Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

അന്തർസംസ്ഥാന വാഹനമോഷണ സംഘത്തെ ഷാഡോ പൊലീസ് ചെന്നൈയിൽ നിന്നും പൊക്കി; ചൈനീസ് ടെക്‌നോളജി ഉപയോഗിച്ച് കാറുകളുടെ ലോക്ക് മാറ്റി എടുത്തുകൊണ്ട് പോകാൻ വേണ്ടത് പതിനഞ്ചു മിനുട്ടു മാത്രം; മോഷ്ടിച്ച കാറിൽ കാൾ ഗേൾസുമാരുമായി കറക്കം; ബിഎംഡബ്‌ളിയുവും സ്‌ക്കോഡയും ഡിസയറും സ്വിഫ്‌റും ഉൾപ്പടെയുള്ള വാഹനങ്ങളുടെ പൂട്ടു പൊളിക്കുന്ന വിദ്യ ഇങ്ങനെ

അന്തർസംസ്ഥാന വാഹനമോഷണ സംഘത്തെ ഷാഡോ പൊലീസ് ചെന്നൈയിൽ നിന്നും പൊക്കി; ചൈനീസ് ടെക്‌നോളജി ഉപയോഗിച്ച് കാറുകളുടെ ലോക്ക് മാറ്റി എടുത്തുകൊണ്ട് പോകാൻ വേണ്ടത് പതിനഞ്ചു മിനുട്ടു മാത്രം; മോഷ്ടിച്ച കാറിൽ കാൾ ഗേൾസുമാരുമായി കറക്കം; ബിഎംഡബ്‌ളിയുവും സ്‌ക്കോഡയും ഡിസയറും സ്വിഫ്‌റും ഉൾപ്പടെയുള്ള വാഹനങ്ങളുടെ പൂട്ടു പൊളിക്കുന്ന വിദ്യ ഇങ്ങനെ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കേരളത്തിൽ നിന്നും പതിനാറോളം കാറുകളടക്കം ഇന്ത്യയിലെ വിവിധ സസ്ഥാനങ്ങളിൽ നിന്നും ഒട്ടേറെ വാഹനങ്ങൾ മോഷണം നടത്തിയ വൻ വാഹന മോഷണസംഘത്തെ സിറ്റി ഷാഡോ പൊലീസ് ചെന്നൈയിൽ നിന്നും പിടികൂടി. തമിഴ്‌നാട് മധുര സ്വദേശി പരമേശ്വരൻ, തിരുച്ചിറപ്പള്ളി വറനഗേരി ആനന്ദപുരം മേട്ടുതെരുവ് സ്വദേശി മുഹമ്മദ് മുബാരക് എന്ന തക്കാളി മുബാരക് എന്നിവരെയാണ് സിറ്റി ഷാഡോ ടീം ചെന്നൈയിൽ നിന്നും അറസ്റ്റു ചെയ്തത്.

കേരളത്തിൽ തൃശ്ശൂർ , തിരുവനന്തപുരം സിറ്റികൾ കേന്ദ്രീകരിച്ച് സ്വിഫ്റ്റ് കാറുകൾ മോഷണം പോകുന്നതായി പരാതി ഉണ്ടായതിനെ തുടർന്നു നടത്തിയ അന്വേഷണമാണ് ഇവരെ കുടുക്കിയത്. ഇവിടെ നിന്ന് കാണാതായ എല്ലാ ആഡംബര കാറുകളും മോഷ്ടിക്കപ്പെട്ടതിൽ സമാനത കണ്ടെത്തി. ഈ ടെക്‌നോളജിയും ഉപയോഗിച്ചു മോഷ്ടിക്കുന്നത് ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ളവരാണ് എന്നും മനസ്സിലാക്കിയ പൊലീസ് പ്രത്യേക ഷാഡോ സംഘത്തിനു രൂപം നല്കി.

സി.സി.ടി.വി ദൃശ്യങ്ങളാണ് പൊലീസ് ആദ്യം പരിശോധിച്ചത്. തുടർന്ന് ആത്യാധുനിക സുരക്ഷകളുള്ള കാർലോക്കിങ് സംവിധാനം ഏതു രീതിയിൽതകർക്കാം എന്നു നടത്തിയ അന്വേഷണത്തിൽ വിദേശത്ത് നിന്നും ഇറക്കുമതിചെയ്യുന്ന ഒരു പ്രത്യേക ഉപകരണമുപയോഗിച്ച് വാഹനങ്ങളുടെ സെന്റർലോക്കിങ് തകർക്കാമെന്ന് കണ്ടെത്തി. ഈ ഉപകരണം ഇന്ത്യയിൽ വാങ്ങിയിട്ടുണ്ടോ എന്ന അന്വേഷണത്തിൽ തമിഴ്‌നാട്ടിലെ ഒരു സംഘം ഇത് വാങ്ങിയിട്ടുണ്ടെന്ന് വിവരം ലഭിച്ചു. തുടർന്ന് ഇവർ ചെന്നെ കേന്ദ്രീകരിച്ചാണ് പ്രവർത്തിക്കുന്നതെന്നും മനസ്സിലായി.

സിറ്റി ഷാഡോ സംഘം അവിടെ മാസങ്ങളോളം അവിടെ തമ്പടിച്ച് ഈ സംഘത്തെ ചുറ്റിപ്പറ്റി നടത്തിയ അന്വേഷണത്തിൽ പ്രതികളെ കണ്ടെത്തുകയായിരുന്നു.
കൺട്രോൾറൂം ഏ.സി .സുരേഷ്‌കുമാറിന്റെ നേതൃത്വത്തിലാണ് ഇവരെ അതിസാഹസികമായി പിടികൂടിയത്. തിരുവനന്തപുരം, തൃശ്ശൂർ, പാലക്കാട്, എന്നീ സ്ഥലങ്ങളിൽ നിന്നായി സ്വിഫ്റ്റ്, സ്വിഫ്റ്റ് ഡിസയർ, ഇന്നോവ, സ്‌ക്കോഡ തുടങ്ങിയ പതിനാറോളം വാഹനങ്ങളാണ് ഇയാളും സംഘവും മോഷണം നടത്തിയത്. കൂടാതൈ മഹാരാഷ്ട്രയിലെ പൂണെ കേന്ദ്രീകരിച്ച് പത്തോളം വാഹനങ്ങൾ മോഷ്ടിച്ചതായും പ്രതികൾ സമ്മിച്ചിട്ടുണ്ട്. മോഷ്ടിച്ച ആഡംബര വാഹനങ്ങളിൽ വന്നാണ് ഇവർ കൃത്യം നടത്താറുള്ളത്. വാഹനങ്ങൾ ഏറിയ പങ്കും ചെന്നൈ സിറ്റി, മധുര, ട്രിച്ചി, വെയിലുർ ,കോയമ്പത്തൂർ എന്നിവിടങ്ങളിലെ ഇടനിലക്കാർക്ക് തമിഴ്‌നാട് രജിസ്‌ട്രേഷൻ ബുക്ക് തയ്യാറാക്കി നൽകുകയാണ് പതിവ്. ചില വാഹനങ്ങൾ പാർട്ട്‌സുകളായി പൊളിച്ചും വിൽപ്പന നടത്താറുമുണ്ട്. സംഘത്തലവനായ പരമേശ്വരൻ പൂണെയിൽ കൂട്ടാളികളുമായെത്തി മോഷണം നടത്തിയ കാറുകൾ തമിഴ്‌നാട്ടിലെക്ക് കൊടുത്തയച്ചശേഷം കാൾ ഗേൾസുകളുമായി ആഡംബരജീവിതം നയിക്കുകയാണ് ഇയാളുടെ രീതി. ഇയാൾ വാഹനങ്ങൾ മോഷ്ടിക്കുന്ന ടെക്‌നോളജി കൂടെയുള്ളവർക്കും പറഞ്ഞു കൊടുക്കാറില്ല. നിലവിൽ പ്രതികളായവരെ കൂടെ കൂട്ടാതെയുമാണ് വാഹനവേട്ടയ്ക്കിറങ്ങുന്നത്. .

അത്യാധുനികരീതികളാണ് ഇവർ വാഹന മോഷണത്തിന് ഉപയോഗിക്കുന്നത്. ചൈനയിൽ നിന്നും ഇറക്കുമതി ചെയ്ത ഉപകരണമുപയോഗിച്ച് അത്യാധുനികസുരക്ഷകളുള്ള പുതുതലമുറകാറുകൾ ലോക്ക്മാറ്റി എടുത്തുകൊണ്ട് പോകാൻ ഇവർക്ക് വേണ്ടത് കാൽ മണിക്കൂറോളം മാത്രം സമയം മതി.

വാഹന മോഷണമേഖലയിൽ അതിവിദഗ്ധനായ പരമേശ്വരൻ തന്നെയാണ് സംഘത്തലവൻ. തമിഴ്‌നാട്ടിലെ കരൂർ, തഞ്ചാവൂർ ,ഈറോഡ് , തിരുച്ചി, ആന്ധ്രയിലെ തിരുപ്പതി, കർണ്ണാടകയിലെ ബാംഗ്ലൂർ എന്നിവിടങ്ങളിലായി എഴുപതോളം വാഹനമോഷണകേസ്സുകൾ നിലവിലുള്ള പരമേശ്വരന് മോഷണത്തിനായി മാത്രം ഉപയോഗിക്കുന്നതിനായി വ്യാജപേരിലുള്ള സിമ്മുകളും,അൻപതോളം മൊബെൽഫോണുകളും ഉണ്ട്. സംഘാംഗങ്ങളുമായി ചെന്നൈയിൽ നിന്നും രാത്രിയോടെ മുൻപ് മോഷണം നടത്തിയ വാഹനങ്ങളിൽതിരിക്കുന്ന പരമേശ്വേരൻ കൂട്ടാളികൾക്ക് ഉപയോഗിക്കാൻ കൈവശമുള്ള ഫോണുകൾ നൽകും.

മോഷ്ടിച്ച ആഡംബര കാറുകളിൽ നടന്നാണ് മറ്റു മോഷണവും നടത്തു്ന്നത്. സ്വിഫ്റ്റ് ഡിസയർ, ഇന്നോവ, സ്‌ക്കോഡ, ബി.എം.ഡബ്ല്യ തുടങ്ങിയ വിലകൂടിയ വാഹനങ്ങളിൽ സഞ്ചാരം. ഹൈവേകൾ കേന്ദ്രീകരിച്ചു നിങ്ങുന്ന സംഘം റോഡരുകിൽ ആരുടെയും ശ്രദ്ധയിൽപ്പെടാതെ കിടക്കുന്ന വാഹനങ്ങൾക്കടുത്ത് വണ്ടി നിർത്തിയശേഷം കാറുകളുടെ സൈഡ് ഗ്ലാസ്സുകൾ സ്‌ക്രൂഡ്രൈവർ ഉപയോഗിച്ച് ഇളക്കിമാറ്റി അതുവഴി അകത്ത് കയറി, വാഹനത്തിന്റെ അലാറം സംവിധാനം ഡീആക്ടിവേറ്റ് ചെയ്യും, തുടർന്ന് കൈവശമുള്ള പ്രത്യേകതരം ഉപകരണം ഉപയോഗിച്ച ്കാറിന്റ നിലവിലുള്ള ഇഗ്‌നേഷ്യൻ സിസ്റ്റം ഇറേസ് ചെയ്ത്മാറ്റി അവർ കൊണ്ടുവരുന്ന ഡൂപ്ലിക്കേറ്റ് കീയുമായി ലിങ്ക്‌ചെയ്ത് പുതിയ ഇഗ്‌നേഷ്യൻ സംവിധാനം ഇൻസ്റ്റാൾ ചെയ്ത്, കാറിന്റെ സ്റ്ററിങ് തകർത്ത് കാർ സ്റ്റാർട്ട് ചെയ്ത് കടന്നുകളയും. പരമേശ്വരനിൽ നിന്നും കാർ തുറക്കുന്നതിനുള്ള നിരവധി ഉപകരണങ്ങളും,വിവിധ കാറുകളുടെ ഡൂപ്ലിക്കേറ്റ് താക്കോലുകളും,ഇറക്കുമതിചെയ്ത നിരവധി ചിപ്പുകളും, നിരവധി മൊബൈൽഫോണുകളും, വ്യാജപേരിലുള്ള സിമ്മുകളും ഇയാളുടെ പക്കൽ നിന്നും കണ്ടെടുത്തിട്ടുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP