Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

വിഭജനത്തിനായി ബാഴ്‌സലോണയിൽ മുറവിളി തുടരുമ്പോൾ, ഏകീകൃത സ്‌പെയിനിനായി മാഡ്രിഡിൽ ആയിരങ്ങൾ പങ്കെടുത്ത റാലി; പട്ടാളത്തെ ഇറക്കിയും സ്വാതന്ത്ര്യം ഇല്ലാതാക്കിയും അടിച്ചമർത്താൻ സ്പാനിഷ് പട്ടാളം കാറ്റലോണിയയിൽ

വിഭജനത്തിനായി ബാഴ്‌സലോണയിൽ മുറവിളി തുടരുമ്പോൾ, ഏകീകൃത സ്‌പെയിനിനായി മാഡ്രിഡിൽ ആയിരങ്ങൾ പങ്കെടുത്ത റാലി; പട്ടാളത്തെ ഇറക്കിയും സ്വാതന്ത്ര്യം ഇല്ലാതാക്കിയും അടിച്ചമർത്താൻ സ്പാനിഷ് പട്ടാളം കാറ്റലോണിയയിൽ

സ്‌പെയിനിൽനിന്ന് സ്വാതന്ത്ര്യം ആവശ്യപ്പെട്ട് കാറ്റലോണിയയിൽ നടന്ന ഹിതപരിശോധനയെ സർക്കാർ അടിച്ചമർത്തിയെങ്കിലും, സ്പാനിഷ് പ്രതിസന്ധിക്ക് ഇനിയും അയവ് വന്നിട്ടില്ല. കാറ്റലോണിയയുടെ സ്വാതന്ത്ര്യനീക്കങ്ങളെ ഏതുവിധേനയും ഇല്ലാതാക്കാനുള്ള ശ്രമത്തിലാണ് ഭരണകൂടം. അതിനിടെ, ഏകീകൃത സ്‌പെയിനുവേണ്ടി പതിനായിരങ്ങൾ പങ്കെടുത്ത റാലി മാഡ്രിഡിൽ നടന്നു. കാറ്റലോണിയയുമായി ചർച്ച നടത്തണമെന്നാവശ്യപ്പെടുന്ന ചെറിയ റാലികൾ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ഉണ്ടായി. കാറ്റലോണിയയുടെ സ്വാതന്ത്ര്യം ആഴ്ചകൾക്കകം പ്രഖ്യാപിക്കുമെന്ന് പ്രസിഡന്റ് കാർലസ് പുജ്ഡമൊൻ പറഞ്ഞതിനു പിന്നാലെയാണ് വ്യാപകറാലികൾ നടന്നത്.

മാഡ്രിഡിലെ സെൻട്രൽ പ്ലാസ ഡെ കൊളോണിൽ നടന്ന റാലിയിൽ 50,000-ലേറെ പേരാണ് പങ്കെടുത്തത്. ലോകത്തേറ്റവും വലിയ സ്പാനിഷ് പതാക പാറിപ്പറക്കുന്ന ഇടമാണ് പ്ലാസ ഡെ കൊളോൺ. 294 ചതുരശ്ര മീറ്റർ വലിപ്പമുള്ള പതാകയ്ക്കുകീഴിൽ ഏകീകൃത സ്‌പെയിനുവേണ്ടി ആർത്തുവിളിച്ച് പ്രകടനക്കാർ തടിച്ചുകൂടി. സ്‌പെയിനും രാജ്യത്തിന്റെ ഭരണഘടനയ്ക്കും അനുകൂലമായി മുദ്രാവാക്യം മുഴക്കിയ ഇവർ, കാറ്റലോണിയൻ ഹിതപരിശോധനയെ ഒതുക്കിയ പൊലീസിനും ഗാർഡിയ സിവിൽ സേനയ്ക്കും അനുകൂലമായും മുദ്രാവാക്യങ്ങൾ വിളിച്ചു.

കാറ്റലോണിയയിൽ ഹിതപരിശോധനയിൽ വോട്ട് ചെയ്യാനെത്തിയവർക്കുനേരെ ബലപ്രയോഗം നടത്തിയതിന് സ്പാനിഷ് പൊലീസും സിവിൽ സേനയും കനത്ത വിമർശനങ്ങൾക്ക് വിധേയരായിരുന്നു. അതിനിടെയാണ് രണ്ട് സേനകൾക്കും അനുകൂല മുദ്രാവാക്യവുമായി മാഡ്രിഡിൽ ഏകീകൃത സ്‌പെയിൻ അനുകൂലികളുടെ പ്രകടനമെന്നത് ശ്രദ്ധേയമാണ്. പ്രശ്‌നത്തിൽ അടിയന്തരമായി പ്രധാനമന്ത്രി കാർലസ് പുജ്ഡമൊൻ ഇടപെടണമെന്ന് ആവശ്യപ്പെട്ട പ്രകടനക്കാർ, കാറ്റലോണിയയിലെ നേതാക്കളുമായി ചർച്ച വേണ്ടെന്നും ആവശ്യപ്പെട്ടു.

ഹിതപരിശോധനയ്ക്കുശേഷം കാറ്റലോണിയ വിരുദ്ധ വികാരവുമായി നടന്ന ഏറ്റവും വലിയ പ്രകടനമായിരുന്നു മാഡ്രിഡിലേത്. എന്നാൽ, കാറ്റലോണിയ നേതാക്കളുമായി സർക്കാർ ചർച്ച നടത്തണമെന്നാവശ്യപ്പെട്ടും സ്‌പെയിനിൽ ശബ്ദമുയരുന്നുണ്ട്. മാഡ്രിഡിലെ വമ്പൻ പ്രകടനം നടന്ന അതേ സമയത്തുതന്നെ, രാജ്യത്തെ അമ്പതോളം കേന്ദ്രങ്ങളിൽ ചർച്ച ആവശ്യപ്പെട്ട് ചെറിയ റാലികൾ സംഘടിപ്പിക്കപ്പെട്ടു. കാറ്റലോണിയക്കാരോടുള്ള വിദ്വേഷം കുറയ്ക്കാനും അവരുമായി സംസാരിച്ച് ഒരുമിച്ചുപോകാനും ഈ പ്രകടങ്ങൾ സർക്കാരിനോട് ആവശ്യപ്പട്ടു.

സ്പാനിഷ് അനുകൂല പ്രകടനക്കാരും ചർച്ചകളെ പിന്തുണയ്ക്കുന്നവരും നടത്തിയ പ്രകടനങ്ങൾ മാഡ്രിഡിൽ നേർക്കുനേർ വന്നത് നേരീയ സംഘർഷത്തിനും ഇടയാക്കി. പൊലീസ് പെട്ടെന്നിടപെട്ട് രണ്ട് പ്രകടനങ്ങൾക്കും നടുവിൽ വേർതിരിവുണ്ടാക്കിയത് ഏറ്റുമുട്ടൽ ഇലലാതാക്കി. എന്നാൽ, മയോർക്കയിൽ ഏകീകൃത സ്പാനിഷ് വാദികളും കാറ്റലോണിയ വാദികളും തമ്മിൽ ഏറ്റുമുട്ടലുണ്ടായി. പരസ്പരം കല്ലേറുനടത്തുകയും പൊലീസ് ഇരുവിഭാഗത്തെയും ബലപ്രയോഗത്തിലൂടെ നീക്കുകയും ചെയ്തു.

അതിനിടെ, ചർച്ചകൾക്ക് വേദി തെളിഞ്ഞിട്ടില്ലെങ്കിലും സ്പാനിഷ് ആഭ്യന്തര മന്ത്രി യുവാൻ ഇഗ്നാസിയോ സോയിഡോ കാറ്റലോണിയയിൽ അപ്രതീക്ഷിത സന്ദർശനം നടത്തി. ഹിതപരിശോധനയെയും കാറ്റലോണിയ വാദികളെയും അടിച്ചമർത്തിയ സ്പാനിഷ് പൊലീസിനും സിവിൽ സേനയ്ക്കും അഭിനന്ദനമറിയിക്കുന്നതിനായിരുന്നു മന്ത്രിയുടെ സന്ദർശനം. കാറ്റലൻ പ്രസിഡന്റ് കാർലസ് പുജ്ഡമൊൻ ചൊവ്വാഴ്ച കാറ്റലോണിയക്കാരെ അഭിസംബോധന ചെയ്യുന്നുണ്ട്. അന്ന് ഇദ്ദേഹം സ്വാതന്ത്ര്യം പ്രഖ്യാപിക്കും എന്ന അഭ്യൂഹമുണ്ട്.

കാറ്റലോണിയയുമായി സൗഹാർദമാകാമെന്ന സൂചനനൽകി, സ്പെയിൻ വെള്ളിയാഴ്ച ഖേദം പ്രകടിപ്പിച്ചിരുന്നു. പ്രതിസന്ധി പരിഹരിക്കാൻ കാറ്റലോണിയ പ്രാദേശിക തിരഞ്ഞെടുപ്പ് നടത്തണമെന്നും അഭ്യർത്ഥിച്ചു. ഇക്കാര്യത്തിൽ പുജ്ഡമൊൻ പ്രതികരിച്ചിട്ടില്ല. സ്വാതന്ത്ര്യ പ്രഖ്യാപന കാര്യത്തിൽ പുജ്ഡമൊനും അദ്ദേഹത്തിന്റെ ധനമന്ത്രി സാന്റെ വിലയും തമ്മിൽ അഭിപ്രായഭിന്നതയുണ്ടെന്നും വാർത്തയുണ്ട്. പ്രതിസന്ധി പരിഹരിക്കാൻ 'വെടിനിർത്തൽ' പരിഗണിക്കണം എന്ന ഇദ്ദേഹത്തിന്റെ പ്രസ്താവനയാണ് ഇരുനേതാക്കളും തമ്മിൽ ഭിന്നതയുണ്ടെന്ന വാർത്തയ്ക്കാധാരം. ഒരാഴ്ചമുമ്പാണ് കാറ്റലോണിയയിൽ ഹിതപരിശോധന നടന്നത്. ഇതിൽ പങ്കെടുത്തവരിൽ ഭൂരിപക്ഷവും സ്വാതന്ത്ര്യത്തെ അനുകൂലിച്ചുവെന്ന് കാറ്റലൻ സർക്കാർ പറയുന്നു.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP