Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

വാഴ്‌ത്തപ്പെട്ടവളായില്ലെങ്കിലും റാണി മരിയ സിസ്റ്ററിനെ എനിക്കിഷ്ടമാണ്; സിസ്റ്റർ റാണി മരിയയെ എന്തിനു ബഹുമാനിക്കണം...? ഒരു സാധാരണ ക്രിസ്ത്യാനിയുടെ ചില ചിന്തകൾ

വാഴ്‌ത്തപ്പെട്ടവളായില്ലെങ്കിലും റാണി മരിയ സിസ്റ്ററിനെ എനിക്കിഷ്ടമാണ്; സിസ്റ്റർ റാണി മരിയയെ എന്തിനു ബഹുമാനിക്കണം...? ഒരു സാധാരണ ക്രിസ്ത്യാനിയുടെ ചില ചിന്തകൾ

സോണി ജോസഫ്

റാണി മരിയ സിസ്റ്ററിനെ കത്തോലിക്കാ സഭ വാഴ്‌ത്തപ്പെട്ടവളായി പ്രഖ്യാപിച്ചു. ഉള്ളത് പറയാമല്ലോ.. ഒരത്ഭുതവും ഇക്കുറിയും സംഭവിച്ചില്ല.. സഭയെ കുറ്റപ്പെടുത്താൻ ഒരു കാരണം നോക്കി കഴിയുന്ന സ്ഥിരം പ്രതിഷേധ തൊഴിലാളികൾ ഇക്കുറിയും പതിവുപോലെ രംഗത്ത് വന്നു കഴിഞ്ഞു... സഭയിലെ കച്ചവടവൽക്കരണം മറ്റു മൂല്യച്യുതികൾ എന്നിങ്ങനെ പലവിധ വികാരങ്ങൾ ഉണർന്ന അവർ സോഷ്യൽ മീഡിയയിലും അല്ലാതെയും ചങ്കുപൊട്ടി കരച്ചിൽ തുടങ്ങിക്കഴിഞ്ഞു.

സാധാരണ ഏതെങ്കിലും പീഡന കേസുകളിൽ ചില തലതിരിഞ്ഞ ഒറ്റയാൻ വൈദികരോ പാസ്റ്റർമാരോ കുടുങ്ങുമ്പോളാണ് ഈ ആത്മരോഷം അണപൊട്ടിയൊഴുകുന്നത്.. (അക്കൂട്ടരിൽ ഞാനും ഉൾപ്പെടും എന്നത് മറ്റൊരു സത്യം). പക്ഷെ ഇപ്പോൾ സംഭവിക്കുന്നത് മറ്റൊന്നാണ്.. അതുകൊണ്ടാണ് എനിക്കവരോട് വിയോജിക്കേണ്ടിവരുന്നത്.

എന്തിനാണ് മധ്യപ്രദേശിലെ നച്ചൻബോർ എന്ന ഒരു ആദിവാസിഗ്രാമത്തിൽ ഒരു ഗുണ്ടയുടെ 54 കുത്തുകൊണ്ടു മരിച്ച പെരുമ്പാവൂരുകാരി കന്യാസ്ത്രീയെ വാഴ്‌ത്തപ്പെട്ടവൾ ആക്കി പ്രഖ്യാപിക്കാൻ സഭ വെമ്പൽ കൊള്ളുന്നത് എന്നതാണ് ഇക്കൂട്ടരുടെ ചോദ്യം? സാധാരണയായി മരണശേഷം എന്തെങ്കിലും അത്ഭുതങ്ങൾ സംഭവിച്ചതായി തെളിയിക്കപ്പെടുമ്പോഴാണ് ഇത്തരണം നാമകരണ ചടങ്ങുകൾ നടത്തുക..

സിസ്റ്റർ റാണി മരിയ എന്തെങ്കിലും അത്ഭുതം ചെയ്തിട്ടുണ്ടോ? ഇല്ലെങ്കിൽ പിന്നെന്തിനാണ് ഈ നടപടിക്ക് സഭ മുതിരുന്നത്? അവരുടെ കുഴിമാടം ഉയർത്തിക്കാട്ടി മറ്റൊരു കച്ചവടതന്ത്രം മെനയുകയല്ലേ സഭാധികാരികൾ? തികച്ചും ന്യായമായ ചോദ്യങ്ങൾ..

ഇനി ഞാൻ പറയട്ടെ... ലോകത്തിൽ എവിടെ ജീവിച്ചിരുന്നാലും, ഏതു മതത്തിൽ പെട്ടവളായാലും റാണി മരിയയെപോലുള്ള വ്യക്തികളെ നാം ആദരിക്കണം...

കാരണം ഒന്ന്: ഈ നൂറ്റാണ്ടിലെ ഏറ്റവും വലിയ അത്ഭുതങ്ങളിലൊന്നാണ് ദാരുണമായ ആ കൊലപാതകത്തിന് ശേഷം നടന്നത്.ക്ഷമ എന്ന വലിയ അത്ഭുതം..

ശക്തരിൽ ശക്തരായ ലോക നേതാക്കൾക്കും, പുണ്യജീവിത പാതയിൽ ജീവിച്ചുകൊണ്ട് നല്ല മാതൃക കാട്ടാൻ കടപ്പെട്ടവരായ മത മേലദ്ധ്യക്ഷ്യന്മാർക്കും, സാധാരണക്കാരായ നമ്മെ പോലുള്ളവർക്കും ഇന്നില്ലാതെ പോയ ക്ഷമ എന്ന വലിയ ശക്തി ഇരുപത്തിമൂന്നു വർഷങ്ങൾക്കു മുൻപ് അപ്രതീക്ഷിതമായി മരണത്തിന്റെ കരവലയത്തിൽ കുടുങ്ങിയ റാണി മരിയയ്ക്കുണ്ടായിരുന്നു.

പിച്ചാത്തിയുമായി തന്നെ കാത്തുനിന്ന, കാട്ടാളന്റെ ശക്തിയുള്ള സമന്ദർ സിങ് എന്ന താക്കൂറിനെ നേരിടാനുള്ള ശാരീരിക ശക്തി അപ്പോൾ ആ പാവത്തിനില്ലായിരുന്നു. പക്ഷെ ഏതു കാട്ടാളനെയും കുഞ്ഞാടാക്കി മാറ്റുന്ന ക്ഷമ എന്ന വലിയ ശക്തി അവൾക്കുണ്ടായിരുന്നു.

ഓടിക്കൊണ്ടിരുന്ന ബസിൽ നിന്നും കുത്തിവീഴ്‌ത്തി വഴിയിലേക്ക് വലിച്ചിറക്കി നെഞ്ചിൻ കൂട്ടിലൂടെ അറവുകത്തി ഹൃദയത്തിലേക്ക് കുത്തിയിറക്കിയ അജ്ഞാതനെ നോക്കി ക്ഷമയോടെ പുഞ്ചിരിച്ചു കൊണ്ട് മരണത്തിലേക്ക് കൂപ്പുകുത്തിയ ഒരു പാവം സ്ത്രീ യാണ് റാണി മരിയ.

സ്വന്തം കൂടപ്പിറപ്പിന്റെ മരണത്തിനുത്തരവാദിയെ തനിക്കു ജനിക്കാതെപോയ സഹോദരനെപോലെ സ്വീകരിച്ചു ക്ഷമിച്ച, ഇപ്പോഴും ജീവിച്ചിരിക്കുന്ന ഒരു സഹോദരിയെ ലോകത്തിനു മുൻപിൽ കാട്ടിക്കൊടുത്തുകൊണ്ടാണ് റാണി മരിയ കടന്നു പോയത്.

വികാരത്തള്ളലിന്റെ വിറകളില്ലാതെ, സ്‌നേഹത്തിന്റെ ദൃഢതയിൽ രണ്ടു കരങ്ങളും നീട്ടി തങ്ങളുടെ പൊന്നോമന മകളുടെ ഘാതകനെ ആലിംഗനം ചെയ്ത സ്വന്തം മാതാപിതാക്കളെ ലോകത്തിലെ എല്ലാ മനുഷ്യർക്കും മാതൃകയായി സമ്മാനിച്ചവളാണ് റാണി മരിയ.സമന്ദർ സിംഗിന്റെ ഇപ്പോഴുള്ള ജീവിതമാണ് ക്ഷമ എന്ന പുണ്യത്തിന്റെ ഏറ്റവും വലിയ വിജയം. അതിലും വലിയ ഒരത്ഭുതവും ഒരു വിശുദ്ധനും നടത്തിയിട്ടില്ല.

കാരണം രണ്ട്: മതപരിവർത്തനം നടത്താതെ മറ്റുള്ളവർക്ക് സേവനം ചെയാം എന്ന് കാട്ടിത്തന്ന ഒരത്ഭുത വനിതയാണ് റാണി മരിയ. മറ്റൊരു വാക്കിൽ പറഞ്ഞാൽ കച്ചവട താൽപ്പര്യം കൂടാതെ മത ജീവിതവും മനുഷ്യസ്‌നേഹവും ഒരുമിച്ചു കൊണ്ടുപോയ മഹതി. തങ്ങളുടെ പള്ളികളിൽ ആരാധനക്ക് വന്നാൽ വരുന്നവർക്കെല്ലാം അരിയും ഗോതമ്പും, പരിപ്പും, എണ്ണയും തുണിയും തുടങ്ങി ഒരു മനുഷ്യനാവശ്യമുള്ള അടിസ്ഥാന കാര്യങ്ങൾ കിഴികളിലാക്കി കൊടുത്തു ആളുകളെ കൂട്ടുന്ന വടക്കേ ഇന്ത്യയിലെ കള്ള പാസ്റ്റർമാർക്കും മറ്റു മതപരിവർത്തന തൊഴിലാളികൾക്കും ഒപ്പം കൂടാതെ പാവങ്ങളെ അവരുടെ ദുരിതപൂർണ്ണമായ ജീവിതാവസ്ഥയിൽ നിന്നും ഉയർത്തുവാൻ, അവരെ ചൂഷണം ചെയുന്ന ജമീന്ദാർമാരെയും വെട്ടിപ്പലിശക്കാരെയും എതിർത്ത ധീരയായ ഒരു സാമൂഹിക പ്രവർത്തക ആയിട്ടാണ് നാം റാണി മരിയ സിസ്റ്ററിനെ കാണേണ്ടത്. ഒരിക്കലും അവർ മതപരിവർത്തനം നടത്തിയിട്ടില്ല, അതിനാഹ്വാനം ചെയ്തിട്ടില്ല എന്ന് അനുഭവസ്ഥർ സാക്ഷ്യം നൽകിയിട്ടുണ്ട്. എന്നിട്ടും ആ പാവത്തിനെ തേടി ഒരു കശാപ്പുകാരനെ കൂട്ടുപിടിച്ച് സാമൂഹിക ദ്രോഹികൾ പതിയിരുന്നു.

നിസ്വാർത്ഥമായ രീതിയിൽ ജീവിച്ചു മറ്റുള്ളവർക്ക് നന്മ്മ ചെയ്തു ജീവിക്കുന്നവർക്ക് ഇക്കാലത്ത് ലോകത്തെവിടെയും നേരിടേണ്ടി വരുന്ന അനിവാര്യമായ ദുരന്തങ്ങളിലൊന്ന് റാണി മരിയയെയും തേടി എത്തി...

രക്തസാക്ഷിത്വം വരിച്ചില്ലെങ്കിലും ഇന്നോളം ജീവിച്ചു മരിച്ചവരും, ഇപ്പോഴും ലോകത്തിന്റെ അജ്ഞാത കോണുകളിൽ ജീവിക്കുന്നവരും ആയ എല്ലാ റാണി മരിയ മാർക്കും ഉള്ള അംഗീകാരം എന്ന നിലയിൽമാത്രമേ സിസ്റ്റർ റാണി മരിയക്ക് ലഭിച്ച ഈ പ്രേത്യേക പദവിയെ കാണാനാകൂ...

(അനുബന്ധം: റാണി മരിയ സിസ്റ്ററുടെ ശവകുടീരം ഒരു തീർത്ഥാടന കേന്ദ്രമായി അധികം വൈകാതെ മാറും.. ആളുകൾ അവിടെവന്നു നേർച്ചപ്പണം ഇടും.. ഇടരുതെന്നു എഴുതി വച്ചാലും ആളുകൾ പണവും സ്വർണ്ണവും തേങ്ങയും പഴക്കുലകളും ഒക്കെ സമർപ്പിക്കും.. അതവരുടെ ബഹുമാനപ്രകടന രീതികളാണ്.. ഇഷ്ടമുള്ളവരെ കാണാൻ പോകുമ്പോൾ എല്ലാവരും തങ്ങളാലാവും വിധം ഉപഹാരങ്ങൾ കൊണ്ടുപോകുന്നപോലെ മാത്രം അതിനെ കണ്ടാൽ മതി..

പക്ഷെ.. ഇങ്ങനെ കിട്ടുന്ന ഓരോ നാണയത്തുട്ടുകളും ധാന്യമണികളും, റാണി മരിയ സിസ്റ്റർ ആർക്കു വേണ്ടി ജീവിച്ചു പോരാടി മരിച്ചുവോ.. ആ പാവങ്ങളുടെ ഉന്നമനത്തിനായി വിനിയോഗിക്കേണ്ട കടമ സഭയുടേതാണ്...

കാരണം കാറൽ മർകസുപോലും അംഗീകരിച്ച ലോകത്തിലെ ആദ്യത്തെ വിപ്ലവകാരി പറഞ്ഞ ഒരു കാര്യമുണ്ട്..

'നിങ്ങൾ ഈ പാവങ്ങളിൽ ഒരുവന് ചെയുമ്പോൾ...' എന്ന് തുടങ്ങുന്ന ഒരു വിപ്ലവ വാക്യം.

ആ വിപ്ലവകാരിയെ അന്ധമായി അനുകരിച്ചത്തിന്റെ പേരിൽ ഉരുവാക്കപ്പെട്ട ഒരു രക്തസാക്ഷിയാണ് ഈ പാവം പെരുമ്പാവൂരുകാരി)

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP