Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ജനിച്ചു വീണത് ഇരുട്ടിന്റെ ലോകത്തേക്കെങ്കിലും നൂറ് കണക്കിന് കാഴ്‌ച്ചയില്ലാത്തവർക്ക് വഴിവിളക്കായി ടിഫാനിയുടെ ജീവിതം; പഞ്ചാബുകാരിയെങ്കിലും കേരളത്തിന്റെ മകളായി വളർന്നു; 'ജ്യോതിർഗമയ' സ്ഥാപനം വഴി അന്ധത അനുഭവിക്കുന്നവർക്ക് ഒറ്റയ്ക്കു സഞ്ചരിക്കാനും പുതിയ കാര്യങ്ങൾ പഠിക്കാനും അവസരമൊരുക്കി; അശരണർക്ക് താങ്ങായ യുവതിയുടെ കഥ

ജനിച്ചു വീണത് ഇരുട്ടിന്റെ ലോകത്തേക്കെങ്കിലും നൂറ് കണക്കിന് കാഴ്‌ച്ചയില്ലാത്തവർക്ക് വഴിവിളക്കായി ടിഫാനിയുടെ ജീവിതം; പഞ്ചാബുകാരിയെങ്കിലും കേരളത്തിന്റെ മകളായി വളർന്നു; 'ജ്യോതിർഗമയ' സ്ഥാപനം വഴി അന്ധത അനുഭവിക്കുന്നവർക്ക് ഒറ്റയ്ക്കു സഞ്ചരിക്കാനും പുതിയ കാര്യങ്ങൾ പഠിക്കാനും അവസരമൊരുക്കി; അശരണർക്ക് താങ്ങായ യുവതിയുടെ കഥ

തിരുവനന്തപുരം: കാഴ്ച ഇല്ലാത്ത നിരവധി പേർ നമുക്ക് ചുറ്റുമുണ്ട്. അന്ധതയുടെ പേരിൽ സമൂഹത്തിന്റെ മുഖ്യധാരയിൽ നിന്നും മാറ്റിനിർത്തപ്പെടുന്നവരാണ് ഭൂരിഭാഗവും. എന്നാൽ ടിഫാനി ബ്രാർ എന്ന പെൺകുട്ടി തന്റെ വൈകല്യത്തെ നിരന്തര പരിശ്രമങ്ങൾക്കൊണ്ടു മറികടന്നവളാണ്. തിരുവനന്തപുരത്തെ ജ്യോതിർഗമയ എന്ന സ്ഥാപനത്തിലൂടെ അന്ധത മൂലം കഷ്ടപ്പെടുന്ന നിരവധി പേർക്ക് വഴിവിളക്കാവുകയാണ് ഇന്ന് ഈ പെൺകുട്ടി.

സ്വന്തം സ്വദേശം പഞ്ചാബിലാണെങ്കിലും ചെന്നൈയിൽ ആയിരുന്നു ടിഫാനിയുടെ ജനനം. പിന്നീട് ഇംഗ്ലണ്ടിലേക്ക് പോയ ടിഫാനി അഞ്ചര വയസിലാണ് തിരികെ ഇന്ത്യയിലെത്തിയത്. കരസേനയിൽ ഉദ്യോഗസ്ഥാനായിരുന്നു പിതാവ്. അതിനാൽ തന്നെ ഇന്ത്യയിലെ വിവിധ ഇടങ്ങളിലായിരുന്നു ടിഫാനിയുടെ വിദ്യാഭ്യാസം. അങ്ങനെ ആറു ഭാഷകളിൽ പ്രാവീണ്യം നേടാനും ടിഫാനിക്കു കഴിഞ്ഞു. എങ്കിലും സ്‌കൂൾ പഠനകാലത്തെ ഒരു സംഭവമാണ് ടിഫാനിയുടെ ജീവിതത്തിൽ വഴിത്തിരിവായത്. ക്ലാസിൽ അദ്ധ്യാപിക പഠിപ്പിച്ചുകൊണ്ടിരിക്കെ ചോദിച്ച ചോദ്യത്തിന് ഉത്തരം പറയാൻ എഴുന്നേറ്റ തന്നോടു കാഴ്ചയില്ലാത്തതിനാൽ നിനക്ക് അതിനു കഴിയില്ലെന്ന് പറയുകയായിരുന്നു ആ അദ്ധ്യാപിക.

ആ സംഭവം ടിഫാനിയെ ഏറെ വേദനിപ്പിച്ചു. കാര്യങ്ങൾ വീട്ടിലെത്തി മാതാപിതാക്കളോടു പറഞ്ഞ ടിഫാനി പിന്നീട് ഇതിനെ മറികടക്കാനുള്ള ശ്രമങ്ങളായിരുന്നു നടത്തിയത്. എട്ടാം ക്ലാസിൽ പഠിക്കുമ്പോൾ ടിഫാനിക്ക് അമ്മയെ നഷ്ടമായി. അതിനു ശേഷം ജീവിതത്തിൽ ഉണ്ടായ ഒറ്റപ്പെടലിനെ മറികടക്കാൻ ഒറ്റയ്ക്കു മുന്നേറുകയായിരുന്നു ഈ പെൺകുട്ടി. അങ്ങനെ ബ്രെയിൻസ് വിത്ത് ബോർഡേഴ്സ് എന്ന സ്ഥാപനത്തിൽ ടിഫാനി എത്തി. അവിടെ നിന്നുമാണ് ഒറ്റയ്ക്കു സഞ്ചരിക്കാനും പുതിയ കാര്യങ്ങൾ പഠിക്കാനും അന്ധത ബാധിച്ച കുട്ടികളെ പഠിപ്പിക്കാനുമൊക്കെ ടിഫാനിക്ക് കഴിഞ്ഞത്.

തനിക്കുണ്ടായ മാറ്റങ്ങൾ മറ്റുള്ളവർക്കും പകർന്നു നൽകണമെന്ന ആഗ്രഹമായിരുന്നു ടിഫാനിക്ക്. ജീവിത സാഹചര്യങ്ങൾ മൂലം പഠിക്കാൻ എത്താൻ കഴിയാതിരുന്ന വിദ്യാർത്ഥികളുടെ വീടുകളിൽ പോയി പഠിപ്പിക്കുന്ന മൊബൈൽ ബ്ലൈൻഡ് സ്‌കൂൾ എന്ന ആശയത്തിലേക്കാണ് ഇതിലൂടെ ടിഫാനി എത്തിയത്. വൻവിജയമായിരുന്നു ഈ പദ്ധതി. ഇതിന്റെ വിജയത്തിനു ശേഷമാണ് ജ്യോതിർഗമയ എന്ന സ്ഥാപനം തുടങ്ങിയത്.

ഈ സ്ഥാപനത്തിലൂടെ നിരവധി പേർക്ക് പുതുജീവനേകാൻ ടിഫാനിക്ക് കഴിഞ്ഞു. കാഴ്ചയില്ലാത്തവർക്ക് കമ്പ്യൂട്ടർ വിദ്യാഭ്യാസം നൽകുവാനും ജീവിതത്തിൽ ആവശ്യമായ കാര്യങ്ങൾ പഠിപ്പിച്ചു നൽകുവാനും ഈ സ്ഥാപനത്തിലൂടെ കഴിയുന്നു. സുഹൃത്തുക്കളുടെ പിന്തുണയോടെ ടിഫാനി ആരംഭിച്ച സ്ഥാപനം ഇന്ന് ഒട്ടേറെ പേർക്ക് ജീവിത മാർഗം തെളിയിച്ചു കൊടുത്തു കഴിഞ്ഞു. സ്ഥാപനത്തിന്റെ പ്രവർത്തനത്തിന് ഫണ്ടിന്റെ അപര്യാപ്തതയാണ് ഇന്ന് നേരിടുന്ന പ്രധാന വെല്ലുവിളിയെന്ന് ടിഫാനി പറയുന്നു. എങ്കിലും ഇവിടെ എത്തുന്നവർക്ക് തികച്ചും സൗജന്യമായ ഭക്ഷണവും താമസവും ട്രെയിംനിങ് ക്ലാസുകളും നൽകി ജീവിത വഴിയിൽ മുന്നേറാൻ പ്രാപ്തരാക്കുന്നുവെന്നതാണ് തന്റെ ഏറ്റവും വലിയ നേട്ടമെന്ന് ടിഫാനി പറയുന്നു.

ജ്യോതിർഗമയ എന്ന സ്ഥാപനം ഇന്ന് കാരുണ്യത്തിന്റെ ഉറവയാണ്. കാഴ്ചാ വൈകല്യം ഉള്ളവർക്ക് മുന്നേറാനുള്ള ഉത്തമ ഉദാഹരണമാണ് ടിഫാനി ബ്രാർ. സ്വന്തം ജീവിതത്തെ ആത്മവിശ്വാസം കൊണ്ടും കഠിനാധ്വാനംകൊണ്ടും മാറ്റിമറിച്ച ടിഫാനി ഇന്ന് മറ്റുള്ളവരെയും തനിക്കൊപ്പം കൈപിടിച്ചുയർത്താനുള്ള ശ്രമത്തിലാണ്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP