Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പൊലീസ് ഉദ്യോഗസ്ഥർക്ക് മൊത്തം വിനയായത് ചട്ടവും നിയമവും ചൂണ്ടിക്കാട്ടി ഹേമചന്ദ്രൻ നൽകിയ മറുപടി; വിചാരണയിൽ ഇരിക്കുന്ന ക്രിമിനൽ കേസുകളുടെ കാര്യം തിർക്കാൻ കമ്മീഷന് ഒരു അധികാരവും ഇല്ലെന്ന ഹേമചന്ദ്രന്റെ വെല്ലുവിളി ചൊടിപ്പിച്ച ജസ്റ്റീസ് ശിവരാജൻ പൊലീസുകാർക്ക് മുഴുവൻ പണി കൊടുത്തു; ഇനി അറിയേണ്ടത് സസ്‌പെൻഷൻ എന്നെന്നു മാത്രം

പൊലീസ് ഉദ്യോഗസ്ഥർക്ക് മൊത്തം വിനയായത് ചട്ടവും നിയമവും ചൂണ്ടിക്കാട്ടി ഹേമചന്ദ്രൻ നൽകിയ മറുപടി; വിചാരണയിൽ ഇരിക്കുന്ന ക്രിമിനൽ കേസുകളുടെ കാര്യം തിർക്കാൻ കമ്മീഷന് ഒരു അധികാരവും ഇല്ലെന്ന ഹേമചന്ദ്രന്റെ വെല്ലുവിളി ചൊടിപ്പിച്ച ജസ്റ്റീസ് ശിവരാജൻ പൊലീസുകാർക്ക് മുഴുവൻ പണി കൊടുത്തു; ഇനി അറിയേണ്ടത് സസ്‌പെൻഷൻ എന്നെന്നു മാത്രം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സോളർ കമ്മീഷൻ റിപ്പോർട്ടിൽ പണി കിട്ടിയത് പൊലീസുകാർക്ക് മാത്രമാണ്. രാഷ്ട്രീയക്കാരെ ബലാത്സംഗക്കേസിൽ അറസ്റ്റ് ചെയ്യുമെന്ന് ആരും കരുതുന്നില്ല. എന്നാൽ കമ്മീഷൻ വിമർശിച്ച പൊലീസുകാർക്ക് പിണറായി ഭരണകാലത്ത് താക്കോൽ സ്ഥാനങ്ങൾ കിട്ടില്ല. ഡിജിപി ഹേമചന്ദ്രനും എഡിജിപി പത്മകുമാറുമെല്ലാം അങ്ങനെ പെടുകയാണ്. അതിനിടെ കേസിലെ പ്രത്യേക അന്വേഷണ സംഘത്തിനെതിരെ തിരിയാൻ സോളർ കമ്മിഷനെ പ്രേരിപ്പിച്ചത് അന്വേഷണസംഘ തലവനായിരുന്ന ഡിജിപി: എ.ഹേമചന്ദ്രൻ കമ്മിഷൻ നടപടിയെ നിശിതമായി വിമർശിച്ചു നൽകിയ സത്യവാങ്മൂലം ആണെന്ന വിലയിരുത്തലും പൊലീസ് സേനയിൽ സജീവമാണ്.

ഫയർഫോഴ്‌സ് മേധാവിയായിരിക്കെ കഴിഞ്ഞ ജനുവരി എട്ടിനാണ് അദ്ദേഹം കമ്മിഷനിൽ സത്യവാങ്മൂലം നൽകിയത്. തെറ്റിദ്ധാരണാജനകമായ ചോദ്യങ്ങളിലൂടെയും പ്രസക്തമായ വസ്തുതകൾ മറച്ചുവച്ചും പൊലീസ് നടപടികളിൽ കുറ്റം കണ്ടെത്താൻ കമ്മിഷൻ വ്യഗ്രത കാണിച്ചെന്ന് അതിൽ കുറ്റപ്പെടുത്തിയിട്ടുണ്ട്. കമ്മിഷന്റെ വിസ്താര വേളയിൽ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കെതിരെ ആവർത്തിച്ചുള്ള ചോദ്യങ്ങൾക്കു ഹേമചന്ദ്രൻ നൽകിയ മറുപടി കമ്മിഷൻ മുഖവിലയ്‌ക്കെടുത്തില്ല. ഉമ്മൻ ചാണ്ടിയെ കേസിൽനിന്നു രക്ഷപ്പെടുത്താൻ പ്രത്യേക സംഘം ഇടപെടൽ നടത്തിയെന്ന് കമ്മീഷൻ നിരീക്ഷിക്കുകയും ചെയ്തു. സോളർ പ്രത്യേക അന്വേഷണസംഘത്തിന്റെ ഉത്തരവാദിത്തം 33 ക്രിമിനൽ കേസുകളുടെ അന്വേഷണം മാത്രമായിരുന്നുവെന്ന് അന്വേഷണസംഘ തലവനായിരുന്ന ഡിജിപി: എ.ഹേമചന്ദ്രൻ കമ്മീഷനെ അറിയിച്ചിരുന്നു. സംസ്ഥാന പൊലീസ് മേധാവിയുടെ ഉത്തരവിൽ ചുമതലപ്പെടുത്തിയ കാര്യങ്ങളാണു പ്രത്യേക സംഘം അന്വേഷിച്ചത്. ഈ കേസുകൾക്കപ്പുറം എന്തെങ്കിലും അന്വേഷിക്കണമെന്നുണ്ടായിരുന്നെങ്കിൽ സർക്കാർ പ്രത്യേക ഉത്തരവിലൂടെ അക്കാര്യം അറിയിക്കുമായിരുന്നുവെന്നും അതിൽ പറയുന്നു. ഇത്തരം മറുപടികളെല്ലാം കമ്മീഷനെ ചൊടിപ്പിച്ചു.

കമ്മീഷൻ അധികാര പരിധിയേയും ചോദ്യം ചെയ്തു. വിചാരണയിലിരിക്കുന്ന ക്രിമിനൽ കേസുകളുടെ അന്വേഷണത്തിന്റെ നേട്ടവും കോട്ടവും വിലയിരുത്തേണ്ടതു ജുഡീഷ്യൽ കോടതിയിൽ മാത്രമാണ്, എൻക്വയറി കമ്മിഷനിൽ അല്ല. അതു കമ്മിഷന്റെ പരിഗണനാ വിഷയങ്ങളിൽ പെടാത്തതാണ്. ഇക്കാര്യം സർക്കാരിന്റെ ശ്രദ്ധയിലും പെടുത്തിയിട്ടുണ്ട്. സോളർ തട്ടിപ്പും അനുബന്ധ സാമ്പത്തിക ഇടപാടുകൾ സംബന്ധിച്ച ആരോപണങ്ങളുമാണു കമ്മിഷന്റെ അന്വേഷണ വിഷയം. അതിൽ കമ്മിഷനെ സഹായിക്കാനാണു താനും അന്വേഷണ ഉദ്യോഗസ്ഥരും തെളിവ് നൽകാൻ പലതവണ ഹാജരായത്. എന്നാൽ, അതിനപ്പുറം ക്രിമിനൽ കേസുകളുടെ വിചാരണയാണു കമ്മിഷനിൽ നടക്കുന്നതെന്നും ഹേമചന്ദ്രൻ വിശദീകരിച്ചു. ഇത് കമ്മീഷനെ അലോസരപ്പെടുത്തി. ഇതുകൊണ്ടാണ് പൊലീസിനെതിരെ അതിരൂക്ഷമായ പരാമർശങ്ങൾ കമ്മീഷൻ നടത്തിയതെന്നാണ് പൊലീസുകാരുടെ അഭിപ്രായം.

കമ്മീഷനെ ചൊടിപ്പിച്ച ഹേമചന്ദ്രന്റെ മറ്റൊരു മറുപടി ഇങ്ങനെ- പല സാക്ഷികളും പൊലീസ് മൊഴി രേഖപ്പെടുത്തി രണ്ടും മൂന്നും വർഷം കഴിഞ്ഞാണു കമ്മിഷനിൽ മൊഴി നൽകാൻ എത്തിയത്. ചിലപ്പോൾ മൊഴികളിൽ വ്യത്യാസമുണ്ടാകാം. അപ്പോൾ, പൊലീസ് പണ്ടു രേഖപ്പെടുത്തിയ മൊഴി തെറ്റ്, കമ്മിഷൻ ഇപ്പോൾ രേഖപ്പെടുത്തിയതു ശരി എന്ന മുൻവിധിയോടെ അതിനു വിശദീകരണം നൽകാൻ അന്വേഷണ ഉദ്യോഗസ്ഥരെ നിർബന്ധിക്കുന്ന അവസ്ഥ കമ്മിഷനിൽ ഉണ്ടായി. ക്രിമിനൽ കേസിൽ എങ്ങനെ അന്വേഷണം നടത്തണമെന്നത് അന്വേഷണ ഉദ്യോഗസ്ഥന്റെ സ്വാതന്ത്ര്യമാണെന്ന അടിസ്ഥാന തത്വത്തിന്റെ അന്തസത്തയിൽനിന്നു കമ്മിഷൻ പലപ്പോഴും വ്യതിചലിച്ചു.

സാമ്പത്തിക ഇടപാടുകൾ സംബന്ധിച്ച ആരോപണത്തെക്കുറിച്ചു തെളിവ് ശേഖരിക്കുന്നതിനപ്പുറം കേസന്വേഷണത്തെയും പൊലീസിനെയും ബോധപൂർവം കുറ്റപ്പെടുത്തുന്ന രീതിയിൽ പ്രാധാന്യമില്ലാത്ത കാര്യങ്ങൾ പെരുപ്പിച്ചു തെറ്റിദ്ധാരണ സൃഷ്ടിക്കുന്നു. കമ്മിഷനിൽ സലിം രാജ് വ്യത്യസ്ത മൊഴികൾ നൽകിയിട്ടും അതിന്റെ കാരണം പോലും ചോദിച്ചില്ല. വിവിധ കോടതികളിൽ വിചാരണയുടെ വിവിധ ഘട്ടത്തിലിരിക്കുന്ന കേസുകളുടെ അന്വേഷണത്തെക്കുറിച്ചു കമ്മിഷൻ പരാമർശിക്കുന്നതു ഗുരുതര ഭരണഘടനാ വിഷയമെന്നതിനപ്പുറം നീതിനിഷേധം കൂടിയാണ്‌സത്യവാങ്മൂലത്തിൽ ചൂണ്ടിക്കാട്ടി. ഇതെല്ലാം ഹേമചന്ദ്രന് ഫലത്തിൽ വിനയായി. കമ്മീഷൻ റിപ്പോർട്ടിൽ പേരു വന്നതോടെ ക്രൈംബ്രാഞ്ച് ഡിജിപിയായിരുന്ന ഹേമചന്ദ്രൻ കെഎസ്ആർടിസി എംഡിയുമായി. ഉമ്മൻ ചാണ്ടിയെ രക്ഷിക്കാൻ താൻ ശ്രമിച്ചില്ലെന്ന് ഹേമചന്ദ്രൻ കമ്മീഷനിൽ വിശദീകരിച്ചിരുന്നു. അന്വേഷണം കാര്യക്ഷമമാണെന്ന് വരുത്താനും ശ്രമിച്ചു. ഇതെല്ലാം കമ്മീഷൻ തള്ളിക്കളഞ്ഞു.

2013 ജൂണിലാണു പ്രത്യേക സംഘം അന്വേഷണം തുടങ്ങിയത്. അന്നത്തെ മുഖ്യമന്ത്രിയുടെ ഓഫിസിലെ ചിലരുടെ പെരുമാറ്റദൂഷ്യം സംബന്ധിച്ച് ഒരാഴ്ചയ്ക്കകം സർക്കാരിനും ഡിജിപിക്കും റിപ്പോർട്ട് നൽകി. സരിതാ നായരും മുഖ്യമന്ത്രിയുടെ ഗൺമാനായ സലിം രാജുമായുള്ള അശ്ലീല സംഭാഷണത്തെക്കുറിച്ചായിരുന്നു അത്. അതിന്റെ അടിസ്ഥാനത്തിലാണു സർക്കാർ സലിം രാജിനെ സസ്‌പെൻഡ് ചെയ്തതും ജിക്കുമോൻ ജേക്കബ്ബിനെ പഴ്‌സനൽ സ്റ്റാഫിൽനിന്ന് ഒഴിവാക്കിയതുമെന്നാണ് കമ്മീഷനെ ഹേമചന്ദ്രൻ ബോധ്യപ്പെടുത്താൻ ശ്രമിച്ചത്. ഇവരുടെയെല്ലാം മൊബൈൽ ഫോൺ വിളിയുടെ വിശദാംശം ഇന്റലിജൻസിൽനിന്നു ശേഖരിച്ച ശേഷമാണു റിപ്പോർട്ട് നൽകിയത്.

ആറു മാസം കൊണ്ട് 33 കേസിലും അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം നൽകി. രണ്ടു കേസിൽ സരിതാ നായരെ ശിക്ഷിച്ചു. രണ്ടു വർഷം തടവും പിഴയുമായിരുന്നു ശിക്ഷ. മറ്റു കേസുകളുടെ വിചാരണ വിവിധ ഘട്ടങ്ങളിലാണ്. ശിക്ഷ വിധിച്ച കോടതി അന്വേഷണ ഉദ്യോഗസ്ഥനെ പ്രശംസിക്കുകയും ചെയ്തിരുന്നുവെന്നും ഹേമചന്ദ്രൻ വ്യക്തമാക്കിയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP