Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ടെക്കികൾക്ക് വീണ്ടും കഷ്ടകാലം; കേരളത്തിലെ മിക്ക കമ്പനികളിലും പിരിച്ചുവിടൽ; പുതിയ പ്രൊജക്ട് ഇല്ല എന്നു പറഞ്ഞ് പലരെയും പിരിച്ചു വിടുന്നത് ശമ്പളകുടിശ്ശിക വരുത്തിയും നഷ്ടപരിഹാരം നൽകാതെയും; വൻതുക ശമ്പളം വാങ്ങിയിരുന്നവർ പെട്ടന്ന് ഒന്നുമില്ലാത്തവരാകുമ്പോൾ ജീവിതം വഴിമുട്ടുന്ന അവസ്ഥയിൽ

ടെക്കികൾക്ക് വീണ്ടും കഷ്ടകാലം; കേരളത്തിലെ മിക്ക കമ്പനികളിലും പിരിച്ചുവിടൽ; പുതിയ പ്രൊജക്ട് ഇല്ല എന്നു പറഞ്ഞ് പലരെയും പിരിച്ചു വിടുന്നത് ശമ്പളകുടിശ്ശിക വരുത്തിയും നഷ്ടപരിഹാരം നൽകാതെയും; വൻതുക ശമ്പളം വാങ്ങിയിരുന്നവർ പെട്ടന്ന് ഒന്നുമില്ലാത്തവരാകുമ്പോൾ ജീവിതം വഴിമുട്ടുന്ന അവസ്ഥയിൽ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: അടുത്തകാലം വരെ മലയാളികളുടെ ഇഷ്ടപ്പെട്ട തൊഴിൽ മേഖലയായിരുന്നു ഐടി അനുബന്ധ മേഖല. വിദേശ രാജ്യങ്ങളിൽ നിന്നും ഇഷ്ടംപോലെ പ്രൊജക്ടുകളും മറ്റും തേടിയെത്തിയതോടെ സ്വപ്‌നശമ്പളമായി ഉയരുകയും ചെയ്തു. തിരുവനന്തപുരം എന്നതു പോലെ കൊച്ചിയും കോഴിക്കോടുമെല്ലാം ഐടി രംഗത്ത് വലി കുതിച്ചു ചാട്ടം തന്നെ നടത്തി. എന്നാൽ, മലയാളികളെ അടിമുടി മാറ്റി ഐടി തൊഴിൽ മേഖലയിൽ നിന്നും ഇപ്പോൾ പുറത്തുവരുന്നത് നല്ലവാർത്തകളല്ല. ടെക്കി ജീവിതം എല്ലാ അർത്ഥത്തിലും കടുത്ത പ്രതിസന്ധി അഭിമുഖീകരിക്കുകയാണ്. തൊഴിൽ നഷ്ട ഭീതിമൂലം കടുത്ത മാനസിക പിരിമുറുക്കത്തിൽ കഴിയുന്നത് ആയിരക്കണക്കിന് ടെക്കികളാണ്.

മിക്ക ഐടി കമ്പനിയിലും ആളുകളെ കൂട്ടത്തോടെ പിരിച്ചുവിടൽ നടത്തുന്ന അവസ്ഥയാണ് ഉണ്ടായത്. സംസ്ഥാനത്ത് ഇക്കൊല്ലം ഇതുവരെ ആയിരത്തോളം പേർ പിരിച്ചുവിടലിനോ നിർബന്ധിത രാജിക്കോ വിധേയരായിട്ടുണ്ടെന്നാണ് അനൗദ്യോഗിക കണക്ക്. തൊഴിൽ അവസരങ്ങൾ കുറഞ്ഞ കാലത്ത് തൊഴിൽനഷ്ടം ഏറുന്നതോടെ പലരും എന്തുചെയ്യണം എന്നു പോലും അറിയാത്ത അവസ്ഥയിൽ കടുത്ത പ്രതിസന്ധിയെ അഭിമുഖീകരിക്കുകയാണ്. ഒഴിവാക്കുന്ന ജീവനക്കാരുടെ എണ്ണത്തെക്കുറിച്ചുള്ള വിവരങ്ങൾ വൻകിട കമ്പനികൾ പുറത്തുവിടാറുണ്ട്. എന്നാൽ, മറ്റുള്ളവർ പല പേരുകളിലായി ജീവനക്കാരെ പുറന്തള്ളുകയാണ്.

2002, 2009, 2016 വർഷങ്ങൾക്കുശേഷം ഐ.ടി. മേഖലയിൽ ഇക്കൊല്ലമാണ് കൂട്ടപ്പിരിച്ചുവിടലുകൾ ഉണ്ടാകുന്നതെന്ന് ഈ രംഗത്തുള്ളവർ പറയുന്നു. ഉയർന്നശമ്പളം വാങ്ങുന്ന മുതിർന്ന ജീവനക്കാരെയാണ് കൂടുതലായും പിരിച്ചുവിടുന്നത്. താഴേത്തട്ടിലുള്ള കമ്പനികൾ പ്രോജക്ടുകൾ നൽകാതെയും മറ്റുമാണ് ജീവനക്കാരെ ഒഴിവാക്കുന്നത്. എതിർക്കുന്നവരുടെ ലോഗിൻ ആക്സസുകൾ ഒഴിവാക്കും. പിന്നീട് നിരന്തര സമ്മർദത്തിലാക്കി രാജിയിലേക്കു നയിക്കും - അടുത്തിടെ ഒരു കമ്പനിയിൽനിന്ന് പുറത്തുപോകേണ്ടിവന്ന ജീവനക്കാരൻ പറഞ്ഞു.

കാരണം പറയുന്നത് പ്രൊജക്ടുകൾ നഷ്ടം

കേരളത്തിൽ പ്രവർത്തിക്കുന്ന വലിയ കമ്പനികൾ പോലും അടുത്തിടെ ജീവനക്കാരുടെ എണ്ണം കുറയ്ക്കാൻ ശക്തമായ തീരുമാനവുമായി രംഗത്തെത്തിയിരുന്നു. പ്രൊജക്ടുകൾ നഷ്ടമാകുന്നു എന്ന കാരണം പറഞ്ഞാണ് ജീവനക്കാരെ ഒഴിവാക്കുന്നത്. ഇത്തരത്തിൽ കൊച്ചി ഇൻഫോപാർക്കിലെ ഒരു കമ്പനിയിൽനിന്ന് അടുത്തിടെ കൂട്ടപ്പിരിച്ചുവിടലുണ്ടായി. കാരണമെന്തെന്ന് ജീവനക്കാർക്ക് വ്യക്തതയുള്ളതിനാൽ പലരും പ്രതിഷേധിക്കാൻപോലും നിന്നില്ല.

ഇൻഫോപാർക്കിൽത്തന്നെയുള്ള മറ്റൊരു വൻകിട കമ്പനിയിലും പിരിച്ചുവിടലുണ്ടായി. 10,000 പേരെ കമ്പനി ഒഴിവാക്കുന്നതിന്റെ ഭാഗമായാണ് ഇവിടെ നൂറിലധികംപേർക്ക് ജോലിപോയത്. ഇവരിൽനിന്നൊക്കെ നിർബന്ധിത രാജി എഴുതിവാങ്ങുകയായിരുന്നു. തിരുവനന്തപുരത്ത് ടെക്നോപാർക്കിലും ഒട്ടേറെ കമ്പനികളിൽനിന്ന് ചെറിയ തോതിൽ പിരിച്ചുവിടലുണ്ടായി. വൻലാഭത്തിലുള്ള കമ്പനികൾതന്നെ ലാഭംകൂട്ടാൻ കൂടിയ ശമ്പളം വാങ്ങുന്നവരെ പിരിച്ചുവിടുകയാണെന്നാണ് ടെക്നോപാർക്കിലെ ജീവനക്കാരുടെ സംഘടനയായ 'പ്രതിധ്വനി' പ്രവർത്തകർ പറയുന്നത്.

ആശങ്കയോടെ ഒന്നേകാൽ ലക്ഷത്തോളം ജീവനക്കാർ

സംസ്ഥാനത്ത് ഐ.ടി. രംഗത്തുള്ളത് ഒന്നേകാൽ ലക്ഷത്തോളം പേർ. ഐടി മേഖലകളിൽ നിന്നും ശുഭവാർത്തകൾ കേൾക്കാതെ വന്നതോടെ ഇവരെല്ലാം കടുത്ത ആേശങ്കയിലാണ്. തിരുവനന്തപുരം ടെക്നോപാർക്കിൽമാത്രം 350-ലധികം കമ്പനികൾ പ്രവർത്തിക്കുന്നു. ഇതിൽ 20-ൽ താഴെ കമ്പനികളിൽമാത്രമേ 1000-ലധികം ജീവനക്കാരുള്ളൂ. അതേസമയം ഈ രംഗത്തെ ജോലിക്കാർക്ക് യാതൊരു സുരക്ഷയുമില്ലെനന്നതാണ് ജീവനക്കരുടെ പരാതി. ജോലിനഷ്ടപ്പെടാനുള്ള സാധ്യത കൂടുതലുള്ള ഐ.ടി. മേഖലയിൽ, ജിവനക്കാരുടെ സാമൂഹികസുരക്ഷ ഉറപ്പാക്കുന്ന പദ്ധതി ഇനിയും നടപ്പാക്കിയില്ല. കേരള ഷോപ്സ് ആൻഡ് കൊമേഴ്സ്യൽ എസ്റ്റാബ്ലിഷ്മെന്റ് ക്ഷേമപദ്ധതിയിലേക്ക് ജീവനക്കാർ ശമ്പളത്തിൽനിന്ന് തുച്ഛമായൊരു തുക അടയ്ക്കുന്നുണ്ട്. ഇത് എന്തിനുവേണ്ടിയാണെന്ന് ആർക്കും അറിയില്ല.

ക്ഷേമനിധി ബോർഡിൽ കംപ്യൂട്ടർ, കംപ്യൂട്ടർ അനുബന്ധസ്ഥാപനങ്ങൾ എന്ന വിഭാഗത്തിലാണ് ഐ.ടി. ജീവനക്കാരുള്ളത്. സാധാരണ ഡി.ടി.പി. സെന്ററുകളടക്കം ഇതിൽപ്പെടും. അതിനാൽ, ഏറ്റവുമധികം ആനുകൂല്യങ്ങൾ കൈപ്പറ്റുന്നത് ഐ.ടി. ജീവനക്കാരാണെന്നാണ് ക്ഷേമനിധി ബോർഡ് അധികൃതർ പറയുന്നത്. എത്ര ഐ.ടി. ജീവനക്കാർ ക്ഷേമനിധിയിൽ അംഗമാണെന്നതിനു വ്യക്തമായ കണക്കില്ല. 1960-ലെ കേരള ഷോപ്സ് ആൻഡ് കൊമേഴ്സ്യൽ എസ്റ്റാബ്ലിഷ്മെന്റ്സ് ആക്ടിന്റെ പരിധിയിൽവരുന്ന തൊഴിലാളികളെയാണ് 2006-ൽ ഈ ക്ഷേമനിധി ബോർഡ് നിലവിൽ വന്നപ്പോൾ ഉൾപ്പെടുത്തിയത്. അതുകൊണ്ടുതന്നെ ഐ.ടി. കമ്പനികളിലെ ജീവനക്കാരും ഈ ബോർഡിന്റെ ഭാഗമായി. ജീവനക്കാരുടെ വിഹിതമായി 20 രൂപയും തൊഴിലുടമയുടെ 20 രൂപയും ചേർത്ത് 40 രൂപയാണ് ഒരു തൊഴിലാളിക്ക് അംശദായം അടയ്ക്കുന്നത്.

സുരക്ഷാപദ്ധതി വേണമെന്ന് ആവശ്യം

സംസ്ഥാനത്തെ ആടി രംഗത്ത് കാര്യമായ തൊഴിലാളി യൂണിയനുകൾ ഉണ്ടായിട്ടില്ല. സംസ്ഥാനത്ത് പുതിയ ഐ.ടി. നയം പ്രഖ്യാപിച്ചപ്പോൾ അതിൽപ്പോലും ജീവനക്കാരുടെ ജോലിസ്ഥിരതയ്ക്കും ക്ഷേമത്തിനുമുള്ള കാര്യങ്ങളൊന്നും പറയുന്നില്ല. ഐ.ടി. മേഖലയ്ക്കനുയോജ്യമായ രീതിയിലുള്ള സാമൂഹികസുരക്ഷാ പദ്ധതി നടപ്പാക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് നിവേദനം ടെക്‌നോപാർക്ക് ജീവനക്കാരുടെ സംഘടനയായ പ്രതിധ്വനി നൽകിയിട്ടുണ്ട്

ജീവനക്കാർക്കായി ക്ഷേമനിധി ബോർഡ് രൂപവത്കരിക്കുക, ഈ മേഖലയിൽ ജോലിചെയ്യുന്ന എല്ലാ സ്ഥിരം ജീവനക്കാർക്കും നാഷണൽ പെൻഷൻ സ്‌കീം പോലുള്ള പദ്ധതികൾ നിർബന്ധമാക്കുക, തൊഴിൽസാധ്യതകൾക്കനുസരിച്ച് കമ്പനികൾ മാറിക്കൊണ്ടിരിക്കുന്നവരാണ് ഐ.ടി. ജീവനക്കാരെന്നതിനാൽ ഗ്രാറ്റ്‌വിറ്റി നിയമങ്ങൾ പരിഷ്‌കരിക്കുക, തൊഴിൽപ്രശ്നങ്ങൾ വരുമ്പോൾ ചർച്ചചെയ്ത് പരിഹരിക്കാൻ രൂപവത്കരിച്ച പ്രത്യേകസമിതി ജീവനക്കാരെക്കൂടി ഉൾപ്പെടുത്തി പുനരുജ്ജീവിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് ഇവർ ഉന്നയിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP