Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

നാണവും മാനവുമില്ലാതെ രാജി നീട്ടിയ തോമസ് ചാണ്ടിക്ക് കൈപൊള്ളി; കായൽ കയ്യേറ്റത്തിൽ ജില്ലാ കളക്ടറുടെ റിപ്പോർട്ടിനെതിരെ മന്ത്രി നൽകിയ ഹർജി ഹൈക്കോടതി തള്ളി; മന്ത്രി സ്വന്തം സർക്കാരിനെതിരെ ഹർജി നൽകുന്നത് ഭരണഘടനാലംഘനം; മന്ത്രിസഭാതീരുമാനം ചോദ്യം ചെയ്യുന്നത് കൂട്ടുത്തരവാദിത്വമില്ലായ്മ; ചാണ്ടി ദന്തഗോപുരത്തിൽ നിന്ന് താഴെയിറങ്ങണം; രാജി വയ്ക്കുന്നതാണ് ഉത്തമം; പരിഹാരം തേടി ചാണ്ടിക്ക് കളക്ടറെ സമീപിക്കാമെന്നും കോടതി

നാണവും മാനവുമില്ലാതെ രാജി നീട്ടിയ തോമസ് ചാണ്ടിക്ക് കൈപൊള്ളി; കായൽ കയ്യേറ്റത്തിൽ ജില്ലാ കളക്ടറുടെ റിപ്പോർട്ടിനെതിരെ മന്ത്രി നൽകിയ ഹർജി ഹൈക്കോടതി തള്ളി; മന്ത്രി സ്വന്തം സർക്കാരിനെതിരെ ഹർജി നൽകുന്നത് ഭരണഘടനാലംഘനം; മന്ത്രിസഭാതീരുമാനം ചോദ്യം ചെയ്യുന്നത് കൂട്ടുത്തരവാദിത്വമില്ലായ്മ; ചാണ്ടി ദന്തഗോപുരത്തിൽ നിന്ന് താഴെയിറങ്ങണം; രാജി വയ്ക്കുന്നതാണ് ഉത്തമം; പരിഹാരം തേടി ചാണ്ടിക്ക് കളക്ടറെ സമീപിക്കാമെന്നും കോടതി

കൊച്ചി: കായൽ കയ്യേറ്റ വിഷയത്തിൽ, ജില്ലാ കളക്ടറുടെ റിപ്പോർട്ടിനെതിരെ മന്ത്രി തോമസ് ചാണ്ടി നൽകിയ ഹർജി ഹൈക്കോടതി ഡിവിഷൻ ബഞ്ച് തള്ളി. മന്ത്രിക്ക് സ്വന്തം സർക്കാരിനെതിരെ ഹർജി നൽകാൻ കഴിയില്ലെന്നും അത് ഭരണഘടനാലംഘനമാണെന്നും കോടതി വിധിന്യായത്തിൽ പറഞ്ഞു.ഹർജിയിൽ രാവിലെ വാദം കേട്ടപ്പോൾ തന്നെ മന്ത്രിക്കെതിരെ ഗുരുതര പരാമർശങ്ങളാണ് കോടതി നടത്തിയത്.

ഹർജി നിലനിൽക്കുമോയെന്നു സംശയം പ്രകടിപ്പിച്ച ഹൈക്കോടതി ഡിവിഷൻ ബെഞ്ച്, മന്ത്രിക്കു മുഖ്യമന്ത്രിയിലും മന്ത്രിസഭയിലും വിശ്വാസം നഷ്ടപ്പെട്ടതിനു തെളിവാണിതെന്നു ചൂണ്ടിക്കാട്ടി. നിരവധി ചോദ്യങ്ങളുന്നയിച്ച ഹൈക്കോടതിയുടെ കടുത്ത പരാമർശങ്ങൾ സർക്കാരിനും മുഖ്യമന്ത്രിക്കും വലിയ തിരിച്ചടിയാണ്.

ഹർജി നിലനിൽക്കില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. രണ്ട് ജഡ്ജിമാരാണ് വാദം കേട്ടത്. റിപ്പോർട്ടിലെ പരാമർശങ്ങൾ നീക്കാൻ കലക്ടറെ 15 ദിവസത്തിനകം സമീപിക്കണമെന്ന് ജസ്റ്റിസ് പി.എൻ.രവീന്ദ്രൻ നിർദ്ദേശിച്ചു. എന്നാൽ കോടതിയെ സമീപിച്ചത് ഭരണഘടനാ വിരുദ്ധമാണെന്നാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ നിരീക്ഷണം. കലക്ടറുടെ റിപ്പോർട്ടിൽ വ്യക്തിപരമായ പരാമർശമോ നടപടി നിർദ്ദേശമോ ഇല്ല. ഭാവിയിൽ നടപടിയുണ്ടാകുമോ എന്ന ആശങ്ക മാത്രമാണു തോമസ് ചാണ്ടിയുടേതെന്നും ഹൈക്കോടതി അഭിപ്രായപ്പെട്ടു.

ഹൈക്കോടതി പരാമർശങ്ങൾ

വാദങ്ങൾക്കിടയിലുടന്നീളം തോമസ് ചാണ്ടിയേയും സർക്കാരിനേയും വിമർശിച്ച കോടതി, ഹർജ്ജി പിൻവലിക്കുന്നോയെന്നും ചോദിച്ചു. ഉച്ചഭക്ഷണത്തിന് ശേഷം ഡിവിഷൻ ബെഞ്ച് വീണ്ടും ചേർന്നപ്പോൾ ഹർജി പിൻവലിക്കുന്നില്ലെന്നാണ് തോമസ് ചാണ്ടിയുടെ അഭിഭാഷകൻ അറിയിച്ചത്.ഹർജി പിൻവലിച്ചാൽ മന്ത്രിക്കെതിരായ പരാമർശങ്ങൾ നീക്കാമെന്ന് കോടതി പറഞ്ഞിരുന്നു. എന്നാൽ ഹർജി പിൻവലിക്കേണ്ട സാഹചര്യമില്ലെന്നാണ് ചാണ്ടിയുടെ അഭിഭാഷകൻ വിവേക് തൻഖ വ്യക്തമാക്കി.പുതിയ റിപ്പോർട്ടിലും പഴയ റിപ്പോർട്ടിലും പിശകുകളുണ്ടെന്നും അദ്ദേഹം വാദിച്ചു. കളക്ടറുടെ റിപ്പോർട്ടിൽ മന്ത്രിക്കെതിരെ പരാമർശമില്ലെന്ന് അറ്റോർണി ജനറലും കോടതിയിൽ വ്യക്തമാക്കി. എന്നാൽ മന്ത്രി ദന്തഗോപുരത്തിൽ നിന്ന് താഴെയിറങ്ങണമെന്നും സാധാരണക്കാരനെ പോലെ നടപടികൾ നേരിടണമെന്നും കോതി നിരീക്ഷിച്ചു.

മന്ത്രിസഭാ തീരുമാനത്തിനെതിരെ ഒരു മന്ത്രിക്കു ഹർജി നൽകാൻ സാധിക്കുന്നതെങ്ങനെ? ഇതു ഭരണഘടനാ ലംഘനമല്ലേ? സ്വന്തം സർക്കാരിനെതിരെ മന്ത്രി കേസ് കൊടുക്കുന്നത് ആദ്യമാണ്. ലോകത്തൊരിടത്തും കേട്ടുകേൾവിയില്ലാത്ത കാര്യമാണിത്. മന്ത്രിക്കെതിരെ സർക്കാരിനു നിലപാടെടുക്കാനാകുമോ?' തുടങ്ങിയ ചോദ്യങ്ങളാണു കോടതി ചോദിച്ചത്.

'നിങ്ങൾ സർക്കാരിനെ ആക്രമിക്കുന്നു. മന്ത്രിക്കു മുഖ്യമന്ത്രിയിലും മന്ത്രിസഭയിലും വിശ്വാസം നഷ്ടപ്പെട്ടതിനു തെളിവാണിത്. കോടതിയെ സമീപിച്ചു തൽസ്ഥാനത്തു തുടരാനാണു മന്ത്രിയുടെ ശ്രമം. ഇതു ദൗർഭാഗ്യകരമാണ്. അയോഗ്യത കൽപ്പിക്കാൻ മതിയായ കാരണങ്ങളാണിത്. സർക്കാരിനെതിരെ കോടതിയെ സമീപിച്ചതു െതറ്റുതന്നെ. തോമസ് ചാണ്ടിക്ക് ഇനിയെങ്ങനെ മന്ത്രിസഭയിൽ ഇരിക്കാനാകും ? മന്ത്രിസഭാ തീരുമാനം ചോദ്യം ചെയ്യുന്നത് കൂട്ടുത്തരവാദിത്തമില്ലായ്മയാണ്' ഹൈക്കോടതി വാക്കാൽ അഭിപ്രായപ്പെട്ടു.

'സർക്കാരിനെയും കാബിനറ്റ് സെക്രട്ടറിയായ ചീഫ് സെക്രട്ടറിയെയും എതിർ കക്ഷിയാക്കി ഒരു മന്ത്രിക്ക് എങ്ങനെ ഹർജി നൽകാനാവും? ജില്ലാ കലക്ടറുടെ പരാമർശം നീക്കണമെന്നാണു മന്ത്രിയുടെ ആവശ്യം. പരാമർശങ്ങൾ നീക്കാനാണെങ്കിൽ മന്ത്രിക്കു ജില്ലാ കലക്ടറെ സമീപിക്കാമായിരുന്നുവല്ലോ. ഹർജി പിൻവലിക്കുന്നില്ലെങ്കിൽ ഉച്ചയ്ക്കു ശേഷം വിധി പറയാം.' കോടതി വ്യക്തമാക്കി.

സ്വന്തം സർക്കാരിനെതിരെ കേസ് നൽകുന്നത് ആദ്യമായല്ലേ, ഇത് അപൂർവ്വസംഭവമല്ലേയെന്നും എന്ന് കോടതി ചോദിച്ചു. മന്ത്രിക്ക് വ്യക്തിപരമായ സ്വത്തുകൾ ഉണ്ടാകാം, അതിനാൽ വ്യവഹാരങ്ങളും ആകാം എന്ന് വിവേക് തൻഖ കോടതിയിൽ പറഞ്ഞെങ്കിലും, ഹർജിയുടെ ആദ്യവരിയിൽ മന്ത്രിയായ തോമസ് ചാണ്ടിയെന്ന് പ്രയോഗം ഉള്ളതോ എന്ന് കോടതി തിരിച്ചടിച്ചു. എന്നാൽ മന്ത്രി രാജി വയ്ക്കുന്നതാണ് ഉത്തമമെന്ന് കോടതി നിരീകഷിച്ചു.മന്ത്രിസ്ഥാനത്തിനിരുന്ന് സർക്കാരിനെതിരെ എങ്ങനെ ഹർജി നൽകുമെന്ന് കോടതി ആവർത്തിച്ചു.

കളക്ടറുടെ റിപ്പോർട്ടിൽ നിയമലംഘനം ചൂണ്ടിക്കാണിക്കുന്ന സ്ഥലങ്ങൾ തോമസ് ചാണ്ടിയുടേതല്ലെന്നും അതിൽ തനിക്ക് ഉത്തരവാദിത്വം ഇല്ലെന്നും, സ്ഥലങ്ങൾ വാട്ടർ വേൾഡ് കമ്പനിയുടെ നിയന്ത്രണത്തിലുള്ളതാണെന്നും തൻഖ കോടതിയെ അറിയിച്ചു. മന്ത്രിയായപ്പോൾ തന്നെ വാട്ടർ വേൾഡ് കമ്പനിയുടെ ഡയറക്ടർ സ്ഥാനത്തിൽ നിന്ന് മാറിനിന്നിരുന്നു. കളക്ടർ നോട്ടീസ് നൽകിയിരിക്കുന്നത് വാട്ടർ വേൾഡ് കമ്പനിക്കാണെന്നും, താൻ തെറ്റ് ചെയ്തിട്ടില്ലെന്നും തോമസ് ചാണ്ടി കോടതിയെ അറിയിച്ചു. നികത്തപ്പെട്ടത് ഭൈരവൻ, ആശാലത എന്നിവരുടെ ഭൂമിയെന്നും മന്ത്രിക്ക് വേണ്ടി വാദമുയർന്നു. തൻഖയുടെ വാദങ്ങൾക്ക് ശേഷം 11.15 ഓടെ സർക്കാർ അഭിഭാഷകന്റെ വാദം ആരംഭിച്ചു. തോമസ് ചാണ്ടി മന്ത്രിയാകുന്നതിന് മുമ്പുള്ള ആരോപണങ്ങളാണ് കളക്ടർ റിപ്പോർട്ട് സമർപ്പിച്ചിരിക്കുന്നതെന്ന് സർക്കാർ അഭിഭാഷകൻ കോടതിയെ അറിയിച്ചു. അങ്ങനെയാണെങ്കിൽ തോമസ് ചാണ്ടിയെന്ന പേര് മാത്രമല്ലേയുള്ളു റിപ്പോർട്ടിൽ ഉള്ളു, അതിലെന്തിനാണ് മന്ത്രി ആശങ്കപ്പെടുന്നതെന്ന് കോടതി ചോദിച്ചു. എന്ത് അടിസ്ഥാനത്തിലാണ് റവന്യുവകുപ്പ് അന്വേഷണം നടത്തിയതെന്നും കോടതി ചോദിച്ചു.

സർക്കാരിന്റെ മലക്കംമറിച്ചിൽ

സർക്കാർ യഥാസമയം നടപടിയെടുക്കാത്തതിനാലാണ് പൊതുതാൽപര്യ ഹർജ്ജികൾ കോടതിയിലെത്തുന്നത്. മുഖ്യമന്ത്രിയുടെ തീരുമാനത്തെ വിശ്വാസത്തിലെടുക്കാതെയാണോ മന്ത്രി കളക്ടറുടെ റിപ്പോർട്ടിനെ കോടതിയിൽ ചോദ്യം ചെയ്യുന്നത്. റിപ്പോർട്ടിൽ പരാതിയുണ്ടെങ്കിൽ കളക്ടറെ സമീപിക്കാമായിരുന്നു. ഇത് കൂട്ടുത്തരവാദിത്വം നഷ്ടമായതിന്റെ സൂചനയല്ലേ ഇത്. ഇത് മന്ത്രിയെന്ന നിലയിൽ അയോഗ്യത കൽപ്പിക്കാൻ മതിയായ കാരണമാണ്. കോടതിയെ കൂട്ടുപിടിച്ച് അധികാരത്തിൽ തുടരാനാകില്ലെന്ന് കോടതി പറഞ്ഞു. കോടതിയിൽ നിന്ന് കടുത്ത വിമർശനങ്ങൾ ഉണ്ടായ സഹാചര്യത്തിൽ സ്റ്റേറ്റ് അറ്റോണി കെജി സോമൻ ഹൈക്കോടതിയിൽ മലക്കം മറിഞ്ഞു. മന്ത്രിയായി നിന്നുകൊണ്ട് സർക്കാരിനെതിരെ കേസ് കൊടുത്തത് തെറ്റായിപ്പോയെന്ന് കോടതി ചൂണ്ടിക്കാണിച്ചതിന് പിന്നാലെയാണ്, തോമസ് ചാണ്ടിയുടെ നിലപാട് ശരിയായ രീതിയല്ലെന്ന് സ്റ്റേറ്റ് അറ്റോണി മറുപടി പറഞ്ഞു. ഹരജ്ജി പിൻവലിക്കുന്നോയെന്നും ഡിവിഷൻ ബെഞ്ച് തോമസ് ചാണ്ടിയോട് വാദത്തിനിടെ ആരാഞ്ഞു. തോമസ് ചാണ്ടിയുടെ നാല് ഹർജ്ജികളാണ് ഹൈക്കോടതി പരിഗണിച്ചത്.

കോടതിയിൽ ഹാജരാകരുതെന്ന കെപിസിസിയുടെ ആവശ്യം തള്ളിയാണ് 10.45 ഓടെ മുതിർന്ന കോൺഗ്രസ്സ് നേതാവും സുപ്രീം കോടതി അഭിഭാഷകനുമായ തൻഖ എത്തിയത്. സുഹൃത്തെന്ന നിലയിലാണ് തോമസ് ചാണ്ടിക്ക് വേണ്ടി ഹാജരായതെന്ന് വിവേക് തൻഖ ട്വിറ്ററിൽ കുറിച്ചു. താമസിച്ചിരുന്ന താജ് ഹോട്ടലിൽ നിന്ന് തൻഖ ഹൈക്കോടതിയിലേക്ക് ഇറങ്ങുന്ന സമയം അദ്ദേഹത്തിന്റെ കാറ് തടഞ്ഞ് യൂത്ത് കോൺഗ്രസ്സ് പ്രവർത്തകർ കരിങ്കൊടി കാണിച്ച് പ്രതിഷേധം ഉയർത്തി. ഏറെ പണിപ്പെട്ടാണ് പൊലീസ് പ്രവർത്തകരെ മാറ്റി തൻഖയുടെ കാർ കടന്ന് പോകാനുള്ള വഴിയൊരുക്കിയത്. തുടർന്ന് 2ബി കോടതിയിൽ എട്ടാം നമ്പർ കേസായാണ് തോമസ് ചാണ്ടിയുടെ കേസുകൾ 10.40 ഓടെയാണ് പരിഗണിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP