Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

അരി വില ഉയരുക കിലോയ്ക്ക് രണ്ട് രൂപയോളം; സംസ്ഥാന ഖജനാവിലെത്തുക 300 കോടിയും; അരിയിലെ ജിഎസ്ടിയും താങ്ങാവുക സർക്കാരുകൾക്ക് തന്നെ; വിലക്കയറ്റത്തിന്റെ പുതിയ നികുതി മാതൃക ഇങ്ങനെ

അരി വില ഉയരുക കിലോയ്ക്ക് രണ്ട് രൂപയോളം; സംസ്ഥാന ഖജനാവിലെത്തുക 300 കോടിയും; അരിയിലെ ജിഎസ്ടിയും താങ്ങാവുക സർക്കാരുകൾക്ക് തന്നെ; വിലക്കയറ്റത്തിന്റെ പുതിയ നികുതി മാതൃക ഇങ്ങനെ

തൃശ്ശൂർ: റേഷനരി ഒഴികെ എല്ലാ അരിയിനങ്ങൾക്കും അഞ്ച് ശതമാനം ജി.എസ്.ടി. ചുമത്തിത്തുടങ്ങി. ബ്രാൻഡ് പേരുള്ള എല്ലാ ധാന്യങ്ങൾക്കും ജി.എസ്.ടി. ബാധകമാണെന്ന ഉത്തരവനുസരിച്ചാണ് നടപടി. ഇത് ഉറപ്പാക്കാൻ സംസ്ഥാന ജി.എസ്.ടി. വിഭാഗം അരി സംഭരണ-വിൽപ്പന കേന്ദ്രങ്ങളിൽ പരിശോധന തുടങ്ങി. അരിലോറികളിലും പരിശോധന നടത്തുന്നുണ്ട്. അരിമില്ലുകളുടെ കേന്ദ്രമായ പെരുമ്പാവൂരിലാണ് പരിശോധന കൂടുതലും.

കേരളത്തിൽ റേഷൻകട വഴി 16 ലക്ഷം ടൺ അരിയാണ് വിതരണം ചെയ്യുന്നത്. ഇതിൽ നാലുലക്ഷം സംസ്ഥാനത്ത് ഉത്പാദിപ്പിച്ച് സപ്ലൈകോ വഴി സംഭരിക്കുന്നു. സംസ്ഥാനത്ത് ഉപയോഗിക്കുന്ന 24 ലക്ഷം ടൺ അരി പൊതുവിപണിയിലൂടെ വിൽക്കുന്നതാണ്. ഇതിനാണ് അഞ്ച് ശതമാനം ജി.എസ്.ടി. ഈടാക്കുക. അതുവഴി സംസ്ഥാനത്തിന് 600 കോടിയോളം കിട്ടും. ഇതിൽ പകുതി ഉത്പാദക സംസ്ഥാനങ്ങൾക്ക് കൊടുത്താൽപോലും 300 കോടി വരുമാനമുണ്ടാകും.

ജി.എസ്.ടി. ചുമത്തുന്നതോടെ അരിവിലയിൽ കിലോഗ്രാമിന് ശരാശരി രണ്ടരരൂപയുടെ വർധനയുണ്ടാകും. മുൻപ് രജിസ്റ്റേർഡ് ബ്രാൻഡുകളിലുള്ള ധാന്യങ്ങൾക്ക് മാത്രമായിരുന്നു ജി.എസ്.ടി. ബാധകം. ചാക്കിലോ പായ്ക്കറ്റുകളിലോ ആക്കി കമ്പനിയുടേതോ മില്ലുകളുടേതോ പേരോ ചിഹ്നമോ ഉള്ള എല്ലാ അരിയും ബ്രാൻഡഡ് ആയി കണക്കാക്കുമെന്നാണ് ജി.എസ്.ടി. വകുപ്പ് പറയുന്നത്. അതുപ്രകാരം കേരളത്തിൽ പൊതുവിപണിയിലെത്തുന്ന അരിയെല്ലാം ബ്രാൻഡഡ് ആണ്. എല്ലാറ്റിനും അഞ്ച് ശതമാനം നികുതിയും ബാധകമാക്കും.

അരിയുടെ ഏറ്റവും വലിയ ഉപഭോക്താവ് കേരളമാണെന്നിരിക്കേ അരി ഉത്പാദക സംസ്ഥാനങ്ങൾക്കും നേട്ടമുണ്ടാകും. ഈടാക്കുന്ന ജി.എസ്.ടി.യുടെ പകുതി ഉത്പാദക സംസ്ഥാനങ്ങൾക്ക് ലഭിക്കും. മറ്റു സംസ്ഥാനങ്ങളിൽനിന്ന് ജി.എസ്.ടി. ബില്ലിട്ടാണ് അരി കേരളത്തിലേക്കയയ്ക്കുന്നത്. ജി.എസ്.ടി. ഈടാക്കാത്തതിന്റെ പേരിൽ ഭാവിയിൽ പിഴയടയ്ക്കേണ്ടിവരുമോയെന്ന് ഭയന്നും ജി.എസ്.ടി. ഈടാക്കുന്നുണ്ട്.

കേരളത്തിൽ ഒരുവർഷം ഏതാണ്ട് 40 ലക്ഷം ടൺ അരിയാണ് ഉപയോഗിക്കുന്നത്. ഇതിൽ നാലുലക്ഷം ടൺ മാത്രമാണ് കേരളത്തിലെ ഉത്പാദനം. ബാക്കി തമിഴ്‌നാട്, ആന്ധ്രാപ്രദേശ്, കർണാടക, പഞ്ചാബ്, ഒഡിഷ, ബംഗാൾ എന്നിവിടങ്ങളിൽ നിന്ന് എത്തിക്കുന്നതാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP