Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സിസ്റ്റർ റാണി മരിയ വധിക്കപ്പെട്ട സ്ഥലത്തെ സ്മൃതി മണ്ഡപത്തിൽ തിരിതെളിയിച്ച് മാപ്പു ചോദിച്ചു; ഘാതകനോടു ക്ഷമിച്ച വട്ടാലിൽ കുടുംബത്തിലെ അംഗമായി വാഴ്‌ത്തപ്പെട്ടവളായി പ്രഖ്യാപിച്ച ചടങ്ങിനും സാക്ഷിയായ സമന്ദർ സിങ്ങ്; പുല്ലുവഴിയിൽ നിന്നും ഉദിച്ചുയർന്ന കാരുണ്യത്തിന്റെ മാലാഖ ഇനി ദൈവതാരകം

സിസ്റ്റർ റാണി മരിയ വധിക്കപ്പെട്ട സ്ഥലത്തെ സ്മൃതി മണ്ഡപത്തിൽ തിരിതെളിയിച്ച് മാപ്പു ചോദിച്ചു; ഘാതകനോടു ക്ഷമിച്ച വട്ടാലിൽ കുടുംബത്തിലെ അംഗമായി വാഴ്‌ത്തപ്പെട്ടവളായി പ്രഖ്യാപിച്ച ചടങ്ങിനും സാക്ഷിയായ സമന്ദർ സിങ്ങ്; പുല്ലുവഴിയിൽ നിന്നും ഉദിച്ചുയർന്ന കാരുണ്യത്തിന്റെ മാലാഖ ഇനി ദൈവതാരകം

ഇൻഡോർ: സിസ്റ്റർ റാണി മരിയയെ വാഴ്‌ത്തപ്പെട്ടവളാക്കി പ്രഖ്യാപിച്ച ചടങ്ങ് ഇന്നലെയാണ് മധ്യപ്രദേശിലെ ഇൻഡോറിൽവെച്ച് നടന്നത്. പതിനായിരക്കണക്കിന് പേരെ സാക്ഷി നിർത്തിയാണ് കത്തോലിക്കാ സഭ റാണി മരിയയെ വാഴ്‌ത്തപ്പെട്ടവളാക്കി പ്രഖ്യാപിച്ചത്. ഈ ചടങ്ങിൽ സിസ്റ്റർ മരിയയുടെ ഘാതകനും സാക്ഷിയാകാൻ എത്തിയിരുന്നു. മരിയയെ വാഴ്‌ത്തപ്പെട്ടവളായി പ്രഖ്യാപിച്ച ചടങ്ങിനു ഘാതകൻ സമന്ദർ സിങ്ങാണ് എത്തിത്.

കഴിഞ്ഞദിവസം നച്ചൻബോറിൽ സിസ്റ്റർ റാണി മരിയ വധിക്കപ്പെട്ട സ്ഥലത്തെ സ്മൃതി മണ്ഡപത്തിൽ തിരിതെളിച്ചു മാപ്പു ചോദിച്ചിരുന്നു സമന്ദർ. സിസ്റ്റർ റാണി മരിയയുടെ സഹോദരങ്ങളായ സ്റ്റീഫൻ, ആനി പോൾ, വർഗീസ്, സിസ്റ്റർ സെൽമി പോൾ, തെരേസ തോമസ്, ലൂസി പീറ്റർ എന്നിവർക്കൊപ്പമിരുന്നാണു സമന്ദർ ചടങ്ങ് വീക്ഷിച്ചത്. ഘാതകനോടു ക്ഷമിച്ച വട്ടാലിൽ കുടുംബം, അയാളെ സഹോദരനായി സ്വീകരിച്ചിരുന്നു.

എല്ലാ വർഷവും രക്ഷാബന്ധൻ ദിവസം സിസ്റ്റർ റാണി മരിയയുടെ സഹോദരി സിസ്റ്റർ സെൽമി സമന്ദറിനെ രാഖിയണിയിച്ച് സഹോദര ബന്ധം അരക്കിട്ടുറപ്പിക്കാറുണ്ട്. തന്നെ സന്ദർശിച്ച സമന്ദർ സിങ്ങിനെ അമ്മ ഏലീശ്വ സ്വീകരിച്ചതിനെക്കുറിച്ചു സഭാ രേഖകൾ പറയുന്നതിങ്ങനെ: ആ അമ്മ ഘാതകന്റെ കൈകളിൽ ചുംബിച്ചു. അവർ പറഞ്ഞു: ഈ കൈകളിൽ എന്റെ മകളുടെ രക്തമുണ്ട്. ഉപാധികളില്ലാതെ നിന്നോടു ഞാൻ ക്ഷമിക്കുന്നു. തന്നെ മകനായി സ്വീകരിച്ച അമ്മയുടെ മക്കൾക്കൊപ്പമിരിക്കുമ്പോൾ സമന്ദർ സിങ്ങിന്റെ കണ്ണുകൾ നിറയുന്നതു കണ്ടു; കഴിഞ്ഞദിവസം നച്ചൻബോറിലെ സ്മൃതിമണ്ഡപത്തിൽ മാപ്പിരക്കാനെത്തിയപ്പോൾ കണ്ടതുപോലെ. ഫാൻസിസ് മാർപാപ്പ കയ്യൊപ്പിട്ടു പുറപ്പെടുവിച്ച ലത്തീൻ പ്രഖ്യാപനത്തിന്റെ സ്വതന്ത്ര പരിഭാഷ.

ഇൻഡോർ ബിഷപ് ചാക്കോ തോട്ടുമാരിക്കലിന്റെയും മറ്റ് അനേകം സഹോദരങ്ങളുടെയും ഒട്ടേറെ ക്രൈസ്തവ വിശ്വാസികളുടെയും വിശുദ്ധഗണ വിഭാഗത്തിന്റെയും അഭിപ്രായം സ്വീകരിക്കുന്നു. ഫ്രാൻസിസ്‌കൻ ക്ലാരിസ്റ്റ് സഭാംഗവും ദൈവദാസിയും കന്യകയും രക്തസാക്ഷിയുമായ റജീന മരിയ വട്ടാലിൽ ഇനി വാഴ്‌ത്തപ്പെട്ടവളെന്നു വിളിക്കപ്പെടും. പാവപ്പെട്ടവരിലും അധഃസ്ഥിതരിലും പീഡിതനായ ക്രിസ്തുവിന്റെ മുഖം അവർ കണ്ടു. അവനു വേണ്ടി രക്തം ചിന്തത്തക്കവിധം അവരെ സ്‌നേഹിച്ചു. റജീന മരിയ സ്വർഗത്തിലേക്കു വിളിക്കപ്പെട്ട ഫെബ്രുവരി 25, എല്ലാ വർഷവും സഭാ നിയമപ്രകാരം പുണ്യദിനമായി ആചരിക്കപ്പെടട്ടെ.

റാണി മരിയയെ വാഴ്‌ത്തപ്പെട്ടവളാക്കി പ്രഖ്യാപിച്ചു കൊണ്ടുള്ള വത്തിക്കാനിൽ നിനന്ുള്ള പ്രഖ്യാപനം ഇങ്ങനെയാണ്: സിസ്റ്റർ റാണി മരിയയുടെ സവിശേഷ തിരുശേഷിപ്പ് കുത്തേറ്റു മുറിഞ്ഞ വാരിയെല്ലാണ്. ഇതു ഫ്രാൻസിസ്‌കൻ ക്ലാരിസ്റ്റ് സമൂഹത്തിന്റെ ആലുവ ജനറലേറ്റിലാണു സൂക്ഷിക്കുക. പ്രഖ്യാപനച്ചടങ്ങുകൾക്കിടെ വേദിയിൽ മുഖ്യസ്ഥാനത്തു പ്രതിഷ്ഠിച്ചിരുന്നതും ഇതാണ്. സിസ്റ്റർ റാണി മരിയയുടേതെന്നു രേഖപ്പെടുത്തിയ മറ്റു തിരുശേഷിപ്പുകളടങ്ങിയ പേടകം എഫ്‌സിസി സുപ്പീരിയർ ജനറൽ സിസ്റ്റർ ആൻ ജോസഫ്, സിസ്റ്റർ സ്റ്റാർലി എന്നിവർ ചേർന്ന് കർദിനാൾമാരായ മാർ ജോർജ് ആലഞ്ചേരിക്കും മാർ ബസേലിയോസ് ക്ലീമീസ് കാതോലിക്കാബാവായ്ക്കും കൈമാറി. അതു സഭാ നേതൃത്വം വിവിധ പള്ളികൾക്കു കൈമാറുമെന്നു നാമകരണ പ്രക്രിയയിൽ എഫ്‌സിസി കൂട്ടായ്മയുടെ ഔദ്യോഗിക പ്രതിനിധിയായ (എക്‌സ്റ്റേണൽ കൊലാബറേറ്റർ) സിസ്റ്റർ ബിൻസി തെരേസ് പറഞ്ഞു.

സിസ്റ്റർ റാണി മരിയയുടെ ഘാതകനോടു ക്ഷമിക്കാൻ കുടുംബാംഗങ്ങളെ പ്രേരിപ്പിച്ചതു സ്വാമി ദയാനന്ദാണ്. സ്വാമിയച്ചൻ എന്നറിയപ്പെട്ട സ്വാമി ദയാനന്ദ് ജയിൽ സേവന പ്രസ്ഥാനത്തിൽ അംഗമായിരുന്നു. സ്വാമിയച്ചന്റെ പ്രേരണയിലാണ് സിസ്റ്റർ സെൽമി ജയിലിൽ സമന്ദർ സിങ്ങിനെ സന്ദർശിച്ചത്. പെരുമ്പാവൂർ പുല്ലുവഴി സ്വദേശിനിയാണ് സിസ്റ്റർ റാണി മരിയ. സെൽമിയെന്ന അഞ്ചാം ക്ലാസുകാരിയെ ആത്മീയതയുടെ വഴിയിലേക്കു നടത്തുകയായിരുന്നു ചേച്ചി സിസ്റ്റർ റാണി മരിയ. മൂന്നു വർഷത്തിലൊരിക്കൽ പുല്ലുവഴിയിലെ വീട്ടിൽ വരുമ്പോൾ സംസാരിക്കുന്നതത്രയും മധ്യപ്രദേശിലെ ആദിവാസികൾക്കിടയിൽ നടത്തുന്ന സേവനത്തെക്കുറിച്ചായിരുന്നു എന്ന് സെൽമി ഇപ്പോഴും ഓർക്കുന്നു. മൂന്നു വർഷത്തിലൊരിക്കൽ സിസ്റ്റർ അവധിയെടുത്തു വരുമ്പോൾ ഒന്നോ രണ്ടോ പകൽ മാത്രമേ സ്വന്തം വീട്ടിൽ നിൽക്കാൻ അനുവാദമുള്ളൂ.

സഭാ സമൂഹത്തിൽ സിസ്റ്റർ സെൽമി അറിയപ്പെടുന്നതു സഹോദരിയുടെ ഘാതകനു മാപ്പുനൽകിയ സഹോദരിയായാണ്. സഹോദരിക്കുമേൽ 54 വെട്ടുകളേൽപിച്ച സമന്ദർ സിങ്ങിനെത്തേടി ജയിലിലെത്തിയ സെൽമി കൈത്തണ്ടയിൽ രക്ഷയുടെ രാഖി കെട്ടി. ക്ഷമിക്കുന്ന സ്‌നേഹത്തിന്റെ ആ സന്ദേശം, ജയിലറകളും അതിരുകളും കടന്നു; ഇരുളിൽ തിരിനാളമായി. സെൽമി മാത്രമല്ല, മാതാപിതാക്കളായ പൈലിയും ഏലീശ്വയും ഉൾപ്പെടെ കുടുംബാംഗങ്ങളെല്ലാം സമന്ദറിനോടു ക്ഷമിച്ചു. അക്കാര്യം സമന്ദറിനെ ബോധ്യപ്പെടുത്താൻ അന്നത്തെ ബിഷപ് ജോർജ് ആനാത്തിലിന് അത്യധ്വാനം വേണ്ടിവന്നു.

ക്ഷമിക്കപ്പെടാൻ താൻ ഒന്നും ചെയ്തിട്ടില്ലെന്ന് അയാൾ ആവർത്തിച്ചുകൊണ്ടിരുന്നു. സഭയും കുടുംബാംഗങ്ങളും നൽകിയ അപേക്ഷ പരിഗണിച്ചു ശിക്ഷാ കാലാവധി ഇളവുചെയ്തു സർക്കാർ സമന്ദറിനെ വിട്ടയയ്ക്കുകയായിരുന്നു. ചിരിച്ചുമാത്രം കാണുന്ന റാണി മരിയയുടെ മുഖത്തു ചില ദിനങ്ങളിൽ വിഷാദത്തിന്റെ പുക പടരും. കൂടെയുള്ളവർക്ക് അതിന്റെ കാരണമറിയാം. ഈശ്വരനന്മയെക്കുറിച്ചു തനിക്കു പറയാനാവാതെപോകുന്ന ദിവസങ്ങളിലാണത്. മിഷനറി പ്രവർത്തനം മതംമാറ്റമല്ലെന്നു റാണി മരിയ വിശ്വസിച്ചിരുന്നു.

സഹോദരിയുടെ കത്തുകൾ എവിടെയെന്നു ചോദിക്കുമ്പോൾ സിസ്റ്റർ സെൽമിയുടെ മുഖത്തു നഷ്ടബോധം തെളിയും. വാഴ്‌ത്തപ്പെടുന്ന സഹോദരി സ്‌നേഹപൂർവം അയച്ച കത്തുകളൊന്നും താൻ സൂക്ഷിച്ചുവച്ചിട്ടില്ല! കാരണം, അന്നു മരണത്തിനുള്ള ഒരുക്കത്തിനിടെ അതു ശ്രദ്ധിച്ചില്ല. എന്നാൽ, സെൽമിയുടെ മറുപടിക്കത്തുകളൊക്കെ സിസ്റ്റർ റാണി മരിയ ഭദ്രമായിത്തന്നെ വച്ചു. മരണം തന്നെ പിടികൂടുമെന്നു കരുതിയിരിക്കുമ്പോഴാണു ഉദയ്‌നഗറിൽ നിന്നു റാണി മരിയയുടെ ദാരുണ കൊലപാതകത്തിന്റെ വാർത്തയെത്തുന്നത്. രോഗങ്ങളും പീഡകളുമില്ലാതിരുന്ന സഹോദരി രക്തസാക്ഷിയായി. രോഗപീഡകളാൽ വലഞ്ഞയാൾ രോഗവിമുക്തയും. ദൈവികപദ്ധതി വ്യത്യസ്തമാണെന്നു സെൽമി തിരിച്ചറിഞ്ഞു.

രോഗവിമുക്തയായ സെൽമി, ഇപ്പോൾ സഹോദരിയിലൂടെ ദൈവം കാട്ടിയ മഹത്വത്തെക്കുറിച്ചു പറയുന്നു: തനിക്കു മേൽ ദൈവം അദ്ഭുതം പ്രവർത്തിച്ചത് ഒരുപക്ഷേ, ആ നിയോഗത്തിനു വേണ്ടിയാണ്. ലവട്ടം ഉദയ്‌നഗറിൽ സേവനം ചെയ്ത സിസ്റ്റർ സെൽമി ഇപ്പോൾ വീണ്ടും ഉദയ്‌നഗറിലുണ്ട്. നാമകരണ പ്രവർത്തനങ്ങളുടെ ഭാഗമായി ഫ്രാൻസിസ്‌കൻ ക്ലാരിസ്റ്റ് സഭാസമൂഹം അവരെ വീണ്ടും ഇവിടേക്കു നിയോഗിക്കുകയായിരുന്നു.

ഇപ്പോൾ ഉദയ്‌നഗർ പള്ളിയിൽ വാഴ്‌ത്തപ്പെടുന്ന സഹോദരിയുടെ ജീവിതകഥ പറയുന്ന ചിത്രങ്ങളിലൂടെ കണ്ണോടിക്കുകയാണു സിസ്റ്റർ സെൽമി. താങ്ങാനാവാത്ത വേർപാടിന്റെ നൊമ്പരത്തിലേക്കു കൂട്ടിക്കൊണ്ടുപോകുന്ന ചിത്രങ്ങളിലൂടെ സഞ്ചരിക്കുമ്പോൾ അവരുടെ മുഖം പ്രശാന്തമാണ്. കണ്ണുകളിൽ പ്രകാശമാണ്. ഇൻഡോറിനടുത്ത് ഉദയ്‌നഗറായിരുന്നു സിസ്റ്റർ റാണി മരിയയുടെ പ്രവർത്തന കേന്ദ്രം. അവർ രക്തസാക്ഷിത്വം വരിച്ചശേഷം ഭൗതികശരീരം ഭോപ്പാലിലേക്കു കൊണ്ടുപോകാനായിരുന്നു ഫ്രാൻസിസ്‌കൻ ക്ലാരിസ്റ്റ് സമൂഹത്തിന്റെ ആദ്യ തീരുമാനം.

എന്നാൽ, ആർക്കു വേണ്ടി മരിച്ചോ, അവരുടെ നാട്ടിൽ റാണി മരിയ അന്ത്യവിശ്രമം കൊള്ളട്ടെയെന്നു ബിഷപ് ജോർജ് ആനാത്തിൽ പറഞ്ഞത് സന്യാസിനി സമൂഹം അംഗീകരിക്കുകയായിരുന്നു. പിൽക്കാലത്ത്, എല്ലാവരുടെയും പ്രതീക്ഷാകേന്ദ്രമായി, ആ കബറിടം. ഉദയ്‌നഗറിൽ സിസ്റ്റർ റാണി മരിയയുടെ രണ്ടു കബറിടങ്ങളുണ്ട്. ഒന്ന് അവരുടെ ശരീരം ആദ്യം അടക്കം ചെയ്ത സ്ഥലമാണ്. നാമകരണ നടപടികളുടെ ഭാഗമായി കഴിഞ്ഞ വർഷം നവംബർ 18ന് ശരീരം അവിടെ നിന്നു പുറത്തെടുത്തു. ഇപ്പോൾ ഭൗതികാവശിഷ്ടങ്ങൾ സൂക്ഷിച്ചിരിക്കുന്നത് തൊട്ടടുത്ത ദേവാലയത്തിൽ പ്രത്യേകം തയാറാക്കിയ കബറിടത്തിലാണ്.

 

സാധാരണ, ആദിവാസികളും നാട്ടുകാരും കബറിടങ്ങളിൽ നിന്ന് അകന്നുനിൽക്കും. എന്നാൽ, സഭയുടെ സ്‌കൂളുകളിൽ പഠിച്ചുവളർന്ന ആദിവാസി കുട്ടികൾ റാണി മരിയയുടെ കബറിടത്തിൽ പ്രാർത്ഥിക്കാൻ എത്തിത്തുടങ്ങി. ഇതോടെ, നാട്ടുകാരും മുതിർന്നവരും കബറിൽ പ്രാർത്ഥിക്കാനെത്തി. വിശുദ്ധ പദവിയിലേക്കുള്ള ഈ ഘട്ടത്തിൽ വിശദീകരിക്കാനാവാത്ത അദ്ഭുതങ്ങൾ സംഭവിക്കണമെന്നു സഭ അനുശാസിക്കുന്നില്ല.എങ്കിലും റാണി മരിയയോടുള്ള പ്രാർത്ഥനകൊണ്ടു ലഭിച്ച അനുഗ്രഹങ്ങൾ സാക്ഷ്യപ്പെടുത്തുന്നവർ പലരുണ്ട്.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP