Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

വില്ലനല്ല കൊല്ലൽ! ഇത് തീർത്തും പ്രേക്ഷക വധം; പഴങ്കഞ്ഞി പുതിയ പാക്കറ്റിൽ; കേട്ടുമടുത്ത കഥയും ചത്തസംഭാഷണങ്ങളും ബോറൻ ആഖ്യാനവുമായി നിരാശപ്പെടുത്തി ബി.ഉണ്ണികൃഷ്ണനും സംഘവും; ആകെയുള്ള ആശ്വാസം മോഹൻലാലിന്റെ കരിസ്മ

വില്ലനല്ല കൊല്ലൽ! ഇത് തീർത്തും പ്രേക്ഷക വധം; പഴങ്കഞ്ഞി പുതിയ പാക്കറ്റിൽ; കേട്ടുമടുത്ത കഥയും ചത്തസംഭാഷണങ്ങളും ബോറൻ ആഖ്യാനവുമായി നിരാശപ്പെടുത്തി ബി.ഉണ്ണികൃഷ്ണനും സംഘവും; ആകെയുള്ള ആശ്വാസം മോഹൻലാലിന്റെ കരിസ്മ

എം മാധവദാസ്

ങ്ങനെ പവനായി വീണ്ടും ശവമായി! എന്തൊക്കെയായിരുന്നു തള്ളൽ. 25 കോടിയുടെ ബജറ്റ്, 8 കെ ക്യാമറ, സാൾട്ട് എൻഡ് പെപ്പർ ലുക്ക്, ഹോളിവുഡ് നിലവാരം, പീറ്റർ ഹെയിനിന്റെ സംഘട്ടനം... ഒലക്കേടെ മൂട്! ആളുകൂടിയാൽ പാമ്പു ചാവില്ല എന്ന പഴഞ്ചൊല്ലാണ് ഈ പടം കണ്ടപ്പോൾ ഓർമ്മ വന്നത്. കേട്ടുമടുത്തതും അസംബന്ധങ്ങൾ നിറഞ്ഞതുമായ ആറിത്തണുത്ത ഒരു കഥ ആർക്കോവേണ്ടിയെന്നോണം പതുക്കെ പതുക്കെ അങ്ങ് വന്നുപോവുന്നു. അതാണ് ബി.ഉണ്ണിക്കൃഷ്ണൻ രചിച്ച് സംവിധാനം ചെയ്ത, നമ്മുടെ പ്രിയപ്പെട്ട മോഹൻലാൽ നായകനായ 'വില്ലൻ'.

പ്രേക്ഷകർ ക്ഷമിക്കണം. ആരാധകരുടെ ഭാഷയിൽ ഇതൊരു സ്ലോത്രില്ലറാണ്.( സ്ലോ ബുള്ളറ്റ് ട്രെയിൻ എന്നൊക്കെ ആരെങ്കിലും പറയുമോ ആവോ) ഒരു പുതിയതരം ജാഡ, അല്ലാതെന്തുപറയാൻ. കഷ്ടം. ഉള്ളിൽ തട്ടുന്ന ഒരു സീൻപോലും ഈ പടത്തിലില്ല.ഒരു മഹാദുരന്തം എന്നേ ഒറ്റവാക്കിൽ പറയാനുള്ളൂ.വില്ലൻ എന്നല്ല കൊല്ലൽ എന്നായിരുന്നു ഈ പടത്തിന് കൂടുതൽ ചേരുക.പടം മൊത്തം കൊല്ലലാണ്. ഒപ്പം കഷ്ടപ്പെട്ട് ടിക്കറ്റെടുത്തുവരുന്ന പ്രേക്ഷകരെയും കൊല്ലുന്നുവെന്ന് മാത്രം.കട്ട ഫാൻസിനെക്കൊണ്ടുപോലും കൈയടിപ്പിക്കാൻ കഴിയുന്ന ദൃശ്യങ്ങൾ കുറവാണെന്ന് പറഞ്ഞാൽ പടത്തിന്റെ നിലവാരം വ്യക്തമാവുമല്ലോ.ആകെയുള്ള ആശ്വാസം നമ്മുടെ ലാലേട്ടൻ തന്നെയാണ്.ആനയെയും കടലിനെയുംപോലെ എത്രകണ്ടാലും മടുക്കാത്ത മാനറിസങ്ങളുള്ള ഈ നടന്റെ കരിസ്മാത്രമാണ് ഈ പടത്തിൽനിന്ന് ഇടക്ക്വെച്ച് ഇറങ്ങിപ്പോകുന്നതിൽനിന്ന് പ്രേക്ഷകനെ വിലക്കുന്നത്.

വിശാലാക്കെ കള്ളിൽ വീണ എലിയെപ്പോലെയുണ്ട്.ആകെയൊരു പരുങ്ങൽ.ഇനി വാലുംതലയുമില്ലാത്ത ഈ കഥവെച്ച് ആരു വിചാരിച്ചാലും ഇതൊക്കെയേ പറ്റൂ. ഗ്രാൻഡ്മാസ്റ്റർപോലുള്ള ഒന്നാന്തരം സിനിമകൾ ചെയ്ത സംവിധായകനാണ് ബി.ഉണ്ണിക്കൃഷ്ണൻ.ലോക സിനമയെക്കുറിച്ചും മാസ്‌റേറഴ്‌സിനെക്കുറിച്ചുമൊക്കെ ആധികാരികമായ പറയാൻ കഴിവുന്ന പണ്ഡിതൻ.പക്ഷേ എടുത്തുവെച്ച ഈ പടമോ. ഇതാണ് വിവരം കൂടിപ്പോയാലും മനുഷ്യന് പ്രശ്‌നമാണെന്ന് പറയുന്നത്! ലോകസിനിമകളൊക്കെ കണ്ടതിന്റെ ബലത്തിൽ ഉണ്ണിയൊന്ന് ട്രാക്ക് മാറ്റിപ്പിടിക്കാൻ ശ്രമിക്കുന്നു. അതായത് ഒരു ത്രില്ലറിന്റെ സ്വഭാവമില്ലാതെ പതുക്കെ ഒരു ഇൻവെസ്റ്റിഗേറ്റീവ് കഥപറഞ്ഞ്, അതിനുള്ളിൽ ഒരു ഫാമലി ഇമോഷണൽ ഡ്രാമ കൊണ്ടുവരാനായിരുന്നു സൂർത്തുക്കളേ, കവി ഉദ്ദേശിച്ചത്.പക്ഷേ അത് അമ്പേ ചീറ്റിപ്പോയിരിക്കുന്നു.

പഴങ്കഞ്ഞി പുതിയ പാക്കറ്റിൽ

എത്രയോ തവണ കേട്ട് തേഞ്ഞുപോയ ഈ കഥ തെരഞ്ഞെടുത്തത് തന്നെയാണ് ആദ്യ പരാജയം.ഗ്രാൻഡ്മാസ്റ്ററിലും മെമ്മറീസിലുമൊക്കെ നാം നേരത്തേ കണ്ട, വ്യക്തി ജീവിതത്തിലെ ട്രാജഡികളെതുടർന്ന് ഒദ്യോഗിക ജീവിതത്തിൽനിന്ന് മാറിനിൽക്കുന്ന 'വേദനിക്കുന്ന പൊലീസ് ഓഫീസർ'. അതീവ ബുദ്ധിശാലിയും കേസ് തെളിയിക്കുന്നതിൽ മിടുക്കനുമാണ് മാത്യു കെ മാഞ്ഞൂരാൻ എന്ന ലാൽ കഥാപാത്രമെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. ഏഴുമാസത്തെ അവധികഴിഞ്ഞ് ഡ്യൂട്ടിക്ക് കയറുന്ന മാത്യൂസ് ആ ദിവസം തന്നെ വളണ്ടറി റിട്ടയർമെന്റ് എടുക്കാൻ തീരീമാനിച്ചിരിക്കയാണ്. പക്ഷേ അന്നുതന്നെയാണ് നഗരത്തിൽ മൂന്നുപേർ ദാരുണമായി കൊല്ലപ്പെടുന്നത്. സൂപ്പർസ്റ്റാർ നായകനായതുകൊണ്ട് ബാക്കിയുള്ളവരെല്ലാം മണ്ടന്മാർ ആയിരിക്കുമല്ലോ.അതുകൊണ്ടുതന്നെ കമ്മീഷണറും, ഡി.ജി.പിയും അടക്കമുള്ള ടീം, പുലിമുരകനിലെ മൂപ്പൻകറുത്തയെ വെല്ലുന്ന രീതിയിൽ മാത്യുസ് കേസ് ഏറ്റെടുക്കാനായി തള്ളോട് തള്ളാണ്. 'തനിക്ക് തുല്യനായി താൻ മാത്രമേ ഉള്ളൂ' എന്നൊക്കെ ഡി.ജി.പി വേഷമിട്ട നടൻ സിദ്ദീഖ് തള്ളുമ്പോൾ, ഈ ന്യൂജൻ കാലത്തും ഇതൊക്കെ വേണമോയെന്ന് നാം സംശയിച്ചിരിക്കും. പക്ഷേ ഫാൻസ് എന്തോ മഹാസാഹിത്യം കേട്ടപോലെ ലോക കൈയടിയാണ്!

അങ്ങനെ ലാലേട്ടൻ കേസ് ഏറ്റെടുത്താൽ എന്ത് സംഭവിക്കുമെന്ന് വ്യക്തമാണെല്ലോ. മണിക്കുറുകൾക്കുള്ളിൽ പ്രതികൾ ആരാണെന്ന് കണ്ടത്തെി, അവരെ പിടിക്കാനുള്ള ചുമതല കേരളാപൊലീസിന് എൽപ്പിച്ച് അദ്ദേഹം തന്റെ മുടങ്ങിപ്പോയ യാത്ര പോവുന്നു. ഇതിനിടയിൽ യഥാർഥ വില്ലനായ മയക്കുമരുന്ന് മാഫിയാതലവനുമായുള്ള എൻകൗണ്ടറും, ബോറടിച്ച് നാം ഉറങ്ങിപോവുന്ന രീതിയിലുള്ള ലാൽ-മഞ്ജുവാര്യർ ഫ്‌ളാഷ്്ബാക്കുമൊക്കെ, ബോയിങ്‌ബോയിംഗിലെ ജഗതി പറഞ്ഞപോലെ ഒരു സൈഡ് ട്രാക്കായി ഇട്ടിട്ടുണ്ട്.

പക്ഷേ കൊലയാളിക്ക് മാത്യൂസിനെ നേരിട്ട് മുട്ടണം.അതെന്തിനാണെന്നതാണ് ചിത്രത്തിന്റെ സസ്‌പെൻസ്. അവിടെമാത്രമാണ് കാൽക്കഴഞ്ച് പുതുമ ഫീൽ ചെയ്യുന്നത്. 'റിവഞ്ച് ഈസ് എ ഡിസീസ്, കൊണ്ടുനടക്കുന്നവനെ അത് കാർന്നു തിന്നും' എന്ന അവസാനത്തിലെ ലാൽ ഡയലോഗും, വില്ലനെ വെടിവെച്ച് കൊല്ലാതെയുള്ള നിയമവ്യവസ്ഥയോടുള്ള നായകന്റെ കൂറും ഇത്തരം ടൈപ്പ് സിനിമകളിലെ വ്യത്യസ്തമായായി പറയാം.ഇനി അൽപ്പം സാമൂഹിക വിമർശനവും പ്രതിബന്ധതയും ചേർത്തില്‌ളെന്ന് വേണ്ട. കൊലയാളി എന്തുകൊണ്ട് അങ്ങനെയായി എന്നതിന് ഉത്തരം അവിടെയാണ്. പക്ഷേ അതും ലക്ഷ്യവേധിയായില്ല. തനി തമിഴ് പടമായ മെർസലിൽ വിജയ്‌പോലും എത്ര ഫോക്കസ്ഡ് ആയിട്ടാണ് രാഷ്ട്രീയ-സാമൂഹിക വിമർശനം നടത്തുന്നതെന്ന് ഓർക്കുക.

അസംബന്ധങ്ങൾ അൺലിമിറ്റഡ്

ഇത്രയും കോടികൾ മുടക്കുന്ന ചിത്രമായിട്ടും അലക്ഷ്യമായി തിരക്കഥ തയ്യാറാക്കിയതിന്റെയും, സാമാന്യ യുക്തിയില്ലായെ രംഗങ്ങൾ സജ്ജീകരിച്ചതിന്റെയും നിരവധി ഉദാഹരണങ്ങൾ ചിത്രത്തിലുണ്ട്. ( വില്ലനിലെ നൂറുതെറ്റുകൾ എന്ന യൂട്യൂബ് വീഡിയോയും ഉടൻ പ്രതീക്ഷിക്കാഒ) പടം തുടങ്ങുന്ന കൊലപാതക ദൃശ്യത്തിന്‌ശേഷം അതുമായി ബന്ധമുണ്ടെന്ന് കരുതന്ന ഒരു സംഭവം നോക്കുക. ഒരു റെസ്റ്റാറന്റിലേക്ക് ഒരു പർദയിട്ട സ്ത്രീ ഓടിക്കയറിവരുന്നു. ആകെ അസ്വസ്ഥയായ അവർ,ഒരു വനിതാ പൊലീസ് ഓഫീസർ അങ്ങോട്ട് സഹായം അഭ്യർത്ഥിച്ചിട്ടും സ്വീകരിക്കാതെ കടന്നുപോവുന്നതും കാണിക്കുന്നുണ്ട്. ആ സ്ത്രീ മാത്യൂസിനെ കാണാനാണ് വന്നതെന്നും സി.സി.ടി.വി ദൃശ്യങ്ങളിൽ പ്രകടമാണ്.

കഥയിലെ നിർണ്ണായക താക്കേൽ എന്ന രീതിയിൽ കൊണ്ടുവരുന്ന ഈ രംഗത്തിന്റെ പൊരുൾ ചിത്രം അവസാനിച്ചിട്ടും പിടികിട്ടില്ല.സൈക്കിക്ക് കൊലയാളിയായ വിശാലിന്റെ കാമുകിയായി ഹൻസിക വേഷമിട്ട കഥാപാത്രമാണ് അതെന്ന് നായകൻ പിന്നീട് കണ്ടുപിടിക്കുന്നുണ്ട്. പക്ഷേ ആ സ്ത്രീക്ക് മാത്യൂസിനോട് എന്താണ് പറയാനുണ്ടായിരുന്നതെന്ന് നാം ബി.ഉണ്ണികൃഷ്ണനോട് ഫോൺചെയ്ത് ചോദിക്കേണ്ടിവരും. ഇനി അവസാന നിമിഷത്തെ എഡിററിങ്ങ് എന്ന കൂട്ടപ്പൊരിച്ചിലിൽ കുറെ വിട്ടുപോയോ എന്ന് അറിയില്ല.

അതുപോലെതന്നെ ഡി.ജി.പിയുടെ വീട്ടിൽ കയറി പൊലീസുകാരെ വെടിവെച്ച്‌കൊന്ന്, നമ്മുടെ കില്ലർ പുഷ്പംപോലെ ചുരുട്ടിയ പായക്കുള്ളിലിട്ട് സംസ്ഥാന പൊലീസ് മോധാവിയെ കടത്തുന്നത് കണ്ട് പേടിച്ചുപോയി.വിശാലിന്റെ തമിഴ് ആക്ഷൻ കത്തികളൊക്കെ എന്ത്! പിന്നെ കൊലയാളി സിറിഞ്ചുമായി കുത്താൻ വരുമ്പോൾ വില്ലന്മാർ അറ്റൻഷനായി നിൽക്കുയാണ്.പേരിന് ഹൻസിക ഒരു തോക്ക് ചൂണ്ടുന്നുണ്ട്. തോക്കുചൂണ്ടുകയും ഒരു പാട്ടുപാടുകയുമല്ലാതെ ആ കുട്ടിക്ക് സിനിമയിൽ യാതൊരു റോളുമില്ല.ഒരു ഭീകരനായ ഡ്രഗ് ഡീലർ പൊലീസ് കസ്റ്റഡിയിൽനിന്ന് ചാടിപ്പോയിട്ടും അതിന്റെ കാരണം കണ്ടത്താനാവുന്നില്ല, അങ്ങേയറ്റം സത്യസന്ധനായ ഒരു ഉദ്യോഗസ്ൻ മകളുടെ മെഡിക്കൽ സീറ്റിനുവേണ്ടി സ്വന്തം ജോലിയെ ഒറ്റുകൊടുത്ത് ആ ക്രിമിനലിനെ തുറന്നുവിടുക തുടങ്ങിയ തമിഴ് മസാലകൾപോലും ഉപേക്ഷിച്ച കുറെ സാധനങ്ങളും ഉണ്ണിക്കൃഷ്ണൻ പൊടിതട്ടി എടുക്കുന്നുണ്ട്.അങ്ങനെ യുക്തിഭദ്രമായി ഇഴപിരിച്ചാൽ നിലനിൽപ്പില്ലാത്ത ഒരു അടിത്തറയുടെ പുറത്താണ്് വില്ലൻ എന്ന ബ്രഹ്മാണ്ഡ ചിത്രം കെട്ടിപ്പൊക്കാൻ ശ്രമിക്കുന്നത്.

കോടികൾ തുലച്ച സാങ്കേതിക വിദ്യകൾ

മോഹൻലാലിന്റെ തന്നെ 'വെളിപാടിന്റെ പുസ്തകം' ഇറങ്ങിയപ്പോൾ ഫേസ്‌ബുക്കിൽ ഒരു ആരാധകൻ ചോദിച്ചതാണ് ഇപ്പോൾ ഓർമ്മവരുന്നത്.വെളിപാടിന്റെ ദൃശ്യങ്ങൾ തൊണ്ണൂറുകളിൽ എടുത്ത പടംപോലെയാണ് തോനുന്നതെന്നും ചിലയിടത്ത് വ്യക്തത കുറവുണ്ടെന്നും ചൂണ്ടിക്കാട്ടി 'ഷൂട്ടിങ്ങിനുമുമ്പ് തുണി നനച്ച് ക്യാമറ ഒന്ന് നന്നായി തുടക്കാത്തതുകൊണ്ടാണോ ഇങ്ങനെ സംഭവിച്ചത്' എന്ന പ്രേക്ഷകന്റെ സംശയം വൈറലായിരുന്നു.

വില്ലനിൽ ദൃശ്യങ്ങൾക്ക് വ്യക്തതക്കുറവൊന്നും ഇല്‌ളെങ്കിലും ,8കെ റസല്യൂഷനിൽ ചിത്രീകരിക്കുന്ന ആദ്യ ചിത്രം എന്ന പ്രചാരണത്തിന് ഒപ്പിച്ച ഗാംഭീര്യമൊന്നുമില്ല.ശരാശരിമാത്രം കൊടുക്കാവുന്ന ഈ ക്യാമറാ വർക്കിനായിരുന്നോ ഇത്രയും ബഹളം.വെറും ആറുകോടി ചെലവിട്ടെടുത്ത പ്രിയദർശന്റെ 'ഒപ്പത്തിലെ' രാത്രി ദൃശ്യങ്ങളുടെയൊക്കെ കോമ്പോസിഷനും ക്‌ളാരിറ്റിയും ഓർത്തുനോക്കൂ. അതുപോലെതന്നെ പീറ്റർ ഹെയിനിനെ സംഘട്ടനത്തിനായി കൊണ്ടുവന്നിട്ടും, ഐ.വി ശശി ചിത്രങ്ങളിൽ ത്യാഗരാജൻ മാസ്റ്റർ ഒരുക്കിയ സ്റ്റണ്ട് രംഗങ്ങളുടെ അത്രപോലും വന്നിട്ടില്ല. കൈ്‌ളമാക്‌സിലെ ചില ലാൽ മാജിക്കുകൾ മാത്രമാണ് ആശ്വാസം. അവിടെയുള്ള വെട്ടിത്തിരിയലും കുത്തിമറിച്ചിലും പലപ്പോഴും പുലിമുരുകനെ ഓർമ്മിപ്പിക്കുന്നുമുണ്ട്.

സാങ്കേതിക മേഖലയിൽ ആകെ നന്നായത് ചിത്രത്തിലെ പാട്ടുകൾ മാത്രമാണ്.അടുത്തകാലത്ത് കേട്ട നല്ല മെലഡിയാണ് 4 മ്യൂസിക്കിനുവേണ്ടി സുഷിൻ ശ്യാം ഒരുക്കിയിരിക്കുന്നത്. പക്ഷേ ഗാന ചിത്രീകരണം ദയനീയമാണ്.മലമുകളിൽ തെയ്യമാടുന്നതും ഒപ്പം നായകനും നായികയും ആടിപ്പാടുന്നതുമായി ചേർച്ചയില്ലാക്കാഴ്ചകൾ. ഇനി മരുഭൂമിയിൽ പെൻഗ്വിനുമായുള്ള ഒരു ഗാനവും, അന്റാർട്ടിക്കയിൽ ഒട്ടകപ്പുറത്തേറിയുള്ള ഐറ്റംസോങ്ങുമൊക്കെ തുടർന്നുള്ള ബി.ഉണ്ണിക്കൃഷ്ണൻ ചിത്രങ്ങളിൽ നമുക്ക് പ്രതീക്ഷിക്കാം!

കഥയുടെ കാര്യംപോട്ടെ ഉണ്ണിക്കൃഷ്ണൻതന്നെ ഒരുക്കിയ സംഭാഷണങ്ങളോ. ചത്തതിനൊക്കുമോ ജീവിക്കിലും എന്നതാണ് നിലവാരം. ഷേക്‌സ്പിയർ കഥാപാത്രങ്ങളുടെ സംഭാഷണങ്ങളും കുറച്ച് പരസ്പരബന്ധമില്ലാത്ത ഫിലോസഫിയും ലാലിന്റെ വായിൽകുത്തിത്തിരുകുന്നുവെന്ന് മാത്രം.

ആശ്വാസം ലാലിന്റെ കരിസ്മ

ഇങ്ങനെയാക്കെയാണെങ്കിലും ചിത്രത്തിനിന്ന് ഇടക്ക്വെച്ച് ഊരിപ്പോരാൻ തോന്നാന്നത് മോഹൻലാൽ എന്ന ഇന്ത്യൻ സിനിമയിലെ അത്ഭുദത്തിന്റെ ഒറ്റ സാന്നിധ്യം കൊണ്ടാണ്.ഭാര്യയെ ദയാവധത്തിന് വിധേയയാക്കുന്ന രംഗങ്ങളിൽ, മകൾ മരിക്കുമ്പോൾ, കൈ്‌ളമാക്‌സിലെ ആസുരമായ ഉയർത്തെഴുനേൽപ്പിലെല്ലാം കാണാം ലാലിന്റെ ക്‌ളാസ്.

പക്ഷേ ലാലിനെപ്പോലുള്ള ഒരു നടന് വെല്ലുവിളി ഉയർത്തത്തക്ക തലപ്പൊക്കമൊന്നും ഈ കഥാപാത്രത്തിന് ഇല്‌ളെന്നതാണ് കഷ്ടം.സാൾട്ട് ആൻഡ് പെപ്പർ ലുക്കിനെക്കുറിച്ച് ഫാൻസുകാർ തള്ളുന്നുണ്ടെങ്കിലും അത് അത്രപോരെന്നാണ് ഈ ലേഖകന് തോന്നുത്. ലാൽ നിത്യഹരിതമായി പൂത്തുലഞ്ഞ് നിൽക്കണമെന്നാണ് ഈയുള്ളവന്റെയൊക്കെ ആഗ്രഹം. നമ്മുടെ കളസം അവരുടെ ബർമുഡ എന്ന് പറഞ്ഞപോലെ, ഈ സാൾട്ട് ആൻഡ് പെപ്പർ ലുക്കിലൊക്കെ ജരാനരകളും മറ്റുമായി വാർധ്യക്യം ഭീതിപ്പെടുത്തുന്ന രീതിയിൽ തോനുന്നുണ്ട്.

ലാലിന്റെ ഭാര്യയായി എത്തുന്ന മഞ്ജുവാര്യർക്കും കാര്യമായൊന്നും ചെയ്യാനില്ല. കൃത്രിമായുള്ള സംഭാഷണങ്ങളും ബ്യൂട്ടിപാർലർ മുഖവുമായി മഞ്ജു സാമാന്യം ബോറായിട്ടുമുണ്ട്.  ആറാം തമ്പുരാൻ കെമിസ്ട്രി പ്രതീക്ഷിച്ചത്തെിയ പ്രേക്ഷകർ വണ്ടറടിച്ചെന്ന് ചുരുക്കം. ചിത്രത്തിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന തമിഴ്ഹീറോ വിശാലും അങ്ങോട്ട് കത്തിക്കയറിയിട്ടില്ല.മിഷ്‌ക്കിന്റെ 'തുപ്പറിവാളനിലെ' വിശാലിന്റെ പ്രകടനമൊക്കെ വെച്ചുനോക്കുമ്പോൾ ഇത് ഒന്നുമല്ല.പക്ഷേ തള്ളലുകാർക്ക് വിശാലിന്റെ ഈ വില്ലൻ ചരിത്രസംഭവമാണ്. വിശാലിന്റെ ജോടിയായി ധൻസികയെ കൊണ്ടുവന്നതിന് നിർമ്മാതാവിന്റെ കുറെ കാശുപോയി എന്നല്ലാതെ പ്രത്യേകിച്ച് ഒരു ഗുണവും ഉണ്ടായിട്ടില്ല.

വാൽക്കഷ്ണം: പക്ഷേ സമ്മതിക്കേണ്ടത് നമ്മുടെ ഫാൻസുകാരെയാണ്. മതവിശ്വാസികൾക്ക്‌പോലും ഉണ്ടാവില്ല ഇത്രയും ശക്തമായ ആത്മാർഥതയും അത്മ സമർപ്പണവും.  ആദ്യദിനം രാവിലെ എട്ടുമണിക്കുള്ള ഫാൻസ്‌ഷോക്ക് ടിക്കറ്റ് കിട്ടിയ ഈ ലേഖകൻ കണ്ടത് ലാലേട്ടന്റെ ഓരോ ചത്ത ഡയലോഗുകൾക്കും ഇളകിമറിയുന്ന ആൾക്കൂട്ടത്തെയാണ്.  മോഹലാലിന്റെ മകൾ മരിക്കുന്ന സീനിൽ സാധാരണ തീയേറ്റർ നിശബ്ദമാവേണ്ടതാണ്.  പക്ഷേ ഫാൻസ് നിറഞ്ഞ കൈയടി!അവർ നോക്കുന്ന ആ സീനിലെ ലാലിന്റെ പ്രകടനം മാത്രമാണ്.  ഇങ്ങനെയൊക്കെയായിട്ടും തീയേറ്റിന് പുറത്തിറങ്ങിയിട്ട് അവർ അഭിപ്രായം പറയുന്നതും സൂപ്പർപടം എന്നാണ്! പ്രിയപ്പെട്ട ലാലേട്ടാ, ഇത്രയും ഈ പാവങ്ങളെ ഇങ്ങനെ പറ്റിക്കല്ലേ. അടുത്ത പടത്തിലെങ്കിലും അവർക്ക് ഒന്ന് മനസ്സുതുറന്ന് ആഘോഷിക്കാനുള്ള വകുപ്പ് കൊടുക്കൂ. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP