Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

അമേരിക്കയുമായി നേരിട്ട് ഏറ്റുമുട്ടി ലോകപൊലീസ് തങ്ങൾ ആണെന്ന് തെളിയിക്കാൻ ഉറച്ച് ചൈന; ഉത്തരകൊറിയ വിഷയത്തിൽ യുദ്ധത്തിന് ഇറങ്ങുമെന്ന സൂചനയുമായി പ്രസിഡന്റ്; ജപ്പാന്റേയും ഇന്ത്യയുടേയും സഹായത്തോടെ നേരിടാൻ ഉറച്ച് ഏഷ്യയിലേക്ക് എത്തുന്നുവെന്ന് ട്രംപും

അമേരിക്കയുമായി നേരിട്ട് ഏറ്റുമുട്ടി ലോകപൊലീസ് തങ്ങൾ ആണെന്ന് തെളിയിക്കാൻ ഉറച്ച് ചൈന; ഉത്തരകൊറിയ വിഷയത്തിൽ യുദ്ധത്തിന് ഇറങ്ങുമെന്ന സൂചനയുമായി പ്രസിഡന്റ്; ജപ്പാന്റേയും ഇന്ത്യയുടേയും സഹായത്തോടെ നേരിടാൻ ഉറച്ച് ഏഷ്യയിലേക്ക് എത്തുന്നുവെന്ന് ട്രംപും

ബെയ്ജിങ് : ഉത്തരകൊറിയ സംഘർഷം ലോക മഹായുദ്ധത്തിന് വഴിയൊരുക്കാനുള്ള സാധ്യത തെളിയുന്നു. ഉത്തരകൊറിയയ്ക്ക് പിന്തുണയുമായി ചൈന എത്തുകയാണ്. അമേരിക്കൻ വെല്ലുവിളിയെ നേരിടാനാണ് ചൈനയുടെ നീക്കം. സാമ്പത്തിക കരുത്തിൽ കുതിക്കുന്ന ചൈന ലോക പൊലീസിന്റെ റോൾ ഏറ്റെടുക്കാനുള്ള നീക്കത്തിലാണ്. ഇതിന്റെ ഭാഗമായി തിരിച്ചടിക്കാനുള്ള ശേഷി വർധിപ്പിച്ച് യുദ്ധസജ്ജരാകാൻ ചൈനീസ് സായുധ സൈന്യത്തിന് പ്രസിഡന്റ് ഷി ചിൻപിങ് വീണ്ടും നിർദ്ദേശം നൽകിയതായി റിപ്പോർട്ട്.

പാർട്ടിയും ജനങ്ങളും ചൈനീസ് സായുധ സൈന്യത്തെ ഏൽപിച്ചിട്ടുള്ള പുതിയ കാലത്തിന്റെ ഉത്തരവാദിത്തങ്ങളും ദൗത്യങ്ങളും വിജയകരമായി പൂർത്തിയാക്കുന്നതിനും യുദ്ധങ്ങളിൽ ശക്തിയുക്തം പോരാടി വിജയം വരിക്കുന്നതിനും ആവശ്യമായ മാർഗനിർദ്ദേശങ്ങൾ നൽകി സെൻട്രൽ മിലിട്ടറി കമ്മിഷൻ മുന്നിലുണ്ടാകണമെന്ന് ഷി ചിൻപിങ് ആവശ്യപ്പെട്ടതായാണ് റിപ്പോർട്ട്. ഫലത്തിൽ അമേരിക്കയ്‌ക്കെതിരായ യുദ്ധ പ്രഖ്യാപനമായാണ് ഇതിന് ലോകം വിലയിരുത്തുന്നത്. ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടി (സിപിസി) കേന്ദ്ര കമ്മിറ്റിയുടെ ജനറൽ സെക്രട്ടറിയും സെൻട്രൽ മിലിട്ടറി കമ്മിഷൻ (സിഎംസി) ചെയർമാനുമായ ഷി ചിൻപിങ്, സെൻട്രൽ മിലിട്ടറി കമ്മിഷന്റെ അംഗങ്ങളുമായി സംസാരിക്കുമ്പോഴാണ് ഇക്കാര്യം ആവശ്യപ്പെട്ടതെന്ന് ചൈനീസ് ദേശീയ മാധ്യമമായ സിൻഹുവായെ ഉദ്ധരിച്ച് പുറത്തുവന്ന റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

ചൈനീസ് പ്രസിഡന്റ്, പാർട്ടി ജനറൽ സെക്രട്ടറി സ്ഥാനങ്ങളിൽ രണ്ടാമൂഴത്തിന് അവസരം ലഭിച്ച ഷി ചിൻപിങ് തന്നെയാണ് ചൈനീസ് സായുധസംഘത്തിന്റെ തലവനും. ചൈനീസ് സൈന്യത്തിലെ ഉന്നത ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തിക്കൊണ്ടാണ് പ്രസിഡന്റ് പദവിയിലെ രണ്ടാമൂഴത്തിന് ഷി ചിൻപിങ് തുടക്കമിട്ടത്. പുതിയ സാഹചര്യത്തിൽ, രാജ്യസുരക്ഷയുടെ കാര്യത്തിലും മറ്റു രാജ്യങ്ങളുമായുള്ള ബന്ധത്തിന്റെ കാര്യത്തിലും ചൈനയുടെ നിലപാടു മാറ്റമാണോ ഷി ചിൻപിങ്ങിന്റെ പ്രഖ്യാപനത്തിലുള്ളതെന്നാണ് വിലയിരുത്തൽ. എന്നാൽ വെല്ലുവിളികളെ നേരിടാനുള്ള കരുത്ത് അമേരിക്കയ്ക്കുണ്ടെന്ന് തന്നെയാണ് ട്രംപ് ഭരണകൂടത്തിന്റെ നിലപാടും.

ഈ ഭീഷണിയെ അമേരിക്കയും ഗൗരവത്തോടെ എടുക്കുന്നു. ഉത്തര കൊറിയയുടെ ആണവ ഇടപെടൽ അംഗീകരിക്കില്ലെന്ന് തന്നെയാണ് അമേരിക്കയുടെ പക്ഷം. ഇതിന് തിരിച്ചടി കൊടുക്കും. ചൈനയെത്തിയാലും വെറുതെ വിടില്ല. ഇന്ത്യയുടേയും ജപ്പാന്റേയും പിന്തുണ ഇക്കാര്യത്തിൽ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രതീക്ഷിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ഏഷ്യയിൽ കാലുറപ്പിക്കാൻ ചൈനയുടെ ആവശ്യവുമില്ലെന്നാണ് ട്രംപിന്റെ പക്ഷം. ഈ നിലപാട് കൂടിയാകുമ്പോൾ ഉത്തരകൊറിയാ വിഷയത്തിൽ ലോക മഹായുദ്ധത്തിനുള്ള സാധ്യതയാണ് തെളിയുന്നത്. ഏതായാലും അമേരിക്കയ്‌ക്കെതിരെ നീങ്ങാൻ തന്നെയാണ് ചൈനയും ഒരുങ്ങുന്നത്.

ലോകത്തിലെ ഏറ്റവും വലിയ സൈനികവിഭാഗമായ പീപ്പിൾസ് ലിബറേഷൻ ആർമി(പിഎൽഎ)യുടെ ഉന്നതാധികാര സമിതിയാണ് സിഎംസി. ഏതാണ്ട് 23 ലക്ഷത്തോളം അംഗങ്ങളാണ് പിഎൽഎയിൽ ഉള്ളത്. ചൈനയുടെ അനിഷേധ്യ നേതാവായി ചിൻപിങ്ങിനെ വീണ്ടും പ്രതിഷ്ഠിച്ച് കമ്യൂണിസ്റ്റ് പാർട്ടി കോൺഗ്രസിന്റെ പത്തൊൻപതാം സമ്മേളനം അവസാനിച്ചതിനു ശേഷം ഇതു രണ്ടാം തവണയാണ് യുദ്ധസജ്ജരാകാൻ സൈന്യത്തിന് അദ്ദേഹം നിർദ്ദേശം നൽകുന്നത്. ചിൻപിങ്ങിന്റെ പേരും പ്രത്യയശാസ്ത്രവും ഉൾപ്പെടുത്തി ഭരണഘടന ഭേദഗതി ചെയ്യാൻ അനുമതി നൽകിയ പത്തൊൻപതാം പാർട്ടി കോൺഗ്രസ്, അദ്ദേഹത്തെ ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടി ജനറൽ സെക്രട്ടറിയായി വീണ്ടും തിരഞ്ഞെടുക്കുകയും ചെയ്തിരുന്നു.

അതുകൊണ്ട് തന്നെ കൂടുതൽ കരുത്തനാണ് പ്രസിഡന്റിപ്പോൾ. ഷി ചിൻപിങ്ങിനെ പാർട്ടി സ്ഥാപകൻ മാവോ സെദുങ്ങിനും മറ്റൊരു പ്രമുഖ നേതാവ് ഡെങ് സിയാവോ പിങ്ങിനും തുല്യം ആദരണീയനാക്കി മാറ്റുന്നതാണു ഭരണഘടനാ ഭേദഗതി. മാവോയുടെയും ഡെങ്ങിന്റെയും പേരുകൾ മാത്രമായിരുന്നു ഇതുവരെ ഭരണഘടനയിലുണ്ടായിരുന്നത്. മുൻ നേതാക്കളായ ഹു ജിന്റാവോയുടെയും ജിയാങ് സെമിന്റെയും ദർശനങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ടെങ്കിലും ഇവരുടെ പേരു ഭരണഘടനയിലില്ല. പുതിയ ഭേദഗതിയോടെ, ഷി ചിൻപിങ്ങിനെതിരായ ഏതു നീക്കവും ഇനി പാർട്ടിക്കു നേരെയുള്ള ഭീഷണിയായി വിലയിരുത്തും. ഷിയുടെ രാഷ്ട്രീയ പ്രത്യയശാസ്ത്രം ചൈനയിലെ സ്‌കൂൾ പാഠ്യപദ്ധതിയുടെ ഭാഗമാക്കും.

അധികാരത്തിലേറിയ ശേഷമുള്ള ആദ്യ ഏഷ്യൻ സന്ദർശനത്തിനായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് യാത്ര തിരിക്കുമ്പോഴാണ് ചൈനയുടെ പുതിയ പ്രഖ്യാപനം. ട്രംപിന്റെ സന്ദർശനം സഖ്യകക്ഷി ബന്ധത്തെ ശക്തിപ്പെടുത്തുമെന്നും പുതിയ സഖ്യകക്ഷി ബന്ധം ഉണ്ടാക്കുമെന്നും ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ലഫ്. ജന. എച്ച്.ആർ. മക്മാസ്റ്റർ പറഞ്ഞു. 12 ദിവസം നീണ്ടുനിൽക്കുന്നതാണ് വിവിധ ഏഷ്യൻ രാജ്യങ്ങളിൽ ട്രംപ് നടത്തുന്ന സന്ദർശനം. ജപ്പാൻ, ദക്ഷിണ കൊറിയ, ചൈന, വിയറ്റ്‌നാം, ഫിലിപ്പീൻസ് എന്നീ രാജ്യങ്ങൾ ട്രംപ് സന്ദർശിക്കും.

യുഎസ് പ്രസിഡന്റ് പദവിയിലെത്തിയ ശേഷമുള്ള ട്രംപിന്റെ ആദ്യ ദീർഘദൂര യാത്ര മാത്രമല്ല ഇത്, 25 വർഷത്തിനിടയ്ക്ക് ഒരു യുഎസ് പ്രസിഡന്റ് ആദ്യമായാണ് ഇത്രയും ദിവസം നീണ്ടുനിൽക്കുന്ന ഏഷ്യൻ സന്ദർശനത്തിനിറങ്ങുന്നത്. ഇന്തോ പസഫിക് മേഖലയോട് അമേരിക്കയ്ക്കുള്ള പ്രതിജ്ഞാബദ്ധത ഊട്ടിയുറപ്പിക്കുകയുമാണ് സന്ദർശനത്തിന്റെ ലക്ഷ്യം. ഉത്തര കൊറിയയുടെ ആണവ ഭീഷണിയുൾപ്പെടെയുള്ള തന്ത്രപ്രധാനമായ വിഷയങ്ങളിൽ ട്രംപ് സജീവമായി ഇടപെട്ടിരുന്നു. അധികാരമേറ്റെടുത്തതിനു പിന്നാലെ ഇന്തോ പസഫിക് നേതാക്കളുമായി 43 ഫോൺ വിളികളാണ് ട്രംപ് നടത്തിയത്. ജപ്പാൻ, ദക്ഷിണ കൊറിയ, ചൈന, ഇന്ത്യ, ഓസ്‌ട്രേലിയ, മലേഷ്യ, വിയറ്റ്‌നാം, ഇന്തൊനീഷ്യ, സിംഗപ്പൂർ, തായ്ലൻഡ് എന്നീ രാജ്യങ്ങളിലെ തലവന്മാരെയാണ് ട്രംപ് ബന്ധപ്പെട്ടത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP