Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

വാക്‌സിൻ വിരുദ്ധ കാമ്പൈനുകളുടെ നട്ടെല്ലൊടിക്കാൻ ചങ്കുറപ്പോടെ പൊരുതി; സർക്കാർ ആശുപത്രി ജോലി മതിയെന്ന വാശിയിൽ ലക്ഷങ്ങൾ ശമ്പളം കൊടുക്കുന്ന ജോലി വേണ്ടെന്നു വച്ചു; ഒന്നാം റാങ്കോടെ മെഡിക്കൽ കോളേജിൽ നിന്നും പാസായ ഡോക്ടർ ജിനീഷിനെ ചാനലിൽ സത്യം പറഞ്ഞതിന്റെ പേരിൽ പിരിച്ചു വിട്ടു; ഇതെങ്ങനെ ശരിയാവുമെന്ന് ചോദിച്ച് കോട്ടയത്തെ ഡോക്ടറുടെ പിന്നിൽ അണിനിരന്ന് സോഷ്യൽ മീഡിയ

വാക്‌സിൻ വിരുദ്ധ കാമ്പൈനുകളുടെ നട്ടെല്ലൊടിക്കാൻ ചങ്കുറപ്പോടെ പൊരുതി; സർക്കാർ ആശുപത്രി ജോലി മതിയെന്ന വാശിയിൽ ലക്ഷങ്ങൾ ശമ്പളം കൊടുക്കുന്ന ജോലി വേണ്ടെന്നു വച്ചു; ഒന്നാം റാങ്കോടെ മെഡിക്കൽ കോളേജിൽ നിന്നും പാസായ ഡോക്ടർ ജിനീഷിനെ ചാനലിൽ സത്യം പറഞ്ഞതിന്റെ പേരിൽ പിരിച്ചു വിട്ടു; ഇതെങ്ങനെ ശരിയാവുമെന്ന് ചോദിച്ച് കോട്ടയത്തെ ഡോക്ടറുടെ പിന്നിൽ അണിനിരന്ന് സോഷ്യൽ മീഡിയ

മറുനാടൻ മലയാളി ബ്യൂറോ

കോട്ടയം: മെഡിക്കൽ കൗൺസിൽ നിഷ്‌കർഷിച്ച മാനദണ്ഡങ്ങൾ പാലിക്കാത്തതിനാൽ മെഡിക്കൽ കോളജിലെ എം.ബി.ബി.എസ് , പിജി സീറ്റുകളുടെ അംഗീകാരം നഷ്ടപ്പെടുമെന്ന ആശങ്കയാണ് മനോരമന്യൂസിൽ അദ്ധ്യാപകൻ പി.എസ്. ജിനേഷ് പങ്കുവച്ചത്. ഇതോടെ ജിനേഷിനെതിരായ പ്രിൻസിപ്പൽ. രാജിവച്ചില്ലെങ്കിൽ പുറത്താക്കുമെന്ന് ഭീഷണി. ഒടുവിൽ ജനകീയ ഡോക്ടർ ജോലി രാജിവച്ചു. സത്യം പറഞ്ഞതിന് പുറത്താക്കിയത് മിടുക്കനായ ജനകീയനായ ഡോക്ടറെയാണ്. അതുകൊണ്ട് തന്നെ വിഷയത്തിൽ സോഷ്യൽ മീഡിയ പ്രതിഷേധിക്കുകയാണ്. #JusticeForJinesh എന്ന ഹാഷ് ടാഗും സജീവമാവുകായാണ് സോഷ്യൽ മീഡിയയിൽ.

ഇക്കഴിഞ്ഞ ജൂലൈ 26, 27 തിയതികളിൽ മെഡിക്കൽ കൗൺസൽ നടത്തിയ പരിശോധനയിൽ കോട്ടയം മെഡിക്കൽ കോജിൽ വീഴ്ചകൾ കണ്ടെത്തിയിരുന്നു. അസിസ്റ്റന്റ് പ്രൊഫസർമാരുടെ ഉൾപ്പെടെ തസ്തികയിലുള്ള ഒഴിവ്, സ്‌കാനിങ്ങ് എക്‌സറെ സൗകര്യങ്ങൾ, പരീക്ഷാ ഹാൾ, ആന്റി റാഗിങ് സെൽ എന്നിവയുടെ അപര്യാപ്തത, തുടങ്ങി പത്ത് കാര്യങ്ങളാണ് വീഴ്ചയായി റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്നത്. മാത്രമല്ല സമാനപ്രശ്‌നങ്ങൾ കാരണം ഫോറൻസിക്, ജനറൽ മെഡിസിൻ ഉൾപ്പെടെയുള്ള പി.ജി കോഴ്‌സുകൾ നിലവിൽ അംഗീകാരമില്ലാതെയാണ് പ്രവർത്തിക്കുന്നത്. അഗീകാരം നഷ്ടപ്പടുന്നതിൽ അദ്ധ്യാപകൻ എന്ന നിലയിലുള്ള ആശങ്ക ജിനേഷ് പങ്കുവച്ചിരുന്നു. ഈ ബൈറ്റ് പുറത്തുവന്നതോടെ സ്ഥാപനത്തെ അപമാനിച്ചു എന്നപേരിൽ ജിനേഷിനെ പുറത്താക്കാൻ തീരുമാനിക്കുകയായിരന്നു. എന്നാൽ കരിയർ മുന്നിൽ കണ്ട് ജിനേഷ് രാജി സമർപ്പിച്ചു. ഈ വിഷയാണ് സോഷ്യൽ മീഡിയ സജീവ പ്രതിഷേത്തിന് വിഷയമാക്കുന്നത്.

കോട്ടയം മെഡിക്കൽ കോളേജിലെ സീറ്റുകളുടെ അംഗീകാരത്തെ കുറിച്ച് ചാനലിൽ ഒരു ബൈറ്റ് കൊടുത്തു എന്ന പേരിൽ ജോലിയിൽ നിന്നും പുറത്താക്കപ്പെട്ട ഡോക്ടർ ജിനേഷ്.. തന്റെ വാക്കുകളിലും പ്രവർത്തികളിലും സമൂഹത്തിന്റെ നന്മ മാത്രം ലക്ഷ്യമിട്ട് കൊണ്ട് പ്രവർത്തിച്ചിരുന്ന ഈ വ്യക്തിയെ ഈയൊരു കാരണത്തിന്റെ പേരിൽ പുറത്താക്കി (രാജി വെപ്പിച്ചു ) എന്നത് തികച്ചും പ്രതിഷേധാർഹമാണ്. അശാസ്ത്രീയ ചികിത്സാ രീതികൾക്കെതിരെ ശബ്ദമുയർത്തുകയും അതിനെതിരെ നിരന്തരം സമൂഹമാധ്യമങ്ങളിലൂടെയും അല്ലാതെയും പ്രതികരിച്ചു കൊണ്ടിരിക്കുകയും ചെയ്തിരുന്ന , ഇപ്പോൾ നടക്കുന്ന എം ആർ വാക്‌സിനേഷൻ ക്യാമ്പൈനിൽ ഉൾപ്പടെ പൊതുജനാരോഗ്യ സംബന്ധിയായ എല്ലാ വിഷയങ്ങളിലും മികച്ച ഇടപെടലുകൾ നടത്തുകയും ചെയ്ത ഇദ്ദേഹത്തിനെതിരെ അധികാരികൾ എടുത്ത ഈ നടപടി മനുഷ്യത്വ രഹിതമെന്നു തന്നെയേ വിശേഷിപ്പിക്കാൻ കഴിയൂ. അന്യായമായ ഈ നടപടി പിൻവലിക്കുകയും ഇദ്ദേഹത്തിനു വേണ്ട നീതി നടപ്പിലാകുകയും വേണം...അതിനു വേണ്ട നടപടികൾ ബന്ധപ്പെട്ട അധികാരികൾ കൈക്കൊള്ളും എന്നു പ്രതീക്ഷിക്കുന്നു. ഡോക്ടർ ജിനേഷിന് എല്ലാ പിന്തുണയും-സോഷ്യൽ മീഡിയയിലെ പൊതു വികാരമാണ് ഇത്.

തന്നെ ക്രൂശിച്ചതെന്നാണ് ജിനേഷിന്റെയും പക്ഷം. ഫോറൻസിക് വിഭാഗത്തിന്റെ അംഗീകാരം നഷ്ടപ്പെടാനിടയായ സാഹചര്യത്തിൽ വീഴ്ചകൾ പരിഹരിച്ച് അംഗീകാരം തിരികെ ലഭിക്കാനുള്ള നടപടികൾ കൈക്കൊള്ളണമെന്ന് ഹൈക്കോടതി സർക്കാരിന് നിർദ്ദേശം നൽകിയിട്ടും പ്രവർത്തനങ്ങൾ എവിടെയുമെത്തിയിട്ടില്ലെന്നും ജിനേഷ് പറയുന്നു. ഇക്കാര്യം ഉൾപ്പെടെ ചൂണ്ടിക്കാണിച്ച്് ജിനേഷിന്റെ നേതൃത്വത്തിൽ ഹൈക്കോടതിയെ വീണ്ടും സമീപിച്ച അവസരത്തിലാണ് പ്രതികാര നടപടി പ്രിൻസിപ്പൽ കൈക്കൊണ്ടതെന്ന് ജിനേഷും പറയുന്നു. കഴിഞ്ഞ മൂന്നുവർഷമായി കോട്ടയം മെഡിക്കൽ കോളജിൽ ഫോറൻസിക് വിഭാഗം അദ്ധ്യാപകനാണ് പി.എസ്. ജിനേഷ്. എം.ബിബിഎസ് , പിജി എന്നിവ ജിനേഷ് പഠിച്ചതും ഇവിടെയാണ്.

രാജിയെ കുറിച്ച് ഫേസ്‌ബുക്കിൽ ജിനേഷ് കുറിച്ചത് ഇങ്ങനെയാണ്
ഒക്ടോബർ അഞ്ച്; എംബിബിഎസ് വിദ്യാർത്ഥികളുടെ പരീക്ഷയായിരുന്നന്ന്. കുറച്ചു ദിവസങ്ങളായി അവധിയിലായിരുന്ന മേധാവിയെ കണ്ടപ്പോളാണ് ആ ചോദ്യം. 'ജിനേഷ് അറിഞ്ഞിരുന്നോ?' 'എന്താണ് സർ?' 'അല്ല, ഇന്നലെ പ്രിൻസിപ്പാൾ വിളിച്ചിരുന്നു. ജിനേഷിനെ കോളേജിൽ നിന്നും ടെർമിനേറ്റ് ചെയ്യാൻ പോകുന്നു. എംബിബിഎസ് അംഗീകാര പ്രശ്‌നത്തിൽ കോളേജിന് എതിരായി വാർത്തയിൽ പറഞ്ഞതാണ് കാരണം. ജിനേഷ് ഈ ജോലി വിടാൻ പോവുകയാണ് എന്ന് കഴിഞ്ഞയാഴ്ച പറഞ്ഞതുകൊണ്ട് ഞാൻ സാറിനോട് പ്രത്യേകിച്ചൊന്നും പറഞ്ഞില്ല.' 'ഇതിപ്പോൾ മോങ്ങാനിരുന്ന നായയുടെ തലയിൽ തേങ്ങാ വീണത് പോലെയാണല്ലോ, അല്ലെങ്കിലും ഈ കോൺട്രാക്ട് ജോലി വിടാനിരുന്നതാണ്. അംഗീകാര-നിയമന പ്രശ്‌നങ്ങൾ സാറിനും അറിയാമല്ലോ. എന്നാൽ ഇങ്ങനെ ആവട്ടെ'. 'നിങ്ങളുടെ ഭരണം വന്നേപ്പിന്നെ നമ്മുടെയൊക്കെ ജോലിപോലും പോവുകയാണല്ലോ!' സമീപത്തു നിന്നിരുന്ന ഡെപ്യൂട്ടി സൂപ്രണ്ട് കൂടിയായ അടുത്ത സുഹൃത്തിനോട് ചോദിച്ചു. ആൾ ഒന്നും മിണ്ടിയില്ല. ഞാനൊരു മറുപടി പ്രതീക്ഷിച്ചതുമില്ല.

പ്രിൻസിപ്പാളിനെ നേരിട്ട് ഫോണിൽ വിളിച്ചു. മനോരമ ന്യൂസ് വാർത്തയിൽ ഞാൻ കോളേജിനെ മോശമായ രീതിയിൽ ചിത്രീകരിച്ചു എന്നാണ് അദ്ദേഹം പറയുന്നത്. ടെർമിനേറ്റ് ചെയ്യാനാണ് തീരുമാനമെന്ന് അദ്ദേഹം എന്നോട് പറഞ്ഞു. അല്ലെങ്കിലും ജോലിയിൽ നിന്ന് മാറിനിൽക്കാൻ ഇരുന്നതാണ്, എന്നാൽ ഇങ്ങനെ ആയിക്കോട്ടെ എന്ന മറുപടി ഞാനും നൽകി. അങ്ങനെയെങ്കിൽ രാജിക്കത്ത് നൽകാൻ അദ്ദേഹം ആവശ്യപ്പെട്ടു, അതാകുമ്പോൾ കൂടുതൽ കോംപ്ലിക്കേഷൻ ഇല്ല എന്നും പറഞ്ഞു. എന്നെ സംബന്ധിച്ച് രണ്ടും തുല്യം. ശരിക്കും ആദ്യം പറഞ്ഞതുപോലെ തന്നെ. മോങ്ങാനിരുന്ന നായയുടെ തലയിൽ തേങ്ങാ വീണു. എന്നാൽ അങ്ങനെ ആയിക്കോട്ടെ. കൂടുതൽ ആരോടും ആലോചിക്കാനൊന്നുമില്ലായിരുന്നു. റാണിയോട് വിളിച്ചു വിവരം പറഞ്ഞു. വളരെ അടുത്ത സുഹൃത്തുക്കളോട് ഒന്ന് ആലോചിച്ചു. ഒറ്റവരി കത്ത് ടൈപ്പ് ചെയ്‌തെടുത്തു. രണ്ടരയ്ക്ക് പ്രിൻസിപ്പൾ ഓഫീസിലെത്തി കത്തുനൽകി.

ഹൃദയത്തിന്റെ ഭാഗമായ കലാലയത്തിൽ നിന്നും വിടവാങ്ങി. ഒരുപിടി നല്ല ഓർമ്മകൾ മാത്രം സമ്മാനിച്ച കലാലയം. വ്യക്തിത്വത്തോടേ ജീവിക്കാൻ പഠിപ്പിച്ച കലാലയം. എംബിബിഎസ് കാലഘട്ടത്തിലെ ഉഴപ്പുകൾ റസിഡൻസി ചെയ്യുന്ന കാലത്ത് ഉണ്ടാവരുതെന്ന നിലപാടെടുത്ത് അതനുസരിച്ച് പ്രവർത്തിക്കാൻ സാധിച്ച കലാലയത്തിൽ നിന്ന്. സ്വാശ്രയ മെഡിക്കൽ കോളേജുകളിലെ പ്രവേശനത്തിന്റെയും ഫീസിന്റെയും കാര്യത്തിൽ പോലും വലിയ ചർച്ചകൾ ഉണ്ടാകുന്ന സമൂഹമാണ് നമ്മുടേത്. സ്വകാര്യ മെഡിക്കൽ കോളേജുകളിലെ പഠന-പാഠ്യേതര സൗകര്യങ്ങളെ കുറിച്ച് ആകുലതയോടെ സംസാരിക്കുന്ന സമൂഹമാണ് നമ്മുടേത്. ഓരോ വർഷവും എംബിബിഎസ് പ്രവേശന സമയത്ത് കോടതി ഉത്തരവുകളിലൂടെ പ്രവേശനം നടത്തുകയും അതിനെ കുറിച്ച് ചർച്ചകൾ നടത്തുകയും ചെയ്യുന്ന നാടാണ് നമ്മുടേത്. അവിടെയാണ് സർക്കാർ മെഡിക്കൽ കോളേജുകളിലെ വിദ്യാർത്ഥികൾക്ക് അംഗീകാര പ്രശ്‌നങ്ങൾ നേരിടേണ്ടി വരുന്നത്. ഇന്ത്യൻ മെഡിക്കൽ കൗൺസിലിന്റെ അംഗീകാരം ഇല്ലെങ്കിൽ ആ വിദ്യാർത്ഥികൾ പഠിച്ചിറങ്ങിയ വ്യാജന്മാർ ആവും.

ഈ സാഹചര്യത്തിലാണ് എന്നെ വിളിച്ചു ചോദിച്ച മാധ്യമപ്രവർത്തകന് ഞാൻ മറുപടി നൽകിയത്. ഇന്ത്യൻ മെഡിക്കൽ കൗൺസിൽ അംഗീകാര പ്രശ്‌നങ്ങൾ അനുഭവിക്കുന്ന ഒരു വ്യക്തി എന്ന നിലയിൽ അതിനെ കുറിച്ച് പറയാൻ എനിക്ക് കടമയുണ്ട് എന്ന് തന്നെയാണ് ഞാൻ കരുതുന്നത്. ഒരു അദ്ധ്യാപകനെന്ന നിലയിലും അത് ചൂണ്ടിക്കാട്ടേണ്ടത് എന്റെ കടമയാണെന്ന് ഞാൻ കരുതുന്നു. കാരണം ഇവിടെയെല്ലാം പരിഹാര തീരുമാനമുണ്ടാകേണ്ടത് ഭരണ നേതൃത്വത്തിൽ നിന്ന് തന്നെയാണ്. ഫൊറൻസിക് മെഡിസിൻ വിഭാഗത്തിന്റെ അംഗീകാര പ്രശ്‌നങ്ങൾ പലതവണ ചൂണ്ടിക്കാട്ടിയിട്ടും പരിഹാരം ഉണ്ടാകാത്ത സ്ഥലത്താണ് ഞാൻ ഇത് പറഞ്ഞതും. കോട്ടയം മെഡിക്കൽ കോളേജിലെ വിദ്യാർത്ഥികളുടെ ഇന്ത്യൻ മെഡിക്കൽ കൗൺസിൽ അംഗീകാര പ്രശ്‌നത്തിൽ വ്യക്തവും കൃത്യവുമായ ഇടപെടലുകൾ വേണം എന്ന ആഗ്രഹത്താലാണ് പറഞ്ഞത്. എനിക്കുണ്ടായ ദുരവസ്ഥ ആ കുട്ടികൾക്ക് ഉണ്ടാകരുതെന്ന ആഗ്രഹത്താൽ. ഏറ്റവും മികച്ച റാങ്ക് വാങ്ങി ഏറ്റവും മികച്ച കോളേജിൽ എന്ന് വിശ്വസിച്ച്, സർക്കാർ മെഡിക്കൽ കോളേജിൽ പ്രവേശനം നേടിയ എംബിബിഎസ് വിദ്യാർത്ഥികളുടെ അംഗീകാരത്തിന്റെ പ്രശ്‌നം മാത്രമാണ് ഞാൻ സംസാരിച്ചത്.

2012-ൽ കേരള മെഡിക്കോസ് ജോയിന്റ് ആക്ഷൻ കൗൺസിലിന്റെ വൈസ് പ്രസിഡന്റായി പ്രവർത്തിച്ചു തുടങ്ങിയത് മുതൽ, മെഡിക്കൽ പോസ്റ്റ് ഗ്രാജ്വേറ്റ് അസോസിയേഷൻ ഭാരവാഹിയായ തിരഞ്ഞെടുക്കപ്പെട്ടത് മുതൽ ഇതൊക്കെ തന്നെയാണ് പറയാൻ ശ്രമിച്ചിട്ടുള്ളതെന്നും ജിനേഷ് വിശദീകരിക്കുന്നു. കോട്ടയം മെഡിക്കൽ കോളേജിലെ ഏറ്റവും മിടുക്കനായ വിദ്യാർത്ഥിയായിരുന്നു ജിനേഷ്. ഒന്നാം റാങ്കോടെ പാസായി. അതിന് ശേഷം സ്വകാര്യ ആശുപത്രികളിൽ വമ്പൻ ശമ്പളത്തിന് ജോലി ഓഫറും ലഭിച്ചു. എന്നാൽ സർക്കാർ മേഖലയിൽ തുടരാനായിരുന്നു തീരുമാനം. ഇതിലൂടെ പൊതു സേവനത്തിന് പുതിയ വഴി കണ്ടെത്താനും ശ്രമിച്ചു. ആശുപത്രിയുടെ നിലവാരം ഉയർത്താനും വാക്‌സിനുകൾക്കെതിരായ സമരവും എല്ലാം ഇതിന്റെ ഭാഗമായിരുന്നു. അത്തരത്തിലൊരു ഡോക്ടറെയാണ് സർക്കാർ സർവ്വീസിൽ നിന്നും സമ്മർദ്ദത്തിലൂടെ പുറത്താക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP