Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഒടിയന്റെ 'രഹസ്യം' പുറത്തുവിട്ട് ചീഫ് ക്യാമറാമാൻ! ലംഘിച്ചത് ഒന്നും പുറംലോകത്ത് എത്തരുതെന്ന സംവിധായകന്റെ നിർദ്ദേശം; തേൻകുറിശ്ശിയിലെ ക്ലൈമാക്സ് ഷൂട്ടിലെ തർക്കങ്ങൾ അതിരുവിടുന്നുവോ? ആന്റണി പെരുമ്പാവൂരിന്റെ മനസ്സ് പുലിമുരുകൻ ടീമിനൊപ്പെന്ന് സൂചന; പീറ്റർ ഹെയ്ന്റേയും ഷാജി കുമാറിന്റേയും പോക്കിൽ ശ്രീകുമാർ മേനോൻ അതൃപ്തനെന്ന് റിപ്പോർട്ട്; വിവാദങ്ങളിൽ അകലം പാലിച്ച് മോഹൻലാലും; ഒടിയൻ 'മാണിക്യം' ചർച്ചയാകുന്നത് ഇങ്ങനെ

ഒടിയന്റെ 'രഹസ്യം' പുറത്തുവിട്ട് ചീഫ് ക്യാമറാമാൻ! ലംഘിച്ചത് ഒന്നും പുറംലോകത്ത് എത്തരുതെന്ന സംവിധായകന്റെ നിർദ്ദേശം; തേൻകുറിശ്ശിയിലെ ക്ലൈമാക്സ് ഷൂട്ടിലെ തർക്കങ്ങൾ അതിരുവിടുന്നുവോ? ആന്റണി പെരുമ്പാവൂരിന്റെ മനസ്സ് പുലിമുരുകൻ ടീമിനൊപ്പെന്ന് സൂചന; പീറ്റർ ഹെയ്ന്റേയും ഷാജി കുമാറിന്റേയും പോക്കിൽ ശ്രീകുമാർ മേനോൻ അതൃപ്തനെന്ന് റിപ്പോർട്ട്; വിവാദങ്ങളിൽ അകലം പാലിച്ച് മോഹൻലാലും; ഒടിയൻ 'മാണിക്യം' ചർച്ചയാകുന്നത് ഇങ്ങനെ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: മോഹൻലാലിന്റെ 'ഒടിയൻ' അതിവേഹം പുരോഗമിക്കുകയാണ്. മെയ്കിങ് വീഡിയോ പുറത്തു വിരകയും ചെയ്തു. ലാലും പീറ്റർ ഹെയ്‌നെന്ന ആക്ഷൻ ഹീറോയുമാണ് താരങ്ങൾ. ഈ സിനിമയുടെ കഥയും സൂചനകളും ഒന്നും പുറത്തു പോകരുതെന്ന് സംവിധായകൻ ശ്രീകുമാർ മേനോൻ നിർദ്ദേശിച്ചിരുന്നു. എന്നാൽ അത് അട്ടിമറിക്കപ്പെട്ടതായി സൂചന. ഒടിയന്റെ സെറ്റിലെ ആശയക്കുഴപ്പങ്ങളെ കുറിച്ച് സോഷ്യൽ മീഡിയയിൽ വമ്പൻ ചർച്ച പുരോഗമിച്ചിരുന്നു. പ്രമുഖ സംവിധായകനായ എം പത്മകുമാർ ക്ലൈമാക്‌സ് ചിത്രീകരണത്തിൽ ഇടപെടുന്നുവെന്നായിരുന്നു സൂചനകൾ. എന്നാൽ പത്മകുമാർ സിനിമയുടെ അസോസിയേറ്റ് ഡയറക്ടറാണെന്നും ശ്രീകുമാർ മേനോന്റെ നേതൃത്വത്തിലാണ് കാര്യങ്ങൾ പുരോഗമിക്കുന്നതെന്നും മറുനാടന് വ്യക്തമായ സൂചന ലഭിക്കുകയും റിപ്പോർട്ട് ചെയ്യുകയും ചെയ്തു. എന്നാൽ ഒടിയന്റെ സെറ്റിൽ ചില പ്രശ്‌നങ്ങളുണ്ടെന്ന് തന്നെയാണ് പുറത്തുവരുന്ന വിവരം.

സിനിമയുടെ പ്രഡ്യൂസർ ആന്റണി പെരുമ്പാവൂരാണ്. മോഹൻലാലിന്റെ വിശ്വസ്തൻ. ദിലീപിന്റെ നേതൃത്വത്തിൽ രൂപം കൊണ്ട തിയേറ്റർ ഉടമാ സംഘടനയുടെ ഇപ്പോഴത്തെ നേതാവ്. ഒടിയന്റെ ഷൂട്ടിംഗിൽ ആന്റണി പെരുമ്പാവൂർ അതിശക്തമായി ഇടപെടുന്നുണ്ടത്രേ. ഇതാണ് പ്രശ്‌നമെന്നാണ് സൂചന. ആന്റണി പെരുമ്പാവൂരിന്റെ വിശ്വസ്തനായ ഷാജി കുമാറാണ് ഒടിയന്റെ ക്യാമറാൻ. ബോളിവുഡിലെ പ്രമുഖരായ അണിയറ പ്രവർത്തകരെ ഒടിയനുമായി സഹകരിപ്പിക്കാനായിരുന്നു ശ്രീകുമാർ മോനോന് താൽപ്പര്യം. എന്നാൽ പുലി മുരുകൻ ടീം മതിയെന്ന് ആന്റണി പെരുമ്പാവൂർ നിലപാട് എടുത്തു. ഇതോടെ ക്യാമറാമാനായി ഷാജി കുമാറും ആക്ഷൻ സംവിധായകനായി പീറ്റർ ഹെയ്‌നും എത്തി. നിലവിൽ ഇവരുടെ താൽപ്പര്യങ്ങളാണ് ഒടിയന്റെ സെറ്റിൽ നടക്കുന്നത്. ഇത് ചില്ലറ അസ്വാരസ്യങ്ങൾ ഉണ്ടാക്കുന്നുണ്ട്.

ഒടിയന്റെ സെറ്റിലെ ചിത്രങ്ങളൊന്നും സമൂഹമാധ്യമങ്ങളിൽ ഇടരുതെന്നാണ് അണിയറ പ്രവർത്തകരുമായുണ്ടാക്കിയിട്ടുള്ള കരാർ. ചിത്രത്തിലെ രഹസ്യങ്ങളും പുറത്തു പോകരുത്. എന്നാൽ മൂല രഹസ്യം തന്നെ ചോരുന്ന ചിത്രം ക്യാമറാമാൻ ഷാജി കുമാർ ഫെയ്‌സ് ബുക്കിലിട്ടത് അണിയറ പ്രവർത്തകരെയെല്ലാം ഞെട്ടിച്ചിട്ടുണ്ട്. സംവിധായകന്റെ നിർദ്ദേശങ്ങളെ അപ്പാടെ ലംഘിക്കുന്ന നീക്കമായിരുന്നു ഇത്. കഥയും കഥാ സാഹചര്യങ്ങളും പുറത്തു പോകുന്നത് ചിത്രത്തിന്റെ വിജയ സാധ്യതയെ പോലും ബാധിക്കുമെന്നായിരുന്നു സംവിധായകൻ ഏവരോടും പറഞ്ഞത്. ഇതിന് വിരുദ്ധമായി ഷാജി കുമാർ ചിത്രം പോസ്റ്റ് ചെയ്തു. കാഴ്ചയിൽ സാധാരണ ചിത്രമാണെങ്കിലും കഥയിലെ നിർണ്ണായക രഹസ്യം അതിലുണ്ടെന്നാണ് സൂചന. പീറ്റർ ഹെയ്‌നുമൊപ്പമുള്ള ഫോട്ടോ ഇടുന്ന തരത്തിലാണ് ഫെയ്‌സ് ബുക്കിൽ ചിത്രം വന്നത്. ഇത് സെറ്റിലാകെ ചർച്ചയായിട്ടുണ്ട്.

ശ്രീകുമാർ മോനോനും ഷാജി കുമാറും തമ്മിലെ ബന്ധം ഈ ഫോട്ടോ ഇടൽ വഷളാക്കുമെന്ന ചർച്ചയും സജീവമാണ്. എന്നാൽ വിഷയങ്ങളെ ആത്മസംയമനത്തോടെ കാണാനാണ് ശ്രീകുമാർ മേനോന്റെ തീരുമാനം. എല്ലാവരും കരാർ ഒപ്പിട്ടിരിക്കുന്നത് നിർമ്മാതാവുമായാണ്. അതുകൊണ്ട് ഷാജി കുമാറിന്റെ പ്രവർത്തയിൽ അസ്വാഭാവികതയുണ്ടെങ്കിൽ അതിൽ നിയമ നടപടിയെടുക്കേണ്ടത് ആന്റണി പെരുമ്പാവൂരും. ഇവിടെ ഷാജി കുമാറും നിർമ്മാതാവും അടുത്ത സുഹൃത്തുക്കളാണ്. അതുകൊണ്ട് തന്നെ ശ്രീകുമാർ മേനോൻ പരാതിപ്പെട്ടാലും കേസും നടപടിയും ഒന്നും വരില്ല. വരാണാസി സെറ്റിലെ ചിത്രങ്ങൾ ശ്രീകുമാർ മേനോനും സാമൂഹ്യമാധ്യമങ്ങളിൽ ഇട്ടിരുന്നു. ഇതിന് സമാനമായത് ശേഷം മാത്രമേ ഛായാഗ്രാഹകനും ചെയ്തിട്ടുള്ളൂവെന്നാണ് പുറത്തു വരുന്ന മറ്റൊരു വാദം. ശ്രീകുമാർ മേനോന്റെ കന്നി ചിത്രമാണ് ഒടിയൻ. എംടിയുടെ രണ്ടാമൂഴമാണ് അടുത്ത് പ്ലാനിലുള്ളത്. ഈ ബ്രഹ്മാണ്ട ചിത്രത്തെ പൊളിക്കാൻ അണിയറയിൽ പലരും നീങ്ങുന്നുണ്ട്. അതുകൊണ്ട് തന്നെ ഒടിയനിൽ സംയമനത്തിന് ശ്രീകുമാർ മേനോൻ തയ്യാറാകും.

ഗംഗയുടെ തീരത്ത് നിന്ന് ഒടിയൻ മാണിക്ക്യന്റെ കഥ പറഞ്ഞ് മോഹൻലാൽ എത്തിയത് സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. കാശിയിൽ നിന്ന് മാണിക്ക്യൻ തേൻകുറിശ്ശിയിലെത്തിയ കഥയാണ് വാരാണസിയിൽ ചിത്രീകരിച്ച വീഡിയോയിൽ മോഹൻലാൽ പറയുന്നത്. ശ്രീകുമാർ മേനോന്റെ പുതിയ ചിത്രം ഒടിയന്റെ പ്രചാരണാർത്ഥമാണ് വീഡിയോ ഒരുക്കിയത്. മാണിക്ക്യന്റെ കഥ നടക്കുന്നത് കാശിയിലല്ലെങ്കിലും എല്ലാം അവസാനിപ്പിക്കണമെന്ന് കരുതി മാണിക്ക്യൻ വന്നുപെടുന്നത് കാശിയിലാണ്. ഗംഗയുടെ തീരത്തും അവിടെയുള്ള തിരക്കേറിയ നഗരങ്ങളിലും വർഷങ്ങളോളം കഴിച്ചുകൂട്ടിയ ശേഷം മാണിക്ക്യൻ തേൻകുറിശ്ശിയിലേക്ക് തിരിച്ചുപോവുകയാണ്. അവിടെ ഒരുപാട് സംഭവവികാസങ്ങൾ മാണിക്ക്യനെ കാത്തിരിപ്പുണ്ട്. വെള്ളിത്തിരയിൽ മാണിക്ക്യനായി എത്തുന്ന മോഹൻലാൽ വീഡിയോയിൽ പറയുന്നു.

പ്രതീക്ഷ നൽകുന്ന കഥാപാത്രമാണ് മാണിക്ക്യനെന്നും വളരെ അടുത്ത് തന്നെ മാണിക്ക്യനായി ആരാധകരുടെ മുന്നിൽ വീണ്ടുമെത്തുമെന്നും ലാൽ പറയുന്നു. ചിത്രത്തിന്റെ ഛായാഗ്രാഹകൻ ഷാജികുമാറിനെയും സംഘട്ടനം ഒരുക്കിയ പീറ്റർ ഹെയ്നിനെയും സംവിധായകൻ ശ്രീകുമാർ മേനോനെയും ലാൽ വീഡിയോയിൽ പരിചയപ്പെടുത്തുന്നുണ്ട്. ഇതിന് ശേഷമാണ് തേൻകുറിശ്ശിയിലെ ഷൂട്ടിങ് തുടങ്ങിയത്. ഇതോടെയാണ് പ്രശ്‌നം തുടങ്ങിയത്. ഇവിടെ അസോസിയേറ്റ് ഡയറക്ടറായി പത്മകുമാറും എത്തി. ഒടിയൻ പണ്ടു കാലത്ത് നിലനിന്നിരുന്ന മാന്ത്രിക വിദ്യയായ ഒടി വിദ്യയെക്കുറിച്ചാണ് പറയുന്നത്. ഒടി വിദ്യകളിൽ പ്രഗൽഭനായ ഒടിയൻ മാണിക്യമായാണ് ചിത്രത്തിൽ മോഹൻലാൽ.

ഒടി വിദ്യയുടെ വേരുകളുള്ള പാലക്കാട്ടെ ഗ്രാമത്തിൽ നിന്നാണ് മാണിക്യൻ. മൃഗ രൂപിയായി മാറാനുള്ള കഴിവു മുതൽ നിരവധി അമാനുഷിക കഴിവുകളുള്ളയാളാണ് ഒടിയൻ. ചിത്രത്തിനായി 11 കിലോയോളം ഭാരം കുറച്ചാണ് മോഹൻലാൽ എത്തുന്നതെന്നാണ് സൂചനകൾ. ചിത്രത്തിന്റെ ആദ്യ ഷെഡ്യൂൾ വാരണാസിയിലായിരുന്നു. തികച്ചും വ്യത്യസ്തമായ നിഗൂഡതകൾ നിറഞ്ഞ ലുക്കിലാണ് മോഹൻലാൽ. ഒടിയൻ മാണിക്യന്റെ 30 മുതൽ 60 വയസ്സു വരെയുള്ള പ്രായം അവതരിപ്പിക്കുന്നുണ്ട്. മഞ്ജു വാര്യരാണ് നായിക. ദേശീയ അവാർഡ് ജേതാവും, മാധ്യമപ്രവർത്തകനുമായ ഹരി കൃഷ്ണൻ ആണ് ചിത്രത്തിന്റെ തിരക്കഥ നിർവ്വഹിക്കുന്നത്. വി എഫ് എക്സിനും ആക്ഷനും പ്രാധാന്യമുള്ള ഫാന്റസി ത്രില്ലറായാണ് ചിത്രം ഒരുക്കുന്നത്.

ഏകദേശം 35 കോടിയോളം മുതൽമുടക്കിലുള്ള സിനിമയിൽ ഏഴ് കോടിയോളം രൂപാ വിഎഫ്എക്സ് മികവിന് മാത്രമായി ചെലവഴിക്കുന്നു. പുലിമുരുകന് ശേഷം പീറ്റർ ഹെയ്ൻ ആക്ഷൻ കൊറിയോഗ്രഫി നിർവഹിക്കുന്ന മലയാളചിത്രം കൂടിയാണിത്. മൂന്ന് കാലഘട്ടങ്ങളിലെ തേങ്കുറിശി ഗ്രാമത്തിന് പാലക്കാട് കൂറ്റൻ സെറ്റ് ഒരുക്കിയിരിക്കുകയാണ്. പ്രശാന്ത് മാധവ് ആണ് കലാസംവിധായകൻ. അടുത്ത വർഷം മാർച്ച് 30ന് ചിത്രം തിയറ്ററുകളിലെത്തും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP