Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

ഒറിജിനൽ പേര് അന്റോണിയ ആൽബിന മെയ്നോ; രാജീവ് ഗാന്ധിയുടെ ഭാര്യയായി ഇന്ത്യയിലെത്തിയതോടെ അധികാര ശക്തിയുടെ ഭാഗം; വാജ്‌പേയിയെ താഴെയിറക്കിയ പ്രതിപക്ഷ ബുദ്ധികേന്ദ്രം; രണ്ട് യുപിഎ സർക്കാറുകളിലും അധികാരത്തിന്റെ കടിഞ്ഞാണേന്തി; ഇന്ദിരാഗാന്ധിയേക്കാൾ കാലം പാർട്ടി അധ്യക്ഷപദവിയിൽ ഇരുന്ന് പടിയിറക്കത്തിന് ഒരുങ്ങുന്നു: കോൺഗ്രസ് അധ്യക്ഷ സ്ഥാനത്ത് സോണിയക്ക് ഇന്ന് 19 വർഷം!

ഒറിജിനൽ പേര് അന്റോണിയ ആൽബിന മെയ്നോ; രാജീവ് ഗാന്ധിയുടെ ഭാര്യയായി ഇന്ത്യയിലെത്തിയതോടെ അധികാര ശക്തിയുടെ ഭാഗം; വാജ്‌പേയിയെ താഴെയിറക്കിയ പ്രതിപക്ഷ ബുദ്ധികേന്ദ്രം; രണ്ട് യുപിഎ സർക്കാറുകളിലും അധികാരത്തിന്റെ കടിഞ്ഞാണേന്തി; ഇന്ദിരാഗാന്ധിയേക്കാൾ കാലം പാർട്ടി അധ്യക്ഷപദവിയിൽ ഇരുന്ന് പടിയിറക്കത്തിന് ഒരുങ്ങുന്നു: കോൺഗ്രസ് അധ്യക്ഷ സ്ഥാനത്ത് സോണിയക്ക് ഇന്ന് 19 വർഷം!

മറുനാടൻ ഡെസ്‌ക്ക്

ന്യൂഡൽഹി: അന്റോണിയ ആൽബിന മെയ്നോ എന്ന പേര് കേട്ടാൽ അധികമാർക്കും ആളെ മനസിലാകില്ല. എന്നാൽ, ഇന്ത്യൻ രാഷ്ട്രീയത്തിൽ കരുത്തുറ്റ വനിതയായി രണ്ട് പതിറ്റാണ്ടായി തുടരുന്ന വ്യക്തിത്വമാണ് മേൽപ്പറഞ്ഞ പേരുകാരിയുടേത്. മറ്റാരുമല്ല, ഇറ്റലിയിൽ ജനിച്ച് ഇന്ത്യയുടെ മരുമകളായെത്തി കോൺഗ്രസ് എന്ന കരുത്തുറ്റ രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ അമരക്കാരിയായ സോണിയ ഗാന്ധിയാണത്. ഉയർച്ചയും തഴ്‌ച്ചയും കണ്ട ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ പ്രസിഡന്റായി സോണിയ ചുമതലയേറ്റിട്ട് ഇന്ന് 19 വർഷം തികഞ്ഞു. 131 വർഷത്തെ പാരമ്പര്യമുള്ള കോൺഗ്രസ് പാർട്ടിയുടെ ചരിത്രത്തിൽ ആദ്യമായാണ് ഒരാൾ തുടർച്ചയായി 19 വർഷം അധ്യക്ഷ സ്ഥാനം വഹിക്കുന്നത്. സോണിയക്ക് മുമ്പ് പാർട്ടിയിലുണ്ടായിരുന്ന വമ്പന്മാർക്കൊന്നും കഴിയാത്തത് സോണിയ ഗാന്ധിക്ക് സാധിച്ചു.

1998 മുതൽ 19 വർഷമായി സോണിയയാണ് പാർട്ടി അധ്യക്ഷ സ്ഥാനം വഹിച്ചു വരുന്നത്. കോൺഗ്രസിന്റെ ചരിത്രത്തിൽ ഇത് പുതിയ റെക്കോഡാണ്. പത്ത് വർഷത്തോളം യുപിഎയും സോണിയയുടെ നിയന്ത്രണത്തിലായിരുന്നു. നിരവധി വിവാദങ്ങളും ഈ കാലയളവിൽ സോണിയ നേരിട്ടു. ഫോർബ്സ് മാസികയുടെ 2004ലെ കണക്കു പ്രകാരം, സോണിയ ലോകത്തിലെ 'ഏറ്റവും സ്വാധീന ശേഷിയുള്ള വനിത'കളിൽ മൂന്നാം സ്ഥാനത്തായിരുന്നു. ഇന്ന് കോൺഗ്രസ് പ്രസ്ഥാനം ചരിത്രത്തിൽ ഇന്നുവരെയില്ലാത്ത പ്രതിസന്ധിയെ അഭിമുഖീകരിക്കുകയാണ്.

ഇറ്റലിക്കാരി മദാമ്മയെന്ന് പറഞ്ഞ് രാഷ്ട്രീയ എതിരാളികൾ കുറ്റം പറയുമെങ്കിലും എന്നും ഇന്ത്യയ്ക്ക് വേണ്ടിയായിരുന്നു സോണിയയുടെ ജീവിതം. വിദേശ പൗരയെന്ന ആരോപണത്തെ അവർ മറികടന്നത് താൻ ഇന്ദിര പ്രിയദർശിനിയുടെ മരുമകളാണെന്നു പറഞ്ഞു കൊണ്ടായിരുന്നു. രണ്ട് യുപിഎ സർക്കാറുകളിൽ അധികാരകേന്ദ്രമായി പ്രവർത്തിച്ചു സോണിയ. യുപിഎ അധ്യക്ഷ എന്ന സ്ഥാനം വരുമാനമുള്ള പദവിയാണെന്ന ആരോപണം ഉയർന്നപ്പോൾ എംപി സ്ഥാനം രാജിവെച്ച അവർ, ഉപതിരഞ്ഞെടുപ്പിൽ, റായ് ബറേലിയിൽ നിന്നും നാലു ലക്ഷത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷത്തിൽ ജയിച്ചു പാർലമെന്റിൽ തിരിച്ചെത്തി. സോണിയയുടെ ജനപ്രിയത എത്രത്തോളമുണ്ടെന്നതിന്റെ തെളിവായിരുന്നു അത്.

ദ്വീർഘമായി 20 വർഷം അധികാരത്തിന്റെ കടിഞ്ഞാണ് ഏന്തിയ സോണിയ ഇന്നു പടിയിറക്കത്തിന്റെ പാതയിലാണ്. മകൻ രാഹുൽ ഗാന്ധിക്ക് ബാറ്റൺ കൈമാറാനുള്ള തയ്യാറെടുപ്പിലാണ് അവർ. എഴുപത് വയസ് തികഞ്ഞ താൻ ഇനിയും അധ്യക്ഷ പദവിയിൽ തുടരുന്നതിൽ കാര്യമില്ലെന്നാണ് വിലയിരുത്തൽ. മകൻ രാഹുൽ ഗാന്ധി ഈ മാസം അവസാനത്തോടെ കോൺഗ്രസ് അധ്യക്ഷ സ്ഥാനം ഏറ്റെടുക്കും. കോൺഗ്രസ് പാർട്ടിയുടെ ഉയർച്ചയും താഴ്ചയുമെല്ലാം ഈ കാലയളവിൽ സോണിയ ഗാന്ധി നേരിട്ട് കണ്ടു. കോൺഗ്രസ് അണികളെയും നേതാക്കളെയും നയിക്കുന്നതിലും സഖ്യ കക്ഷികളെ ഒരുമിപ്പിച്ച് കൊണ്ടുപോയതിലുമെല്ലാമുള്ള സോണിയുടെ നേതൃത്വ പാഠവം ശ്രദ്ധേയമായിരുന്നു. ഇതിൽ നിന്നും എന്തെല്ലാം രാഹുൽ ഗാന്ധി സ്വീകരിക്കുമെന്നാണ് ഇപ്പോൾ ഇന്ത്യ ചർച്ച ചെയ്യുന്നത്.

19 വർഷത്തോളം പാർട്ടിയെ നയിച്ചതിന് ശേഷമാണ് സോണിയ സ്ഥാനമൊഴിയുന്നത്. ആനി ബസന്റ്, സരോജിനി നായിഡു, ഇന്ദിരാ ഗാന്ധി, എന്നിവർക്ക് പിന്നാലെയെത്തുന്ന നാലാമത്തെ കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തെ സ്ത്രീയായിരുന്നു സോണിയ. പ്രസിഡന്റ് പദവി ഒഴിഞ്ഞാലും സോണിയ രാഷ്ട്രീയത്തിൽ നിന്ന് വിട്ടുനിൽക്കില്ലെന്ന് പാർട്ടി വൃത്തങ്ങൾ വ്യക്തമാക്കുന്നുണ്ട്. ബിജെപിയുടെ അധികാരത്തിലേക്കുള്ള വഴിവെട്ടിയതും താഴെയിറക്കിയതും സോണിയയുടെ രാഷ്ടീയ ജീവിതത്തിലെ നിർണായകമായ രണ്ട് കാര്യങ്ങളാണ്.

വാജ്പയി സർക്കാരിനെ താഴെയിറക്കാൻ സ്വീകരിച്ച നടപടികൾ മുതൽ മോദി സർക്കാർ അധികാരത്തിൽ കയറാനുണ്ടായ സാഹചര്യങ്ങൾ വരെ രാഹുലിന് ഒരു പാഠമാണ്. കോൺഗ്രസ് അധ്യക്ഷയായി സോണിയ ചുമതലയേൽക്കുമ്പോൾ മികവുറ്റ ഒരു വലിയ നിര നേതാക്കൾ സോണിയക്ക് പിന്നിലുണ്ടായിരുന്നു എന്നത് ശ്രദ്ദേയമാണ്. എന്നാൽ അവരാരും തന്നെ രാഹുൽ ചുമതലയേൽക്കുമ്പോൾ കൂടെയില്ല. കഴിഞ്ഞ നവംബറിൽ നടന്ന കോൺഗ്രസ് പ്രവർത്തക യോഗത്തിൽ മുൻ പ്രധാനമന്ത്രി മന്മോഹൻസിങ്, മുതിർന്ന നേതാവ് എ കെ ആന്റണി അടക്കമുള്ള നേതാക്കൾ രാഹുൽ അധ്യക്ഷ സ്ഥാനത്തേക്ക് വരുണമെന്നത് ആവശ്യപ്പെട്ടിരുന്നു. 1998 മുതൽ നീണ്ട 19 വർഷമായി സോണിയഗാന്ധിയായിരുന്നു പാർട്ടി അധ്യക്ഷ സ്ഥാനം വഹിച്ചിരുന്നത്. 2013ൽ ജയ്പൂരിൽ നടന്ന കോൺഗ്രസ് യോഗത്തിലാണ് രാഹുൽ ഗാന്ധിയെ കോൺഗ്രസ് ഉപാധ്യക്ഷൻ സ്ഥാനത്ത് നിയമിക്കുന്നത്.

ഇറ്റലിയിലെ വികെൻസായിൽ നിന്നും 50 കി.മി ദൂരെ, ലുസിയാന എന്ന ചെറിയ ഗ്രാമത്തിൽ, സ്റ്റെഫാനോയുടെയും പൗള മിയാനോയുടെയും മകളായി 1946 ഡിസംബർ ഒൻപതിനാണു സോണിയാ ജനിച്ചത്. റോമൻ കത്തോലിക്കാ വിശ്വാസിയായിരുന്ന സോണിയ ടൂറിനിനടുത്തുള്ള ഒർബസ്സാനോ എന്ന പട്ടണത്തിലാണ് തന്റെ ബാല്യകാലം ചെലവഴിച്ചത്. അവിടെത്തന്നെ ഒരു കത്തോലിക്കാ സ്‌കൂളിൽ പ്രാഥമിക വിദ്യാഭ്യാസം നടത്തി. കെട്ടിടം പണികളുടെ കോൺട്രാക്റ്ററായി ജോലി നോക്കിയിരുന്ന പിതാവ് 1983ൽ മരിച്ചു. സോണിയയുടെ അമ്മയും രണ്ടു സഹോദരിമാരും ഇപ്പോഴും ഒർബസ്സാനോയിലും പരിസരങ്ങളിലുമായി ജീവിക്കുന്നു.

1964-ൽ ഇംഗ്ലീഷ് ഭാഷ പഠിക്കുന്നതിനു വേണ്ടി സോണിയ കേംബ്രിഡ്ജ് നഗരത്തിലെത്തി. അവിടെ സർട്ടിഫികേറ്റ് കോഴ്സ് ചെയ്തു കൊണ്ടിരിക്കുന്നതിനിടയിൽ കേംബ്രിഡ്ജ് സർവകലാശാലയിലെ കോളേജിൽ പഠിച്ചിരുന്ന രാജീവ് ഗാന്ധിയെ കണ്ടുമുട്ടി. 1968ൽ വിവാഹശേഷം സോണിയ രാജീവ് ഗാന്ധിയുടെ അമ്മയും അന്നത്തെ ഇന്ത്യൻ പ്രധാനമന്ത്രിയുമായിരുന്ന ഇന്ദിരാ ഗാന്ധിയുടെ വീട്ടിൽ താമസമാക്കി.

തുടക്കത്തിൽ ഇന്ത്യയെ ഇഷ്ടപ്പെടാനോ ഇവിടുത്തെ ഭക്ഷണ-വസ്ത്രധാരണ രീതികളുമായി പൊരുത്തപ്പെടാനോ സോണിയയ്ക്കു കഴിഞ്ഞിരുന്നില്ല. ഇതിനിടയിൽ, മുട്ടറ്റംവരെ മാത്രമുള്ള പാവാടയിട്ട് ഫോട്ടോയ്ക്ക് പോസ് ചെയ്തതു വിവാദമാവുകയും ചെയ്തു. 1983ൽ ഇന്ത്യൻ പൗരത്വം ലഭിച്ചപ്പോഴേയ്ക്കും ഈ അവസ്ഥയ്ക്കു മാറ്റം വന്നിരുന്നു. ദമ്പതികൾക്ക് 1970 ജൂൺ 19 ന് മകൻ രാഹുൽ ഗാന്ധിയും 1972 ജനുവരി 12 ന് മകൾ പ്രിയങ്ക ഗാന്ധിയും പിറന്നു. രാജീവ് ഗാന്ധി കൊല്ലപ്പെട്ടതിന് പിന്നാലെ സീതാറാം കേസരിയെ കോൺഗ്രസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു. അദ്ദേഹത്തെ മാറ്റിയാണ് ഗാന്ധി കുടുംബത്തിന്റെ അധീശത്വം ഉറപ്പിച്ച് സോണിയ കോൺഗ്രസ് അധ്യക്ഷ പദവിയിലേക്ക് എത്തിയതും.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP