Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ഐവറി ത്രോൺ ഒരു ചരിത്ര ഗോപുരം

ഐവറി ത്രോൺ ഒരു ചരിത്ര ഗോപുരം

ജോയ് ഡാനിയേൽ

നു എസ് പിള്ളയുടെ 'The Ivory Throne' പുസ്തകത്തിലൂടെയായിരുന്നു കഴിഞ്ഞ രണ്ടാഴ്ചക്കാലം. സേതുലക്ഷ്മിഭായി തമ്പുരാട്ടിയും തിരുവതാംകൂർ രാജവംശവും എന്നെ മനു എന്ന യുവഎഴുത്തുകാരനിലൂടെ കൂട്ടിക്കൊണ്ടുപോയത് അന്തപുരങ്ങളിലെ ഇതുവരെ കാണാത്ത, കേൾക്കാത്ത സാധാരണക്കാർക്ക് കേട്ടുകേൾവിയില്ലാത്ത കഥകളിലേക്കാണ്. അതുകൊണ്ടുതന്നെയാണ് 700 പേജിൽപ്പരം ചെറിയ അക്ഷരങ്ങളിൽ നിറഞ്ഞുനിൽക്കുന്ന ഈ ചരിത്ര രചന വായിച്ചുകഴിഞ്ഞശേഷം എന്തെങ്കിലും കുറിക്കണം എന്ന് തോന്നിയത്.

ഈ ബുക്കിന്റെ കവർപേജിൽതന്നെ ഇന്ത്യൻ എക്സ്‌പ്രസിലെ ഒരു വാചകം കൊടുത്തിട്ടുണ്ട് 'A Gem of a Book'. അതിൽ കൂടുതൽ ഒന്നും എനിക്കും പറയാനില്ല. നിങ്ങൾ തൊട്ടറിഞ്ഞിട്ടില്ലാത്ത ഒട്ടനവധി കഥകൾ നിറഞ്ഞുനിൽക്കുന്ന മാണിക്യം ആണ് 'The Ivory Throne' ന്റെ 700 പരം പേജുകൾ.

ഈ ബുക്കിന്റെ അവസാന ഭാഗങ്ങളിൽ, കേവലം ഒരു ചരിത്ര ഗ്രന്ഥം എന്നതിലുപരി എഴുത്തുകാരൻ നമ്മളെ കൂട്ടികൊണ്ടുപോകുന്നത് നാടകീയമായതും വികാര നിർഭരമായതുമായ രംഗങ്ങളിൽകൂടെയാണ്. തന്റെ കൊട്ടാരത്തിൽനിന്നും അവർ വിടപറഞ്ഞുപോകുന്ന രംഗമാണ് താഴെകൊടുത്തിരിക്കുന്നത്. മനുവിന്റെ എഴുത്തിന് എന്റേതായ ഒരു പരിഭാഷ:

'..... അങ്ങനെ അവർ (സേതുലക്ഷിഭായി തമ്പുരാട്ടി) പുറത്തേക്കിറങ്ങുമ്പോൾ തന്റെ ഭാര്യയോട്, രാമവർമ്മ (ഭർത്താവ് വലിയകോയിൽ തമ്പുരാൻ) ചോദിച്ചു. 'അവസാനമായി നമ്മുടെ കൊട്ടാരം ഒന്നുനോക്കിക്കോളൂ..' എന്നാൽ അവർ നിരാകരിച്ചു. താനും ഭർത്താവും കൂടി ഓരോ ഇഞ്ചും രൂപകൽപന ചെയ്ത, തന്റെ കുട്ടികളെ താൻ താലോലിച്ചുവളർത്തിയ , തിരുവതാംകൂർ രാജ്യം താനിരുന്നു ഭരിച്ച കൊട്ടാരം. ഇപ്പോൾ ഒരുകൂട്ടം ആൾക്കാർ (ജോലിക്കാർ) തനിക്കെതിരെ മുദ്രാവാക്യം വിളിക്കുകയും, കൊട്ടാരത്തിനുമേൽ കൊടി ഉയർത്തുകയും ചെയ്ത ആ കൊട്ടാരത്തിലേക്ക് ഇനിയൊന്നുകൂടി തിരിഞ്ഞുനോക്കാൻ അവർക്കായില്ല. ജീവിതത്തിന്റെ അവസാന നാളുകളിൽ, കണ്ണുകളിൽ തുളുമ്പിവരുന്ന നീർക്കണങ്ങളോടെ വലിയകോയിൽ തമ്പുരാൻ മകൾ രുഗ്മിണിയോട് പറഞ്ഞു 'ഞാൻ അവരോട് (സേതുലക്ഷിഭായി തമ്പുരാട്ടി) അവസാനമായി കൊട്ടാരത്തിലേക്ക് ഒന്നുനോക്കാൻ പറഞ്ഞു. എന്നാൽ അവർ ഒരിക്കലും തിരിഞ്ഞുനോക്കിയില്ല..'

മഹാറാണിക്കറിയാമായിരുന്നു ഒരു തിരിച്ചുവരവിനായിരുന്നില്ല തന്റെ വിധി എന്ന്.

റെയിൽവേസ്‌റേഷനിലേക്ക് പോകുന്ന വഴിക്ക് അവർ ആദ്യം കാർ നിർത്തിയത് ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിനു മുമ്പിലാണ്. നാണയങ്ങൾ കാണിക്കവഞ്ചിയിൽ ഇടാനായി ഡ്രൈവറുടെ കൈവശം കൊടുത്തിട്ട് അവർ കാറിന്റെ സീറ്റിൽ തിരിഞ്ഞിരുന്നു. തന്റെ ഭഗവാന്റെ മുന്നിൽ അവസാനമായി പ്രാർത്ഥിച്ചു. ഈ ഭഗവാന്റെ പേരിലാണ് താൻ ഈ രാജ്യം ഭരിച്ചത്. ഈ ഭഗവാനോടാണ് തന്റെ പരമ്പര കാലാകാലം വിശ്വാസ്യതും, കൂറും കാട്ടിയത്. അതേ ഭവാന്റെ മുന്നിലൂടെയാണ് താൻ എല്ലാം ഇട്ടെറിഞ്ഞു ഇന്ന് പോകുന്നത്. വിധി! രാജകുടുംബത്തിലെ അവസാന രാഞ്ജിയും വലിയൊരു വംശപരമ്പരയുടെ സുപ്രധാന പ്രധിനിധിയുമായിരുന്നവർ ആ ബന്ധങ്ങൾ എല്ലാം വിട്ടെറിഞ്ഞ് പോകുന്നു. 1936 നു ശേഷം അവർ ഒരിക്കലും ഈ ക്ഷേത്രത്തിൽ വന്ന് പ്രാർത്ഥിച്ചിട്ടില്ല. എന്നാൽ ഇന്ന്, തന്റെ കാറിനുള്ളിലിരുന്ന് അവർ ആ ഭഗവാന്റെ രൂപത്തോട് നേരിട്ട് സംവദിച്ച് പറഞ്ഞു 'എന്നോട് ക്ഷമിക്കുക.... എനിക്ക് പോയേ പറ്റൂ..'

രാത്രി പന്ത്രണ്ട് മണി കഴിഞ്ഞ് അവസാന പേജ് തീർന്നശേഷം കിടക്കയിലേക്ക് കിടന്നപ്പോൾ ഉറക്കം വരാതെ മണിക്കൂറുകളോളം എന്നെ വേട്ടയാടിയ തിരുവതാം കൂറിലെ ഈ അവസാന റീജന്റിന്റെ മുഖം.... ഹോ! തമ്പുരാട്ടീ നിങ്ങൾ പറിച്ചെറിയാനാകാതെ എന്നിൽ അങ്ങ് പറ്റിപ്പിടിച്ചുകളഞ്ഞല്ലോ!!

നെഞ്ചിൽ പൊടിയുന്ന കണ്ണുനീർ തുടിപ്പുകളോടല്ലാതെ നിങ്ങൾക്ക് ഈ ചരിത്ര ഗ്രന്ഥം വായന കഴിഞ്ഞു താഴെവയ്ക്കാനാകില്ല. അത്ര മനോഹരമായി, റെക്കാഡിക്കലായി മനു 300 വർഷത്തെ കേരളം ചരിത്രം ഇവിടെ വിവരിക്കുന്നു.

സേതുലക്ഷിഭായി തമ്പുരാട്ടിയുടെ മാസ്മരിക ആലിംഗനത്തിൽ നിന്നും മുക്തമാകാൻ എന്റെ ചിന്തകൾക്കിനിയും ദിവസങ്ങൾ, മാസങ്ങൾ വേണ്ടിവന്നേക്കാം.

ഈ ബുക്ക് ഇംഗ്ലീഷ് പദസമ്പത്തുകൊണ്ടുകൂടി സമ്പുഷ്ടമാണ്. ഒരുപാട് വാക്കുകൾ ആവശ്യ അനുപാതത്തിൽ ചേർത്തിരിക്കുന്നത് ആകർഷകമാണ്.

26 വയസ്സിൽ ഈ എഴുത്തുകാരൻ ആറ് വർഷംകൊണ്ട് ഊണും ഉറക്കവും ഉപേക്ഷിച്ച് ലോകത്തിന്റെ വിവിധ കോണുകളിൽനിന്നും തടുത്തുകൂടിയെടുത്ത ഒരു മാണിക്യം തന്നെയാണിത്. ഇതിന്റെ മലയാള പരിഭാഷ എത്രയും വേഗം പുറത്തിറങ്ങും എന്ന് വിശ്വസിക്കുന്നു.

അവസാനമായി മനുവിന് ഒരു നന്ദി. താങ്കളുടെ പ്രായത്തിൽ കവിഞ്ഞ ഒരു സാഹസത്തിന് മുതിർന്നതിന്. ഞാനറിയാതിരുന്ന എന്റെ നാടുഭരിച്ചിരുന്ന ഒരു രാജ്ഞിയെ മനസ്സിൽ പ്രതിഷ്ഠിച്ച് തന്നതിന്.

Book : The Ivory Throne Chronicles of the House of Travancore
Author : Manu S. Pillai
Publisher : Harper Collins Publishers India
Price : Rs 699/

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP