Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ദിലീപ് ഒരുക്കിയത് ദൃശ്യം മോഡലോ? ആശുപത്രിയിലെ ട്രിപ്പിടലും കുത്തിവയ്‌പ്പും തിരക്കഥയെന്ന് സംശയിച്ച് അന്വേഷണ സംഘം; ഡോക്ടറുടെ മൊഴിയിൽ നടൻ കുടുങ്ങുമെന്നും പൊലീസ്; സിനിമാ ഭാവി തകർക്കാനുള്ള ഗൂഢാലോചനയെന്ന് താരരാജാവും; രാമലീലയുടെ വിജയത്തിലെ അസൂയാലുക്കളുടെ ശ്രമം കള്ളക്കേസ് ഉണ്ടാക്കി ജയിലിലടക്കാനെന്നും ആരോപണം; നീതി തേടി ജനപ്രിയനായകൻ വീണ്ടും ബെഹ്‌റയ്ക്കടുക്കലേക്ക്; നടിയെ ആക്രമിച്ച ഗൂഢാലോചനയിൽ കുറ്റപത്രം വൈകും

ദിലീപ് ഒരുക്കിയത് ദൃശ്യം മോഡലോ? ആശുപത്രിയിലെ ട്രിപ്പിടലും കുത്തിവയ്‌പ്പും തിരക്കഥയെന്ന് സംശയിച്ച് അന്വേഷണ സംഘം; ഡോക്ടറുടെ മൊഴിയിൽ നടൻ കുടുങ്ങുമെന്നും പൊലീസ്; സിനിമാ ഭാവി തകർക്കാനുള്ള ഗൂഢാലോചനയെന്ന് താരരാജാവും; രാമലീലയുടെ വിജയത്തിലെ അസൂയാലുക്കളുടെ ശ്രമം കള്ളക്കേസ് ഉണ്ടാക്കി ജയിലിലടക്കാനെന്നും ആരോപണം; നീതി തേടി ജനപ്രിയനായകൻ വീണ്ടും ബെഹ്‌റയ്ക്കടുക്കലേക്ക്; നടിയെ ആക്രമിച്ച ഗൂഢാലോചനയിൽ കുറ്റപത്രം വൈകും

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: വ്യാജ രേഖയുണ്ടാക്കിയെന്ന ആരോപണത്തിൽ ദിലീപിനെ അറസ്റ്റ് ചെയ്യേണ്ടതില്ലെന്ന് പൊലീസ്. നടിയെ ആക്രമിച്ച ഗൂഢാലോചനക്കേസിൽ ദിലീപ് ജാമ്യത്തിലാണ്. ഈ സാഹചര്യത്തിൽ പുതിയ കേസിൽ അറസ്റ്റ് ചെയ്താലും ദിലീപ് കോടതിയെ സമീപിക്കും. പൊലീസിലെ ഉന്നത ഗൂഢാലോചനയാണ് തന്നെ അഴിക്കുള്ളിലാക്കിയതെന്ന് ദിലീപ് ആരോപണം ഉന്നയിച്ചിരുന്നു. ഈ സാഹചര്യത്തിൽ പുതിയ അറസ്റ്റിൽ ഹൈക്കോടതി എതിർ പരാമർശങ്ങൾ നടത്തിയാൽ അന്വേഷണ സംഘം വെട്ടിലാകും. ഈ സാഹചര്യത്തിലാണ് മെഡിക്കൽ റിപ്പോർട്ടിൽ അറസ്റ്റ് വേണ്ടെന്ന നിലപാട് പൊലീസ് എടുക്കുന്നത്. ഈ വിഷയത്തിൽ ഡോക്ടറുടെ നിലപാട് പ്രോസിക്യൂഷൻ വാദങ്ങൾ സാധൂകരിക്കുമെന്നാണ് പൊലീസിന്റെ നിഗമനം. കരുതലോടെ കേസിൽ കുറ്റപത്രം നൽകും. കുറച്ചു ദിവസങ്ങൾ ഇതിനെടുക്കും. അടുത്തയാഴ്ച ആദ്യം കുറ്റപത്രം നൽകില്ലെന്നാണ് പൊലീസ് നൽകുന്ന സൂചന.

അതിനിടെ കേസിന്റെ അന്വേഷണം ശരിയായ രീതിയിലല്ല നടന്നതെന്നു ചൂണ്ടിക്കാട്ടി നടൻ ദിലീപ് ഡി.ജി.പി. ലോക്നാഥ് ബെഹ്റയ്ക്ക് ഉടൻ പരാതി നൽകുമെന്നും സൂചനയുണ്ട്. തന്നെ തേജോവധം ചെയ്യാൻ മനഃപൂർവം കെട്ടിച്ചമച്ച കേസാണിതെന്നാണു ദിലീപിന്റെ വാദം. കൃത്രിമമായും ഭീഷണിപ്പെടുത്തിയുമാണ് അന്വേഷണസംഘം തെളിവുകളുണ്ടാക്കുന്നത്. അതിനാൽ, അന്വേഷണ ഉദ്യോഗസ്ഥരെ മാറ്റി പുതിയ സംഘത്തെക്കൊണ്ടോ ക്രൈംബ്രാഞ്ചിനെക്കൊണ്ടോ കേസ് അന്വേഷിപ്പിക്കണമെന്നും ദിലീപ് പരാതിയിൽ ഉന്നയിക്കും. തനിക്കെതിരേ വീണ്ടും കള്ളക്കേസുകളുണ്ടാക്കി ജയിലിലടയ്ക്കാനുള്ള നീക്കമാണു പൊലീസ് ആസൂത്രണം ചെയ്യുന്നത്. തന്റെ സിനിമാഭാവി എന്നെന്നേയ്ക്കുമായി ഇല്ലാതാക്കാനുള്ള ഗൂഢാലോചനയാണിതിനു പിന്നിൽ. തന്റെ പുതിയ സിനിമ സൂപ്പർഹിറ്റായ സാഹചര്യത്തിൽ ഭാവി തകർക്കുകയാണു ലക്ഷ്യം. താൻ നേരത്തേ ഡി.ജി.പിക്കു നൽകിയ കത്തിൽ പറയുന്ന കാര്യങ്ങളൊന്നും ഇതുവരെ അന്വേഷിച്ചിട്ടില്ല. ആരൊക്കെയോ അന്വേഷണം വഴിതെറ്റിക്കുകയായിരുന്നുവെന്നും ദിലീപിന് പരാതിയുണ്ട്. തന്റെ വാദങ്ങളിൽ അന്വേഷണം തുടർന്നില്ലെങ്കിൽ ഹൈക്കോടതിയെ സമീപിക്കാനാകും ദിലീപ് ശ്രമിക്കുക.

എന്നാൽ മോഹൻലാൽ ചിത്രമായ ദൃശ്യത്തെ ദിലീപ് അപ്പടി അനുകരിച്ചുവെന്നാണ് പൊലീസ് പറയുന്നത്. കുറ്റകൃത്യം മറച്ചു വയ്ക്കാൻ കൃത്രിമ തെളിവുണ്ടാക്കി. എന്നാൽ കരുതലോടെ നീങ്ങി ഇത് പൊളിക്കുകയായിരുന്നു. പൾസർ പണിയൊപ്പിക്കുന്ന നാളുകളിൽ ദിലീപിന് പനിയായിരുന്നു. ആലുവയിലെ അൻവർ ആശുപത്രിയിൽ അഡ്‌മിറ്റായിരുന്നു. വൈകുന്നേരമാകുമ്പോൾ വീട്ടിൽ പോകും. പകൽ പിന്നെയും തിരിച്ചുപോരും. അതായിരുന്നു പതിവ്. അതുകൊണ്ട് നടി ആക്രമിക്കപ്പെട്ട സംഭവം അറിഞ്ഞിട്ടില്ലെന്ന് ദിലീപ് പറയുന്നു. എന്നാൽ പൊലീസിനെ കബളിപ്പിക്കാനായിരുന്നു ദിലീപിന്റെ ഈ കളിയെന്ന് അന്വേഷണസംഘം പറയുന്നു. നിയമഭാഷയിൽ പറഞ്ഞാൽ അലിബൈ. കൃത്യം നടന്ന സ്ഥലത്തില്ല, കൃത്യത്തെപ്പറ്റി അറിയില്ല. ആ സമയം മറ്റൊരിടത്ത് ആയിരുന്നു എന്ന് സ്ഥാപിക്കുന്നതാണ് ഈ അലിബൈ. ഇത് പൊളിച്ചതോടെ ദിലീപിനെതിരെ കുടുക്ക് മുറുകുകയാണ്. ഈ സാഹചര്യത്തിലാണ് ദിലീപിനെ ഗൂഢാലോചനക്കേസിൽ പൊലീസ് ഒന്നും പ്രതിയാക്കിയത്.

അതിനിടെ നടിയെ ആക്രമിച്ച കേസിൽ ആരോപണ വിധേയനായ നടൻ ദിലീപ് ആക്രമണം നടന്ന ദിവസങ്ങളിൽ ചികിത്സ തേടിയെന്ന് വ്യാജരേഖയുണ്ടാക്കിയെന്ന റിപ്പോർട്ടിനെ തള്ളി അദ്ദേഹത്തെ ചികിത്സിച്ച ഡോക്ടർ രംഗത്ത് വന്നിരുന്നു. ദിലീപിനു വേണ്ടി വ്യാജരേഖ ഉണ്ടാക്കിയിട്ടില്ലെന്ന് ഡോക്ടർ ഹൈദർ അലി പറഞ്ഞു. ഫെബ്രുവരി 14 മുതൽ 18 വരെ ദിലീപ് തന്റെ കീഴിൽ ചികിത്സ തേടിയിരുന്നു. അഡ്‌മിറ്റ് ചെയ്തുവെങ്കിലും വൈകുന്നേരം ദിലീപ് വീട്ടിൽ പോകുമായിരുന്നു. വ്യാജരേഖ ഉണ്ടാക്കിയിട്ടില്ലെന്നും പൊലീസ് ആശുപത്രി രേഖകൾ പരിശോധിച്ചതാണെന്നും ഡോക്ടർ പറഞ്ഞു. പൊലീസ് തന്റെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ടെന്നും ഡോ.ഹൈദർ അലി വ്യക്തമാക്കി. എന്നാൽ ആശുപത്രിയിൽ അഡ്‌മിറ്റെന്ന് പറഞ്ഞാൽ കിടത്തി ചികിൽസ. അതിനിടെയിൽ ആർക്കും വീട്ടിൽ പോകാനാകില്ല. ഡോക്ടറുടെ ഈ വിശദീകരണം തന്നെ ദിലീപിനെ കുടുക്കുമെന്നാണ് പൊലീസ് വിലയിരുത്തൽ.

ആലുവയിലെ അൻവർ മെമോറിയൽ ആശുപത്രിയിലാണ് ദിലീപ് ചികിത്സ തേടിയാണ്. മുൻപും അസുഖവുമായി അഡ്‌മിറ്റ് ചെയ്യുമ്പോൾ വൈകുന്നേരം വീട്ടിൽ പോകുന്ന പതിവ് ദിലീപിന് ഉണ്ടായിരുന്നുവെന്നും ഡോ.ഹൈദർ അലി ചൂണ്ടിക്കാട്ടി. നേരത്തെ നടി ആക്രമിക്കപ്പെട്ട സമയത്ത് ആശുപത്രിയിലാണെന്നു വരുത്തി തീർക്കാൻ വ്യാജരേഖയുണ്ടാക്കാൻ ദിലീപ് ശ്രമിച്ചിരുന്നതായി പൊലീസ് സംശയം പ്രകടിപ്പിച്ചിരുന്നു. നടി ആക്രമിക്കപ്പെട്ട സമയത്ത് താൻ ചികിൽസയിൽ ആയിരുന്നുവെന്നാണ് ദിലീപിന്റെ മൊഴി. ഇതു തെളിയിക്കുന്ന മെഡിക്കൽ രേഖകളും ഹാജരാക്കി. എന്നാൽ ഇവ വ്യാജമാണെന്നും സംഭവസമയത്ത് ദിലീപ് സിനിമാ ലൊക്കേഷനുകളിൽ എത്തിയിരുന്നതായും പൊലീസ് പറയുന്നു. ഇതെല്ലാം ശരിവയ്ക്കാൻ പോന്നതാണ് ഡോക്ടറുടെ മൊഴി. നടി ആക്രമിക്കപ്പെട്ടതിന് ശേഷം കൊച്ചിയിൽ സിനിമാക്കാർ സംഘടിപ്പിച്ച പ്രതിഷേധ വേദിയിലും ദിലീപ് എത്തിയിരുന്നു. ഇതാണ് പൊലീസിന് ചികിൽസയെ കുറിച്ച് സംശയം തോന്നാൻ കാരണം.

പനിയുമായി ബന്ധപ്പെട്ട് രാവിലെയും വൈകീട്ടും ആശുപത്രിയിലെത്തി കുത്തിവയ്പെടുത്തിരുന്നു. രാവിലെ ഡ്രിപ്പിട്ട് വിശ്രമിച്ച ശേഷം വീട്ടിലേക്ക് മടങ്ങുകയായിരുന്നു രീതി. അഞ്ചുദിവസം തുടർച്ചയായി രാവിലെയും വൈകീട്ടും കുത്തിവെയ്പും ഡ്രിപ്പും വേണമെന്ന് നിർദേശിച്ചിരുന്നു. 17 -ന് രാവിലെയാണ് ഇതിനായി ദിലീപ് അവസാനമായി ആസ്?പത്രിയിൽ എത്തിയത്. തുടർന്നുള്ള രണ്ട് ദിവസം രാവിലെയും വൈകീട്ടും നഴ്സിനെ ദിലീപിന്റെ വീട്ടിലയച്ച് കുത്തിവയ്പ് എടുപ്പിക്കുകയായിരുന്നു. ആശുപത്രിയിൽ ദിലീപിനെ കിടത്തി ചികിത്സിക്കാത്തതിനാൽ ഒ.പി. ചീട്ട് മാത്രമാണ് ഉപയോഗിച്ചിരുന്നത്. അതെല്ലാം മുമ്പേതന്നെ അന്വേഷണോദ്യോഗസ്ഥർ കൊണ്ടുപോയിട്ടുണ്ട്. ദിലീപിന്റെ ചികിത്സയുമായി ബന്ധപ്പെട്ട് പലതവണ ചോദ്യംചെയ്തിരുന്നതായും അദ്ദേഹം പറഞ്ഞു. നടി ആക്രമിക്കപ്പെട്ടതിനുശേഷം കൊച്ചിയിൽ സിനിമക്കാരുടെ നേതൃത്വത്തിൽ നടന്ന പ്രതിഷേധയോഗത്തിൽ ദിലീപ് പങ്കെടുത്തിരുന്നു. തുടർന്ന് ഷൂട്ടിങ്ങിനും പോയിട്ടുണ്ടെന്ന് പൊലീസ് പറയുന്നു.

പൊലീസിന്റെ വാദങ്ങളെല്ലാം ദിലീപ് തള്ളിക്കളയുകയാണ്. വെറും ഗൂഢാലോചനയാണ് നടക്കുന്നത്. പൾസർ സുനി ഭീഷണിപ്പെടുത്തിയ അന്നുതന്നെ വിവരം ഡി.ജി.പിയെ അറിയിച്ചിരുന്നു. പരാതി നൽകാൻ 20 ദിവസം െവെകിയെന്ന പൊലീസ് നിലപാട് തെറ്റാണെന്നും കെട്ടുകഥകൾ ഉണ്ടാക്കുകയാണെന്നും പാതിയിൽ ചൂണ്ടിക്കാട്ടും. തന്നെ പ്രതിയാക്കിയതിനും അറസ്റ്റ് ചെയ്തതിനും പിന്നിൽ വൻ ഗൂഢാലോചനയുണ്ട്. സിനിമാരംഗത്തെ ചിലർ രാഷ്ട്രീയ-മാധ്യമ പിന്തുണയോടുകൂടി വേട്ടയാടുകയായിരുന്നു. ഇക്കാര്യത്തിൽ നിഷ്പക്ഷ അന്വേഷണം വേണമെന്നാവും ദിലീപ് ആവശ്യപ്പെടുക. ഒന്നാംപ്രതി പൾസർ സുനിയുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്നും ദിലീപ് ആണയിടുന്നു. ചെയ്യാത്ത കുറ്റത്തിനാണു ക്രൂശിക്കപ്പെടുന്നത്. ഇത് അസഹനീയമാണ്. തനിക്കെതിരേ ഒരു തെളിവുമില്ല. ഒരേ ടവർ ലൊക്കേഷനു കീഴിലുണ്ടായിരുന്നെന്ന പേരിൽ സുനിയുമായിച്ചേർന്നു ഗൂഢാലോചന നടത്തിയെന്നു പറയാനാവില്ലെന്നും ദിലീപ് വിശദീകരിക്കുന്നു.

ടവർ ലൊക്കേഷൻ മൂന്നുകിലോമീറ്റർ ചുറ്റളവു വരെയാകാം. ഹോട്ടലിൽ ഒരുമിച്ചുണ്ടായിരുന്നെന്നത് ഗൂഢാലോചനയ്ക്കുള്ള തെളിവാകില്ല. പൊലീസ് ഒമ്പത് ഫോണുകൾ കണ്ടെടുത്തെങ്കിലും അവയിൽനിന്നൊന്നും തന്റെ കോൾ പോയതായി കണ്ടെത്താനായിട്ടില്ല. സാക്ഷികളെയുണ്ടാക്കാൻ പൊലീസ് കഥ മെനയുകയാണ്. പൾസർ സുനി ഒട്ടേറെ കേസുകളിൽപ്പെട്ടയാളാണ്. ഒരു കള്ളന്റെ കുമ്പസാരം വിശ്വസിച്ചാണു പൊലീസ് തന്നെ കുരിശിലേറ്റാൻ ശ്രമിക്കുന്നത്. സുനിൽ ജയിലിൽനിന്ന് എഴുതിയെന്നു പറയുന്ന കത്ത് മുൻകൂട്ടി തയാറാക്കിയ തിരക്കഥയാണ്. ഒന്നരക്കോടി വാഗ്ദാനം ചെയ്തുവെന്നാണു സുനിൽ പറയുന്നത്. അതിൽ സത്യമുണ്ടെങ്കിൽ പണം കൊടുത്തു കേസ് ഒതുക്കാനല്ലേ ശ്രമിക്കുക. സംഭവത്തിലെ യാഥാർഥ പ്രതികളെ നിയമത്തിനു മുന്നിൽ കൊണ്ടുവരാൻ തന്റെ വാക്കുകൾകൂടി വിശ്വാസത്തിലെടുക്കണമെന്നും പരാതിയിലുന്നയിക്കും.

അതിനിടെ കേസിൽ ദിലീപിനെ ഒന്നാം പ്രതിയാക്കാൻ കൊച്ചിയിൽ ചേർന്ന ഉന്നത പൊലീസുദ്യോഗസ്ഥരുടെ യോഗത്തിൽ തീരുമാനമായിരുന്നു. എ.ഡി.ജി.പി. ബി. സന്ധ്യയുടെ നേതൃത്വത്തിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. കുറ്റപത്രം ഉടൻ സമർപ്പിക്കാനും അതിനുമുമ്പ് വിശദമായ നിയമോപദേശം തേടാനും യോഗത്തിൽ ധാരണയായി. ആലുവ റൂറൽ എസ്‌പി. എ.വി. ജോർജ്, അന്വേഷണോദ്യോഗസ്ഥൻ ബൈജു പൗലോസ് എന്നിവരും യോഗത്തിൽ സംബന്ധിച്ചു. ഒരു പിഴവും വരുത്താതെ കുറ്റപത്രം സമർപ്പിക്കണമെന്ന നിർബന്ധമുള്ളതിനാലാണ് പല തട്ടുകളിൽ പരിശോധിക്കുന്നതെന്ന് അന്വേഷണസംഘാംഗം പറഞ്ഞു. താൻ ചികിത്സയിലായിരുന്നെന്ന് കാണിക്കാൻ ദിലീപ് വ്യാജരേഖയുണ്ടാക്കിയെന്നതിലൂടെ ദിലീപ് കള്ളം പറഞ്ഞോ എന്ന് സ്ഥാപിക്കാനാണ് പൊലീസ് ശ്രമിക്കുന്നതെന്നാണ് സൂചന. മൊഴികൾ തമ്മിൽ വൈരുധ്യമുണ്ടോയെന്നും മൊഴികളെ ഫോൺരേഖകൾ സാധൂകരിക്കുന്നുണ്ടോയെന്നും പരിശോധിക്കും.

ഗൂഢാലോചന ആരോപിക്കപ്പെട്ടയാൾ എവിടെയായിരുന്നെന്നതിന് പ്രസക്തിയുണ്ടോയെന്ന് വ്യക്തമാക്കാൻ പൊലീസ് സംഘം തയ്യാറായിട്ടില്ല. ഇതിന് മറ്റുചില കാര്യങ്ങളിൽ പ്രസക്തിയുണ്ടെന്ന് അന്വേഷണസംഘാംഗം പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP