Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

15 വർഷം ഗൾഫിൽ ചോര നീരാക്കി അധ്വാനിച്ചിട്ടും ഒന്നു നേടാനായില്ല; നിതാഖത്ത് നിയമം കാരണം ജോലി പോയതോടെ നിവൃത്തികെട്ട് നാട്ടിലെത്തി; ബാങ്കിൽ നിന്നും ലോണെടുത്ത് ഓട്ടോ ഓടിച്ച് ജീവിതമാർഗ്ഗം കണ്ടെത്താൻ ശ്രമിച്ചപ്പോൾ പാരവെച്ച് തൊഴിലാളി യൂണിയനുകൾ; ഓട്ടോ റിക്ഷ സ്റ്റാൻഡിൽ ഇടാൻ പോലും അനുവദിക്കാതെ യൂണിയൻ നേതാക്കൾ: നാട്ടിലെത്തിയ ഒരു പ്രവാസിയുടെ ദുരിതകഥ

15 വർഷം ഗൾഫിൽ ചോര നീരാക്കി അധ്വാനിച്ചിട്ടും ഒന്നു നേടാനായില്ല; നിതാഖത്ത് നിയമം കാരണം ജോലി പോയതോടെ നിവൃത്തികെട്ട് നാട്ടിലെത്തി; ബാങ്കിൽ നിന്നും ലോണെടുത്ത് ഓട്ടോ ഓടിച്ച് ജീവിതമാർഗ്ഗം കണ്ടെത്താൻ ശ്രമിച്ചപ്പോൾ പാരവെച്ച് തൊഴിലാളി യൂണിയനുകൾ; ഓട്ടോ റിക്ഷ സ്റ്റാൻഡിൽ ഇടാൻ പോലും അനുവദിക്കാതെ യൂണിയൻ നേതാക്കൾ: നാട്ടിലെത്തിയ ഒരു പ്രവാസിയുടെ ദുരിതകഥ

കോഴിക്കോട്: നിതാഖത്ത് നിയമം കാരണം ജോലി നഷ്ടപ്പെട്ട് നാട്ടിലെത്തിയ പ്രവാസിയെ തൊഴിലെടുത്ത് ജീവിക്കാൻ തൊഴിലാളി യൂണിയനുകൾ സമ്മതിക്കുന്നില്ല. ഓട്ടോ ഓടിച്ച് ജീവിതമാർഗം കണ്ടെത്താൻ ശ്രമിക്കുന്ന കോഴിക്കോട് വെള്ളിമാട്ക്കുന്ന് സ്വദേശി ആഷിഖിനാണ് ഓട്ടോ തൊഴിലാളി യൂണിയനുകളുടെ വിലക്ക്. പൊലീസിൽ പരാതിപ്പെട്ടിട്ടും കാര്യമില്ലാതായതോടെ മനുഷ്യാവകാശ കമ്മീഷനേയും മുഖ്യമന്ത്രിയേയും സമീപിച്ച് പരിഹാരത്തിനായി കാത്തിരിക്കുകയാണ് ഇയാൾ.

15 വർഷം ഗൾഫിൽ അദ്ധ്വാനിച്ച് ഒന്നും നേടാതെയാണ് ആഷിഖ് കഴിഞ്ഞ മാർച്ചിൽ നാട്ടിൽ തിരിച്ചെത്തിയത്. നിതാഖത്ത് നിയമ പ്രകാരം ജോലി നഷ്ടപ്പെട്ട ഹതഭാഗ്യരിൽപ്പെട്ട ഒരാളായിരുന്നു ആഷിഖ്. വരുമാന മാർഗം ഇല്ലാതായതോടെയാണ് ഗൾഫിൽ പോവാൻ വേണ്ടി ഉപേക്ഷിച്ച ഓട്ടേ ഡ്രൈവറുടെ കുപ്പായാം വീണ്ടും ധരിക്കാൻ ആഷിഖ് തീരുമാനിച്ചത്. തുടർന്ന് ബാങ്കിൽ നിന്നും ലോണെടുത്ത് ഒരു ഓട്ടോ ആഷിഖ് വാങ്ങി. ഓട്ടോ ഓടുന്നതു സംബന്ധിച്ച് ഓട്ടോ തൊഴിലാളി യൂണിയന് ആഷിഖ് കത്തു കൊടുത്തു. സ്ഥലത്തെ കൗൺസിലറുമായി സംസാരിക്കുകയും ചെയ്തു. ഇതിന് ശേഷം ഓട്ടോ ഓടിക്കാൻ തുടങ്ങിയതോടെ പ്രശ്നങ്ങളും തുടങ്ങി.

ആദ്യ ഓട്ടത്തിൽ തന്നെ പ്രശ്നങ്ങൾ ഉണ്ടായി. രണ്ടു പേർ വന്ന് വണ്ടി തടഞ്ഞു. ഇതോടെ യാത്രക്കാർക്ക് ആഷിഖിന്റെ ഓട്ടോയിൽ നിന്ന് ഇറങ്ങി മറ്റു വാഹനത്തിൽ പോവേണ്ടി വന്നു. തന്റെ നാടിന്റെ അടുത്തുള്ള മൂന്ന് സ്റ്റാന്റുകളിൽ ഓട്ടോ ഇട്ടപ്പോളും മറ്റു ഓട്ടോക്കാർ വന്ന് ആഷിഖിനെ തടഞ്ഞു. തുടർന്ന് ഓട്ടോ സ്റ്റാന്റിൽ അല്ലാതെ വണ്ടി ഇട്ടു നോക്കി. എന്നാൽ അവിടെ വന്നും യൂണിയൻകാർ തടഞ്ഞു. പിന്നീട് മറ്റു ഓട്ടോക്കാരുടെ ദൃഷ്ടിയിൽപ്പെടാതെ ഓട്ടോ ഓടിക്കാൻ ആഷിഖ് ശ്രമിച്ചെങ്കിലും അതും പരാജയപ്പെടുകയായിരുന്നു.

ഗൾഫുകാരനായ തന്റെ കൈയിൽ ധാരാളം പണം ഉണ്ടെന്നും സമയം കളയാൻ വേണ്ടി മാത്രമാണ് താൻ ഓട്ടോ ഓടിക്കാൻ വരുന്നതെന്നും തൊഴിലാളി യൂണിയൻ നേതാക്കൾ തന്നോട് പറഞ്ഞതായി ആഷിഖ് പറയുന്നു. എന്നാൽ വളരെ കഷ്ടപ്പെട്ടാണ് താൻ ഓരോ ദിവസവും തള്ളി നീക്കുന്നതെന്നും ആകെ അറിയാവുന്ന ഓട്ടോ ഓടിക്കൽ ജോലി ഇനിയും ചെയ്യാൻ കഴിഞ്ഞില്ലെങ്കിൽ താനും കുടുംബവും പട്ടിണിയിലാവുമെന്നും ആഷിഖ് പറയുന്നു.

തന്നെ ജോലി ചെയ്യാൻ സമ്മിതിക്കാത്തതായി ചൂണ്ടിക്കാട്ടി ആഷിഖ് പൊലീസിനെ സമീപിച്ചിരുന്നു. ഒന്നു രണ്ടുതവണ പൊലീസ് ഇടപ്പെട്ട് ആഷിഖിന് വണ്ടി ഓടിക്കുന്നതിനുള്ള സൗകര്യം ഒരുക്കിക്കൊടുക്കയും ചെയ്തു. എന്നാൽ ഓട്ടോ തൊഴിലാളി യൂണിയന്റെ സമ്മർദ്ദം തുടർന്നതോടെ പൊലീസ് പിൻവാങ്ങുകയായിരുന്നു. ഇതൊരു തൊഴിൽ പ്രശ്നമാണെന്നായിരുന്നു പൊലീസിന്റെ വിശദീകരണം. വേറെ ഓട്ടോ ഇടാൻ സ്റ്റാന്റിൽ സ്ഥലമില്ലെന്നാണ് ആഷിഖിനെ തടയുന്നതിന് യൂണിയൻ പറയുന്ന മറ്റൊരു ന്യായീകരണം.

പൊലീസ് വന്ന് നോക്കുന്നസമയത്ത് യൂണിയൻകാർ മറ്റു സ്ഥലങ്ങളിലുള്ള ഓട്ടോകളെല്ലാം വിളിച്ചു വരുത്തി സ്റ്റാന്റിൽ നിരയായി പാർക്ക് ചെയ്യിപ്പിക്കും. എന്നാൽ മറ്റു സമയങ്ങളിൽ ഈ ഓട്ടോ സ്റ്റാന്റുകളിൽ യാതൊരു തിരക്കും ഉണ്ടാവാറില്ലെന്ന് ആഷിഖ് പറയുന്നു. മാത്രമല്ല വൈകുന്നേരം ആറ് മണിയോടെ ഓട്ടോക്കാരെല്ലാം ജോലി മതിയാക്കി പോവുകയും ചെയ്യും. ഈ സമയത്ത് ആഷിഖ് ഓട്ടോ സ്റ്റാന്റിലിടാൻ തുടങ്ങിയതോടെ മറ്റുള്ളവർ ആ നീക്കവും തടഞ്ഞു.

ഇതിനിടെ ആഷിഖിനെതിരെ അപവാദ പ്രചരണവും തുടങ്ങിയിട്ടുണ്ട്. പൊലീസ് കൈയൊഴിഞ്ഞതോടെ ആഷിഖ് ആർടിഒക്ക് പരാതി നൽകി. എന്നാൽ ഇതിൽ യാതൊരു നടപടിയും ഉണ്ടായില്ല. ഇതോടെ ആഷിഖ് മനുഷ്യാവകാശ കമ്മീഷനെ സമീച്ചിരിക്കുകയാണ്. മുഖ്യമന്ത്രിക്കും ആഷിഖ് പരാതി നൽകിയിട്ടുണ്ട്. മൂന്ന് മാസമായി ആഷിഖ് ഓട്ടോ വാങ്ങിയിട്ട്. ഇതുവരെ കാര്യമായി ഓടിക്കാൻ സാധിച്ചിട്ടില്ല. മാസം 8500 രൂപയോളമാണ് ലോണെടുത്ത വകയിൽ ബാങ്കിൽ അടയ്ക്കാനുള്ളത്. പാചക വാതക സബ്സിഡിയായി ലഭിച്ച തുകയും മറ്റും എടുത്താണ് ഇതുവരെ ലോൺ തുക അടച്ചത്.

രോഗിയായ മകനുൾപ്പടെ മൂന്ന് കുട്ടികളാണ് ആഷിഖിനുള്ളത്. ഭാര്യയും രോഗിയാണ്. രാഷ്ട്രീയ പാർട്ടിക്കാരെ സമീപിച്ചെങ്കിലും യൂണിയന്റെ സംഘടിത ശക്തിക്കു മുമ്പിൽ അവർ പിന്മാറി. വെള്ളിമാട് കുന്നിലെ സാംസ്‌കാരക സംഘടനയായ റെഡ് യങ്ങ്സ് ക്ലബ് പ്രവർത്തകരാണ് ഇപ്പോൾ ആഷിഖിന്റെ തൊഴിലിനായുള്ള പോരാട്ടത്തിന് പിന്തുണ നൽകുന്നത്. മനുഷ്യാവകാശ കമ്മീഷനും മുഖ്യമന്ത്രിക്കും കൊടുത്ത പരാതിയിൽ തീരുമാനമായില്ലെങ്കിൽ പ്രത്യേക്ഷ സമരത്തിലേക്ക് കക്കാൻ ഒരുങ്ങുകയാണ് ക്ലബ് പ്രവർത്തകർ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP