Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

മമ്മൂട്ടിയോടും മോഹൻലാലിനോടും കട്ടക്ക് നിക്കാൻ റാണ ദഗുബദി വരുന്നു; ഉഗ്രപ്രതാപി മാർത്താണ്ഡ വർമയാവുമ്പോൾ സംവിധായകന്റെ റോളിൽ കെ.മധു; അനിഴം തിരുനാൾ മാർത്താണ്ഡവർമ-ദി കിങ് ഓഫ് ട്രാവൻകൂർ ഒരുങ്ങുന്നത് അഞ്ച് ഭാഷകളിൽ രണ്ട് ഭാഗങ്ങളായി

മമ്മൂട്ടിയോടും മോഹൻലാലിനോടും കട്ടക്ക് നിക്കാൻ റാണ ദഗുബദി വരുന്നു; ഉഗ്രപ്രതാപി മാർത്താണ്ഡ വർമയാവുമ്പോൾ സംവിധായകന്റെ റോളിൽ കെ.മധു;  അനിഴം തിരുനാൾ മാർത്താണ്ഡവർമ-ദി കിങ് ഓഫ് ട്രാവൻകൂർ ഒരുങ്ങുന്നത് അഞ്ച് ഭാഷകളിൽ രണ്ട് ഭാഗങ്ങളായി

കൊച്ചി: മലയാളത്തിൽ ഇത് ബിഗ് ബജറ്റ് സിനിമകളുടെ കാലമാണ്. രണ്ട് കർണ്ണന്മാരും ഒടിയനും രണ്ടാമൂഴവും കുഞ്ഞാലിമരക്കാറും എല്ലാം വരുമ്പോൾ മലയാളി പ്രേക്ഷകർ വളരെ വലിയ കാത്തിരിപ്പിലാണ്. ഈ കാത്തിരിപ്പിലേക്ക് പുതിയ ഒരു അവതാരം കൂടെയെത്തുകയാണ്, കേരള ചരിത്രത്തിലെ ഒരു പ്രധാന ഏടായ മാർത്താണ്ഡ വർമയുടെ ജീവിതമാണ് വെള്ളിത്തിരയിലേക്ക് എത്തുന്നത്.

അനിഴം തിരുനാൾ മാർത്താണ്ഡവർമ-ദി കിങ് ഓഫ് ട്രാവൻകൂർ എന്ന് പേരിട്ടിരിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് മലയാളത്തിലെ മികച്ച് ക്രൈം ത്രില്ലറുകൾ മലയാളികൾക്ക് സമ്മാനിച്ച കെ.മധുവാണ്. ഒരു വൈദേശിക ശക്തിക്കെതിരെ വിജയിക്കുന്ന ആദ്യ ഏഷ്യക്കാരനായ രാജാവായ മാർത്താണ്ഡ വർമയെ അവതരിപ്പിക്കുന്നത് ബാഹുബലിയിലെ ബല്ലാലദേവനായി വെള്ളിത്തിരയെ വിറപ്പിച്ച റാണ ദഗുബദിയാണ്.

ബാഹുബലിയുടെ മാതൃകയിൽ രണ്ട് ഭാഗങ്ങളിൽ, അഞ്ച് ഭാഷകളിലായി ഒരുങ്ങുന്ന ചിത്രത്തിന്റെ ആദ്യ ഭാഗത്തിലാണ് ആധുനിക തിരുവിതാംകൂറിന്റെ ശിൽപിയായ അനിഴം തിരുനാൾ മാർത്താണ്ഡവർമയെ റാണ അവതരിപ്പിക്കുന്നത്. റാണ ദഗുബദിയുടെ ആദ്യമലയാള ചിത്രത്തിന്റെ വിവരം പ്രഖ്യാപിച്ചത് ട്വിറ്ററിലൂടെ റാണ തന്നെയാണ്.

ചിത്രത്തിന്റെ പ്രീപ്രൊഡക്ഷൻ ജോലികൾ പുരോഗമിക്കുകയാണെന്നും റോബിൻ തിരുമല തിരക്കഥ ഒരുക്കി സെവൻ ആർട്‌സ് മോഹൻ നിർമ്മിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് കെ.മധുവാണെന്നും-റാണ ട്വിറ്ററിൽ കുറിച്ചു.

ആധുനിക തിരുവിതാംകൂറിന്റെ ശില്പി എന്ന നിലയിൽ പ്രശസ്തി ആർജിച്ച ഭരണാധികാരിയായിട്ടാണ് ശ്രീ പത്മനാഭദാസ ശ്രീ അനിഴം തിരുനാൾ വീരബാല മാർത്താണ്ഡവർമ്മൻ എന്ന മാർത്താണ്ഡവർമ്മ അറിയപ്പെടുന്നത്. രാജ്യത്തെ യുദ്ധത്തിൽ കുളച്ചൽ യുദ്ധം പരാജയപ്പെടുത്തി എന്ന ഖ്യാതിയും ശ്രീ അനിഴം തിരുനാളിന് അവകാശപ്പെട്ടതാണ്. കേരള ചരിത്രത്തിൽ ജന്മിമേധാവിത്വത്തിന്റെ അന്ത്യത്തെയും തിരുവിതാംകൂറിന്റെ ആധുനിക യുഗത്തിന്റെ പിറവിയേയുമാണ് അദ്ദേഹത്തിന്റെ ഭരണകാലം കുറിക്കുന്നത് എന്ന് ചരിത്രകാരന്മാർ അഭിപ്രായപ്പെടുന്നു.

കേരളത്തിന്റെ തെക്കും മധ്യത്തിലും ഉള്ള ഭാഗങ്ങളെ ചേർത്ത് ഒരു രാഷ്ട്രീയ ഏകീകരണം നടത്തിയതും സൈനിക ശക്തിയിൽ അധിഷ്ഠിതമായ ഒരു കേന്ദ്രീകൃത രാജഭരണം സ്ഥാപിച്ചതും മാർത്താണ്ഡവർമ്മയാണ്. പലതായി ചിതറിക്കിടന്നിരുന്ന വേണാടിന്റെ പ്രദേശങ്ങളെ ഒന്നാക്കി തിരുവിതാംകൂർ രാജ്യം പടുത്ത അദ്ദേഹം, യുദ്ധതന്ത്രജ്ഞത കൊണ്ടും ജന്മിത്വം അവസാനിപ്പിച്ച ഭരണാധികാരി എന്ന നിലയിലും പ്രസിദ്ധനാണ്. ഡച്ച്കാർക്കെതിരെ നടന്ന കുളച്ചൽ യുദ്ധം മാർത്താണ്ഡവർമ്മയുടെ യുദ്ധ തന്ത്രജ്ഞത വെളിപ്പെടുത്തുന്നു.

മലയാളത്തിൽ ഇതുവരെ ഇറങ്ങിയതിൽവച്ച് ഏറ്റവും ചെലവേറിയ ചിത്രം എന്ന് അണിയറ പ്രവർത്തകർ അവകാശപ്പെടുന്ന ഈ ചിത്രത്തിൽ ലോകപ്രശസ്ത സാങ്കേതിക പ്രവർത്തകരുടെ ഒരു വൻ നിര തന്നെ അണിനിരക്കുന്നുണ്ട്. കുളച്ചൽ യുദ്ധം പുനഃസൃഷ്ടിക്കുന്ന ചിത്രത്തിന്റെ സംഘട്ടനം കൈകാര്യം ചെയ്യുന്നത് പീറ്റർ ഹെയ്‌നാണ്. ഓസ്‌ക്കർ ജേതാവ് റസൂൽ പൂക്കുട്ടിയാണ് ശബ്ദവിന്യാസം. ക്യാമറ ആർ. മാധി. സംഗീതം കീരവാണി, കലാസംവിധാനം മനു ജഗത്ത്, ഗാനങ്ങൾ:കെ.ജയകുമാർ, ഷിബു ചക്രവർത്തി, പ്രഭാ വർമ.അടുത്ത വർഷം ഓഗസ്റ്റിൽ ഈ ബിഗ് ബജറ്റ് ചിത്രത്തിന്റെ ചിത്രീകരണം ആരംഭിക്കും. അഞ്ച് ഭാഷകളിലായി ഒരുങ്ങുന്ന ചിത്രത്തിൽ ഇറ്റലിയിലെ സിനി സിത്ത സ്റ്റുഡിയോയും മക്‌നാനനാരിയം പ്രൊഡക്ഷൻ കമ്ബനിയും പങ്കാളികളാവുന്നുണ്ട്.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP