Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

രണ്ട് പതിറ്റാണ്ട് മുമ്പ് 12 ലക്ഷം രൂപ മുടക്കി തുടങ്ങി; 8000 രൂപ കൊടുക്കുന്ന ഓഫീസ് ബോയ് മുതൽ 60,000 കൊടുക്കുന്ന മാനേജർ വരെ 34 പേർക്ക് തൊഴിൽ കൊടുത്തു; പേപ്പറിൽ ലാഭം ഉണ്ടായിരുന്നപ്പോഴും ഓവർ ഡ്രാഫ്റ്റും ലോണും നികുതി പ്രശ്‌നങ്ങളുമായി ജീവിതം തള്ളി നീക്കി; ഇതുവരെ 32 ലക്ഷം ലാഭം കിട്ടിയപ്പോൾ നികുതി ഇനത്തിൽ അടച്ചത് 80 ലക്ഷം: ജിഎസ്ടി വന്നപ്പോൾ മനസമാധാനം കിട്ടാൻ കച്ചവടം നിർത്തിയ ഒരു ബിസിനസുകാരന്റെ കഥ

രണ്ട് പതിറ്റാണ്ട് മുമ്പ് 12 ലക്ഷം രൂപ മുടക്കി തുടങ്ങി; 8000 രൂപ കൊടുക്കുന്ന ഓഫീസ് ബോയ് മുതൽ 60,000 കൊടുക്കുന്ന മാനേജർ വരെ 34 പേർക്ക് തൊഴിൽ കൊടുത്തു; പേപ്പറിൽ ലാഭം ഉണ്ടായിരുന്നപ്പോഴും ഓവർ ഡ്രാഫ്റ്റും ലോണും നികുതി പ്രശ്‌നങ്ങളുമായി ജീവിതം തള്ളി നീക്കി; ഇതുവരെ 32 ലക്ഷം ലാഭം കിട്ടിയപ്പോൾ നികുതി ഇനത്തിൽ അടച്ചത് 80 ലക്ഷം: ജിഎസ്ടി വന്നപ്പോൾ മനസമാധാനം കിട്ടാൻ കച്ചവടം നിർത്തിയ ഒരു ബിസിനസുകാരന്റെ കഥ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കേരളത്തിലെ പ്രമുഖ ബിസിനസ് സ്ഥാപനങ്ങളുടെ കൺസൾട്ടന്റ് ആയി പ്രവർത്തിക്കുമ്പോൾ തന്നെ ബിസിനസ് ലോകത്തെ കൊള്ളകളും ചതികളും വഞ്ചനകളും സോഷ്യൽ മീഡിയയിലൂടെ പുറംലോകത്തെ അറിയിക്കുന്ന ഒരു തൂലികാ നാമധാരിയാണ് ബൈജു സ്വാമി. ബിസിനസ് രംഗത്തെ എല്ലാവരും മറച്ചുവെയ്ക്കുന്ന യാഥാർത്ഥ്യങ്ങൾ ആണ് ബൈജുവിന്റെ പോസ്റ്റിലൂടെ വ്യക്തമാകുന്നത്. പല പ്രമുഖ കമ്പനികളുടെയും യാഥാർത്ഥ്യം അങ്ങനെയാണ് ലോകം അറിയുന്നതുപോലും.

ബൈജു സ്വാമി ഇന്നിട്ട ഒരുപോസ്റ്റ് ഏറെ ശ്രദ്ധ പിടിച്ചുപറ്റുന്നത് സാധാരണക്കാരനായ ഒരു കച്ചവടക്കാരന്റെ നിസ്സഹായാവസ്ഥയെ കുറിച്ചുള്ള നേർരൂപം എന്ന നിലയിൽ ആണ്. നാഴികയ്ക്ക് നാൽപത് വട്ടം കേന്ദ്ര സംസ്ഥാന സർക്കാരുകൾചെറുകിട ബിസിനസുകളെ പ്രോത്സാഹിപ്പിക്കാൻ പദ്ധതികൾപ്രഖ്യാപിക്കുന്ന നാടാണിത്. എന്നാൽ നിയമം പൂർണമായി പാലിച്ച് ഇവിടെ ചെറുകിട കച്ചവടക്കാർക്ക് ഒന്നും ചെയ്യാൻ സാധിക്കില്ല എന്താണ് സത്യം. തുടങ്ങുമ്പോൾ ഉള്ള ലൈസൻസ് രാജുകൾ, അനുമതിക്കായുള്ള കൈക്കൂലി, കാലാകാലങ്ങളിൽ കൊടുക്കേണ്ട പടി, തുടങ്ങും മുമ്പേ ആരംഭിക്കുന്ന വ്യത്യസ്ഥ നികുതികൾ, ബാങ്ക് ലോണുകൾക്കു കൊടുക്കുന്ന കൊള്ളപലിശ, തൊഴിലാളികൾക്ക് കൊടുക്കേണ്ട ആനൂകൂല്യങ്ങൾ, മുടങ്ങാതെ ശമ്പളം, ലാഭത്തിന് മുമ്പേ കൊടുക്കേണ്ട സർവ്വീസ് ടാക്‌സ്.... അങ്ങനെ എന്നും ആശങ്കകളും ആകുലതകളുമായിരിക്കും ഒരു ചെറുകിട കച്ചവടക്കാരന്റെ ജീവിതം.

അതേ സമയം എല്ലാത്തിനും കുറക്കുവഴികൾ ഉണ്ട്. കാണേണ്ടവരെ കാണുകയും അളവിലും തൂക്കത്തിലും ഒക്കെ അൽപ്പം വിട്ടുവീഴ്‌ച്ച ചെയ്യുകയുമാണ് അത്. എല്ലാം കൃത്യമായി നടത്തിയാലും കാണേണ്ടവരെ കാണുകയും, കൊടുക്കേണ്ടിടത്തുകൊടുക്കുകയും ചെയ്തില്ലെങ്കിൽ ഒരാൾക്ക് മുമ്പോട്ട് പോകാൻ സാധിക്കില്ല എന്നതാണ് സത്യം. ഹോട്ടലിൽ തൈര് സൂക്ഷിച്ചാൽ തലേന്നത്തെ ഭക്ഷണം എന്ന പേരിൽ കേസ് എടുക്കാൻ നിയമം ഉണ്ടെന്നു മറക്കരുത്. ഗൾഫിലും മറ്റും ജോലി ചെയ്തു സമ്പാദിച്ച് ചെറുകിട ബിസിനസുകൾ തുടങ്ങി ഇല്ലാതായ അനേകം ആളുകൾ നമുക്കിടയിലുണ്ട്. വരവേൽപ്പ് എന്ന സിനിമ അതായിരുന്നു വരച്ചുകാട്ടിയത്. ഒരുപാട് കാലം മാറിയെങ്കിലും ഇപ്പോഴും മിക്കയിടത്തും ഇങ്ങനെയൊക്കെ തന്നെയാണ്. ആത്മഹത്യയുടെയും പാപ്പർ ഹാജികളുടെയും ഒക്കെ വേരുതേടി ചെന്നാൽ ഇതാണ് സ്ഥിതി.

അതേസമയം വൻകിടക്കാർ ഇതൊന്നും അറിയുന്നില്ല. അവർക്ക് മുമ്പിൽ നിയമങ്ങൾ വഴങ്ങി കൊടുക്കും. നേതാക്കളും ഭരണാധികാരികളും അവർ വിളിക്കുന്നിടത്ത് ചെല്ലും. തൊഴിൽ ദാതാക്കളും സേവകരുമായി അവൻ മാധ്യമങ്ങളിൽ ഫീച്ചർ ചെയ്യപ്പെടും. സർക്കാർ ഭൂമി പോലും ചുളുവിലയ്ക്കും സൗജന്യമായും എഴുതി എടുക്കും. ചിലപ്പോൾ ഭരണാധികാരികളെക്കാൾ വലിയ പദവി വരെ തേടി എത്തും. മാധ്യമങ്ങൾക്ക് പരസ്യം കൂടി നൽകിയാൽ ആരും ഒരിക്കലും ഇവരുടെ തനിനിറവും ആരും അറിയില്ല.

തട്ടിപ്പുകൾക്ക് നിൽക്കാത്ത സാധാരണക്കാരായ ബിസിനസുകാരുടെ ജീവിതമാണ് വഴിമുട്ടുന്നത്. ബൈജു സ്വാമി ഫേസ്‌ബുക്ക് പോസ്റ്റിലൂടെ ഹതഭാഗ്യനായ ബിസിനസുകാരന്റെ ജീവിതം വിവരിക്കുന്നത് ഇങ്ങനെയാണ്: രണ്ട് പതിറ്റാണ്ട് മുമ്പാണ് 12 ലക്ഷം രൂപ മുടക്കിയാണ് ബിസിനസ് തുടങ്ങിയത്. ഇദ്ദേഹമാണ് ഇന്ന് ബിസിനസ് അടച്ചുപൂട്ടി സ്വസ്ഥത തേടിയത്. ബാങ്ക് ലോൺ അടക്കം സംഘടിപ്പിച്ചു നടത്തിയ ബിസിനസായിരുന്നു തുടങ്ങിയത്. വ്യാപാരം പിന്നീട് 34 പേർക്ക് തൊഴിൽ കൊടുക്കുന്ന പ്രെസ്ഥാനമായി വളർന്നുവെങ്കിലും പുള്ളിക്കാരന് എന്നും കടബാധ്യതയും ഉറക്കമില്ലായ്മയും നികുതി വകുപ്പുകളുടെ ഭേദ്യം ചെയ്യലും മാത്രമായിരുന്നു നൽകിയിരുന്നത്.

60000 രൂപ മാസ ശമ്പളവും കാറും ചിലവും വേതനമായി വാങ്ങിയിരുന്ന മാനേജർ മുതൽ 8000 രൂപ ശമ്പളമായി വാങ്ങുന്ന ഓഫീസ് ബോയ് വരെ ഉള്ളവർ അവിടെ ഉണ്ടായിരുന്നു. സ്ഥാപനത്തിന്റെ കണക്കുകൾ നന്നായി അറിയാവുന്ന ഞാൻ അയാൾ എടുക്കുന്ന റിസ്‌കിന്റെയും സ്ട്രെസ്സിന്റെയും ദൃക്‌സാക്ഷി ആയിരുന്നു. പാരമ്പര്യമായി ലഭിച്ച ഭൂമിയും വീടും ബാങ്കിൽ ഓവർ ഡ്രാഫ്റ്റ് സെക്യൂരിറ്റി, കാർ ഉള്ളത് ഫിനാൻസ് ,ആകെ കുടുംബം നടന്നിരുന്നത് ഭാര്യ ഒരു സർക്കാർ ജീവനക്കാരി ആയതു മൂലം മാത്രം. സ്ഥാപനത്തിന് ലാഭമുണ്ടോ എന്ന് ചോദിച്ചാൽ കണക്കു പുസ്തകത്തിലുണ്ട്. അയാളുടെ ആയുസ്സിൽ ഒരിക്കലും തിരിച്ചു കിട്ടാൻ സാധ്യത ഇല്ലാത്ത കടങ്ങളും അനുബന്ധമായി എല്ലാ അവധിക്കും വക്കീലിന് കൃത്യം ഫീസ് കിട്ടാൻ മാത്രം ഉപകരിക്കുന്ന കുറെ കേസുകളും ആണ് ലാഭം.

ജിഎസ്ടി സംവിധാനം വന്നതോടെ എല്ലാം നിലംപരിശായി. ഈ ഇരുപതു കൊല്ലത്തെ ലാഭമായുള്ളത് 32 ലക്ഷം രൂപയാണ്. ബാക്കി ഉള്ളത് കേസുകളിൽ കുരുങ്ങി കിടക്കുന്ന 40 ലക്ഷം രൂപയോളമുണ്ട്. അത് എഴുതിത്ത്ത്ത്ത്തള്ളുകയെ മാർഗമുള്ളൂ. ഇത് വരെ പുള്ളി ഉദ്ദേശം 80 ലക്ഷം രൂപ വിവിധ നികുതിയായി കൊടുത്തിട്ടുണ്ട്. ഏകദേശം അത്രയും തന്നെ എല്ലാവർക്കും ശമ്പളമായും. ബാങ്കിന് കൊടുത്ത പലിശയും കണക്കാക്കുമ്പോൾ വലിയ തുക വരും.

നിക്ഷേപ സംഗമം നടത്തിയതു കൊണ്ടൊന്നും കേരളത്തിന്റെ ഈ ആറ്റിറ്റിയൂഡിൽ യാതൊരു മാറ്റവും വരില്ലെന്നാണ് ബൈജു സ്വാമി ചൂണ്ടിക്കാട്ടുന്നത്. സംരംഭകത്വം കേരളം പശ്ചാത്തലത്തിൽ കൂമ്പടഞ്ഞു പോയ വാഴ വിത്താണെന്നും അദ്ദേഹം നിരീക്ഷിക്കുന്നു. ലോകത്തിലെ ഏറ്റവും ഫലഭൂയിഷ്ഠമായ പ്രദേശത്തു ജീവിച്ചു തമിഴന്റെ ഉറങ്ങിയ വിഷ പച്ചക്കറി നോക്കി ഇരിക്കുന്ന സ്വഭാവത്തിൽ മാറ്റം വരുത്തേണ്ട സമയം കഴിഞ്ഞെന്നും ബൈജു ഫേസ്‌ബുക്ക് പോസ്റ്റിൽ വ്യക്തമാക്കുന്നു.

ചുവപ്പുനാടയിൽ കുരുങ്ങി എങ്ങനയാണ് നമ്മുടെ വ്യവസായങ്ങൾ തകരുന്നതിന്റെ തെളിവു കൂടിയാണ് മേൽപ്പറഞ്ഞ വ്യക്തിയുടെ ജീവിതത്തിൽ നിന്നും വ്യക്തമാകുന്നത്. വ്യവസായ സൗഹൃദമാകുമെന്ന പ്രഖ്യാപനങ്ങൾ നടത്താൻ ഇപ്പോഴും നമ്മുടെ മന്ത്രിമാർ മടി കാണിക്കാറില്ല. എന്നാൽ, പലപ്പോഴും ഇതെല്ലാം വെറും വാഗ്ദാനങ്ങളിൽ മാത്രം ഒതുങ്ങിപ്പോകുകയാണ് ചെയ്യാറ് എന്നതാണ് ചെറുകിട കച്ചവടക്കാരെ ദുരിതത്തിലാക്കുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP