Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഷംസീറിന്റെ പോരാട്ടം ഫലപ്രാപ്തിയിലേക്ക്; ലോകത്തെവിടെ ആയിരുന്നാലും ഇനി ഇന്ത്യക്കാരാന് വോട്ട് ചെയ്യാം; പ്രവാസികൾക്ക് ഏർപ്പെടുത്തുന്നത് പ്രോക്‌സി വോട്ട് സമ്പ്രജദായം; നാട്ടിലെ വീടിരിക്കുന്ന ബൂത്തിൽ പകരക്കാരന് വോട്ട് ചെയ്യാം

ഷംസീറിന്റെ പോരാട്ടം ഫലപ്രാപ്തിയിലേക്ക്; ലോകത്തെവിടെ ആയിരുന്നാലും ഇനി ഇന്ത്യക്കാരാന് വോട്ട് ചെയ്യാം; പ്രവാസികൾക്ക് ഏർപ്പെടുത്തുന്നത് പ്രോക്‌സി വോട്ട് സമ്പ്രജദായം; നാട്ടിലെ വീടിരിക്കുന്ന ബൂത്തിൽ പകരക്കാരന് വോട്ട് ചെയ്യാം

മറുനാടൻ ഡെസ്‌ക്ക്

ന്യൂഡൽഹി: വിവിധ രാജ്യങ്ങളിൽ ജോലി ചെയ്യുന്ന പ്രവാസി ഇന്ത്യക്കാർക്ക് സ്വന്തം നാട്ടിലെ തെരഞ്ഞെടുപ്പിൽ പങ്കാളിത്തം നേടാൻ അവസരം കൈവരുന്നു. പ്രവാസികൾക്കു രാജ്യത്തെ തെരഞ്ഞെടുപ്പുപ്രക്രിയയിൽ പങ്കാളിയാകാനുള്ള സൗകര്യം ഒരുക്കുമെന്നു കേന്ദ്രസർക്കാർ സുപ്രീംകോടതിയെ അറിയിച്ചതോടെ സഫലമാകുന്നത് പ്രവാസി വ്യവസായി ഡോ. ഷംസീർ വയലിൽ നടത്തുന്ന നിയമപോരാട്ടങ്ങളാണ്.

ഡോ. ഷംഷീർ വയലിൽ സമർപ്പിച്ച ഹർജിയാണ് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ മൂന്നംഗ ബെഞ്ച് പരിഗണിച്ചത്. ഇതിനായി ജനപ്രാതിനിധ്യനിയമ ഭേദഗതി ബിൽ അടുത്ത ശൈത്യകാലസമ്മേളനത്തിൽ കൊണ്ടുവരും. നാട്ടിലെ തെരഞ്ഞെടുപ്പിൽ പകരക്കാരനെ ഉപയോഗിച്ച് വോട്ടുചെയ്യുന്ന സംവിധാനം (പ്രോക്സി വോട്ടിങ്) കൊണ്ടുവരുമെന്നും കേന്ദ്രസർക്കാരിനു വേണ്ടി അറ്റോർണി ജനറൽ കെ.കെ. വേണുഗോപാൽ അറിയിച്ചു.

ബില്ല് അവതരിപ്പിക്കുന്നതിനാൽ കേസ് ആറുമാസത്തേക്കു നീട്ടിവയ്ക്കണമെന്ന് സർക്കാരിന്റെ അഭിഭാഷകൻ പി.കെ. ഡേ ആവശ്യപ്പെട്ടു. എന്നാൽ, അതേപടി അംഗീകരിക്കാതെ കേസ് 12 ആഴ്ചത്തേക്കു നീട്ടി. പ്രവാസികൾക്കു ജോലിചെയ്യുന്ന രാജ്യത്തിരുന്ന് ഇലക്ട്രോണിക് തപാൽ വോട്ട്, പ്രോക്സി വോട്ട് എന്നിവയിലൊന്ന് അനുവദിക്കാവുന്നതാണെന്നും ഇക്കാര്യത്തിൽ കേന്ദ്രസർക്കാരാണ് നിയമം കൊണ്ടുവരേണ്ടതെന്നുമാണ് വിഷയത്തിൽ തെരഞ്ഞെടുപ്പ് കമ്മിഷൻ ബോധിപ്പിച്ചത്. ഇതോടെ, കേസിൽ അന്തിമതീരുമാനം സർക്കാരിന്റെ പരിഗണനയ്ക്കു വിടുകയായിരുന്നു.

ഇതിനിടെ ജൂലൈയിൽ കേസ് പരിഗണിക്കുന്നതിനിടെ തീരുമാനമെടുക്കുന്നതിൽ മെല്ലെപ്പോക്കു നടത്തുന്ന സർക്കാരിനെ സുപ്രീംകോടതി രൂക്ഷമായി വിമർശിച്ചു. തീരുമാനം അനന്തമായി നീട്ടിക്കൊണ്ടു പോകാനാകില്ലെന്നും ഒരാഴ്ചയ്ക്കുള്ളിൽ അറിയിക്കണമെന്നും അന്ത്യശാസനം നൽകി. ഇതോടെ, പ്രവാസികൾക്ക് പകരക്കാരനെ ഉപയോഗിച്ചു വോട്ട് അനുവദിക്കുന്നതിനു നിയമം ഭേദഗതി ചെയ്യാൻ ഓഗസ്റ്റിൽ കേന്ദ്രമന്ത്രിസഭ തീരുമാനിച്ചു. ഇക്കാര്യമാണ് സർക്കാർ ഇന്നലെ അറിയിച്ചത്. ഇലക്ട്രോണിക് തപാൽ വോട്ടിനേക്കാൾ പ്രായോഗികം ഇതാണെന്നും ബോധിപ്പിച്ചു. നിയമഭേദഗതി വരുന്നതോടെ രണ്ടരക്കോടി പ്രവാസികൾക്ക് തെരഞ്ഞെടുപ്പിൽ പെങ്കടുക്കാം.

2010 -ൽ യു.പി.എ. സർക്കാർ കൊണ്ടുവന്ന നിയമഭേദഗതി പ്രകാരം, പ്രവാസികൾക്ക് ഇന്ത്യയിലെ തങ്ങളുടെ മണ്ഡലത്തിൽ വോട്ടർ പട്ടികയിൽ പേരു ചേർക്കാനും തെരഞ്ഞെടുപ്പുദിവസം മണ്ഡലത്തിലുണ്ടെങ്കിൽ വോട്ട് ചെയ്യാനും അവസരമുണ്ട്. എന്നാൽ, വോട്ട്ചെയ്യാനായി നാട്ടിൽ വരുന്ന ബുദ്ധിമുട്ട് ഒഴിവാക്കി പല വിദേശരാജ്യങ്ങളിലെയും പോലെ ജോലിചെയ്യുന്ന രാജ്യത്തിരുന്നു സമ്മതിദാനാവകാശം വിനിയോഗിക്കാൻ കഴിയണമെന്നായിരുന്നു ഹർജിക്കാരന്റെ ആവശ്യം. പ്രോക്‌സി വോട്ട് പ്രകാരം ലോകത്തെവിടെയാണെങ്കിലും സ്വന്തം വീടിരിക്കുന്ന ബൂത്തിൽ വോട്ട് ചെയ്യാൻ അവസരം ലഭിക്കും

ഇക്കാര്യം ഉന്നയിച്ച് 2014 മാർച്ചിലാണ് ഷംസീർ സുപ്രീംകോടതിയെ സമീപിച്ചത്. ഇതിനു പിന്നാലെ കേസിൽ ബ്രിട്ടനിലെ വ്യവസായി നാഗേന്ദർ ചിന്ദം ഉൾപ്പെടെയുള്ളവരും കക്ഷിചേരുകയായിരുന്നു.

സ്വാഗതാർഹമായ തീരുമാനമെന്ന് ഷംസീർ

പ്രവാസികൾക്ക് തിരഞ്ഞെടുപ്പിൽ പകരക്കാരെ (പ്രോക്സി) ഉപയോഗിച്ചു വോട്ട് ചെയ്യുന്നതിന്, ജനപ്രാതിനിധ്യ ഭേദഗതി ബിൽ അടുത്ത സമ്മേളനത്തിൽ അവതരിപ്പിക്കുമെന്ന കേന്ദ്ര സർക്കാർ തീരുമാനം സ്വാഗതാർഹമെന്ന് ഹർജിക്കാരനായ ഡോ. ഷംസീർ വയലിൽ പറഞ്ഞു.സുപ്രീം കോടതിയിലാണ് കേന്ദ്രസർക്കാർ നിലപാട് വ്യക്തമാക്കിയത്. ഹർജിയിന്മേൽ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ചാണ് ഇത് പരിഗണിച്ചത്. ഇതനുസരിച്ച് ഇനി ജനപ്രാതിനിധ്യനിയമം ഭേദഗതി ചെയ്താൽ മൂന്നുമാസത്തിനകം വോട്ട് നടപ്പാക്കാനാവും.

ഇതോടെ വർഷങ്ങളായുള്ള പ്രവാസികളുടെ വോട്ട് സ്വപ്നവും കാത്തിരിപ്പും യാഥാർഥ്യമാകുകയാണ്. 1.6 കോടിയോളം പ്രവാസി ഇന്ത്യക്കാരുണ്ടെന്നാണ് കണക്ക്. കേന്ദ്ര സർക്കാർ തീരുമാനം വോട്ടർപട്ടികയിൽ പേരുള്ള 60 ലക്ഷം പ്രവാസികൾക്ക് ഗുണകരമാകുമെന്നും ഡോ. ഷംസീർ പറഞ്ഞു.

കേരളത്തിൽ വോട്ടുചെയ്യാൻ അവസരം ഒരുങ്ങുക 16 ലക്ഷം മലയാളികൾക്ക്

രണ്ടരക്കോടിയിലധികം ഇന്ത്യക്കാർ വിദേശത്തുണ്ടെന്നാണു കണക്കാക്കുന്നത്. എവിടെ പോയാലും മലയാളിയെ കാണാം. ചന്ദ്രനിലും മലയാളിയുടെ തട്ടുകടയുണ്ടെന്നാണ് വയ്്പ്പ്. അതുകൊണ്ട് തന്നെ പ്രവാസികൾക്ക് വോട്ടവകാശം ലഭ്യമാകുമ്പോൾ ഏറ്റവും സന്തോഷിക്കുക മലയാളികളാണ്. അവഗണിക്കാനാകാത്ത ശക്തിയായി ഈ പ്രവാസിക്കരുത്ത് മാറുമ്പോൾ നാട്ടിലുള്ള ഉറ്റവർക്കും സമാധാനം കിട്ടും. എന്തിനും രാഷ്ട്രീയ നേതാക്കളെ സമീപിക്കാം. വോട്ടുള്ളവർക്കേ സഹായമുള്ളൂ എന്ന കാലത്ത് ഈ വോട്ടിന്റെ വില എല്ലാവരും തിരിച്ചറിയും. കേരള സർക്കാരിന്റെ 2013ലെ പ്രവാസി സെൻസസ് പ്രകാരം വിദേശരാജ്യങ്ങളിലെ മലയാളികളുടെ എണ്ണം 16.25 ലക്ഷമാണ്. ഇവരിൽ 14.26 ലക്ഷവും (88%) ഗൾഫിലാണ്.

ഇതേസമയം ഇക്കഴിഞ്ഞ പാർലമെന്റ് തിരഞ്ഞെടുപ്പുവേളയിലെ കണക്കുപ്രകാരം വോട്ടർ പട്ടികയിൽ പേരു ചേർത്ത പ്രവാസി മലയാളികൾ 11,174 മാത്രമാണ്. വോട്ട് ചെയ്യാൻ നേരിട്ടു നാട്ടിലെത്തണമെന്ന നിലവിലെ വ്യവസ്ഥ കൊണ്ടായിരുന്നു ഈ തണുത്ത പ്രതികരണം. ഇ-വോട്ട് സൗകര്യം നിലവിൽവന്നാൽ പ്രവാസി വോട്ടർമാരുടെ എണ്ണത്തിൽ വലിയ മാറ്റമുണ്ടാകും. 2001ലെ സെൻസസ് പ്രകാരം 30.71 കോടി പേരാണു സ്വന്തം സംസ്ഥാനം വിട്ട് ഇന്ത്യയുടെ മറ്റു ഭാഗങ്ങളിൽ ജോലി ചെയ്യുന്നത്. ഇതു രാജ്യത്തെ ജനസംഖ്യയുടെ ഏകദേശം 29% വരും. ഇവരും വോട്ടവകാശം ഇനി വിനിയോഗിക്കും. അങ്ങനെ പുതിയൊരു വോട്ട് ബാങ്ക് കൂടി നിലവിൽ വരുന്നു. ഈ എണ്ണത്തെ കണ്ടില്ലെന്ന് നടിക്കാൻ ആർക്കും കഴിയില്ല. ആരു ജയിക്കണം ആരെ തോൽപ്പിക്കണമെന്ന് തീരുമാനിക്കാൻ ഈ കൂട്ടായ്മയ്ക്ക് കഴിയും.

രണ്ട് വർഷത്തിനകം നിയമസഭാതിരഞ്ഞെടുപ്പ് വരുന്ന കേരളത്തിൽ തന്നെയാകും പ്രവാസി വോട്ടിന്റെ ആദ്യത്തെ ശക്തിയും പ്രസക്തിയും തിരിച്ചറിയുക.നിലവിലുള്ള രാഷ്ട്രീയ സമവാക്യങ്ങളനുസരിച്ച് കേരളത്തിന്റെ ഭരണം നിർണയിക്കുന്നതിൽ പ്രവാസി വോട്ടുകളുടെ സമാഹരണം വലിയ ഘടകമാവും. അഞ്ച് മുതൽ പത്തായിരം വരെ വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് പല നിയമസഭാമണ്ഡലങ്ങളിലെയും വിധി നിർണ്ണയിക്കപ്പെടുന്നത്. അതുകൊണ്ട് തന്നെ ഓരോ പ്രവാസി വോട്ടും നിർണ്ണായകമാണ്. പ്രവാസി മലയാളികൾ ഏറ്റവും കൂടുതലുള്ള ജില്ല മലപ്പുറമാണ്- 2,92,753 (18%). ഇവരിൽ 2.86 ലക്ഷം പേരും ഗൾഫിലാണ്. പ്രവാസികൾ കുറവ് ഇടുക്കിയിലാണ്- 14,575 (ഒരു ശതമാനത്തിൽ താഴെ). കേരളത്തിൽ ഏകദേശം 50 ലക്ഷം പേർ പ്രവാസികളെ ആശ്രയിക്കുന്നവരാണ്. ഏറ്റവും കൂടുതൽ പ്രവാസി മലയാളികളുള്ള രാജ്യം യുഎഇ- 5,73,289 (35%). രണ്ടാംസ്ഥാനത്തു സൗദി അറേബ്യ- 4,50,229 (28%).

പ്രവാസി വോട്ടവകാശം നിയമപരമാക്കിയത് 2010ൽ

2010ലെ ജനപ്രാതിനിത്യ നിയമഭേദഗതിയിലൂടെ പ്രവാസി വോട്ടവകാശം നിയമപരമാക്കിയിരുന്നു. 2011 മുതൽ പട്ടികയിൽ പേരും ചേർത്തുതുടങ്ങി. എന്നാൽ നടപ്പാക്കുന്നതിലെ ആശയക്കുഴപ്പം മൂലം ഇതുവരെ വോട്ടെടുപ്പിനു കഴിഞ്ഞില്ല. യഥാർഥ വോട്ടർക്കു പകരം അയാൾ ചുമതലപ്പെടുത്തുന്ന ആളിനെക്കൊണ്ട് (പ്രോക്സി) വോട്ടു ചെയ്യിപ്പിക്കുക എന്നതാണ് ഒരു നിർദ്ദേശം. യഥാർഥ പോസ്റ്റൽ ബാലറ്റ് വിദേശത്തുള്ള പൗരൻ ഇ മെയ്ൽ ചെയ്ത്, അതിന്റെ പ്രിന്റ് എടുത്ത് വോട്ട് രേഖപ്പെടുത്തി തപാലിൽ വരാണാധികാരിക്കു തപാലിൽ അയക്കുന്നതാണ് മറ്റൊരു നിർദ്ദേശം. ഈ രണ്ടു നിർദേശങ്ങളും അംഗീകരിച്ച തെരഞ്ഞെടുപ്പ് കമ്മിഷൻ, ഏതാണ് തങ്ങൾക്കു യോജിച്ചതെന്നു വോട്ടർക്കു നിശ്ചയിക്കാമെന്നും കോടതിയെ അറിയിക്കുകയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP