Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സിനിമയെ ഗൗരവകരമായി കണ്ട് അക്കാദമിക് സൂക്ഷ്മതയും നിറഞ്ഞ ആ ക്ലാസുകൾ ഓർക്കുന്നു; ഐഎഫ്എഫ്‌കെ വേദിയിലെ സജീവ സാന്നിധ്യം; അദ്ദേഹം മാർക്സായി അഭിനയിച്ച നാടകം കാണാൻ കഴിയാത്തതിൽ നിരാശ; ഡോ. വി സി ഹാരിസിനെ അനുസ്മരിച്ച് ജി പി രാമചന്ദ്രൻ എഴുതുന്നു

സിനിമയെ ഗൗരവകരമായി കണ്ട് അക്കാദമിക് സൂക്ഷ്മതയും നിറഞ്ഞ ആ ക്ലാസുകൾ ഓർക്കുന്നു; ഐഎഫ്എഫ്‌കെ വേദിയിലെ സജീവ സാന്നിധ്യം; അദ്ദേഹം മാർക്സായി അഭിനയിച്ച നാടകം കാണാൻ കഴിയാത്തതിൽ നിരാശ; ഡോ. വി സി ഹാരിസിനെ അനുസ്മരിച്ച് ജി പി രാമചന്ദ്രൻ എഴുതുന്നു

ൺപതുകളുടെ അവസാനമാണോ അതോ തൊണ്ണൂറുകളുടെ തുടക്കത്തിലാണോ എന്ന് തിട്ടമില്ല, മണ്ണാർക്കാട്ട് നടന്ന, പതിമൂന്ന് ദിവസം നീണ്ടു നിന്ന ഒരു അപ്രീസിയേഷൻ ക്യാമ്പിൽ വച്ചാണ് ഡോക്ടർ വി സി ഹാരിസിനെ ആദ്യമായി കാണുന്നത്. ജോൺ ഏബ്രഹാം മരിച്ചിരുന്നു. ഒഡേസ ഇനി എങ്ങിനെ മുന്നോട്ടു പോകണമെന്ന് തീരുമാനിക്കുന്നതിനു കൂടി വേണ്ടിയായിരുന്നു ആ ക്യാമ്പ്. അമ്മദും ലോഹിതാക്ഷനും ഉണ്ടായിരുന്നു. ബഷീർ മാഷാണ് മുഖ്യ സംഘാടകൻ. പല അവ്യവസ്ഥകളുമുണ്ടായിരുന്നു. ഛലം ബെനുരാഗർ അതിഥിയായി പങ്കെടുത്തിരുന്നു. ആനന്ദ് പട്വർദ്ധനും ആർ വി രമണിയുമൊക്കെ ഉണ്ടായിരുന്നു എന്നാണോർമ്മ. ബംഗ്ലാദേശിൽ നിന്നുള്ള പ്രതിനിധികളുമുണ്ടായിരുന്നു. ജി എം യു പിസ്‌കൂളിലും പിന്നെ അവിടന്ന് പുറത്താക്കിയപ്പോൾ എതിർവശത്തുള്ള മില്ലൗസിലും ആയിട്ടാണ് ക്ലാസുകൾ നടന്നത്. 16 എം എം അവിടെ തന്നെ കാണിച്ചു. 35 എം എം സിനിമകൾ കലാവതിയിലും. കൊലാബോതി എന്നായിരുന്നു ബംഗ്ലാദേശിലെ സുഹൃത്തുക്കൾ ഉച്ചരിച്ചിരുന്നത്.

മിക്ക ക്ലാസുകളും എടുത്തിരുന്നത് ഹാരിസ് മാഷായിരുന്നു. ഒഡേസയുടെ ചൈതന്യമായിരുന്ന ജനകീയത തുടിച്ചു നില്ക്കെ തന്നെ അക്കാദമിക് മികവും സൂക്ഷ്മതയും നിറഞ്ഞ ആ ക്ലാസുകൾ, സിനിമയെ ഗൗരവമായി നോക്കിക്കാണുന്നതിന് എന്നെ പ്രേരിപ്പിച്ച അടിസ്ഥാന ചോദനകളായിരുന്നു എന്ന് ഇപ്പോൾ തിരിഞ്ഞു നോക്കുമ്പോൾ മനസ്സിലാകുന്നുണ്ട്. പിന്നീട് പല വേദികളിലും മേളകളിലും ഓപ്പൺ ഫോറങ്ങളിലും അക്കാദമി ജനറൽ കൗൺസിൽ യോഗങ്ങളിലും നിരവധി അപ്രീസിയേഷൻ ക്യാമ്പുകളിലും ഞങ്ങളൊന്നിച്ചിരുന്നു. കഴിഞ്ഞ എൽഡിഎഫ് സർക്കാർ കാലത്തെ അക്കാദമി ജിസിയിലായിരുന്നു ഞങ്ങളൊന്നിച്ചുണ്ടായിരുന്നത്. കെ ആർ മോഹനേട്ടനായിരുന്നു ചെയർമാൻ. അദ്ദേഹവും അകാലത്ത് നമ്മെ വിട്ടു പോയി. ജിസിയിലെ മറ്റൊരു അംഗമായിരുന്ന മാവേലിക്കര രാമചന്ദ്രൻ എപ്പോഴും ഹാരിസ് മാഷുടെ അടുത്താണിരിക്കുക. മൂപ്പർക്ക് ചെവി തീരെ കേൾക്കില്ല. യോഗത്തിന്റെ പ്രൊസീഡിങ്സ് ഇടക്കിടെ പുള്ളി ഹാരിസ് മാഷോട് ചോദിച്ചുകൊണ്ടിരിക്കും. യോഗനടപടികളിലിടപെടുന്നതിനു പകരം ചെവി കേൾക്കാത്ത രാമചന്ദ്രൻ സാറിന് ദ്വിഭാഷിയായിരിക്കാനാണ് തന്റെ നിയോഗം എന്ന് ഹാരിസ് മാഷ് പറയുമായിരുന്നു. മാവേലിക്കര രാമചന്ദ്രനെയും പിന്നീടെപ്പോഴോ കാണാതായി. ആ ദുരൂഹത തുടരുന്നു.

ഓപ്പൺ ഫോറങ്ങൾ കുറെ വർഷം മാഷ് തന്നെയായിരുന്നു നടത്തിയിരുന്നത്. റെജി എം ദാമോദരനും കൂട്ടിനുണ്ട്. അതിഥികളെ വിളിക്കലും സബ്ജക്ട് തിരഞ്ഞെടുക്കലും മോഡറേറ്റ് ചെയ്യലും എല്ലാം ഏറ്റെടുത്ത് ഓപ്പൺഫോറത്തെ ജനകീയതയിലും സമകാലികതയിലും ഏറെക്കാലം നിലനിർത്തിപ്പോന്നത് മാഷായിരുന്നു. മാഷും ഉണ്ണികൃഷ്ണൻ ബി യും ചേർന്ന് എഡിറ്റു ചെയ്ത് ഡി സി ബുക്സിനു വേണ്ടി പുറത്തിറക്കിയ നവ സിദ്ധാന്തങ്ങൾ ഒമ്പതെണ്ണമായപ്പോൾ നിന്നു പോയി. നവം എന്നതിന് പുതുത് എന്നല്ലാതെ ഒമ്പത് എന്നും അ്ര്ത്ഥമുണ്ടല്ലോ എന്നായിരുന്നു മാഷുടെ വിശദീകരണം.

ഉണ്ണികൃഷ്ണൻ ബി തിരക്കഥയെഴുതി ടി കെ രാജീവ്കുമാർ സംവിധാനം ചെയ്ത ജലമർമരത്തിലെ ലീഡ് റോൾ ഹാരിസ് മാഷാണ് കൈകാര്യം ചെയ്തത്. മാവൂർ ഗ്വാളിയർ റയോൺസിലെ പരിസ്ഥിതി മലിനീകരണത്തിനെതിരെ വാഴക്കാട് നിവാസികളുടെ സമരത്തിന്റെ പശ്ചാത്തലമാണ് ജലമർമരത്തിനുള്ളത്. എന്റെ അഛൻ ഗ്വാളിയർ റയോൺസിലെ തൊഴിലാളിയായിരുന്നതു കൊണ്ട് ആ കമ്പനിയുമായി ഒരാത്മബന്ധമുണ്ട്. പണി മുടക്കും ലേ ഓഫും ലോക്കൗട്ടും പോലുള്ള പ്രയോഗങ്ങൾ കേൾക്കുന്നത് കുട്ടിക്കാലത്താണ്. പിന്നീട് പരിസ്ഥിതി പ്രശ്നങ്ങൾ മനസ്സിലായി തുടങ്ങി. എന്നാൽ, ജലമർമരവുമായി ഞാനൊരു പ്രശ്നത്തെ നേരിടുന്നത് മലപ്പുറം ജില്ലയിലെ എടവണ്ണയിൽ വച്ചാണ്. അബ്ദുള്ളക്കുട്ടിയും മൂൺസ് ചന്ദ്രനും മറ്റും നേതൃത്വം നൽകി എടവണ്ണയിലെ ഒരു പാരലൽ കോളേജിൽ ഒരു ദിവസത്തെ ചലച്ചിത്ര മേള സംഘടിപ്പിച്ചിരുന്നു. മമ്മദ് മാഷും ഞാനുമായിരുന്നു പ്രഭാഷകർ.

രാം കേ നാം, ജല മർമരം, കിഡ് തുടങ്ങിയവയായിരുന്നു നിശ്ചയിക്കപ്പെട്ട സിനിമകൾ. ഹിന്ദു തീവ്രവാദ സംഘടനകളുടെ ഇടപെടലിനെ തുടർന്ന് രാം കേ നാം പ്രദർശിപ്പിക്കാൻ പാടില്ല എന്ന് പൊലീസ് വിധിച്ചു. പിന്നീട് മലപ്പുറം ജില്ലയിൽ തന്നെ ഒരു മാസക്കാലത്തേക്ക് ഈ സിനിമ നിരോധിക്കുകയുണ്ടായി. അതിനെതിരായി സാംസ്കാരിക രംഗത്തുള്ളവർ ഉജ്വലമായ സമരം നടത്തിയാണ് സർക്കാരിനെക്കൊണ്ട് തീരുമാനം തിരുത്തിച്ചത്. കാര്യം അതല്ല. രാം കേ നാം പ്രദർശിപ്പിക്കുന്നില്ലെന്ന് സംഘാടകർ തീരുമാനിച്ചിരുന്നെങ്കിലും എന്തെങ്കിലും കാരണവശാൽ പ്രദർശിപ്പിക്കുമ്പോൾ ഇടപെടാൻ വേണ്ടി സംഘപരിവാർ പ്രവർത്തകർ പുറത്ത് കാവലുണ്ടായിരുന്നു. പൊലീസും ധാരാളമായുണ്ടായിരുന്നു. അതിനിടെ ജലമർമരം പ്രദർശനം തുടങ്ങി. അതിൽ ഹാരിസ് മാഷ് അവതരിപ്പിക്കുന്ന കഥാപാത്രം - ഇയാളാണ് കമ്പനിക്കെതിരായ പരിസ്ഥിതി സമരം നയിക്കുന്നത് - കാൻസർ വന്ന് മരണമടയുമ്പോൾ അയാളുടെ മയ്യത്ത് ഖബർസ്ഥാനിലേക്ക് എടുക്കുന്ന സീനാണ്. തക്‌ബീർ വിളികൾ മുഴങ്ങിയതും പുറത്തുള്ള സംഘപരിവാറുകാർ ഹാളിനകത്തേക്ക് ഇരച്ചു കയറി. എല്ലാവരും അന്തം വിട്ടു.

താൻ ആദ്യം ശമ്പളം മേടിച്ചത് സഖാവ് പിണറായി വിജയന്റെ പക്കൽ നിന്നാണെന്ന് മാഷ് പലപ്പോഴും പറയുമായിരുന്നു. കോളേജ് പഠനം കഴിഞ്ഞ് തലശ്ശേരിയിലെ സഹകരണ കോളേജിൽ പഠിപ്പിക്കുകയായിരുന്ന ഹാരിസ് മാഷിന് ആ കോളേജിന്റെ ചുമതലക്കാരനായിരുന്ന പിണറായി ശമ്പളം വിതരണം ചെയ്തത് ഗൃഹാതുരത്വത്തോടെ അദ്ദേഹം ഓർക്കുമായിരുന്നു. മാഷ് എഡിറ്റു ചെയ്യാനുദ്ദേശിച്ച ഒരു പുസ്തകത്തിലേക്ക് മലയാളത്തിലെ ആക്ഷൻ സിനിമകളെക്കുറിച്ച് ഒരു ലേഖനം എന്നോട് എഴുതാൻ ആവശ്യപ്പെട്ടിരുന്നു. ഞാനതൊട്ട് എഴുതിയതുമില്ല. മാഷ് പുസ്തകവുമിറക്കിയില്ല.

കഴിഞ്ഞ ഐ എഫ് എഫ് കെയിൽ മാഷ് സജീവമായുണ്ടായിരുന്നു. സെൻസർഷിപ്പിനെ സംബന്ധിച്ചുള്ള പ്രഭാഷണങ്ങളിലും ഡെയ്ലി ബുള്ളറ്റിൻ കുറിപ്പുകളിലും സാന്നിദ്ധ്യമറിയിച്ചു. തൃപ്പൂണിത്തുറയിൽ കമ്മട്ടിപ്പാടത്തെ സംബന്ധിച്ച് സത്യപാൽ സംഘടിപ്പിച്ച പരിപാടിയിലും ഞ്ങ്ങളൊന്നിച്ചു പങ്കെടുത്തു. സജിത മഠത്തിലുമുണ്ടായിരുന്നു. പിന്നീട് ഞങ്ങളവസാനം ഒന്നിച്ചിരുന്നത്, മാഷ് എച്ച് ഓ ഡിയായുള്ള സ്‌കൂൾ ഓഫ് ലെറ്റേഴ്സ് അവിടത്തെ അദ്ധ്യാപകനായ അജു കെ നാരായണനും യു സി കോളേജിലെ ചെറി ജേക്കബും ചേർന്നെഴുതിയ പുസ്തകത്തിന്റെ പ്രകാശനച്ചടങ്ങിലാണ്. മാഷ് അധ്യക്ഷനും ഞാൻ പ്രകാശനം നിർവഹിച്ച ആളുമായിരുന്നു. കാലത്ത് ബസ്സിൽ ഏറ്റുമാനൂരിറങ്ങി ഷാജി ജേക്കബിന്റെ വീട്ടിൽ കാത്തിരുന്ന് മാഷും അനിലയും ഷാജിയും എല്ലാം കൂടിയാണ് ഞങ്ങളൊരു കാറിൽ സർവകലാശാലയിലെത്തിയത്. ഗംഭീരമായ ചടങ്ങായിരുന്നു.

പിന്നീട് മാഷെ എച്ച് ഓ ഡി സ്ഥാനത്തു നിന്ന് മാറ്റാൻ നീക്കമുണ്ടായപ്പോൾ അതിനെതിരായ ക്യാമ്പയിനിലും പങ്കെടുത്തു. ആത്മകഥ പോലെ ഒരു പുസ്തകം മാഷെഴുതിയിരുന്നു. അദ്ദേഹം മാർക്സായി അഭിനയിച്ച നാടകം കാണാനൊത്തില്ല. വയസ്സാവുമ്പോഴുള്ള ഒരു കുഴപ്പമിതാണ്. സമപ്രായക്കാരൊക്കെ വിട്ടുപോവുന്നത് ഹൃദയഭേദകമായി അനുഭവിക്കേണ്ടി വരുന്നു.
ലാൽസലാം.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP