Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

റോഡിൽ വാരിക്കുഴി തീർത്ത് വൈദ്യൻസ് സിൽക്സ്; കനത്ത മഴയ്ക്കിടെ കെട്ടിടം പണിക്ക് മണ്ണെടുപ്പ്; ലോറികൾ ഓടി ചെളിക്കുളമായ റോഡിൽ തെന്നി വീണത് ഏഴു ബൈക്ക് യാത്രികർ; നാട്ടുകാർ റോഡ് ഉപരോധിച്ചപ്പോൾ അധികൃതർ ഉണർന്നു; വഴിവിട്ട് അനുമതി നൽകിയത് മൈനിങ് ആൻഡ് ജിയോളജി വകുപ്പ്

റോഡിൽ വാരിക്കുഴി തീർത്ത് വൈദ്യൻസ് സിൽക്സ്; കനത്ത മഴയ്ക്കിടെ കെട്ടിടം പണിക്ക് മണ്ണെടുപ്പ്; ലോറികൾ ഓടി ചെളിക്കുളമായ റോഡിൽ തെന്നി വീണത് ഏഴു ബൈക്ക് യാത്രികർ; നാട്ടുകാർ റോഡ് ഉപരോധിച്ചപ്പോൾ അധികൃതർ ഉണർന്നു; വഴിവിട്ട് അനുമതി നൽകിയത് മൈനിങ് ആൻഡ് ജിയോളജി വകുപ്പ്

ശ്രീലാൽ വാസുദേവൻ

പത്തനംതിട്ട: മൈനിങ് ആൻഡ് ജിയോളജി വകുപ്പിലെ ഉദ്യോഗസ്ഥരുടെ പ്രധാന പണി 'കോഴ' കുഴിച്ചും ഖനനം ചെയ്തും എടുക്കുകയാണ്. എത്ര പരിസ്ഥിതി ലോല പ്രദേശമാണെങ്കിലും വകുപ്പിലെ കഠിന ഹൃദയർക്ക് ഒരു കുലുക്കവുമില്ല. അവർ ഖനനത്തിനും പാറപൊട്ടിക്കുന്നതിനും അനുമതി നൽകും. ഇങ്ങനെ വഴിവിട്ട് നൽകിയ ഒരു അനുമതിയുടെ തിക്തഫലം കഴിഞ്ഞ ദിവസം അനുഭവിച്ചത് അടൂരിലെ നാട്ടുകാരാണ്. കനത്ത മഴയ്ക്കിടെ എടുത്ത മണ്ണുമായി ലോറികൾ തേരാപ്പാരാ പാഞ്ഞതിനെ തുടർന്ന് റോഡുകൾ ചെളിക്കുളമായി. ഒന്നിന് പിറകെ ഒന്നായി ഏഴു ബൈക്ക് യാത്രികർ റോഡിൽ തല്ലിയലച്ചു വീണു.

ഇതോടെ നാട്ടുകാർ പ്രക്ഷോഭവുമായി ഇറങ്ങി. ഫയർഫോഴ്സ് എത്തി മണിക്കൂറുകൾ പ്രയത്നിച്ച് റോഡ് കഴുകി വൃത്തിയാക്കി. നോക്കണേ, ഒരു വകുപ്പ് കാണിച്ച കൊള്ളരുതായ്മ കാരണംപണിയായത് ആർക്കൊക്കെയാണെന്ന്? അടൂർ സെൻട്രൽ ജങ്ഷന് കിഴക്ക് പമ്പിന് സമീപത്താണ് വൈദ്യൻ സിൽക്സിന് പുതിയ കെട്ടിടം നിർമ്മിക്കുന്നതിനായി മണ്ണ് എടുത്തുകൊണ്ടിരുന്നത്. കെട്ടിട നിർമ്മാണത്തിന് വേണ്ടി കൂട്ടിയിട്ട മണ്ണ് നീക്കം ചെയ്ത് വാഹനത്തിൽ കയറ്റി കൊണ്ടു പോകുന്നതിന് മൈനിങ് ആൻഡ് ജിയോളജി വകുപ്പ് അനുമതി നല്കിയിരുന്നു. എന്നാൽ മണ്ണ് എടുത്തുകൊണ്ടു പോകുമ്പോൾ അത് കെപി റോഡിൽ വീഴുകയും മഴയായതോടെ ചെളിക്കുളമാവുകയുമായിരുന്നു.

മണ്ണെടുക്കുന്ന പുരയിടത്തിൽ നിന്നും വെള്ളവും മണ്ണും ചേർന്ന് കുഴമ്പ് രൂപത്തിൽ ചെളി പിഡബ്ല്യുഡി റോഡിലും വശത്തും തളം കെട്ടിക്കിടന്നതോടെയാണ് വാഹനങ്ങൾ ചെളിയിൽ തെന്നി റോഡിലേക്ക് മറിഞ്ഞ് നിരവധി പേർക്ക് പരുക്കേറ്റത്. ഇതോടെയാണ് പ്രദേശവാസികൾ എതിർപ്പുമായി രംഗത്ത് എത്തിയത്. തുടർന്ന് മണ്ണ് എടുപ്പ് നിർത്തി വച്ചു. നഗരസഭ അധികൃതരും ആർ.ഡിഒ എംഎ റഹീം, തഹസീൽദാർ, പിഡബ്ല്യുഡി ഉദ്യോഗസ്ഥർ എന്നിവരും സ്ഥലത്ത് എത്തി പരിശോധന നടത്തി. മണ്ണെടുപ്പ് നിർത്തി വയ്ക്കണമെന്ന് കാട്ടി കലക്ടർക്ക് കത്ത് നല്കുമെന്ന് ആർഡിഒ പറഞ്ഞു.

തഹസീൽദാരോട് ഇത് സംബന്ധിച്ച് ആർഡിഒ റിപ്പോർട്ട് ആവിശ്യപ്പെട്ടു. നിയമ നടപടി കൈക്കൊള്ളണമെന്ന് ആവശ്യപ്പെട്ട് പിഡബ്ല്യുഡി എഇ അടൂർ സിഐയ്ക്ക് പരാതി നല്കി. ഇവിടെ നിന്നും മണ്ണ് എടുക്കുന്നത് പൊതുജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നെന്നും അതിനാൽ മണ്ണെടുക്കാനുള്ള അനുമതി കാലാവധി ദീർഘിപ്പിച്ച് നല്കരുതെന്ന് മൈനിങ് ആൻഡ് ജിയോളജി വകുപ്പിനെ അറിയിച്ചിരുന്നെങ്കിലും അനുമതി കാലാവധി ദീർഘിപ്പിച്ച് നല്കുകയായിരുന്നുവെന്ന് ആർഡിഒ പറഞ്ഞു. കൊമേഴ്സ്യൽ ബിൽഡിങ് നിർമ്മിക്കുന്നതിനായി കൂട്ടിയിട്ടിരിക്കുന്ന മണ്ണ് നീക്കം ചെയ്ത് വാഹനത്തിൽ കയറ്റി കൊണ്ടു പോകുന്നതിനുള്ള പാസ് അനുവദിക്കണമെന്ന് കാട്ടി സ്ഥലം ഉടമ ജിയോളജി വകുപ്പിന് അപേക്ഷ നല്കിയിരുന്നു.

തുടർന്ന് മൈനിങ് ജിയോളജി ഓഫീസിൽ നിന്നും സ്ഥല പരിശോധന നടത്തി. പരിശോധനയിൽ 1930 മെട്രിക് ടൺ മണ്ണ് നീക്കം ചെയ്ത് വാഹനത്തിൽ കയറ്റി കൊണ്ടു പോകുന്നതിന് നിബന്ധനകൾ ക്ക് വിധേയമായി കഴിഞ്ഞ ഒക്ടോബർ 19 മുതൽ നവംബർ 11 വരെ 193 പാസുകൾ അനുവദിച്ചു. എന്നാൽ അനുമതി നല്കിയതിനെക്കാളും ആഴത്തിലും പരപ്പിലും മണ്ണെടുക്കുന്നതായി നാട്ടുകാർ ആരോപിച്ചു. വസ്തുവിന് തെക്ക്ഭാഗത്ത് ഉള്ള വീടും ഈ മണ്ണെടുപ്പ് മൂലം അപകടാവസ്ഥയിലാണ്. ഒക്ടോബർ 25 മുതൽ നവംബർ 16 വരെ 2000 മെട്രിക് ടൺ മണ്ണ് നീക്കം ചെയ്ത് വാഹനത്തിൽ കൊണ്ടു പോകുന്നതിന് 200 പാസുകൾ അനുവദിച്ച് നേരത്തെ അനുമതി നല്കിയിരുന്നു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP