ഇവിടെക്കിടന്നു നെട്ടോട്ടം ഓടാൻ ഇടയാകാതെ അവരുടുകൂടെ എങ്ങനെയെങ്കിലും ചേർന്ന് പോകാനുള്ള ശ്രമം നമ്മുടെ കുഞ്ഞുഞ്ഞൾക്കു ആ ഒരു ബുദ്ധി ഉണ്ടാകണമെന്ന് നിങളുടെ സ്‌നേഹത്തോടെ ഈ അവസരത്തിൽ ഓർപ്പിക്കയാണ്. അവരുടെ പിതാക്കന്മാരെ ഒക്കെ അവർ എന്ത് ഭംഗിയായിട്ടാണ് കൊണ്ട് നടക്കുന്നതെന്ന് ഇന്നാണ് എനിക്ക് മനസ്സിലായത്. '

ശ്രേഷ്ഠ കാതോലിക്ക അഭിവന്ദ്യ തോമസ് പ്രഥമൻ തിരുമനസ്സുകൊണ്ട് വളരെ വേദനയോടെ നടത്തിയ പ്രസ്താവന ശ്രദ്ധിക്കപ്പെടാതെ പോകരുത്. അത് ഏതുഅർത്ഥത്തിൽ ഉൾകൊണ്ടാലും , ഒരു വലിയ ജനതയെ നടത്തിക്കൊണ്ടു പോയ മോശയുടെ വിലാപം പോലെ അതിനെ കാണണം. വാരിക്കോലി എന്ന സംഭവം സഭാ സമാധാനത്തിനു തിരിച്ചടിയാകാതെ മുന്നോട്ടു പോകാനുള്ള ഒരു കൈത്തിരി അവിടെയുണ്ടോ എന്ന് തിരയണം . പരിശുദ്ധ കാതോലിക്കാ ബാവ പൗലോസ് ദിതിയൻ തിരുമനസ്സ് വേദനിച്ചതു സഭയുടെ നന്മക്കുവേണ്ടി ഉള്ള ദീർഘമായ വിലാപത്തിന്റെ ഭാഗമാണ്. ഈ പിതാക്കന്മാരുടെ കണ്ണീരിൽ കഴുകി തീരാത്ത കളങ്കങ്ങൾ ഒന്നും അവശേഷിക്കുന്നില്ല. പരിശുദ്ധ അന്ത്യോക്യൻ പാത്രിയര്കിസിനു കൊടുക്കേണ്ട സ്ഥാനത്തെപ്പറ്റി പിതാക്കന്മാർ രേഖപ്പെടുത്തിവച്ചിട്ടുള്ളതിനാൽ അത് ഒരു തർക്ക വിഷയമേ അല്ല. അഭിഷക്തന്മാരെ ബഹുമാനിക്കാനാണ് നാം നമ്മുടെ പൂർവികരിൽ നിന്നും പഠിച്ചിട്ടുള്ളത്. വാക്കുകൾ കൊണ്ടുള്ള ഹിംസയിൽനിന്നും ചിതറിയ രഥങ്ങളുടെ, തകർന്ന ആയുധങ്ങളുടെ, രക്തത്തിൽ കുതിർന്നുകിടക്കുന്ന കബന്ധങ്ങളും അല്ല നമ്മൾ തിരയേണ്ടത്, സമാധാനത്തിനു എന്തെങ്കിലും ഒരു ചെറു തിരി അവശേഷിക്കുന്നുണ്ടോ എന്നാണ്.

വിരുദ്ധമായ ആശയങ്ങൾക്കിടയിൽ ഒരു സമവാക്യം സൃഷ്ട്ടിക്കാൻ പ്രയാസമാണ്. അത്തരം ഇടങ്ങളിലാണ് ശരിയായ നേതൃത്വത്തിന്റെ സാംഗത്യം തെളിഞ്ഞു വരുന്നത്. നേതൃത്വം നിഷ്പക്ഷനിഷ്‌ക്രിയ നിശ്ശബ്ദതത പാലിക്കയും, മിതവാദികൾ നിശ്ശബ്ദരാകുകയും ചെയ്യുമ്പോൾ തീവ്രവാദികൾ ഇരുഭാഗത്തും പൊരുതാൻഇറങ്ങാൻ അനുവദിച്ചുകൂടാ.

സ്വന്തം അറിവുകളെയും നിലപാടുകളെയുംകാൾ മുൻതൂക്കം, പൊരുത്തമില്ലാത്ത നിരവധി സൂചനകളുടെയും അടയാളങ്ങളുടെയും നക്ഷത്രമാലയിൽ ഊന്നിക്കൊണ്ടാണ് സമർഥനായ നാവികൻ തന്റെ ദീർഘസഞ്ചാരം തുടങ്ങുന്നത്. അത്തരമൊരു മനമൊരുക്കത്തിന്, എതിരഭിപ്രായമുള്ളവരുമായി നിരന്തരം സംവദിക്കേണ്ടതുണ്ട്. അന്ത്യോക്യൻ ബന്ധത്തെ അന്ധമായി വാരിപുണരാൻ ആഗ്രഹിക്കുന്നവരും, അന്ത്യോക്യൻ അടിമത്തം അവസാനിപ്പിക്കണം എന്നും തീവ്ര അഭിപ്രയമുള്ളവരുമായി അഭിപ്രായം പങ്കിട്ടു , മലങ്കരയിൽ നമുക്ക് എന്താണ് ശ്വാശ്വതമായി നമ്മെ ഭരിക്കേണ്ട നിലപാടുകൾ എന്ന് തീരുമാനിക്കണം. നമ്മുടെ സമാധാനത്തിനും സന്തോഷത്തിനും സഹോര്യത്തിനും വേണ്ടവ തിരഞ്ഞെടുക്കണം, അപ്രധാന്യമായവ അതിന്റെ പരിധിയിൽ നിക്ഷേപിക്കണം. എന്നാൽ കൂടുതൽ വിഷം കുത്തിവച്ചു ആളുകളെ തമ്മിൽ അകത്താനുള്ള ഗൂഢ നീക്കങ്ങളെയും നിരീക്ഷിക്കണം. ഇരുഭാഗങ്ങളും ഒന്നായി ചേർന്ന് നിന്നാലുള്ള ശക്തിയെപ്പറ്റി ഭയക്കുന്നവരും ചുറ്റും ഉണ്ട് എന്ന തിരിച്ചറിവും ഉണ്ടാകണം. ഒരേസമയം ഒന്നിലധികം ആശയങ്ങൾ ഉൾകൊള്ളാൻ കെൽപ്പുള്ള മിതവാദികൾ ഇരുഭാഗത്തും ഉണ്ട് എന്നത് പ്രതീക്ഷ നൽകുന്നുണ്ട്.

വിനാശകാരികളായ കപ്പൽ വ്യൂഹത്തെ നയിക്കുന്ന കപ്പിത്താന്റെ ചേതോവികാരമാണ് മിതവാദികൾക്കു ഉണ്ടാകേണ്ടത്. ഓരോ പ്രത്യേക സാഹചര്യത്തിനും അനുകൂലമായി സംവിധാനം ചെയ്യുന്ന കപ്പൽ വ്യൂഹത്തിന്റെ രൂപീകരണം ആണ് ഓരോ ദിവസവും എല്ലാ കപ്പലുകളെയും ഒന്നിച്ചു സുരക്ഷിതമായി മുന്നോട്ട് പോകാൻ സഹായിക്കുന്നത്. ഇത് കേവലം ആശയപരമായ നീക്കമല്ല, സങ്കീർണമായ പ്രശ്‌നങ്ങളുടെ നടുവിൽ പൊങ്ങിവരുന്ന ഒറ്റപ്പെട്ട തുരുത്തുകളായിരിക്കാം.

സത്യത്തിനു ബഹുരൂപം ഉണ്ട്. എല്ലാ പ്രശ്ങ്ങൾക്കും ഒറ്റ ഉത്തരം മാത്രമല്ല ഉള്ളത് . പ്രശ്‌നമുഖത്തിലെ ഓരോ വാദത്തിനും അതിന്റെതായ സത്യത്തിന്റെ മുഖം ഉണ്ടാകാം. ഓരോ സാഹചര്യത്തിലും ഓരോ സത്യത്തിന്റെ മുഖം കണ്ടെത്താൻ നമ്മുടെ പിതാക്കന്മാർക്കു ആയിട്ടുണ്ട്. എന്നാൽ എന്തുകൊണ്ട് ഈ കഴിഞ്ഞ കണ്ടെത്തലുകളിൽ ഉണ്ടായ കാഴ്ചപ്പാടിന്റെ കുറവുകൾ എന്നതും തീവ്രമായി പരിഗണിക്കേണ്ടതുണ്ട്. എന്താണ് സമാധാന ശ്രമങ്ങൾ പരാജയപ്പെട്ടത്? വീണ്ടും ഒരു പുതിയ പരീക്ഷണത്തിന് സാധ്യത ഈ പുതിയ സാഹചര്യത്തിൽ തള്ളിക്കളയേണ്ടതായുണ്ടോ? 1934 ഭരണഘടന എല്ലാവരും പൊതുവായി അംഗീകരിച്ചതിനു ശേഷം സഭ ഒന്നായി മുന്നോട്ടു പോയപ്പോൾ എവിടെയാണ് ആർക്കാണ് പിഴച്ചത്? ഇനിയും അങ്ങനെ ഉണ്ടാവാതിരിക്കാൻ എന്ത് ചെയ്യാം? ഈ കപ്പൽവ്യൂഹത്തിൽ ഒരു കപ്പലും മുങ്ങിപ്പോകാതെ മുന്നോട്ടു കൊണ്ടുപോകാനുള്ള പാടവവും വിവേകവുമാണ് നേതൃത്വത്തിനു ഉണ്ടാകേണ്ടത്.

ഇന്ത്യയുടെ പരമോന്നത നീതിപീഠമായ സുപ്രീംകോർട്ട് അക്കമിട്ടു പ്രസ്താവിച്ച വിധി, കലർപ്പില്ലാത്ത നീതിയുടെ അനാവരണം ആണ് . കോടതിവിധി നടപ്പാക്കേണ്ട ബാധ്യത ഭരണകൂടത്തിനുണ്ട്. ഇതൊക്കെ ആരും ആരെയും ബോധ്യപ്പെടുത്തേണ്ട വസ്തുതകളല്ല. നൂറ്റാണ്ടുകൾ വലിച്ചുനീക്കപ്പെട്ട വ്യവഹാരങ്ങൾ കൊണ്ട് എന്താണ് നേടിയത് എന്ന് ചിന്തിക്കണം. കോടതിയും ഭരണകൂടവും നീതി നടപ്പാക്കാനുള്ള വ്യവസ്ഥാപിത തിട്ട മാത്രമാണ് ഉയർത്തിത്തന്നിരിക്കുന്നത്. സംരക്ഷണവും, പരിപാലനവും വ്യവസ്ഥയും ഉറപ്പാക്കുക മാത്രമാണ് അവരുടെ ധർമ്മം. നല്ല ജീവിതത്തിനു വേണ്ട സമാധാനവും സംതൃപ്തിയും ഉണ്ടാവുന്നത് സ്‌നേഹമുള്ള ബന്ധങ്ങളിൽ നിന്നും, കെട്ടുറപ്പുള്ള കൂട്ടായ്മകളിൽ നിന്നും, വിവേകമുള്ള സ്‌നേഹിതരിൽ നിന്നുമാണ്. സഹാദരരെ, അവരുടെ സ്‌നേഹത്തെ, സംസർഗ്ഗത്തെ തള്ളിപ്പറഞ്ഞുകൊണ്ടു എന്ത് സ്വർഗ്ഗമാണു നാം പടുത്തുയർത്തുന്നത് ? ആ സ്വർഗത്തിൽ ഏതെങ്കിലും ദൈവത്തെ പ്രതീക്ഷിക്കാമോ? ആളുകളെ ഇളക്കി തമ്മിലടിപ്പിച്ചു എന്ത് ദൈവ നീതിയാണ് നാം പ്രഘോഷിക്കുന്നത്? ഏതു സിംഹാസനമാണ് ഉയർത്തിപ്പിടിക്കുന്നത്? നമ്മുടെ കൂടപ്പിറപ്പുകളുടെ, ഒരേ ആരാധനയിൽ അഭയം പ്രാപിക്കുന്നവരുടെ വൈകാരികവും അദ്ധ്യാല്മീകവും, ബുദ്ധിപരവും ആയ മാനസീക അവസ്ഥക്ക് കരുതലോടെ കാത്തിരിക്കാൻ നമുക്ക് കഴിഞ്ഞില്ലെങ്കിൽ എന്ത് സഭ, എന്ത് വിശ്വാസം ?

വിവാഹ ബന്ധം കൊണ്ടും അല്ലാതെയും രണ്ടു ചേരിയിലും നിലനിൽക്കുന്ന സഹോദരീ സഹോദരർ ഓർത്തഡോക്ൾസ് യാക്കോബായ സമുദായത്തിൽ ഉണ്ട്. ഈ അടുത്ത ദിവസം, ഓർത്തഡോക്ൾസ് സഭയുടെ ഒരു പ്രധാന പ്രസ്ഥാനത്തിന്റെ നേതൃത്വം ഏറ്റെടുത്തു നടത്തിയ ഒരു പെൺകുട്ടി എന്റെ അടുത്ത് വന്നു, അങ്കിൾ എന്നെ ഓർക്കുന്നില്ലേ ? ആശയാണ്, ഇപ്പോൾ ആശകൊച്ചമ്മ, യാക്കോബായ സഭയിലെ വൈദീകനാണ് വിവാഹം ചെയ്തിരിക്കുന്നത്. ഓരോ കുർബാനക്കും അങ്കിളിന്റെ പിതാവ് ചിട്ടപ്പെടുത്തിയ 'ലിവിങ് സാക്രിഫൈസ് ' എന്ന ബുക്കാണ് ഉപയോഗിക്കുന്നത്. അപ്പച്ചൻ, കേരളത്തിന് പുറത്തുള്ള എന്നെപ്പോലുള്ള കുട്ടികളെ ആരാധനയുടെ സാരാംശം മനസിലാക്കി കൊടുക്കാൻ സഹായിച്ചു.അപ്പച്ചനെ എനിക്കും അച്ചനും മറക്കാനൊക്കില്ല. എന്റെ കണ്ണ് നിറഞ്ഞു പോയി. നാം ഇരു ഭാഗത്തു നിലയുറപ്പിച്ചപ്പോഴും, അതിരുകളില്ലാത്ത പുതിയ തലമുറ ഒന്നായി ആരാധിക്കാൻ വെമ്പുന്നു എന്ന സത്യം തിരിച്ചറിയുക തന്നെ വേണം.

ക്രിസ്തീയതയിലെ ഉയരങ്ങളുടെ ഉയരങ്ങളെക്കാൾ താഴ്ചകളുടെ താഴെയാണ് സഭകളുടെ താഴ്ചകൾ. ചങ്കിൽ കുത്തുന്നവരെ പൊറുക്കാനും സ്‌നേഹം നടിച്ചു ചതിച്ചവരെ സഹിക്കാനും ആണിയടിച്ചുകയറ്റുന്ന ക്രൂരരോട് ക്ഷമിക്കുവാനും, ഒരു ദിവ്യ ബലിയായി തീരാനും പ്രഘോഷിക്കുന്ന വിശ്വാസം, നമുക്ക് പുലർത്താനാകുന്നില്ല, എങ്കിൽ പരാജയപ്പെടുന്നത് ക്രിസ്തു മാത്രമാണ്. പരാജിതനായ ഒരു മൂർത്തി സങ്കൽപ്പാതയാണല്ലോ ക്രിസ്തുവായി നാം ഉയർത്തിക്കാണിക്കുന്നത്. അവന്റെ കുരിശു സ്വർണത്തിൽ മുക്കി ദേവാലയത്തിന്റെ മൂർദ്ധാവിൽ നാം പ്രതിഷ്ഠിക്കും. അവന്റെ അനുഭവങ്ങൾ, ഉപദേശങ്ങൾ ഒന്നും ഇന്ന് നമുക്ക് വേണ്ട. ഒരു മിതവാദിക്കു സഹിക്കാനാവാത്ത ചില അബദ്ധങ്ങളിൽ നിന്നും ചില നേരായ വഴികൾ തുറന്നുകിട്ടും. അത് അവനു വെളിവാക്കപ്പെടുമ്പോൾ അത് പുറത്തു പറയാനും അവനു മടിയില്ല. ഒപ്പം നിൽക്കുന്നവർ ചതിയൻ എന്ന് വിരൽ ചൂണ്ടുമ്പോഴും അവൻ അത് തന്നെ മന്ത്രിച്ചുകൊണ്ടേയിരിക്കും. ചില അപ്രിയ സത്യങ്ങൾ, അനവസരത്തിൽ വെളിപ്പെടുത്തുന്നത് എതിരാളികളെ സഹായിക്കും എന്ന് കരുതി ആൽമാർത്ഥമായ വസ്തുതകൾ പറയുന്നവരെ നിശ്ശബ്ദരാക്കരുത്.

സുറിയാനി ക്രിസ്ത്യാനി ഒരു നാടോടിയായിട്ടു കാലം കുറെയായി. സിറിയയിലെ ക്രിസ്ത്യാനികളും അങ്ങനെ പലായനത്തിലാണ്, ഏതു ദേശീയതയാണ് ഉൾക്കൊള്ളാനാവും എന്ന് അവർക്കറിയില്ല. മലങ്കരയിലെ സുറിയാനി ക്രിസ്ത്യാനികളും നോടോടികളിൽ പെടുത്താം, അവൻ കുറേക്കാലം അന്ത്യോക്യൻ, മലങ്കര, സിറിയൻ,ദേശീയൻ എന്നൊക്കെയുള്ള സ്വത്വ ബോധം സൂക്ഷിച്ചു. രാഷ്രീയ കാരണങ്ങളും സാമ്പത്തീക കാരണങ്ങളുമായി അവൻ അറിയാതെ നഷ്ടപ്പെടുത്തിയ സത്വം ഒരു സുഖകരമായ വളച്ചുതിരിക്കൽ പ്രക്രിയയിലാണ്. അതുകൊണ്ടു ഏക സത്വത്തിൽ നിന്ന് യുക്തിയുള്ള ബഹു സത്വത്തിൽ എത്തിച്ചേരാതിരിക്കാനാവില്ല. അതായതു ഇന്ന് പിടിച്ചിരിക്കുന്ന പിടിവാശികൾ എന്തിനായിരുന്നു എന്ന് ചിന്തിക്കാൻ അധിക കാലം വേണ്ടി വരില്ല.

പക്ഷപാതപരമായ സംവാദങ്ങൾ ഒഴിവാക്കാവില്ല , അഭിപ്രായങ്ങൾ രൂപപ്പെടുത്താൻ അവ സഹായിക്കും. സ്വയം നീതീകരിക്കാൻ ശ്രമിക്കുമ്പോൾ , സ്വയം വിലയിരുത്താനുള്ള വിശാലത കൂടി പുലർത്തണം. മിതവാദികളെ അവർ പറയുന്നത് എതിരാളികൾക്ക് സഹായകരമായി ഭവിക്കും എന്ന് പറഞ്ഞു അടിച്ചമർത്തരുത്. സ്വയം കൽപ്പിച്ച അഭിപ്രായങ്ങളിൽ നിന്നും വേറിട്ട് ചിന്തിക്കാനുള്ള വിശാലതയും വിനയവും ഉള്ള മൗലികമായ കാഴ്ചപ്പാട് ഉണ്ടാവണം. യാഥാർഥ്യങ്ങൾ അടുത്ത് അറിയുമ്പോൾ മാത്രമേ നമ്മുടെ അറിവുകളുടെ പരിമിതി ബോധ്യപ്പെടുകയുള്ളൂ. ഒരു മിതവാദിയാകാൻ തീവ്രമായ ശ്രമം ഉണ്ടാവണം, അതിനുള്ള ധൈര്യം ലഭിക്കണം . ഒരു മിതവാദി, സ്വയംനിർമ്മിത അഭിപ്രായ പടക്കപ്പലിന്റെ സുരക്ഷിതത്വത്തിൽ നിന്നും, സ്വന്തം ഗോത്രത്തിൽനിന്നും വേറിട്ട് ചിന്തിക്കുന്നവനാകണം. അവനു തനിക്കെതിരെ അടിച്ചുയരുന്ന തിരമാലകളെ നേരിടാൻ കഴിയണം, അതിനു അവനു കൊടുക്കേണ്ടി വരുന്ന വലിയ വിലയെപ്പറ്റി ബോധ്യം ഉണ്ടാവണം. അവനു വിരുദ്ധ ആശയങ്ങൾക്കിടയിൽ ഗുണകരമായ സമവായം സൃഷ്ടിക്കാനാവും.

ഇവിടെ ഇനിയും മിതവാദികൾ ഉയർന്നുവരട്ടെ, ഒരു നല്ല നാളേക്കുള്ള ശുഭ പ്രതീക്ഷയിൽ, ഇതുവരെ തമ്മിൽ തമ്മിൽ ഏൽപ്പിച്ച കനത്ത മുറിവുകൾ ഉണങ്ങാനുള്ള മരുന്ന് പുറത്തുവരാതിരിക്കില്ല. നമുക്ക് ഇസ്രയേലും ഫലസ്തീൻ അവസ്ഥയേക്കാൾ, ഈസ്റ്റ് വെസ്റ്റ് ജർമ്മൻ കൂടിച്ചേരലാണ് അഭികാമ്യം.

'ഞങ്ങളുടെ കടക്കാരുടെ കടങ്ങൾ ഞങ്ങൾ പൊറുത്തതുപോലെ ഞങ്ങളുടെ കടങ്ങളും പാപങ്ങളും പൊറുക്കേണമേ', സ്വർഗ്ഗസ്ഥനായ പിതാവേ, അവിടുത്തെയിഷ്ടം പോലെ ഭവിക്കട്ടെ!.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

MNM Recommends +

Go to TOP