Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

സ്‌കൂൾ മീറ്റിൽ മികവു കാട്ടുന്ന കുട്ടികളെ റാഞ്ചുന്നതിൽ ഇടനിലക്കാരാവുന്നത് ബന്ധുക്കളും അദ്ധ്യാപകരും തന്നെ; താമസവും ഭക്ഷണവും പഠനച്ചെലവും കഴിഞ്ഞ് കൈമണി കൂടെ വാഗ്ദാനം ചെയ്ത് 'പർച്ചേയ്‌സ്'; ചാമ്പ്യൻ സ്‌കൂൾ മാനേജ്‌മെന്റുകൾക്കും അത്‌ലറ്റിക് ഫെഡറേഷൻ സെക്രട്ടറിക്കുമെതിരെ ഗുരുതര ആരോപണങ്ങൾ; പി ടി ഉഷയും തോമസ് മാഷും ഉൾപ്പെടെ താരങ്ങളെ വലവീശി പിടിച്ചവരെന്നും മറുനാടനു നൽകിയ അഭിമുഖത്തിൽ മണീട് സ്‌കൂളിലെ കായികാധ്യാപകൻ ചാൾസ് സി ഇടപ്പാട്ട്

സ്‌കൂൾ മീറ്റിൽ മികവു കാട്ടുന്ന കുട്ടികളെ റാഞ്ചുന്നതിൽ ഇടനിലക്കാരാവുന്നത് ബന്ധുക്കളും അദ്ധ്യാപകരും തന്നെ; താമസവും ഭക്ഷണവും പഠനച്ചെലവും കഴിഞ്ഞ് കൈമണി കൂടെ വാഗ്ദാനം ചെയ്ത് 'പർച്ചേയ്‌സ്'; ചാമ്പ്യൻ സ്‌കൂൾ മാനേജ്‌മെന്റുകൾക്കും അത്‌ലറ്റിക് ഫെഡറേഷൻ സെക്രട്ടറിക്കുമെതിരെ ഗുരുതര ആരോപണങ്ങൾ; പി ടി ഉഷയും തോമസ് മാഷും ഉൾപ്പെടെ താരങ്ങളെ വലവീശി പിടിച്ചവരെന്നും മറുനാടനു നൽകിയ അഭിമുഖത്തിൽ മണീട് സ്‌കൂളിലെ കായികാധ്യാപകൻ ചാൾസ് സി ഇടപ്പാട്ട്

പ്രകാശ് ചന്ദ്രശേഖർ

പാലാ: സംസ്ഥാന സ്‌കൂൾ കായികമേളയിൽ മികവുകാട്ടുന്ന ഭാവിയുടെ വാഗ്ദാനങ്ങളെ റാഞ്ചാനും അടുത്ത വർഷം തങ്ങളുടെ താരങ്ങളായി ഇറക്കാനും വൻ വാഗ്ദാനങ്ങളും പ്രലോഭനങ്ങളുമായി ഒരു വിഭാഗം വിലസുന്നതായി ആക്ഷേപം. താരങ്ങളെ റാഞ്ചൽ ഓരോ കായികമേളയ്ക്കും ശേഷം അരങ്ങേറുന്ന തുടർക്കഥയാണെന്ന് മണീട് സ്‌കൂളിലെ കായികാധ്യാപകൻ ചാൾസ് സി ഇടപ്പാട്ട് മറുനാടന് നൽകിയ പ്രത്യേക അഭിമുഖത്തിൽ വ്യക്തമാക്കുന്നു. ഇടനിലക്കാരാവുന്നത് ബന്ധുക്കളും അദ്ധ്യാപകരും തന്നെയാണെന്നും താമസവും ഭക്ഷണവും പഠനച്ചിലവും അത്യാവശ്യം കൈമണിയും വാഗ്ദാനം ചെയ്യുന്നുണ്ടെന്നുമാണ് വെളിപ്പെടുത്തൽ. അത്ലറ്റിക് ഫെഡറേഷൻ സെക്രട്ടറിക്കും ചാമ്പ്യൻ സ്‌കൂൾ മാനേജേമെന്റുകൾക്കുമെതിരെയും ഗുരുതരമായ ആരോപണങ്ങളാണ് ചാൾസ് ഉന്നയിക്കുന്നത്. സംസ്ഥാന സ്‌കൂൾമീറ്റിന്റെ പിന്നാമ്പുറത്ത് നടക്കുന്നത് കായിക പ്രതിഭകൾക്ക് വില ഉറപ്പിച്ചുള്ള കൈമാറ്റമെന്നും വീഡിയോ അഭിമുഖത്തിൽ ചാൾസ് വെളിപ്പെടുത്തുന്നു.

സംസ്ഥാന സ്‌കൂൾ മീറ്റിൽ മികച്ച പ്രകടനം സ്വന്തമാക്കിയവരെയും ഇതിന് സാദ്ധ്യതയുള്ളവരെയും നിരീക്ഷിച്ച്, ചാമ്പ്യൻസ് പട്ടം നോട്ടമിട്ടുള്ള സ്‌കൂളുകൾ ഇവരിൽ ഒന്നോ രണ്ടോ പേരെയൊ കൂട്ടത്തോടെയോ 'പർച്ചയസ്' ചെയ്യുന്നു എന്നാണ് വ്യാപകമായിട്ടുള്ള ആരോപണം. കയ്യൂക്കുള്ളവൻ കാര്യക്കാരൻ എന്ന പഴമൊഴി അന്വർത്ഥമാക്കും വിധമാണ് ഈ വഴിക്കുള്ള നീക്കം ഇവിടെ പൊടിപൊടിക്കുന്നത് എന്നാണ് കായികാദ്ധ്യാപകരിൽ നിന്നും മറുനാടന് ലഭിച്ച വിവരം. ഇത്തരത്തിലുള്ള നീക്കം സജീവമാണെന്നാണ് മുൻ ദേശീയ പരിശീലകൻ ടി പി ഔസേപ്പ് നൽകിയ സൂചനകളിൽ നിന്നും വ്യക്തമാവുന്നത്.

മെച്ചപ്പെട്ട പരിശീലനവും ജീവിത സൗകര്യങ്ങളും നൽകാൻ ആര് തയ്യാറായാലും താരങ്ങൾ അവർക്കൊപ്പം പോകുന്നതിൽ അത്ഭുതമില്ലന്നാണ് ഇദ്ദേഹത്തിന്റെ വിലയിരുത്തൽ. ഇതേക്കുറിച്ച് ഏറെക്കുറേ തുറന്ന് പറഞ്ഞത് പിറവം മണീട് വൊക്കേഷണൽ ഹയർ സെക്കന്ററി സ്‌കൂളിന് അഭിമാന നേട്ടം സമ്മാനിച്ച കോതമംഗലം സ്വദേശീയായ കായികാദ്ധ്യാപകൻ ചാൾസ് സി ഇടപ്പാട്ടാണ്.

'ഇത്തരം ആരോപണങ്ങളുടെ ഇരയാണ് ഞാൻ. എന്നെ പ്രതിരോധിക്കാൻ ഞാൻ മാത്രമേ ഉള്ളു. അതുകൊണ്ടാണ് ഇതേക്കുറിച്ച് തുറന്ന് പറയുന്നത്' - കായികതാരങ്ങളുടെ കളം മാറ്റത്തെക്കുറിച്ച് ചോദിച്ചപ്പോൾ അദ്ദേഹത്തിന്റെ ആദ്യപ്രതികരണം ഇതായിരുന്നു. പി ടി ഉഷയും തോമസ് മാഷും ഇപ്പോഴത്തെ അതലറ്റിക് അസോസിയേഷൻ സെക്രട്ടറി പി ഐ ബാബുവും ചാമ്പ്യൻസ് സ്‌കൂളുകളിലെ പരിശീലകരിൽ ഒട്ടുമിക്കവരും കായക താരങ്ങളെ വലവീശിപ്പിടിച്ച് നേട്ടം കൊയ്തവരാണെന്നാണ് ചാൾസിന്റെ ആരോപണം.

കായികതാരങ്ങൾ നേരിടുന്ന വെല്ലുവിളികളെക്കുറിച്ചും മെഡൽ ലക്ഷ്യംവച്ചുള്ള പരിശീലനം ഉണ്ടാക്കുന്ന താരങ്ങളുടെ ഭാവി ജീവിതത്തിൽ ഉണ്ടാക്കുന്ന പ്രത്യാഘാതങ്ങളെക്കുറിച്ചും എല്ലാം ചാൾസ് അഭിമുഖത്തിൽ വ്യക്തമാക്കുന്നുണ്ട്. അന്യസംസ്ഥാനത്ത് നിന്ന് കൊണ്ടുവരുന്ന കുട്ടികളുടെ തുടർവിദ്യാഭ്യാസം ഇത്തരക്കാർ തകർക്കുകയാണെന്ന സംശയവും ചാൾസിനുണ്ട്. കേരളത്തിൽ പത്താം ക്ലാസിൽ മലയാളം നിർബന്ധമാണ്. ഇവർ എങ്ങിനെ മലയാളം പഠിച്ച് പരീക്ഷയെഴുതി ജയിക്കും.അദ്ദേഹം ചോദിക്കുന്നു.

'ഞാൻ ഒരു കുട്ടിയേയും കടത്തിക്കൊണ്ടുപോയിട്ടില്ല. അവരാരും കോതമംഗലത്തുകാരുമല്ല. കുട്ടികളുടെ കായിക ഭാവി നശിപ്പിക്കുകയാണ് അവർ ചെയ്യുന്നത്. താരങ്ങളിലേറെയും പരിക്കുകളുടെ പിടിയിലാണ്. അമിതമായ പരിശീനം മൂലം അവരുടെ ആരോഗ്യസ്ഥിതിയും മോശമാണ്. സ്‌കൂളിൽ തുടരണമല്ലോ എന്ന് കരുതി അവരാരും ഒന്നും പറയുന്നില്ല എന്ന് മാത്രം. ആ കുട്ടികൾ അവിടം വിട്ടത് മനം മടുത്തിട്ടാണ്.' ചാമ്പ്യൻ സ്‌കൂളുകളിൽ നിന്നും കായികതാരങ്ങളെ കടത്തിക്കൊണ്ടുപോയ സംഭവത്തിലെ 'വില്ലൻ' ആയി ചിത്രീകരിക്കപ്പെട്ട ചാൾസ് ആ ആരോപണത്തെ പറ്റി പ്രതികരിച്ചത് ഇങ്ങനെയായിരുന്നു.

കായിക കേരളത്തിന്റെ തലവര മാറ്റിയെഴുതിയ കോതമംഗലം മാർബേസിൽ, സെന്റ് ജോർജ്ജ് സ്‌കൂളുകളിലെ കായികതാരങ്ങളുടെ കൂടുമാറ്റം പാല സ്‌കൂൾ മീറ്റിൽ ഏറെ ചർച്ച ചെയ്യപ്പെടുന്ന വിഷയങ്ങളിലൊന്നായി മാറിയിരിക്കുകയാണ് ഇപ്പോൾ. ഈ രണ്ട് സ്്കൂളുകളിലും പരിശീലകനായിരുന്ന ചാൾസ്് കോതമംഗലം സ്‌കൂളുകളുടെ അഭിമാനമായ കായികതാരങ്ങളെ മോഹനവാഗ്ദാനങ്ങൾ നൽകി കടത്തിക്കൊണ്ട് പോയി എന്ന് ഇരു സ്‌കൂളുകളുടെ അഭ്യൂദയകാംക്ഷികളും മാനേജ്‌മെന്റ് പ്രതിനിധികളും മറുനാടനോട് വ്യക്തമാക്കിയിരുന്നു. ഇതിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.

പിറവം മണീട് ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കന്ററി സ്‌കൂളിലെ കായിക അദ്ധ്യാപകനാണിപ്പോൾ ചാൾസ് ഇടപ്പാട്ട്. മിഠായി നൽകി കടത്തിക്കൊണ്ടുപോകാവുന്ന പ്രായത്തിലുള്ള കുട്ടികളല്ല കോതതംഗലത്തെ സ്‌കൂളുകളിൽ നിന്നും തന്റെ കീഴിൽ പരിശിലനത്തിനെത്തിയതെന്ന് ചാൾസ് മാഷ് വ്യക്തമാക്കുന്നു. അവർ അനുഭവിക്കുന്ന പെടാപ്പാട് കണ്ടറിഞ്ഞവനാണ് ഞാൻ. രാവിലെയും ഉച്ചക്കും വൈകിട്ടുമുള്ള പരിശീലനം മൂലം ഈ സ്‌കൂളുകളിലെ ഭൂരിപക്ഷം താരങ്ങളുടെയും ആരോഗ്യസ്ഥിതി മോശമായിരുന്നു. പലരും പരുക്കുകളുടെ പിടിയിൽപ്പെടുന്നത് വേദനയോടെ നോക്കി നിൽക്കേണ്ടി വന്നിട്ടുണ്ട്.

സ്‌കൂൾ മാനേജ്‌മെന്റുകളുടെ നിർബന്ധത്തിന് വഴങ്ങിയാണ് ഇത്തരത്തിൽ താരങ്ങൾക്ക് പരിശീലനം നൽകാൻ ഞാൻ തയ്യാറായത്. സ്‌കൂൾ മീറ്റുകൾ മാത്രമായിരുന്നു സ്‌കൂൾ മാനേജ്‌മെന്റുകളുടെ ലക്ഷ്യം. ഇതുകൊണ്ട് താരങ്ങൾക്ക് ആകെയുള്ള ലാഭം പ്രൈസ് മണി മാത്രമാണ്. ഇത് ലഭിച്ചിട്ട് വർഷങ്ങളായി. ദേശീയ -അന്തർ ദേശീയ മത്സരങ്ങളിൽ പങ്കെടുത്ത് മികവ് തെളിയിക്കാൻ കഴിഞ്ഞാലേ കായികതാരങ്ങൾക്ക് ഭാവിയുള്ളു. ഓരോ സ്‌കൂൾ മീറ്റ് കഴിയുമ്പോഴും മറ്റു സ്‌കൂളുകളിലെ മികച്ച കായികതാരങ്ങളെ വലവീശിപ്പിടിച്ച പാരമ്പര്യമാണ് ഈ രണ്ട് സ്‌കൂളുകൾക്കും ഉള്ളത്. സ്വന്തമായി ഇവരാരും ഒന്നും നേടിയിട്ടില്ല- ചാൾസ് തുറന്നടിച്ചു.

മാർബേസിൽ സ്‌കൂൾ മാനേജ്‌മെന്റിന്റെ വിഭാഗനീക്കത്തിൽ ഒപ്പം നിൽക്കേണ്ട ഇവിടുത്തെ കായിക അദ്ധ്യാപിക കളംമാറ്റിച്ചവിട്ടി. ഇതോടെയാണ് എനിക്ക് മാർബേസിലിനോട് വിടപറയേണ്ടിവന്നത്-ചാൾസ് വ്യക്തമാക്കി. കോതമംഗലത്തെ ചരിത്ര പ്രസിദ്ധമായ മർത്തോമ്മൻ ചെറിയപള്ളിയുടെ ഉടമസ്ഥതിലുള്ളതാണ് മാർ ബേസിൽ സ്‌കൂൾ. കോതമംഗലം രൂപതയുടെ കീഴിലാണ് സെന്റ് ജോർജ്ജ് സ്‌കൂൾ പ്രവർത്തിക്കുന്നത്. സ്‌കൂളുകളുടെ പേരും പെരുമയും കാത്ത് സൂക്ഷിക്കാൻ സ്‌കൂൾ ഭരണസമിതികൾ കായികതാരങ്ങളെ പരിധിവിട്ട് ഉപയോഗിക്കുകയായിരുന്നു എന്ന കാര്യത്തിൽ എനിക്ക് സംശയമില്ല. ചാമ്പ്യൻസ് സ്‌കൂളുകളുടെ വിജയ രഹസ്യം തന്ത്രമല്ല, കുതന്ത്രമാണ് -ചാൾസ് പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP