Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

തോമസ് ചാണ്ടിയെ രാജി വെപ്പിക്കാനല്ല നാളെ നടക്കുന്ന എൻസിപി സംസ്ഥാന സമിതി; രാജിക്കാര്യം സംസ്ഥാന സമിതിയിൽ ചർച്ച ചെയ്യില്ല; രാജിക്കാര്യത്തിൽ അന്തിമതീരുമാനം കേന്ദ്രനേതൃത്വം; തോമസ് ചാണ്ടിയെ സംരക്ഷിച്ച് പീതാംബരൻ മാസ്റ്റർ

തോമസ് ചാണ്ടിയെ രാജി വെപ്പിക്കാനല്ല നാളെ നടക്കുന്ന എൻസിപി സംസ്ഥാന സമിതി; രാജിക്കാര്യം സംസ്ഥാന സമിതിയിൽ ചർച്ച ചെയ്യില്ല;  രാജിക്കാര്യത്തിൽ അന്തിമതീരുമാനം കേന്ദ്രനേതൃത്വം; തോമസ് ചാണ്ടിയെ സംരക്ഷിച്ച് പീതാംബരൻ മാസ്റ്റർ

തിരുവനന്തപുരം: എത്ര കയ്യേറ്റം നടന്നാലും അതിനേക്കാൾ മുഖ്യം പാർട്ടിക്ക് മന്ത്രിയാണ് എന്ന് ഉറപ്പ് നൽകുകയാണ് എൻ.സി.പി. നാളെ നടക്കാനിരിക്കുന്ന എൻസിപി സംസ്ഥാന സമിതിയിൽ ഗതാഗതമന്ത്രി തോമസ് ചാണ്ടിയുടെ രാജിക്കാര്യത്തെക്കുറിച്ച് ചർച്ച ഉണ്ടാവില്ല എന്നും തോമസ് ചാണ്ടി നാളെ രാജിവെക്കില്ലെന്നും പാർട്ടി അധ്യക്ഷൻ ടിപി പീതാംബരൻ മാസ്റ്റർ പറഞ്ഞു.

രാജി പരമാവധി വൈകിപ്പിക്കുവാനുള്ള അടവാണ് ഇപ്പോൾ എൻ.സി.പി എടുക്കുന്നത്. മന്ത്രിയുടെ രാജി പരമാവധി വൈകിപ്പിച്ച് പാർട്ടിയുടെ മന്ത്രി സ്ഥാനം കളയാതെ നോക്കാൻ എൻ.സി.പി തങ്ങളുടെ പതിനെട്ടടവും പയറ്റുമെന്നത് ഉറപ്പാണ്.

നാളത്തെ യോഗം ഒരു മാസം മുൻപേ തന്നെ നിശ്ചയിച്ചതാണെന്നും ഇത് സംഘടനാപരമായ കാര്യങ്ങൾ ചർച്ച ചെയ്യാനാണെന്നും പീതാംബരൻ മാസ്റ്റർ പറഞ്ഞു. യോഗത്തിൽ മന്ത്രിയുടെ രാജിക്കാര്യം ചർച്ച ചെയ്യില്ല. രണ്ട് ദിവസത്തിനകം തീരുമാനമെടുക്കണമെന്ന അന്ത്യശാസനം എൽഡിഎഫ് നൽകിയിട്ടില്ല. രാജിക്കാര്യത്തിൽ അന്തിമതീരുമാനം കേന്ദ്രനേതൃത്വമായിരിക്കും സ്വീകരിക്കുകയെന്നും പീതാമ്പരൻ മാസ്റ്റർ പറയുന്നു.

കേന്ദ്രത്തിൽ നിന്ന് തീരുമാനം വന്നാൽ മാത്രമേ രാജി എന്ന നിലപാട് ആണ് എൻ.സി.പി എടുത്തിരിക്കുന്നത്. മാത്രവുമല്ല, കേന്ദ്രനേതൃത്വത്തോട് സംസാരിക്കാൻ കൂടുതൽ സമയം വേണമെന്നും എൻസിപി ആവശ്യമുന്നയിക്കുന്നുണ്ട്. പാർട്ടിക്കു മന്ത്രിയില്ലാത്ത സാഹചര്യം ഒഴിവാക്കണമെന്നാണ് അവർ ആഗ്രഹിക്കുന്നത്. ദേശീയനേതൃത്വവും ഇതേ നിലപാടിലാണ്. തോമസ് ചാണ്ടി രാജിവച്ചാലും, കുറ്റവിമുക്തനായെത്തിയാൽ എ.കെ. ശശീന്ദ്രനെ മന്ത്രിയാക്കാമെന്ന ഉറപ്പ് അവർക്കു ലഭിക്കണമെന്നാണ് സൂചന

എ.ജി യുടെ റിപ്പോർട്ടിൽ മുന്നണി രാജി എന്ന പൊതു വികാരം ഉയർന്നെങ്കിലും രാജിയില്ലെന്ന നിലപാട് എൻസിപി ആവർത്തിക്കുകയായിരുന്നു. തുടർന്നാണ് രാജിയിൽ തീരുമാനം എടുക്കാൻ മുഖ്യമന്ത്രിയെ ചുമതലപ്പെടുത്തിയത്. എന്നാൽ രാജിക്കാര്യം എൻസിപി തീരുമാനിച്ച് തന്നെ അറിയിക്കട്ടെ എന്ന നിലപാടാണ് മുഖ്യമന്ത്രി യോഗത്തിൽ സ്വീകരിച്ചത്.

ഹൈക്കോടതി വിധി വരുന്നത് വരെ കാക്കണമെന്ന നിലപാടാണ് എൻസിപി ഇപ്പോഴും ഉന്നയിക്കുന്നത്. നാളെ തോമസ് ചാണ്ടിക്കെതിരായ കേസുകൾ ഹൈക്കോടതി പരിഗണിക്കുന്നുണ്ട്. ഇതും അദ്ദേഹത്തിന് നിർണായകമാണ്. കഴിഞ്ഞ തവണ കേസ് പരിഗണിച്ചപ്പോൾ വളരെ രൂക്ഷമായ പരാമർശങ്ങളായിരുന്നു സർക്കാരിനും മന്ത്രിക്കുമെതിരെ ഹൈക്കോടതി ഉയർത്തിയത്.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP