Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

മന്ത്രിക്ക് പ്രത്യേക പരിഗണനയോ? സാധാരണക്കാർ ഭൂമി കൈയേറിയാലും ഇതാണോ നിലപാട്? പാവപ്പെട്ടവന്റെ കൈയേറ്റം ബുൾഡോസർ കൊണ്ട് ഒഴിപ്പിക്കില്ലേ? മന്ത്രി തോമസ് ചാണ്ടിയുടെ കായൽ കൈയേറ്റത്തിൽ സർക്കാറിനെ വിമർശിച്ച് ഹൈക്കോടതി; ആലപ്പുഴ കലക്ടറുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ നടപടി എടുക്കാത്തതിൽ കോടതിക്ക് അമർഷം; ഏഷ്യാനെറ്റ് വാർത്തകൾക്ക് വഴങ്ങാതെ കോടതി പറയട്ടെ എന്ന നിലപാട് സ്വീകരിച്ച മുഖ്യമന്ത്രിയും ചാണ്ടിയെ കൈവിടുമോ?

മന്ത്രിക്ക്  പ്രത്യേക പരിഗണനയോ? സാധാരണക്കാർ ഭൂമി കൈയേറിയാലും ഇതാണോ നിലപാട്? പാവപ്പെട്ടവന്റെ കൈയേറ്റം ബുൾഡോസർ കൊണ്ട് ഒഴിപ്പിക്കില്ലേ? മന്ത്രി തോമസ് ചാണ്ടിയുടെ കായൽ കൈയേറ്റത്തിൽ സർക്കാറിനെ വിമർശിച്ച് ഹൈക്കോടതി; ആലപ്പുഴ കലക്ടറുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ നടപടി എടുക്കാത്തതിൽ കോടതിക്ക് അമർഷം; ഏഷ്യാനെറ്റ് വാർത്തകൾക്ക് വഴങ്ങാതെ കോടതി പറയട്ടെ എന്ന നിലപാട് സ്വീകരിച്ച മുഖ്യമന്ത്രിയും ചാണ്ടിയെ കൈവിടുമോ?

കൊച്ചി: മാർത്താണ്ഡം കായൽ കൈയേറിയ മന്ത്രി തോമസ് ചാണ്ടിയെ സംരക്ഷിക്കുന്ന സർക്കാറിനെ നിശിദമായി വിമർശിച്ച് ഹൈക്കോടതി. ഭൂമി കൈയേറ്റത്തിൽ മന്ത്രിക്ക് പ്രത്യേക പരിഗണനയാണോ എന്ന ചോദ്യമാണ് ഹൈക്കോടതി ചോദിച്ചത്. സാധാരണക്കാരൻ കൈയേറിയാൽ ഇതാണോ നിലപാടെന്നും ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ചോദിച്ചു. സർക്കാറിന് എന്തിനാണീ ഇരട്ടത്താപ്പെന്ന വിമർശനവും കോടതി ഉന്നയിച്ചു. പൊതുതാൽപ്പര്യം പരിഗണിച്ച് തൃശ്ശൂർ സ്വദേശി നൽകിയ ഹർജിയിലാണ് ഹൈക്കോടതിയുടെ വിമർശനങ്ങൾ.

ഹൈക്കോടതിയിൽ നിന്നുമുള്ള വാക്കാൽ പരാമർശം മാത്രമാണ് ഉണ്ടായിരിക്കുന്നത്. തോമസ് ചാണ്ടി കായൽ കൈയേറിയെന്ന് ആലപ്പുഴ ജില്ലാ കലക്ടർ നൽകിയ നടപടിയുടെ അടിസ്ഥാനത്തിൽ തുടർ നടപടി സ്വീകരിക്കണം എന്നതായിരുന്നു ഹർജിക്കാരന്റെ ആവശ്യം. ഈ ഹർജി പരിഗണിക്കവേയാണ് കോടതി സർക്കാറിനെതിരെ കടുത്ത വിമർശനം ഉന്നയിച്ചത്.

കഴിഞ്ഞ ദിവസം തോമസ് ചാണ്ടിക്കെതിരായ ഹർജി പരിഗണിക്കുന്നതിൽ നിന്നും ആക്ടിങ് ചീഫ് ജസ്റ്റിസ് ആന്റണി ഡൊമിനിക്കിന്റെ ബെഞ്ച് പിന്മാറിയിരുന്നു. ഇതേ തുടർന്ന് പുതിയ ബെഞ്ചാണ് ഇന്ന് വിഷയം പരിഗണിച്ചത്. ചീഫ് ജസ്റ്റിസായിരുന്ന നവനിതി പ്രസാദ് സിങ് വിരമിച്ചതിനെ തുടർന്ന് തിങ്കളാഴ്ചയാണ് കേരളാ ഹൈക്കോടതിയിലെ ഏറ്റവും മുതിർന്ന ജഡ്ജിയായ ആന്റണി ഡൊമനിക് ആക്ടിങ് ചീഫ് ജസ്റ്റിസിന്റെ ചുമതലയേറ്റത്.

മന്ത്രിയുടെ ഉടമസ്ഥതയിലുള്ള ടൂറിസം കമ്പനി മാർത്താണ്ഡം കായൽ കൈയേറിയ കേസാണ് ഹൈക്കോടതി പരിഗണിക്കുന്നത്. ഈ കേസിൽ ഇടക്കാല വിധി പറഞ്ഞ ഹൈക്കോടതി ബെഞ്ച് കമ്പനി, കായൽ കൈയേറ്റം നടത്തിയതിനെ രൂക്ഷമായി വിമർശിച്ചിരുന്നു. കായൽ കൈയേറിയത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് റവന്യൂ അധികൃതർ സ്റ്റോപ് മെമോ നൽകിയതായി സർക്കാർ ഹൈക്കോടതിയിൽ അറിയിച്ചിരുന്നു. സ്റ്റോപ് മെമോയിലെ നിർദേശങ്ങൾ പാലിക്കണമെന്ന് കോടതി നിർദേശിച്ചു. കായൽ കൈയേറുന്നതിന്റെ ഭാഗമായി, ഇവിടെ നിക്ഷേപിച്ച മണ്ണ് നീക്കം ചെയ്യണമെന്നും കോടതി ഉത്തരവിട്ടിരുന്നു.

പുതിയ ബെഞ്ച് കേസ് പരിഗണിച്ചപ്പോഴും നിശിദമായ വിമർശനം ഉണ്ടായതോടെ മന്ത്രിയെ സംരക്ഷിക്കാനുള്ള തീരുമാനത്തിൽ നിന്നും മുഖ്യമന്ത്രി പിണറായിയും കൂട്ടരും മാറുമോ എന്നാണ് ഇനി അറിയേണ്ടത്. ഏഷ്യാനെറ്റ് വാർത്തയുടെ അടിസ്ഥാനത്തിൽ തോമസ് ചാണ്ടി രാജിവെക്കേണ്ട എന്ന നിലപാടാണ് മുഖ്യമന്ത്രി ഇരുവരെ സ്വീകരിച്ചത്. കോടതിയിൽ നിന്നും തിരിച്ചടിയുണ്ടെങ്കിൽ മാത്രം രാജിയെന്നാണ് മുഖ്യമന്ത്രിയുടെ നിലപാട്. ഇപ്പോഴത്തെ കോടതി വിമർശനത്തിന്റെ പശ്ചാത്തലത്തിൽ മന്ത്രിയെ രാജിവെപ്പിക്കാൻ മുഖ്യമന്ത്രി തയ്യാറാകുമോ എന്നാണ് അറിയേണ്ടത്.

നേരത്തെ ആലപ്പുഴ കലക്ടർ ടി.വി. അനുപമയുടെ റിപ്പോർട്ട് തോമസ് ചാണ്ടിയെ പ്രതിക്കൂട്ടിൽ നിർത്തുന്നതായിരുന്നു. തോമസ് ചാണ്ടിയുടേതു കടുത്ത നിയമലംഘനമാണെന്നും റിപ്പോർട്ടിൽ പറയുന്നു. 2003നുശേഷം റിസോർട്ട് നിലനിൽക്കുന്ന ഭൂമിയുടെ രൂപത്തിൽ മാറ്റം വന്നു. നിലം നികത്തി, മറ്റൊരാളുടെ പേരിലാണെങ്കിലും അനുമതി വാങ്ങാതെ കമ്പനിയുടെ നിയന്ത്രണത്തിൽ പാർക്കിങ് ഗ്രൗണ്ട് നിർമ്മിച്ചു തുടങ്ങിയ കാര്യങ്ങളാണു കലക്ടറുടെ റിപ്പോർട്ടിലുള്ളത്. സർക്കാരിന്റെ ലാൻഡ് യൂട്ടിലൈസേഷൻ ഉത്തരവു കാറ്റിൽപ്പറത്തി ഉദ്യോഗസ്ഥ തലത്തിലും വീഴ്ചയുണ്ടായെന്നു കലക്ടറുടെ റിപ്പോർട്ടിൽ സൂചനയുണ്ട്.

റിസോർട്ടിനോടു ചേർന്നുള്ള വിവാദമായ പാർക്കിങ് ഗ്രൗണ്ട് ലീലാമ്മ ഈശോയുടെ പേരിലുള്ളതാണെന്നാണു തോമസ് ചാണ്ടിയുടെയും ലേക്ക് പാലസ് റിസോർട്ടിന്റെയും നിലപാട്. എന്നാൽ ലീലാമ്മ ഈശോയെന്നയാൾക്കു കമ്പനിയുമായി ബന്ധമുണ്ടെന്നു റിപ്പോർട്ടിൽ പരാമർശമുണ്ട്. ലീലാമ്മ ഈശോയിൽനിന്നു പാട്ടത്തിനെടുത്തിരിക്കുന്ന സ്ഥലമാണിതെന്നാണു തോമസ് ചാണ്ടിയുടെ നിലപാട്.

അനുമതിയില്ലാതെ നടത്തിയ നിർമ്മാണ പ്രവർത്തനങ്ങൾക്കു 2014ൽ റിസോർട്ട് അധികൃതർക്കു സ്റ്റോപ്പ് മെമോ നൽകിയിരുന്നു. അന്നൊന്നും സ്ഥലം ലീലാമ്മ ഈശോയുടെ പേരിലുള്ളതാണെന്ന അവകാശവാദം ഉയർന്നിരുന്നില്ല. വാട്ടർവേൾഡ് ടൂറിസം കമ്പനിയുടെ മാനേജിങ് ഡയറക്ടർക്കാണ് സ്റ്റോപ്പ് മെമോ നൽകിയത്. അതിൽ നിഷേധക്കുറിപ്പുപോലും നൽകാതിരുന്ന കമ്പനി ഇപ്പോഴാണു സ്ഥലം തങ്ങളുടേതല്ലെന്ന നിലപാടുമായി എത്തിയത്. എന്നാൽ കഴിഞ്ഞ കുറച്ചുവർഷങ്ങളായി പാർക്കിങ് ഗ്രൗണ്ടിൽ നടത്തുന്ന നിർമ്മാണപ്രവർത്തനങ്ങൾക്കു നേതൃത്വം നൽകുന്നതു വാട്ടർവേൾഡ് ടൂറിസം കമ്പനി നേരിട്ടാണെന്നും റിപ്പോർട്ടിൽ പറയുന്നു.

മാത്രമല്ല, വലിയകുളത്തുനിന്നു സീറോ ജെട്ടിയിലേക്കുള്ള റോഡിനെക്കുറിച്ചും റിപ്പോർട്ടിൽ എടുത്തുപറയുന്നുണ്ട്. 2013 മുതൽ നാലു ഘട്ടങ്ങളിലായി 690 മീറ്റർ നീളത്തിലാണു റോഡ് നിർമ്മിച്ചത്. പി.ജെ. കുര്യൻ, കെ.ഇ. ഇസ്മായിൽ എന്നിവരുടെ എംപി ഫണ്ടിൽനിന്നായിരുന്നു റോഡ് നിർമ്മാണത്തിന് ഫണ്ട് അനുവദിച്ചത്. ഈ നിർമ്മാണത്തിന്റെ സമയത്തു വേണ്ടത്ര കൂടിയാലോചനകൾ നടത്തിയില്ലെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്. പക്ഷേ, മാർത്താണ്ഡം കായലിനെക്കുറിച്ചു റിപ്പോർട്ടിൽ പരാമർശമില്ല. 20 പേജുള്ള റിപ്പോർട്ടാണ് കലക്ടർ നൽകിയിരിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP